UPDATES

സിനിമ

പാതിരാകാലവുമായി പ്രിയനന്ദനന്‍/അഭിമുഖം

ചലച്ചിത്രകാരന് ഒരു പക്ഷേ സമരം ചെയ്യാന്‍ പോകാന്‍ പറ്റിയെന്നു വരില്ല, ചിലപ്പോള്‍ അവരുടെ കൂടെ കൂടാന്‍ പറ്റിയെന്ന് വരില്ല. പക്ഷേ മറച്ചുവെക്കുന്ന ചില കാര്യങ്ങളെ പുറത്തോട്ടു കൊണ്ടുവന്ന് കാണിക്കുക എന്നതാണ് നമ്മുടെ രാഷ്ട്രീയം.

അനു ചന്ദ്ര

അനു ചന്ദ്ര

ദേശീയ പുരസ്‌കാര ജേതാവ് പ്രിയനന്ദനന്‍ കവി പി എന്‍ ഗോപീകൃഷ്ണന്റെ തിരക്കഥയില്‍ സംവിധാനം ചെയ്ത ചിത്രമാണ് പാതിരാ കാലം. നമ്മില്‍ നിന്ന് ദിനംപ്രതി തട്ടിക്കൊണ്ടുപോകപ്പെടുന്ന മണ്ണിന്റേയും ജലത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും കഥ ഹുസൈന്‍ എന്ന മനുഷ്യനിലൂടെയും ജഹനാര എന്ന മകളിലൂടെയും പറഞ്ഞു പോകുന്ന ഈ ചിത്രം ഇക്കഴിഞ്ഞ കൊല്‍ക്കത്ത ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചു. ചിത്രം ഡിസംബര്‍ 2,3 തീയതികളിലായി തൃശൂര്‍ ഗിരിജ തിയറ്ററില്‍ വച്ച് പ്രദര്‍ശിപ്പിക്കുകയാണ്. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങളുമായി സംവിധായകന്‍ പ്രിയനന്ദനന്‍ അനുചന്ദ്രയുമായി സംസാരിക്കുന്നു.

അനുചന്ദ്ര: പാതിരാകാലത്തിന്റെ പ്രമേയം?

പ്രിയനന്ദനന്‍: വര്‍ത്തമാനകാലത്ത് നമ്മള്‍ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു വലിയ അവസ്ഥയാണ് ഈ സിനിമയിലൂടെ തുറന്നുകാണിക്കുന്നത്. ഇന്ന് നമ്മുടെ സമൂഹത്തില്‍ മൂല്യബോധമുള്ള മനുഷ്യന്‍ ഉണ്ടാവുക എന്നത് വളരെ പ്രയാസകരമായിട്ടുള്ള കാര്യമാണ്. അങ്ങനെയൊരു മൂല്യബോധമുള്ള ആളുണ്ടെങ്കില്‍ മറ്റുള്ളവരോട് സഹാനുഭൂതിയോടെ ഇടപെട്ടാല്‍ ഒരുപക്ഷേ അയാള്‍ മാവോയിസ്റ്റ് ആകാം തീവ്രവാദിയാകാം എപ്പോള്‍ വേണമെങ്കിലും അയാളെ പോലീസ് ഒരു കാരണവും കൂടാതെ അറസ്റ്റും ചെയ്യാം. അതായത് നിലവില്‍ വീണുകിടക്കുന്ന മനുഷ്യരെ നമ്മള്‍ സമീപിക്കാന്‍ പാടില്ല, അല്ലെങ്കില്‍ അങ്ങനെ സമീപിക്കുന്ന ആളുകള്‍ തീവ്രവാദികളാണ് അതല്ലെങ്കില്‍ മണ്ണിനുവേണ്ടി മനുഷ്യനു വേണ്ടി സമരം ചെയ്യുന്ന ആളുകളെ കുറ്റവാളികളായി കണക്കാക്കുന്നതായിട്ടാണ് ഈയടുത്തകാലത്തായി കാണുന്ന പല കാര്യങ്ങളിലും എനിക്ക് തോന്നിയിട്ടുള്ളത്.

ഈ കഥയിലെ പ്രധാന കഥാപാത്രം ഹുസൈന്‍ എന്നു പറയുന്ന വ്യക്തിയാണ്. അയാള്‍ അങ്ങനെയാണ്. ഇപ്പോള്‍ പഴയകാലത്തെപ്പോലെ നമുക്ക് ഒരു ആദിവാസി കോളനിയിലേക്ക് കയറി ചെല്ലാന്‍ പറ്റില്ല, നമുക്ക് അങ്ങനെയുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാന്‍ പറ്റില്ല, അവരുടെ കുട്ടികള്‍ക്കും പുസ്തകം വാങ്ങിക്കൊടുക്കാനും പഠിപ്പിക്കുവാനും പറ്റില്ല. അങ്ങനെയുള്ള കാര്യങ്ങള്‍ ബ്ലോക്ക് ചെയ്യപ്പെടുകയാണ്. കുട്ടികളെ പഠിപ്പിക്കുന്നതും പുസ്തകം വാങ്ങി കൊടുക്കുന്നതും അങ്ങനെ തീവ്രവാദമായി മാറും. അപ്പോള്‍ അങ്ങനെയൊരു കാലത്ത് ഉണ്ടാവുന്ന സ്വാഭാവികമായ ഒരു ആശങ്ക ഉണ്ട്, എഴുത്തുകാരന്‍ കൊല്ലപ്പെടുമ്പോള്‍, സിനിമകള്‍ നിരോധിക്കുമ്പോള്‍ അല്ലെങ്കില്‍ പോസ്റ്റര്‍ സെന്‍സര്‍ ചെയ്യപ്പെടുമ്പോള്‍ ഒക്കെയും.

നമ്മുടെ ചിന്തകള്‍ക്ക് ഒക്കെ ഉണ്ടാകുന്ന, ഭരണകൂടത്തിന്റെ അതിവിരുദ്ധമായ അല്ലെങ്കില്‍ ബാധിക്കുന്നതായുള്ള ഒരു കാര്യത്തിന് മുകളിലുള്ള ആധി ആണ് ഈ സിനിമ. ജഹനാര എന്നു പറയുന്ന ഒരു പെണ്‍കുട്ടിയുടെ കാഴ്ചപ്പാടിലൂടെ, അവളുടെ ഉപ്പയെ കാണാന്‍ പറ്റാതെ വരുമ്പോള്‍ അവളനുഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് കഥ പോകുന്നത്. അങ്ങനെ ഒരു അവസ്ഥ വരുമ്പോള്‍ കാണാതായി പോയ ഒരു മനുഷ്യന്റെ മകള്‍ എന്നൊന്നുമല്ല സമൂഹം അവളെ കാണുന്നത്. ഏറ്റവും വേണ്ടപ്പെട്ടവര്‍ പോലും മാറി പോകുകയാണ് ചെയ്യുന്നത്. സാഹിത്യ അക്കാദമിയില്‍ വച്ചിട്ടാണ് ഉപ്പയുടെ ഒപ്പം സഞ്ചരിച്ചിരുന്ന ഒരാളെ കാണുന്നത്. കണ്ടുമുട്ടുമ്പോള്‍ പറയുന്നത് ഇവിടെ ക്യാമറ ഉണ്ട് നമുക്ക് മാറി നിന്നു സംസാരിക്കാം എന്നാണ്. അതായത് വര്‍ത്തമാനകാലത്തെ എങ്ങനെ സത്യസന്ധമായി പറയാം എന്നാണ് ഞാന്‍ ഈ സിനിമയിലൂടെ പറയുന്നത്. അതാണ് ഇതിന്റെ പൊളിറ്റിക്‌സ്.

അനുചന്ദ്ര: ഈ പറഞ്ഞ രാഷ്ട്രീയത്തോട് എത്രമാത്രം നീതി പുലര്‍ത്താനായിട്ടുണ്ട്?

പ്രിയനന്ദനന്‍: വ്യക്തിപരമായ രാഷ്ട്രീയമല്ല, ഒരു സാമൂഹിക അവബോധത്തെ പറ്റിയാണ് പറയുന്നത്. ഒരു സമൂഹത്തിന്റെ മൊത്തം കാര്യങ്ങളില്‍ എങ്ങനെയാണ് ഒരു ചലച്ചിത്രം ഇടപെടുക എന്നതാണ് പറയുന്നത്. ഒരു ചലച്ചിത്രകാരന് ഒരു പക്ഷേ സമരം ചെയ്യാന്‍ പോകാന്‍ പറ്റിയെന്നു വരില്ല, ചിലപ്പോള്‍ അവരുടെ കൂടെ കൂടാന്‍ പറ്റിയെന്ന് വരില്ല. പക്ഷേ മറച്ചുവെക്കുന്ന ചില കാര്യങ്ങളെ പുറത്തോട്ടു കൊണ്ടുവന്ന് കാണിക്കുക എന്നതാണ് നമ്മുടെ രാഷ്ട്രീയം. മൂടിവെക്കപ്പെട്ട സത്യങ്ങളെ അല്ലെങ്കില്‍ ഇന്നതാണ്, ഇതാണ് നേര്, ഇതാണ് സത്യം, ഇതാണ് വഴി, നിങ്ങള്‍ കാണൂ, നിങ്ങള്‍ ശ്രദ്ധിക്കൂ എന്ന് പറയാനെ നമുക്ക് കഴിയുകയുള്ളൂ. അല്ലാതെ അതൊരിക്കലും കക്ഷിരാഷ്ട്രീയം അല്ല. അവര്‍ക്ക് കക്ഷിരാഷ്ട്രീയം വേറെയുണ്ടാകാം. അതവരുടെ വ്യക്തിപരമാണ്. പക്ഷെ, സിനിമയ്ക്ക് മറ്റൊരു രാഷ്ട്രീയമുണ്ട്, അതൊരു മൂല്യബോധത്തിന്റെ രാഷ്ട്രീയമാണ്. സിനിമ എന്നു പറയുന്നത് നമ്മുടെ ആളുകളെ യുക്തിരഹിതമായി പഠിപ്പിക്കുവാനുള്ളതല്ല. ആളുകള്‍ പറയാറുണ്ട് നേരം പോകാന്‍ വേണ്ടിയിട്ടാണ് സിനിമ എന്ന്. യുക്തിരഹിതമായ സംഭവങ്ങള്‍, ലോകത്തില്‍ ഇല്ലാത്തത് കാണിച്ച് പ്രേക്ഷകരെ വിസ്മയിപ്പിക്കല്‍ എന്നതുമാത്രമല്ല സിനിമ. ഒരു വ്യക്തിക്ക് കൃത്യമായി സമൂഹത്തില്‍ ഇടപെടാന്‍ കൂടിയുള്ളതാണ്.

നമ്മള്‍ പലപ്പോഴും ലോകത്തെ കാണുന്നത് ഇവിടെയുള്ള ഫെസ്റ്റിവല്‍ സിനിമകളില്‍ കൂടിയാണ്. ജെയിംസ് ബോണ്ട് സിനിമകളില്‍ വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരുന്നു. നമ്മള്‍ വിനോദോപാധിയായി കണ്ടിരുന്ന ആ സിനിമയില്‍ അറിയാതെ കുത്തിവയ്ക്കുന്ന ഒരു രാഷ്ട്രീയമുണ്ട്. അത് നമ്മളോട് പറയില്ലെങ്കിലും ശ്രദ്ധിച്ചാലറിയാം, പഴയ ജെയിംസ് ബോണ്ട് സിനിമകളിലൊക്കെയും എപ്പോഴും വില്ലന്‍ സോവിയറ്റ് യൂണിയനായിരുന്നു. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. അവരുടെ നാട്ടിലുള്ളവരെ വില്ലനാക്കാമായിരുന്നു. പിന്നെ അത് മാറി കറുത്തവര്‍ വില്ലനായി വന്നു. ഇതെല്ലാം സ്വാധീനിക്കുന്നത് നമ്മളെയാണ്. ഇല്ല എന്നു പറയുന്നത് വെറുതെയാണ്. വില്ലന്മാരെ പോലും നമ്മള്‍ ബോധപൂര്‍വ്വം കൊണ്ട് വന്നു വെക്കുന്നുണ്ട്, ആരൊക്കെയാകണം വില്ലന്മാരെന്ന്. എന്റെ സിനിമയില്‍ അഭിനയിക്കുന്നത് ഏറ്റവും പോപ്പുലറായ ആക്ടര്‍ ആണെങ്കില്‍ വെറുതെ കിടന്നു മീശ പിരിച്ചാല്‍ മതി. തീയേറ്ററില്‍ കൈയടിക്കും. പക്ഷേ മറ്റൊരു സഹനടനോ ആരെങ്കിലുമാണ് മീശ പിരിക്കുന്നത് എങ്കില്‍ ആരും കൈയടിക്കില്ല. കാരണം ഈ സിനിമ ഈ കഥാപാത്രം ഇങ്ങനെയൊക്കെ ആകണം എന്നുള്ള ഒരു അവബോധം ആളുകള്‍ക്കിടയില്‍ ഉണ്ട്. അപ്പോള്‍ അതിനിടയില്‍ രാജാവ് നഗ്‌നനാണോ എന്നു ചോദിക്കാവുന്ന, പ്രതിരോധങ്ങളുടെ ഒക്കെ ഒരുപാട് സിനിമകളുമായി ഒരുപാട് ചെറുപ്പക്കാര്‍ ഒക്കെ വരുന്നുണ്ട്. അവര്‍ക്കൊന്നും പ്രദര്‍ശിപ്പിക്കാനുളള വഴികള്‍ പലപ്പോഴും കിട്ടാറില്ല. എല്ലാ കാലത്തും അങ്ങനെയൊക്കെയാണ്.

അനുചന്ദ്ര: എന്തുകൊണ്ടാണ് സമാന്തരസിനിമകളില്‍ തന്നെ ഫോക്കസ് ചെയ്യുന്നത്?

പ്രിയനന്ദനന്‍: ഒരര്‍ത്ഥത്തില്‍ സിനിമ ഉണ്ടാക്കുന്നത് വിറ്റുപോകാന്‍ ആണ്. കാരണം നിങ്ങള്‍ സിനിമ കണ്ട് അതില്‍ നിങ്ങള്‍ നിങ്ങളുടെ പങ്കെനിക്ക് തന്നാലെ അടുത്ത സിനിമ ഉണ്ടാക്കാന്‍ പറ്റൂ. പക്ഷേ അങ്ങനെ സിനിമ ഉണ്ടാക്കുവാനായി ഞാന്‍ യുക്തിരഹിതമായി ഒന്നും ചെയ്യില്ല. ഞാന്‍ സിനിമാ സംവിധാന സഹായിയായി മോഹനേട്ടന്റെ അടുത്ത്‌ ചെല്ലുമ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു, എന്റെ മൂന്നു സിനിമയും തീയേറ്ററില്‍ വന്നിട്ടില്ല. പിന്നെ എന്തിനാണ് എന്റെ ഒപ്പം നില്‍ക്കുന്നത് എന്ന്. ഞാന്‍ പറഞ്ഞു, എനിക്ക് അത്തരം സിനിമകളാണ് ഇഷ്ടമെന്ന്. കെ ജി ജോര്‍ജ് സാറിന്റെ കോലങ്ങള്‍ കണ്ടിട്ടാണ് ഇത്തരം അവബോധങ്ങള്‍ ഉള്ള സിനിമകള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. നമ്മുടെ പരിചയത്തില്‍ ഉള്ളവരുടെ, നമ്മുടെ കൂടി കഥയാണല്ലോ, നമ്മുടെ സങ്കടങ്ങള്‍ ഒക്കെ തന്നെയാണല്ലോ ഇവരുടെ സങ്കടങ്ങള്‍ എന്നൊക്കെ തോന്നിയപ്പോ ആ കഥകള്‍ ഒരു യാഥാര്‍ത്ഥ്യത്തിലേക്ക് എത്തി. മറ്റേത് നമ്മള്‍ എത്ര സ്റ്റണ്ട് ഉണ്ടോ എന്നൊക്കെ ചോദിച്ചാണ് സിനിമകള്‍ കാണാന്‍ പോയിരുന്നത്. അവിടെ നിന്നാണ് നമ്മള്‍ പതുക്കെ മാറുന്നത്. അതായത് ജീവിതത്തെ അടുത്തു കാണുക എന്നതാണ് നമ്മള്‍ മനസിലാക്കേണ്ടത്.

അനുചന്ദ്ര: അച്ഛന്‍-സംവിധാനം, മകന്‍-ഛായാഗ്രാഹകന്‍. അസാധാരണ കൂട്ടുകെട്ടാണ് പാതിരാകാലത്തിന്റെ പിന്നില്‍. രണ്ടു പേരും സിനിമാ വഴികളിലെ രണ്ട് കാലഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്നവരാകുമ്പോള്‍ നിങ്ങള്‍ക്കിടയില്‍ വരുന്ന കാലഘട്ടത്തിന്റേതായ (സിനിമയിലെ) വ്യത്യാസങ്ങളെ എങ്ങനെ കാണുന്നു?

പ്രിയനന്ദന്‍: ഞങ്ങളുടെ വസന്തകാലം തന്നെയാണ് ഏറ്റവും വലുത് എന്ന് മഹത്വവല്‍ക്കരിക്കേണ്ട ഒരു കാര്യവും ഇല്ല. ആ കാലത്തിന്റെ എല്ലാ തരത്തിലുള്ള ബുദ്ധിമുട്ടുകളും ഞങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. പക്ഷേ ഈ പുതിയ കാലത്ത് പുതിയ ടെക്‌നോളജി വന്നു, കാര്യങ്ങള്‍ വന്നു, കമ്മ്യൂണിക്കേഷന്റെ രീതികള്‍ വന്നു; പക്ഷേ മനുഷ്യന്റെ മനസ്സ് മാത്രമാണ് അടഞ്ഞു പോയിക്കൊണ്ടിരിക്കുന്നത്. ഒരുതരത്തിലുള്ള നിബന്ധനയും വെച്ചു കൊണ്ട് മക്കളെ വളര്‍ത്തുന്ന ഒരു വീട് ആയിരുന്നില്ല എന്റേത്. ചെറുപ്പം മുതലേ എന്റെ മക്കള്‍ കാണുന്നത് എന്താണെന്നുവെച്ചാല്‍ എല്ലാത്തരത്തിലുള്ള മനുഷ്യരും വീട്ടിലേക്കു വരുന്നതും ഞാന്‍ ഉണ്ടായാലും, ഞാന്‍ ഇല്ലെങ്കിലും അവിടെ കിടക്കുന്നതും ഒക്കെയാണ്. നമ്മള്‍ കുടില്‍ കെട്ടിക്കിടക്കുന്ന സമയത്താണ് എങ്കില്‍ പോലും നമ്മുടെ വീടിന്റെ പുറത്ത്, ഉമ്മറത്ത് കിടക്കാന്‍ പറ്റുന്ന ആളുകള്‍ പായ വിരിച്ചു ഉമ്മറത്തായിട്ടാവും കിടക്കുക. അവിടെ ഒരുപാട് മനുഷ്യര്‍ വന്നു കിടന്നുറങ്ങി പോയിട്ടുണ്ട്. ഞാന്‍ ഒരു നിബന്ധനയും എന്റെ വീട്ടില്‍ വച്ചിട്ടില്ല. അവര്‍ എന്തു ചെയ്യുന്നു എന്നു പോലും ആലോചിക്കാറില്ല. പഠിക്കാന്‍ ഇഷ്ടം ഉണ്ടെങ്കില്‍ അവര്‍ക്ക് ചെയ്യാം അല്ലെങ്കില്‍ ചെയ്യാതിരിക്കാം. അത്രേയുള്ളൂ. വലിയ അന്താരാഷ്ട്ര ചര്‍ച്ചകളൊന്നും ഞങ്ങള്‍ക്കിടയില്‍ ഇല്ല. ഞങ്ങള്‍ സുഹൃത്തുക്കളെപ്പോലെയാണ് പെരുമാറുന്നത്. വലിയ ആധികാരികമായി ഉള്ള രീതിയില്‍ ഒന്നും ഞാനവനോട് ഇടപെട്ടിട്ടില്ല. നമ്മള്‍ വേറെ എല്ലാവരോടും പറയുന്ന അത്ര പോലും അവനോട് പറഞ്ഞിട്ടില്ല. ഞാന്‍ വായിക്കുന്ന പുസ്തകങ്ങള്‍ ആണ് അവിടെ ഉള്ളത്. ചിലപ്പോള്‍ വേറെ തരത്തിലുള്ള പുസ്തകമായിരിക്കും അവന്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്നത്, വേറെ തരത്തില്‍ ആവാം ഒബ്‌സര്‍വ്വ് ചെയുന്നത്. ഞാന്‍ വായിക്കുന്നത് തന്നെ അവന്‍ വായിക്കണമെന്നു നിര്‍ബന്ധപ്പെടാറില്ല. പല കാര്യത്തിലും അവരില്‍ നിന്ന് നമുക്ക് സ്വാംശീകരിക്കാനുണ്ട്. ഡിജിറ്റല്‍ ടെക്‌നോളജി പുതിയ കാലത്ത് വരുമ്പോള്‍ എന്റെ കാലത്തു നിന്നും ഒരുപാട് മാറിയിട്ടുണ്ട്. അതുകൊണ്ട് പുതിയ കാലത്തെ കുട്ടികളോട് ഞാന്‍ എന്റെ സംശയം കൂടി ചോദിക്കും. അല്ലാതെ അച്ഛന്‍, മകന്‍ എന്ന രീതി പണ്ടെ ഉണ്ടായിട്ടില്ല. കുട്ടിക്കാലത്ത് തന്നെ ഒരു ക്യാമറ അവനു വാങ്ങിച്ചു കൊടുത്തിട്ടുണ്ട്.

അനുചന്ദ്ര: സ്വതന്ത്ര സിനിമ പ്രേക്ഷകരിലെത്തിക്കാനുളള സാധ്യതകള്‍?

പ്രിയനന്ദനന്‍: മുമ്പ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്ന് ചിലപ്പോള്‍ ഇന്നെത്തേതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ സിനിമ കാണാന്‍ വന്നിരിക്കാം. ഞാനൊരിക്കലും സിനിമയിലേക്ക് വന്ന സമയത്ത് സിനിമയില്‍ സാമ്പത്തിക ലാഭം എന്നെ മോഹിപ്പിച്ചിട്ടില്ല. എല്ലാ കാലത്തും ഇത്തരം സിനിമകള്‍ ഉണ്ടായിട്ടുണ്ട്, അതിന് അതിന്റേതായ പണികളുണ്ട്. അതിന് വലിയ കാഴ്ചക്കാര്‍ ഉണ്ടാവുകയില്ല എന്നുള്ളത് നല്ല ബോദ്ധ്യമുണ്ട്. ഇന്നത്തെ കാലത്താണെങ്കില്‍ കുറച്ചു കൂടി സൗകര്യം ഉണ്ടെന്നു തോന്നുന്നു. പല സ്ഥലങ്ങളിലും കൊണ്ടുപോകാം, കൊച്ചു കൊച്ച് ഹാളുകള്‍ വാടകയ്ക്ക് എടുത്ത് വേണമെങ്കില്‍ സിനിമകള്‍ കാണിക്കാം. അത്തരം സാധ്യതകള്‍ ഇന്ന് മുമ്പിലുണ്ട്. പിന്നെ നമുക്ക് 100 തിയേറ്റര്‍ ഒക്കെ കിട്ടണമെന്ന് വാശി പിടിച്ചിട്ട് കാര്യമില്ല. വലിയ തോതില്‍ ഈ സിനിമ റിലീസ് ചെയ്താല്‍ ഈ സിനിമ കാണാന്‍ വളരെ കുറച്ചുപേര്‍ തന്നെയേ ഉള്ളൂ. അല്ലാതെ വലിയൊരു ഹിറ്റ് ആവൊന്നും ഇല്ല. ആല്ലെങ്കില്‍ പിന്നെ ഇതൊരു സംസ്‌കാരമായിട്ടു വളരണം. വാണിജ്യപരമായ ചിത്രങ്ങളുടെ ഭാഗമാവുന്നവരില്‍ നിന്നു തന്നെ തമിഴ് ചലച്ചിത്രമേഖലയില്‍ കാക്കമുട്ടൈ പോലുള്ള സിനിമകളും പിറവി കൊള്ളുന്നുണ്ട്. മലയാളത്തില്‍ ഇത്തരത്തിലൊരു പ്രവണത കുറവല്ലേ? മുരളിയെന്ന നടന്‍ ഉണ്ടായതുകൊണ്ടാണ് എനിക്ക് നെയ്ത്ത്കാരനും, പുലിജന്മവും ഉണ്ടാകുന്നത്. ആ മനുഷ്യന്‍ കച്ചവട സിനിമയില്‍ നിന്ന് വാങ്ങുന്ന അതേ ക്യാഷ് ആണ് എന്നോട് വാങ്ങിയതെങ്കില്‍ എനിക്ക് ആ രണ്ട് സിനിമ എടുക്കാന്‍ പറ്റില്ല. ഈ സിനിമ ഒരുപാട് ഇടങ്ങളില്‍ കൊണ്ട് പോകുമ്പോള്‍ മുരളിയുടെ പടം എന്നു പറയുന്നവര്‍ ഉണ്ട്. എന്തുകൊണ്ടാണ് ഇതുപോലെ നടന്മാര്‍ നമുക്ക് വളരെ സപ്പോര്‍ട്ടീവ് ആകാത്തത്. പ്രധാനപ്പെട്ട പല നടന്മാരും അങ്ങനെ സ്വീകരിച്ചിരുന്നു എങ്കില്‍ നമുക്കിപ്പോ 100 തിയേറ്റര്‍ എങ്കിലും കിട്ടും. അല്ലെങ്കില്‍ കിട്ടില്ലല്ലോ. വാണിജ്യപരമായ വഴിയാണിത്. മാര്‍ക്കറ്റിങിലെ സംഭവമാണ്. അങ്ങനെ കരുതണം.

അനു ചന്ദ്ര: കേരളത്തില്‍ പാതിരകാലത്തിന്റെ ആദ്യ ഷോ വരികയാണ് ഡിസംബറില്‍, എന്ത് പറയുന്നു?

പ്രിയനന്ദനന്‍: ഒരുപാട് കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യണമെന്നുണ്ട്, ഒരുപാട് ആളുകളെ കാണിച്ചു കൊടുക്കണം എന്നുണ്ട്. 4 ഷോ വച്ചു കളിച്ചാല്‍ ആളുകള്‍ ഓടിക്കൂടില്ല എന്നതിനെക്കുറിച്ച് ഉത്തമ ബോധ്യമുണ്ട്. നമുക്ക് വലിയ പരസ്യം കൊടുക്കാന്‍ ഉള്ള ബഡ്ജറ്റ് ഒന്നുമില്ല. ഡിസംബര്‍ 2,3 ന് തൃശൂര്‍ ഗിരിജ തീയേറ്ററില്‍ വെക്കുന്ന പ്രദര്‍ശനം പോലെ ഓരോ പ്രദേശത്തും ശനിയും ഞായറും ആയി പ്രൊമോഷന്‍ കളിക്കാന്‍ പറ്റുകയാണെങ്കില്‍, പിന്നീട് നമുക്ക് തെളിവുമായി സര്‍ക്കാറിനെ സമീപിക്കാം. മിനിമം ഒരു ഷോ വച്ച് രണ്ടാഴ്ചയെങ്കിലും ആള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും സര്‍ക്കാര്‍ തീയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാനുളള അനുമതി തരണമെന്നാണ് ഞാന്‍ പറയുന്നത്. അല്ലെങ്കില്‍ വാടക എങ്കിലും കുറച്ച് തരണം. കേരളാ ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ കീഴിലുളള തീയറ്ററുകളില്‍ ഒരു ഷോയ്ക്ക് 12,500 രൂപ നല്‍കണം. അതും അവിടെ റെഗുലര്‍ ആയി ഷോ നടക്കുമ്പോഴുള്ള സമയത്തല്ല. അതിനും മുമ്പ്. ആ സമയത്ത് ഈ രൂപ വാങ്ങുന്നത് തെറ്റാണ്. ഇതിനു മാറ്റം ഉണ്ടാകണമെന്ന് കരുതുന്നു, ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.

അച്ഛന്റെ സിനിമയ്ക്ക് മകന്റെ ക്യാമറ; ഛായാഗ്രാഹകന്‍ അശ്വഘോഷന്‍/അഭിമുഖം

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍