UPDATES

സിനിമ

‘തുത്തുരു തുത്തുരു തൂത്തുമ്പി’യും പാടി ഇനി ഇതുവഴി വന്നേക്കരുത് ആരും

പുണ്യാളന്‍ അഗര്‍ബത്തീസ് ആക്ഷേപഹാസ്യമെന്ന പേരില്‍ എഴുന്നെള്ളിക്കുന്നത് അസംബന്ധങ്ങള്‍

ആവശ്യത്തിനും അനാവശ്യത്തിനും വാർത്തയും വിവാദവും സൃഷ്ടിക്കുന്നവർ. സ്വകാര്യതക്ക് ഒട്ടും അവസരം നൽകാതെ ബൈറ്റുകൾക്കായി മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പിറകെ അമിതമായി പായുന്നവർ എന്നൊക്കെ ദൃശ്യ മാധ്യമ പ്രവർത്തകർക്ക് നേരെ വിമർശനം പതിവാണ്. എന്നാൽ, ഇതേ ദൃശ്യമാധ്യമ പ്രവർത്തകരാണ് അഴിമതിയും കയ്യേറ്റവും ഉൾപ്പെടെ വാർത്തകൾ കണ്ടെത്തി ജനങ്ങൾക്ക് മുന്നിൽ എത്തിക്കുന്നത്. സോളാർ തട്ടിപ്പ് പുറത്ത് വിട്ടത് ഒരു ദൃശ്യ മാധ്യമമാണ്. അന്ന് ആ കണ്ടെത്തലിനെ അഭിനന്ദിച്ചവർ പിന്നീട് സിഡി തേടി കോയമ്പത്തൂരിലേക്കുള്ള യാത്ര തൽസമയം സംപ്രേഷണം ചെയ്തതിനെ വിമർശിച്ചു. വിമർശിച്ചവരെല്ലാം തന്നെ സിഡിയിൽ എന്ത് എന്നറിയാൻ ടിവി ഓഫ് ചെയ്യാതെ പാതിരാ വരെ കാത്തിരിക്കുകയും ചെയ്തു. 

നടിയെ ആക്രമിച്ച കേസിൽ ദൃശ്യ മാധ്യമങ്ങൾ സമാന്തര അന്വേഷണം നടത്തിയില്ലായിരുന്നുവെങ്കിൽ, പൾസർ സുനിയുടെ കത്ത് പുറത്തുവിട്ടില്ലായിരുന്നുവെങ്കിൽ പൾസറിൽ തീരുമായിരുന്നു അന്വേഷണത്തിന്‍റെ തിരക്കഥ. ഇതല്ലാതെ നിങ്ങൾക്ക് മറ്റൊന്നും ചർച്ച ചെയ്യാനില്ലേ എന്ന് നിരന്തരം ചോദിച്ചവർ തന്നെ ഈ ചർച്ചകൾ എല്ലാ രാത്രികളിലും കുത്തിയിരുന്ന് കാണുകയും ചെയ്തു. ഏറ്റവും ഒടുവിൽ തോമസ് ചാണ്ടിയുടെ നിയമലംഘനം കണ്ടെത്തി വാർത്തയാക്കിയതും ദൃശ്യമാധ്യമങ്ങൾ തന്നെ. 

മാധ്യമ പ്രവർത്തനവും തൊഴിലാണ്, വ്യവസായമാണ്. ജീവനക്കാർക്ക് ശമ്പളം നൽകണം. മറ്റു ചിലവുകളും ഏറെ. പരസ്യ വരുമാനം കൂടിയേ തീരൂ, അത് നിശ്ചയിക്കുന്നതാകട്ടെ പലപ്പോഴും റേറ്റിംഗ് മാനദണ്ഡമാക്കിയും. അതിനാൽ, അലസരായിരിക്കാൻ നേരമില്ല, കുതിപ്പും വേഗവും അനിവാര്യം. അതിനിടയിൽ ചില വീഴ്ചകൾ സ്വാഭാവികം. എന്നാൽ, ഒരു മുഖ്യമന്ത്രിക്ക് ഒരു ജില്ലയിൽ പത്ത് പൊതുപരിപാടികൾ ഉണ്ടെങ്കിൽ പത്തിടങ്ങളിലേക്കും ചെല്ലുക, എല്ലായിടത്തും കാറിൽ നിന്നിറങ്ങുമ്പോഴേക്കും അദ്ദേഹത്തിന് മുന്നിലേക്ക് മൈക്ക് നീട്ടുക, ബൈറ്റ് എടുത്തയുടൻ ലൈവായി വളിപ്പൻ വിവരണങ്ങൾ തട്ടിവിടുക എന്നീ കലാപരിപാടികൾ ഇല്ല. ഇങ്ങനെയൊക്കെയാണ് ദൃശ്യമാധ്യമ പ്രവർത്തനം എന്ന് ഒരു വിനോദ മാധ്യമത്തിലൂടെ വരുത്തി തീർക്കുന്നതും ശരിയല്ല. നിർഭാഗ്യവശാൽ മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായ ര‍ഞ്ജിത്ത് ശങ്കർ തന്‍റെ പുതിയ ചിത്രമായ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിലൂടെ ചിത്രീകരിക്കുന്നത് ഇതെല്ലാമാണ്. ഒരു തൊഴിൽ മേഖലയെ എങ്ങിനെയെല്ലാം കോമാളിവൽക്കരിക്കാം എന്നതിന് മികച്ച ഉദാഹരണമാണ് ഈ ചിത്രം.

മാധ്യമ പ്രവർത്തകരെ മാത്രമല്ല ജുഡീഷ്യറിയേയും അപമാനിക്കുകയാണ് ചിത്രം. രാജ്യത്ത് ഏത് കോടതിയിലാണ് വിസ്താരം നടക്കവെ കൂളായി ജഡ്ജിയുടെ മുന്നിൽ വെച്ച് മൊബൈൽ ഫോൺ ഉപയോഗിക്കാനാവുക..? ചിത്രത്തിൽ പ്രതിയും അഭിഭാഷകനും ഇപ്രകാരം ഫോൺ ഉപയോഗിക്കുന്നു. പ്രതിയെ എപ്പോഴും പേരെടുത്ത് വിളിക്കുന്ന ജഡ്ജി. അധോവായു വിടുന്ന ജഡ്ജിയോട് തന്‍റെ പുതിയ ഉൽപ്പന്നമായ പുണ്യാളൻ കുടിവെള്ളം ഇതിനെല്ലാം പ്രതിവിധിയാണെന്ന് പ്രതി തട്ടിവിടുന്നുമുണ്ട്. ഏത് കോടതിയിലാണ് ഇതൊക്കെ സംഭവിക്കുക..? എന്തൊക്കെ അസംബന്ധമാണ് ആക്ഷേപഹാസ്യത്തിന്‍റെ പേരിൽ എഴുന്നള്ളിച്ചിരിക്കുന്നത്.

നായകൻ, നായിക, വില്ലൻ. നായിക സമ്പന്ന കുടുംബത്തിലെ അംഗം, നായകൻ ദരിദ്രൻ, അല്ലെങ്കിൽ നേരെ തിരിച്ച്. നായകൻ നായികയോട് പ്രണയം വെളിപ്പെടുത്തുമ്പോൾ ഗാനരംഗം. എവിടെ നിന്നോ പൊട്ടിമുളച്ചത് പോലെ  പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന കുറേ നർത്തകർ. ഇതൊക്കെയായിരുന്നു കുറേകാലം മലയാള സിനിമകളുടെ മാറാത്ത ഫോർമാറ്റ്. അതെല്ലാം വിട്ട് പുതിയ കാലത്ത് സിനിമ എത്രയോ ദൂരം സഞ്ചരിച്ചു. ആഖ്യാനത്തിൽ നവധാരക്ക് തുടക്കമിട്ട ചിത്രങ്ങളുടെ പട്ടികയിൽ രഞ്ജിത്ത് ശങ്കറിന്‍റെ തന്നെ പാസഞ്ചറും ഉൾപ്പെട്ടുവല്ലോ. അതിമനോഹരമായിരുന്നുവല്ലോ രാമന്‍റെ ഏദൻ തോട്ടം, അതൊരുക്കിയതും ഇതേ രഞ്ജിത്ത് ശങ്കർ തന്നെ. പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ആദ്യഭാഗമായ പുണ്യാളൻ അഗർബത്തീസ്, സു സു സുധി വാൽമീകം എന്നിവയും മികച്ചതെന്ന് നിരൂപിക്കപ്പെട്ട രഞ്ജിത്ത് ശങ്കർ ചിത്രങ്ങൾ തന്നെ. മാധ്യമ പ്രവർത്തകരുമായി നല്ല സൗഹൃദവും നിരീക്ഷണ പാടവവും ഉള്ള അപൂർവ്വം സംവിധായകരിൽ ഒരാൾ കൂടിയാണ് രഞ്ജിത്ത് ശങ്കർ. എന്നിട്ടും ഇങ്ങിനെയൊരു വികലസൃഷ്ടി എന്തുകൊണ്ട് സംഭവിച്ചു എന്ന ചോദ്യത്തിന് എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടുന്നില്ല. രഞ്ജിത്ത് ശങ്കറും നായകനായ ജയസൂര്യയും ചേർന്നാണ് ചിത്രത്തിന് പണം മുടക്കിയത്. കുറഞ്ഞ ബജറ്റിൽ അധികം മിനക്കെടാതെ ഒരു ഹിറ്റൊരുക്കാം, മലയാളിയെ പറ്റിക്കാൻ ഇതൊക്കെ ധാരാളം എന്ന് ചിന്തിച്ചുകാണും. അല്ലെങ്കിൽ ഏതെങ്കിലും അസോസിയേറ്റിനെ എല്ലാം ഏൽപ്പിച്ച് രഞ്ജിത്ത് ഒരു റിലാക്സേഷൻ മൂഡിൽ കഴിഞ്ഞിരിക്കാം.

ഒരു നോട്ടം കൊണ്ടോ, ചലനം കൊണ്ട് പോലുമോ ബഡായി ബംഗ്ളാവിനെ ഒറ്റ സെക്കന്‍റിൽ കോമഡി ബംഗ്ളാവാക്കി മാറ്റുന്ന ധർമ്മജൻ ബോൾഗാട്ടിക്ക് പോലും ഒരു നല്ല നർമ്മം നൽകാനായില്ല ചിത്രത്തിൽ. തുത്തുരു തുത്തുരു തൂത്തുമ്പി എന്നും പാടി വീണ്ടും വന്ന ശ്രീജിത്ത് രവിയും ധർമ്മജനും പ്രേക്ഷകനെ വെറുപ്പിക്കുന്നതിൽ  കിട്ടാവുന്ന അവസരങ്ങളിൽ എല്ലാം പരസ്പരം മത്സരിച്ചു. അഴിമതിയും അനീതിയും ചോദ്യം ചെയ്യുമ്പോഴൊക്കെ നായകന് കിട്ടിയ കയ്യടി മാത്രമാണ് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിനെ ജനപ്രിയമാക്കിയത്. അതാകട്ടെ, രജനീകാന്ത് മുതൽക്കിങ്ങോട്ട് കാണുന്നതുമാണ്. അതിനാൽ, രഞ്ജിത്ത് ശങ്കർ അടക്കമുള്ള സംവിധായക പ്രതിഭകളോട് സവിനയം ഉണർത്തിക്കാനുള്ളത് എന്തെന്നാൽ, കാലവും സിനിമയും പ്രേക്ഷകരും ഒരുപാട് മാറി. തൊണ്ടിമുതലും ദൃക്സാക്ഷിയും പോലുള്ള അതിഗംഭീരമായ റിയലിസ്റ്റിക് ആഖ്യാനങ്ങൾക്ക് തിയേറ്ററുകൾ വഴിമാറുകയുമാണ്. അതെല്ലാം പരിഗണിച്ചുള്ള മാറ്റമാണ് പ്രേക്ഷകരും നിങ്ങളെ പോലുള്ളവരിൽ നിന്നും പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷകൾ നിറവേറ്റാനുള്ള ശ്രമങ്ങൾ ഉണ്ടാകട്ടെ, നല്ല സിനിമയുടെ ഏദൻ തോട്ടങ്ങൾക്ക് കാവൽക്കാരാകാൻ ഞങ്ങളുണ്ടാകും മുന്നിൽ. അതുവരേക്കും തുത്തുരു തുത്തുരു തൂത്തുമ്പിയും പാടി ഇതുവഴി വരാതിരിക്കട്ടെ ആരും.

സര്‍ക്കാരിനോട് ജനത്തിന് പറയാനുള്ള കാര്യങ്ങള്‍ പറയുന്ന ‘പുണ്യാളന്‍’

സുബീഷ് തെക്കൂട്ട്

സുബീഷ് തെക്കൂട്ട്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍