UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

Off-Shots

അപര്‍ണ്ണ

സിനിമ

ലഹരി അടിമ, പെണ്ണുപിടിയന്‍, താരം, തീവ്രവാദി…; സഞ്ജുവിന്റെ ജീവിതം ഒരു സിനിമയാണ്

ചിലപ്പോൾ സിനിമയേക്കാൾ വലുതായി നിൽക്കുന്ന നടന്മാരുണ്ട്. സഞ്ജു എന്ന സിനിമ പൂർണമായും നിലനിൽക്കുന്നത് രൺബീർ കപൂർ എന്ന നടനിലാണ്

അപര്‍ണ്ണ

ഒരാൾ തന്നെ വാഴ്ത്തപ്പെട്ടവനും ഇകഴ്ത്തപ്പെട്ടവനുമായ കഥയാണ് സഞ്ജയ് ദത്തിന്റേത്. 58 വയസു വരെയുള്ള ജീവിതത്തിനിടയ്ക്ക് സഞ്ജു സിനിമയുടെ പരസ്യത്തിൽ പറയും പോലെ പല ജീവിതങ്ങൾ ജീവിച്ചയാൾ. വിചിത്രമായ ഈ ജീവിത വഴികൾ തേടിയുള്ള അന്വേഷണമാണ് രാജ് കുമാർ ഹിരാനിയുടെ സഞ്ജു. അനൗൺസ് ചെയ്ത ദിവസം മുതൽ സ്വഭാവികമായും വലിയൊരു വിഭാഗം ആസ്വാദകരും ആ സിനിമയ്ക്കായി കാത്തിരുന്നു. ടീസറിലും മറ്റുമുള്ള രൺബീർ കപൂറിന്റെ വേഷപ്പകർച്ചയെ അത്ഭുതത്തോടെയാണ് കാണികൾ സ്വീകരിച്ചത്. രാജ് കുമാർ ഹിരാനി എന്ന സംവിധായകനോടുള്ള വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന ട്രെയിലറായിരുന്നു സിനിമയുടേത്.

സഞ്ജു എന്ന ഓമനപ്പേരുള്ള സഞ്ജയ് ദത്ത് സ്വന്തം കഥ പറഞ്ഞാൽ എങ്ങനെയുണ്ടാവും. ഏതാണ്ട് അത്തരമൊരു ചിന്തയുടെ ദൃശ്യാനുഭവമാണ് സിനിമ എന്നു പറയാം. ആയുധം കൈവശം വച്ച കുറ്റത്തിന് ജയിലിലേക്കു തിരിക്കും മുന്നെ തന്റെ ജീവചരിത്രമെഴുതാൻ ഒരാളെ അന്വേഷിക്കുന്ന സഞ്ജുവിന്റെയും ഭാര്യ മാന്യതയുടെയും (ദിയ മിർസ ) രംഗങ്ങളിലൂടെയാണ് സിനിമയുടെ തുടക്കം. വിന്നിയോട് (അനുഷ്ക ശർമ ) തന്റെ കഥ പറയാൻ സഞ്ജു തീരുമാനിക്കുന്നു. തീവ്രവാദവും മറ്റ് ആരോപണങ്ങളും കാരണം ആദ്യം ആശയക്കുഴപ്പത്തിലാകുന്ന വിന്നി, പിന്നീട് സഞ്ജു പറഞ്ഞു തുടങ്ങിയ കഥയിൽ ആകൃഷ്ടയാവുന്നു. സഞ്ജുവിന് പൂരിപ്പിക്കാൻ കഴിയാത്ത ഭാഗങ്ങൾ തേടി അവർ അയാൾക്കു ചുറ്റുമുള്ളവരുടെ അടുത്ത് അന്വേഷിക്കുന്നു.

‘വായിൽ സ്വർണക്കരണ്ടി’യുമായി ജനിച്ച, ‘വളർത്തുദോഷക്കാരൻ’ പയ്യനിൽ നിന്നാണ് നമുക്കെല്ലാം അറിയാവുന്ന പോലെ കഥ തുടങ്ങുന്നത്. 80-കളിൽ ലോകത്ത് ലഭ്യമായിരുന്ന എല്ലാ ലഹരി വസ്തുക്കളുടെയും അടിമ ആയിരുന്ന സഞ്ജു ഉണ്ടായിരുന്നു. ഒരു പാട് പത്രവാർത്തകളിലൂടെയും അഭിമുഖങ്ങളിലൂടെയും വായിച്ചും കേട്ടുമറിഞ്ഞ അയാളുടെ ആദ്യകാല ജീവിതത്തിൽ നിന്നു തന്നെയാണ് സിനിമ തുടങ്ങുന്നത്. വിദേശ നഗരങ്ങളിൽ ഭിക്ഷയെടുത്തും ലഹരിയുടെ വഴികൾ തേടിപ്പോയ ചെറുപ്പക്കാരനായിരുന്നു അയാൾ. വളരെ ലളിതമായി ഇതിന്റെ മന:ശാസ്ത്രപരമായ കാരണങ്ങൾ അന്വേഷിക്കാൻ സിനിമ ശ്രമിക്കുന്നുണ്ട്. ന്യായീകരണത്തിന്റെയോ ഹീറോയിസത്തിന്റെയോ പരിവേഷങ്ങൾ അയാൾക്ക് ചാർത്തി കൊടുക്കുന്നില്ല. അതിവൈകാരികവും അതിനേക്കാളേറെ സംഘർഷങ്ങൾ നിറഞ്ഞതുമായ അച്ഛനുമായുള്ള ബന്ധം, അമ്മയുടെ അസുഖവും മരണവും തുടങ്ങി കുറെ അവസ്ഥകളെ സിനിമ പറഞ്ഞു പോകുന്നു. അമ്മയുടെ അസുഖവും പ്രണയനഷ്ടവുമെല്ലാം സഞ്ജുവിന് ലഹരി ഉപയോഗിക്കാനുള്ള മുടന്തൻ ന്യായങ്ങളായിരുന്നു. ഏതോ ഘട്ടത്തിൽ കരിയറിലേക്കു ശ്രദ്ധ പതിപ്പിച്ച് പൂർണമായും ലഹരി വസ്തുക്കളിൽ നിന്ന് മാറി അയാൾ വിജയനായകനായി. ആ വിജയം അതിന്റെ പര കോടിയിലെത്തിയത് 1993-ൽ പുറത്തിറങ്ങിയ ഖൽ നായക്കിലൂടെയായിരുന്നു.

പക്ഷെ ആ ഗ്യാങ്ങ്സ്റ്റർ സിനിമയേക്കാൾ നാടകീയമായ സംഭവങ്ങളാണ് ഈ സിനിമയുടെ വിജയത്തിനു തൊട്ടുപിന്നാലെ നടന്നത്. 1993 ലെ കുപ്രസിദ്ധമായ മുംബൈ സ്ഫോടനവുമായി ബന്ധമുണ്ടെന്ന് ആരോപിതനായി സഞ്ജു ജയിലിലാകുന്നു. ആദ്യം ടാഡാ ആക്റ്റ് വരെ ചുമത്തപ്പെട്ടെങ്കിലും പിന്നീട് നിയമവിരുദ്ധമായി ആയുധം കൈയ്യിൽ വച്ചതിന് അയാൾ തടവുശിക്ഷ അനുഭവിക്കുന്നു. ഇതിനിടയിലും സിനിമകൾ തീർക്കാൻ അയാൾക്ക് അനുവാദമുണ്ടായിരുന്നു. അതു കൊണ്ടു തന്നെ ബോളിവുഡിൽ അയാൾ വിജയമായും പരാജയമായുമെല്ലാം സാന്നിധ്യമറിയിച്ചു കൊണ്ടേയിരുന്നു. ആയുധം സുനിൽ ദത്തിന്റെ സുരക്ഷയ്ക്കായി മകൻ സൂക്ഷിച്ചതെന്ന ലളിതയുക്തി എത്രത്തോളം വിശ്വസനീയമാണെന്നറിയില്ലെങ്കിലും സിനിമ അതിനെ ഭദ്രമായി സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്.

സഞ്ജയ് ദത്ത് എന്ന നടന്റെ പ്രൊഫഷണൽ കരിയർ ഗ്രാഫിനെ സിനിമ വല്ലാതെ പിന്തുടരുന്നില്ല. അയാളുടെ മാനസിക വ്യാപാരങ്ങളിലൂടെയും എടുത്തു ചാട്ടങ്ങളിലൂടെയും എല്ലാമാണ് സിനിമ സഞ്ചരിക്കുന്നത്. ‘സഞ്ജു എന്ന വ്യക്തിയുടെ ഭാഗത്തു നിന്നുമുള്ള ഏതാണ്ടൊക്കെ യുക്തിയെ തൃപ്തിപ്പെടുത്തുന്ന വ്യാഖ്യാനങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. രാജ്യരക്ഷ അടക്കമുള്ള വിഷയങ്ങളെ സുരക്ഷിത ദൂരം പാലിച്ച് തന്നെയാണ് സിനിമ തൊടുന്നത്. സഞ്ജയ് ദത്തിന്റെ ആദ്യ ഭാര്യയുടെ മരണമോ രണ്ടാമത്തെ വിവാഹ മോചനമോ ഒരുപാടു ചർച്ചയായ പ്രണയബന്ധങ്ങളോ ഒന്നും സിനിമ സ്പർശിക്കുന്നില്ല. ഏതൊരാൾക്കും ഉത്തരം കിട്ടാൻ അവകാശമുള്ള കേസിന്റെയും നിയമവിരുദ്ധ ലഹരി ഉപഭോഗത്തിന്റെയും ഭാഗം മാത്രമാണ് പറഞ്ഞിട്ടുള്ളത്. മാന്യമായ ഒരു ദൂരം അയാളോടും കുടുംബത്തോടും സിനിമ പാലിക്കുന്നുണ്ട് എന്നും പറയാം. നാ മിലേയും സാജനിലേയും ഖൽനായക്കിലേയും വാസ്തവിലേയും എല്ലാം പ്രകടനത്തെ പൂർണമായും ഒഴിവാക്കിയ ഹിരാനി തന്റെ മുന്നാഭായ് സീരീസിനെ ഓർമിപ്പിക്കുന്നുമുണ്ട്.

ചിലപ്പോൾ സിനിമയേക്കാൾ വലുതായി നിൽക്കുന്ന നടന്മാരുണ്ട്. സഞ്ജു എന്ന സിനിമ പൂർണമായും നിലനിൽക്കുന്നത് രൺബീർ കപൂർ എന്ന നടനിലാണ്. സഞ്ജയ് ദത്ത് എന്ന മനുഷ്യന്റെ വിചിത്ര ജീവിതത്തെ തുടക്കം മുതൽ ഒടുക്കം വരെ അനുഭവിപ്പിക്കുന്നുണ്ട് രൺബീർ. വേഷപ്പകർച്ചയും വികലാനുകരണവും തമ്മിലുള്ള ദൂരം വളരെ നേർത്തതാണ്. സിനിമ ഇറങ്ങും മുൻപെ അനുകരണാരോപണങ്ങൾ രൺബീർ ഒരുപാട് കേട്ടു. പക്ഷെ ആ ആരോപണങ്ങളെ മുഴുവനായി ഇല്ലാതാക്കി അതിസൂക്ഷ്മമായി അയാൾ സഞ്ജയ് ദത്ത് ആയി. യാതൊരു രൂപസാദൃശ്യവുമില്ലാത്ത അയാൾ ചലനങ്ങളിലൂടെ, ശബ്ദത്തിലൂടെ 37 വർഷത്തെ സഞ്ജയ് ദത്ത് ജീവിതം നമുക്ക് മുന്നിൽ എത്തിച്ചു. അത്ഭുതപ്പെടുത്തുന്ന മിതത്വത്തിലൂടെയാണ് ഈ സിനിമയിൽ അയാൾ നടനെന്ന സാധ്യത ഈ സിനിമയിൽ ഉപയോഗിച്ചത്. വളരെ സജീവമായി ജീവിച്ചിരിക്കുന്ന ഒരാളാവുക എന്ന വെല്ലുവിളി ഏറ്റെടുത്ത് വിജയിപ്പിച്ചിരിക്കുന്നു  രൺബീർ. കരിയറിന്റെ അത്രയൊന്നും സുഗമമായ ഘട്ടത്തിലല്ല പാളിപ്പോകാൻ എല്ലാ സാധ്യതയുമുണ്ടായിരുന്ന ഒരു റോൾ ഏറ്റെടുത്ത് അയാൾ വിജയിക്കുന്നത് എന്നുമോര്‍ക്കണം. സിനിമയെ വിശ്വസ്തവും ഭദ്രവുമായി കാണികൾക്കു മുന്നിൽ അവതരിപ്പിച്ചത് രൺബീറാണ്.

പർവേസ് റായലും റിക്കിയും അനുഷ്കയും സോനം കപൂറും മനീഷാ കൊയ്രാളയുമെല്ലാം വളരെ ഭദ്രമായി സ്വന്തം റോളുകൾ ചെയ്തു. വാർത്താ മാധ്യമങ്ങൾ സെൻസിറ്റീവായി കൊണ്ടാടിയതാണ് സഞ്ജയ് ദത്തിന്റെ രണ്ടാം തകർച്ചയ്ക്കു കാരണം എന്ന യുക്തി മാത്രമാണ് ദഹിക്കാതെ നിൽക്കുന്നത്.

58 വയസ് കഴിഞ്ഞു സഞ്ജയ് ദത്തിന്. ഇത്രയും കാലത്തിനിടയ്ക്ക് ഒരു മനുഷ്യനു സാധ്യമായ പല ദൂരങ്ങൾ താണ്ടി നിൽക്കുന്ന ആളാണ് അയാൾ. ഈ ദൂരങ്ങളെ കുറിച്ച് അയാൾ തന്നെ നടത്തുന്ന തിരിഞ്ഞുനോട്ടം പോലെയാണ് പലപ്പോഴും സഞ്ജു നീങ്ങുന്നത്. 90-കളിലെ ഹിന്ദി സിനിമാ ആരാധകർക്ക് തിരിഞ്ഞു നടത്തത്തിന്റെ ചില ഗൃഹാതുരതകളും സിനിമ തരുന്നുണ്ട്. രൺബീർ കപൂറാണ് സിനിമയുടെ ഏറ്റവും വലിയ ആകർഷണം. ഇത്തരം ഘടകങ്ങൾ നിങ്ങളെ തീയറ്ററിലേക്കാകർഷിക്കുന്നെങ്കിൽ തീർച്ചയായും സഞ്ജുവിനു കയറാം.

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍