UPDATES

സിനിമ

ഫ്യൂഡല്‍-ആര്യ-സവര്‍ണ-കോര്‍പറേറ്റ് വേഷങ്ങളെ പൊളിക്കുന്ന കാല

രജനീകാന്ത് ബിജെപിയിൽ ചേരാൻ പോകുന്നുവെന്ന് പറഞ്ഞവർക്കുള്ള ഒരു മികച്ച മറുപടി തന്നെയാണ് കാലയിലൂടെ രാഷ്ട്രീയനിലപാടുകൾ പറഞ്ഞുകൊണ്ട് രഞ്ജിത് നൽകുന്നത്

അനു ചന്ദ്ര

അനു ചന്ദ്ര

കഴിഞ്ഞ വര്‍ഷം കബാലിയെന്ന സൂപ്പര്‍ഹിറ്റ് ചിത്രം രജനീകാന്തിന് സമ്മാനിച്ച സംവിധായകനാണ് പാ രഞ്ജിത്. കബാലിയുടെ വിജയത്തിനുശേഷം രജനികാന്തും പാ രഞ്ജിത്തും ഒന്നിച്ച ചിത്രമായ കാല ആരാധകരും രാഷ്ട്രീയനേതാക്കളും ഏറെനാളായി കാത്തിരുന്ന ചിത്രമാണ്. കാലയ്ക്ക് പറയാനുള്ളതാകട്ടെ ചെറിയൊരു കഥയുമല്ല.

ശരീരം ഒരു ആയുധമാക്കി പോരാടുന്ന ഒരു ജനതയുടെ പോരാട്ടത്തിന്റെ കഥ തന്നെയുണ്ട് പറയാൻ. പാവപ്പെട്ടവരുടെ പ്രതിനിധിയാണ് ചിത്രത്തിൽ രജനികാന്ത് അവതരിപ്പിക്കുന്ന കഥാപാത്രമായ കാല. പാവപ്പെട്ടവരെ അടിച്ചമർത്തുന്ന സർക്കാറിനും രാഷ്ട്രീയക്കാർക്കും നേരെ വെല്ലുവിളി ഉയർത്തിക്കൊണ്ട് തന്നെയാണ് കാല പ്രത്യക്ഷപ്പെടുന്നതും. ചിത്രത്തിൻറെ ആദ്യ ട്രെയിലറിലൂടെ തന്നെ മണ്ണിൻറെ മക്കൾക്കൊപ്പം, കറുത്ത മക്കൾക്കൊപ്പമാണ് താനെന്ന് രജനീകാന്ത് പ്രഖ്യാപിക്കുന്നുമുണ്ട്. അതു തന്നെയാണ് ചിത്രത്തിന് പറയാനുള്ളതും. കറുപ്പും വെളുപ്പും തമ്മിലുള്ള പോരാട്ടം. കറുപ്പ് അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ നിറമാണ്. വെളുപ്പാകട്ടെ വൃത്തികെട്ട രാഷ്ട്രീയത്തിന്റെയും.

കഥയിൽ ബഹുമാനത്തോടെ എല്ലാവരും നായക കഥാപാത്രത്തെ വിളിക്കുന്നത് കാല സേട്ട് എന്നാണ്. മുംബൈയിലെ ധാരാവിയിലാണ് കഥ പറയുന്ന പശ്ചാത്തലം. ധാരാവിയിലെ ചേരികളിൽ നിറയുന്ന മാലിന്യത്തിൽ നിന്നും സ്വച്ച് ഭാരത് എന്ന പോസ്റ്റർ കാണിക്കുന്നതിൽ തുടങ്ങുന്നു സിനിമയുടെ കഥ പറച്ചിൽ. രജനികാന്ത് ധാരാവിയിലെ ചേരിനിവാസികളെ പ്രതിനിധീകരിക്കുമ്പോള്‍ ഹരി ദാദ എന്ന വില്ലനായി, പണവും അധികാരവുമുള്ളവനായി നാനാ പടേക്കറും എത്തുന്നതോടെ കഥ മുറുകുകയാണ്. താരപരിവേഷം അമിതമാക്കാതെ ചേരിയിലെ കുട്ടികളുമായി ക്രിക്കറ്റ്‌ കളിക്കുന്ന കാലയുടെ ഇൻട്രോ സീനിൽ നിന്നും പിന്നത്തെ കാഴ്ച മിഡില്‍ സ്റ്റംപ് തെറിക്കുന്നതാണ്. അമ്പയറായ വള്ളിയപ്പനോട് (സമുദ്രക്കനി) ‘നോ ബാള്‍’ അപ്പീല്‍ ചോദിക്കുന്നുണ്ട് രജനിയുടെ കഥാപാത്രം അപ്പോൾ. പക്ഷേ വള്ളിയപ്പന്‍ പറയുന്നത് ‘വൈഡ്’ എന്നാണ്.

ആദ്യ പകുതിയിൽ കാല വലിയ വാഗ്ദാനങ്ങൾ ഒന്നും നൽകാതെ റൊമാൻസും, ചെറിയ ചെറിയ തമാശ രംഗങ്ങളുമായി നീങ്ങുന്നു. ചേരിയിൽ വസിക്കുന്നവരുടെ പ്രശ്നങ്ങൾ, നഗരനവീകരണം സർക്കാർ കൊണ്ടു വരുമ്പോൾ അവർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ തുടങ്ങിയ ചർച്ച മുൻപോട്ട് വെക്കുമ്പോൾ ഇടവേളയ്ക്ക് മുൻപ് തന്നെ നായകൻ-വില്ലൻ കണ്ടുമുട്ടൽ സംഭവിക്കുന്നു. പിന്നീട് രണ്ടാം പകുതി മുതൽ പാവങ്ങൾക്കായി പോരാടുന്ന വിപ്ലവനായകന്റെ തകർച്ചകൾ, അയാൾക്ക് ലഭിക്കുന്ന തിരിച്ചടികൾ എന്നിങ്ങനെ കഥ വികസിക്കുന്നു. കരികാലന്റെ ഭാര്യയായ സെൽവിയായി ഈശ്വരി റാവുവും പഴയ കാമുകിയായ സറീനയായി ഹുമാ ഖുറേഷിയും എത്തുമ്പോൾ, സന്തോഷകരമായ ദാമ്പത്യത്തിൽ ഉറച്ചു നിൽക്കുന്ന നായകനായും, ശരീരത്തിൽ പഴയ കാമുകിയുടെ ടാറ്റൂ ഉൾപ്പെടെ കോറിയിട്ടും അവരെ കാണുമ്പോൾ പഴയ പ്രണയത്തിന്റെ ഓർമയിൽ ചങ്കിടിച്ചിട്ടും നടക്കാതെ പോയ ബന്ധത്തിന്റെ സാധ്യതകളിൽ പെട്ട് ഉഴറാൻ മാത്രം ബുദ്ധിശൂന്യനല്ലാത്ത നായകനായും കാല മാറുമ്പോൾ തന്നെ കാലയിലെ സ്ത്രീകഥാപാത്രങ്ങളുടെ വ്യക്തിത്വം നിലനിർത്താനും, പ്രണയം പറയാൻ ചെറുപ്പക്കാർ തന്നെ വേണമെന്നില്ലെന്ന് ഊട്ടിയുറപ്പിക്കാനും ഉള്ള സംവിധായകന്റെ ശ്രമം വിജയത്തിലെത്തുന്നു.

ഫ്യൂഡല്‍-ആര്യ-സവര്‍ണ-കോര്‍പറേറ്റ്-ധവള വേഷങ്ങള്‍ക്കുളളില്‍ ഒളിഞ്ഞിരിക്കുന്ന അഴുക്കിന്റെയും ഇരുട്ടിന്റെയും കോട്ടകള്‍, ചേരിയിലെ കറുത്ത മനുഷ്യരുടെ നിറഞ്ഞ ബോധത്തില്‍ ഇടിഞ്ഞു വീഴുന്ന കാഴ്ചയിലേക്കാണ് വാസ്തവത്തിൽ സിനിമ സഞ്ചരിക്കുന്നത്. ഒടുവിൽ ക്ലൈമാക്സിലെ കറുപ്പിന്റെ നൃത്തം, പിന്നെ ബഹുവര്‍ണ നൃത്തമായി വികസിക്കുമ്പോള്‍ പ്രതീകാത്മകത കൊണ്ട് നിറഞ്ഞ കാല, നീല (അംബേദ്കര്‍ നിറം), കറുപ്പ് (പ്രതിഷേധത്തിന്റെ നിറം), ചുവപ്പ് (വിപ്ലവത്തിന്റെ നിറം) എന്നിങ്ങനെ ഫ്രെയിമുകൾ നിറച്ചു കൊണ്ടാണ് അവസാനിക്കുന്നത്.

‘കാല’ അഥവാ എന്റെ അച്ഛന്റെ കഥ

ജെല്ലിക്കെട്ട് മാത്രമല്ല തമിഴ്നാട്ടിലെ പല സമരങ്ങളെയും ഓർമപ്പെടുത്തുന്നുണ്ട് ഈ ചിത്രം. കാല നൽകുന്ന സന്ദേശം അടിച്ചമർത്തപ്പെട്ടവരുടെ കൂടെയാണ് താനെന്നത് തന്നെയാണ്. ശിവസേന തലവൻ ബാൽ താക്കറയെ ഓർമിപ്പിക്കുന്നുവെന്ന വിവാദം നേരത്തേതന്നെ ഉയർത്തിവെച്ച നാനാ പടേക്കറുടെ കഥാപാത്രവുമായുള്ള എതിർപക്ഷത്തിന്റെ ചെറുത്തുനിൽപ്പുകൾ പറയാൻ ശ്രമിക്കുന്നത് ഇന്ത്യയുടെ കനപ്പെട്ട രാഷ്ട്രീയമാണ്. ‘മഹാരാഷ്ട്ര നാഷണലിസ്റ്റ് പാര്‍ട്ടി’ എന്നാണ് സിനിമയിലെ മറാഠാവാദ രാഷ്ട്രീയം പറയുന്ന കക്ഷിയുടെ പേര്. ‘ശുദ്ധ മുംബൈ’ എന്നതാണ് അതിന്റെ പരമോന്നത നേതാവായ, ബാല്‍ താക്കറുടെയും ഉദ്ധവ് താക്കറെയുടെയുമൊക്കെ ഛായയുള്ള, ഹരിദേവ് അഭയങ്കറിന്റെ വാഗ്ദാനം. ‘ശുദ്ധീകരണ’ത്തിന്റെ ഭാഗമാണ് അയാള്‍ക്ക് ചേരിയൊഴിപ്പിക്കലും. തുടർന്ന് മോഹന വാഗ്ദാനങ്ങളുമായി ചേരി ഒഴിപ്പിക്കാനെത്തുന്ന ഭരണകൂട-കോര്‍പറേറ്റ് സംഘത്തോട് കാലയുടെ നേതൃത്വത്തിലുള്ള സംഘം പോരാടുക തന്നെയാണ് ചെയ്യുന്നത്.

തൊഴിലാളി വര്‍ഗത്തിന്റെ നിറവും മോദി കാലത്തെ ഇന്ത്യയും; രജനിയെ പാ രഞ്ജിത്ത് പഠിപ്പിക്കുന്ന ‘കാലാ’ രാഷ്ട്രീയം

രജനീകാന്ത് ബിജെപിയിൽ ചേരാൻ പോകുന്നുവെന്ന് പറഞ്ഞവർക്കുള്ള ഒരു മികച്ച മറുപടി തന്നെയാണ് കാലയിലൂടെ രാഷ്ട്രീയനിലപാടുകൾ പറഞ്ഞുകൊണ്ട് രഞ്ജിത് നൽകുന്നത്. മറ്റൊരു വശം പറയുകയാണെങ്കിൽ കർണാടകയിലെ മറാത്ത കുടുംബത്തിൽ ജനിച്ചതിന്റെ പേരിൽ തമിഴ്നാട് രാഷ്ട്രീയത്തിൽ രജനീകാന്തിന് ഭ്രഷ്ട് കൽപ്പിച്ച നേതാക്കളുണ്ട്. അവർക്കു കൂടിയുള്ള മറുപടിയാണ് കാല.  എന്നിരുന്നാലും ആത്യന്തികമായി സിനിമ ലക്ഷ്യംവെയ്ക്കുന്നത് തമിഴ്നാട് രാഷ്ട്രീയത്തെയും ദളിത് രാഷ്ട്രീയത്തെയുമാണ്. രജനിക്കും നാനാ പടേക്കറിനും ഒപ്പം സമുദ്രക്കനിയുടെ പെർഫോമൻസും മികച്ചുനിന്നു. സന്തോഷ് നാരായണൻ ഒരുക്കിയ പാട്ടുകൾ ചിത്രത്തിൽ വേണ്ട നിലവാരം പുലർത്തുന്നില്ല എങ്കിലും ബാക്ഗ്രൗണ്ട് സ്കോർ കൊണ്ട് സന്തോഷ് നാരായണൻ മുമ്പിട്ടു തന്നെ നിന്നു. ക്യാമറ, എഡിറ്റിങ് എന്നിവ ചിത്രത്തിന്റെ മാറ്റു കൂട്ടി. അംബേദ്കർ രാഷ്ട്രീയവും ബുദ്ധന്റെ തത്ത എല്ലാം ചിത്രത്തിൽ നിറഞ്ഞുനിൽക്കുമ്പോൾ സ്റ്റൈൽ മന്നന്റെ രാഷ്ട്രീയത്തിലെ നിലപാട് പ്രഖ്യാപനം കൂടിയാണ് ഇവിടെ നടക്കുന്നത് എന്ന് നിസംശയം പറയാം. അതുകൊണ്ടുതന്നെ കാലയെ എന്തുകൊണ്ടും ഒരു മികച്ച ഡയറക്ടോറിയൽ മൂവി എന്നുതന്നെ വിശേഷിപ്പിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയയ്ക്കുക.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍