UPDATES

സിനിമ

എന്റെ സിനിമ സെന്‍സറിംഗിന് വിട്ടുകൊടുക്കില്ല, അതെന്റെ പ്രതിഷേധമാണ്; പ്രതാപ് ജോസഫ് സംസാരിക്കുന്നു

പ്രതാപ് സംവിധാനം ചെയ്യുന്ന ‘രണ്ടുപേര്‍ ചുംബിക്കുമ്പോള്‍’ പ്രേക്ഷകര്‍ക്കു മുന്നിലേക്ക്

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമപ്രവര്‍ത്തകനായി കരിയര്‍ ആരംഭിക്കുകയും പിന്നീട് ഫ്രീലാന്‍സ് സിനിമാട്ടോഗ്രഫിയിലേക്കു മാറുകയും ചെയ്ത പ്രതാപ് ജോസഫ്, പരിസ്ഥിതിയെയും ജീവജാലങ്ങളെയും ആസ്പദമാക്കി 2014ല്‍ ‘കുറ്റിപ്പുറം പാലം’ എന്ന സിനിമയിലൂടെയാണ് സംവിധായകനായി തുടക്കം കുറിക്കുന്നത്. ഒട്ടനവധി ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ററികളും ഒരുക്കിയിട്ടുള്ള പ്രതാപ് തിയേറ്ററുകളില്‍ ദേശീയ ഗാനം ആലപിക്കണമെന്ന ഉത്തരവിനോടുള്ള പ്രതിഷേധം പ്രമേയമാക്കി നിര്‍മിച്ച ’52 സെക്കന്‍ഡ്’ എന്ന ഷോര്‍ട്ട് ഫിലിം സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടിരുന്നു. റഷ്യന്‍ തര്‍ക്കോവിസ്‌കി പുരസ്‌കാരവും മികച്ച ഛായാഗ്രാഹകനുള്ള പി ജെ ആന്റണി പുരസ്‌കാരവും നേടിയിട്ടുള്ള പ്രതാപ് കാമറ ചലിപ്പിച്ച, സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗ നാല്‍പ്പത്തിയഞ്ചാമത് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ഹിവോസ് ടൈഗര്‍ പുരസ്‌കാരം നേടിയിരുന്നു. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായ സെക്‌സി ദുര്‍ഗയ്ക്കു ശേഷം, പ്രതാപ് സംവിധാനം ചെയ്ത ‘രണ്ടു പേര്‍ ചുംബിക്കുമ്പോള്‍’ പ്രേക്ഷകര്‍ക്കു മുന്നിലേക്ക്. ആദ്യ പ്രദര്‍ശനം ഒക്ടോബര്‍ 8, 9, 10 തീയതികളില്‍ കോഴിക്കോട് ഓപ്പണ്‍ സ്‌ക്രീന്‍ തിയേറ്ററിലായി സംഘടിപ്പിച്ചിരിക്കുന്നു. പ്രവേശനം സൗജന്യം. ഇന്ത്യന്‍ സമൂഹം, പ്രത്യേകിച്ചു കേരളീയ സമൂഹം സമീപ കാലങ്ങളിലായി ഊന്നല്‍ നല്‍കുന്ന സദാചാര ബോധങ്ങളോടുള്ള പ്രതിഷേധം പ്രമേയമാക്കി അവതരിപ്പിക്കുന്ന സിനിമക്ക് 70 മിനിട്ട് ദൈര്‍ഘ്യമാണുള്ളത്. മുഖ്യധാരയില്‍ ലയിച്ചു ചേരാത്ത പ്രതിരോധ, ദൃശ്യബോധത്തെ പിന്തുണക്കുന്ന സമാന്തര ചലചിത്ര വിഭാഗത്തില്‍ പെടുന്നതാണ് പ്രതാപ് ജോസഫിന്റെ സിനിമ. സാംസ്‌കാരിക-നാടക വേദികളില്‍ നിന്നുമുള്ള വിവിധ കലാകാരന്മാരെയാണ് പ്രതാപ് ജോസഫ് തന്റെ പുതിയ സിനിമയില്‍ അവതരിപ്പിക്കുന്നത്. അര്‍ച്ചന പത്മിനി, എസ് പ്രതീപ്, ശരത് കോവിലകം, മിനി ഐ. ജി, ബൈജു നെറ്റോ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയെ കുറിച്ച് പ്രതാപ് ജോസഫ് സംസാരിക്കുന്നു.

കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന ചുംബന സമരത്തെ ആസ്പദമാക്കി എം. ഡി രാധിക മാതൃഭൂമി വാരികയില്‍ എഴുതിയ ‘ഒരു ദൃഷ്ടാന്ത കഥ’യാണ് പൊതുസമൂഹത്തിന്റെ സദാചാര ബോധത്തെ ചോദ്യം ചെയ്യുന്ന ‘രണ്ടുപേര്‍ ചുംബിക്കുമ്പോള്‍’ എന്ന സിനിമലേക്ക് എന്നെ എത്തിക്കുന്നത്. രണ്ടുപേര്‍ ചുംബിക്കുന്നത് മനുഷ്യന്റെ ബയോളജിയുടെ ഭാഗമാണ്. എന്നിട്ടുപോലും അതിനെ ഒരു സമര മുഖത്തിലേക്കെത്തിക്കാന്‍ നയിച്ച സാഹചര്യമെന്തെന്നാണ് ഈ സിനിമ ചോദിക്കുന്നത്. കൊച്ചിയില്‍ നടന്ന ചുംബന സമരത്തിന്റെ രംഗങ്ങള്‍ സെന്‍സര്‍ ചെയ്യാതെ ഉള്‍പ്പെടുത്തിയിട്ടുണ്ട് ചിത്രത്തില്‍. ‘രണ്ടു പേര്‍ ചുംബിക്കുമ്പോള്‍’ സെന്‍സര്‍ഷിപ്പിന് വിധേയമാക്കിയിട്ടില്ല. ചലച്ചിത്രം എന്നത് കലാകാരന്മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. സെന്‍സറിംഗ് എന്ന പ്രക്രിയ ഒരു സിനിമയുടെ സ്വാഭാവികതയെ ഇല്ലാതാക്കുകയാണ്. 2016ല്‍ ഞാന്‍ സംവിധാനം ചെയ്ത സ്ത്രീരാഷ്ട്രീയം പ്രമേയമായുള്ള ‘അവര്‍ക്കൊപ്പം’ എന്ന സിനിമയും സെന്‍സര്‍ ചെയ്തിരുന്നില്ല. മറ്റു കലാരൂപങ്ങള്‍ക്ക് ഒന്നുമില്ലാത്ത, സിനിമക്ക് മാത്രം ബാധകമായ സെന്‍സറിംഗ് എന്ന പ്രക്രിയയോടുള്ള പ്രതിഷേധം കൂടിയാണ്.

"</p

ബിഗ്‌സ്‌ക്രീന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായി ലാഭം ലക്ഷ്യം വെച്ചല്ല ഞാന്‍ സിനിമകള്‍ ചെയ്യുന്നത്. സിനിമയുടെ നിര്‍മാണത്തിനുള്ള ചിലവ് ക്രൗഡ് ഫണ്ടിങ്(പൊതുജനങ്ങളില്‍ നിന്നും പണം സ്വീകരിക്കുന്ന രീതി)വഴിയാണ് കണ്ടെത്തിയത്. എന്റെ സിനിമകള്‍ രണ്ടോ മൂന്നോ ലക്ഷത്തില്‍ ഒതുങ്ങുന്ന ലോ ബഡ്ജറ്റ് ചിത്രങ്ങളാണ്. ഇത്തരം സിനിമകള്‍ തിയേറ്ററുകളിലും മള്‍ട്ടിപ്ലക്‌സിലും പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിക്കാത്തതിനാലാണ് ഓപ്പണ്‍ സ്‌ക്രീന്‍ തിയേറ്റര്‍ പോലുള്ള ഇടത്തരം പ്രദര്‍ശന ശാലകളെ തിരഞ്ഞെടുക്കുന്നത്. ഇതിനു പുറമെ ഫിലിം ഫെസ്റ്റിവലുകളിലും കോളേജുകളിലും ഫിലിം സൊസൈറ്റികളിലും ‘രണ്ടുപേര്‍ ചുംബിക്കുമ്പോള്‍’ പ്രദര്‍ശിപ്പിക്കും. ഡിവിഡിയും ലഭ്യമാണ്. ഓണ്‍ലൈന്‍ എന്ന തുറന്ന കവാടത്തിനു മുന്നില്‍ എന്റെ സിനിമക്കുള്ള സാധ്യത തുറന്നു കിടക്കുകയാണ്. ‘മിനിമല്‍ സിനിമ’യുടെ ബാനറില്‍ പ്രതിഫലം പ്രതീക്ഷിക്കാത്ത ഒരുപറ്റം മനുഷ്യര്‍ നല്ല സിനിമകള്‍ക്ക് വേണ്ടി എന്റെ കൂടെ നിന്നതിന്റെ റിസള്‍ട്ട് കൂടിയാണ് രണ്ടുപേര്‍ ചുംബിക്കുമ്പോള്‍.

 

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍