UPDATES

സിനിമ

റോള്‍ മോഡല്‍സ് എന്ന ഫെസ്റ്റിവല്‍ പാക്കേജ്

80 കളുടെ അവസാനം മുതൽ മലയാള ഹാസ്യ സിനിമ പിന്തുടരുന്ന മാതൃകയിൽ തന്നെയാണ് റോൾ മോഡൽസും നിൽക്കുന്നത്

അപര്‍ണ്ണ

അപര്‍ണ്ണ

റാഫി-ഫഹദ് ടീം ആദ്യമായി ഒന്നിച്ചു എന്നതായിരുന്നു റോൾ മോഡൽസിന്റെ ആദ്യ കൗതുകം. വൻതോതിൽ ആൾക്കാർ കണ്ട ‘തേച്ചില്ലെ പെണ്ണേ’ എന്ന പാട്ട് ഫഹദ് ഫാസിലിന്റെ കരിയറിലെ വ്യത്യസ്തമായ പരീക്ഷണമായിരുന്നു. ഇത്തരം രംഗങ്ങളിൽ ഫഹദിനെ കണ്ടിട്ടില്ലായിരുന്നു. ഒരു ഫെസ്റ്റിവൽ റിലീസ് എന്ന രീതിയിൽ വളരെ കൃത്യമായി കുടുംബ പ്രേക്ഷകരെയും കുട്ടികളെയുമൊക്കെ ലക്ഷ്യം വച്ച് റിലീസ് ചെയ്ത സിനിമയാണ് റോള്‍ മോഡല്‍സ്. പതിവ് റാഫി ചേരുവകൾ പാട്ടിലും പരസ്യത്തിലുമുണ്ടായിരുന്നു.

ഗൗതം (ഫഹദ് ഫാസിൽ) അന്തർമുഖനും വിചിത്ര സ്വഭാവിയുമാണ്. തികച്ചും അസാമൂഹിക ജീവിതം നയിക്കുന്ന ഇയാളെ കൊണ്ട് രക്ഷിതാക്കളും ചുറ്റുമുള്ളവരും ബുദ്ധിമുട്ടുന്നുണ്ട്. കോളേജ് കാലത്ത് വളരെ സജീവമായി ജീവിച്ചിരുന്ന ആളായിരുന്നു ഗൗതം. അന്ന് ഗൗതം പഠിച്ചിരുന്ന എഞ്ചിനിയറിങ്ങ് കോളേജിലെ അധ്യാപകരായിരുന്നു അയാളുടെ അച്ഛനുമമ്മയും. അന്നു ഗൗതവും സുഹൃത്തുക്കളും ചേർന്നുള്ള റോൾ മോഡൽസ് എന്ന മ്യൂസിക്ക് ബാന്റും അക്കാദമികേതര പ്രവർത്തനങ്ങളും അയാളുടെ അച്ഛനുമമ്മക്കും ഇഷ്ടപ്പെടുന്നില്ല. കോളേജ് മാനേജ്മെൻറിനെതിരെ ഗൗതമും സുഹൃത്തുക്കളും പരാതി കൊടുക്കുമെന്ന സാഹചര്യത്തിൽ ചില സംഭവങ്ങള്‍ കോളേജില്‍ അരങ്ങേറുന്നു. അത് പില്‍ക്കാലത്തുണ്ടാക്കിയ ചില മാറ്റങ്ങളെ സുഹൃത്തുക്കളായ ജ്യോതിഷും (വിനായകൻ) റെക്സിയും (ഷറഫുദ്ദീൻ) ചേര്‍ന്ന് അഡ്രസ് ചെയ്യാന്‍ ശ്രമിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമൊക്കെയാണ് റോൾ മോഡൽസ്.

ഒരു ഫെസ്റ്റിവൽ പാക്കേജ് ആണ് റോൾ മോഡൽസ്. കോമഡി ഴോണറിൽ രണ്ട് മണിക്കൂർ ഒരു റാഫി സിനിമ, സൈഡായി ഒരു കുടുംബവും പ്രേമവും കുറച്ചു തെറ്റിദ്ധാരണകളും… 80-കളുടെ അവസാനം മുതൽ മലയാള ഹാസ്യ സിനിമ പിന്തുടരുന്ന മാതൃകയിൽ തന്നെയാണ് റോൾ മോഡൽസും നിൽക്കുന്നത്. നായകന്റെ ദരിദ്രരും വിഡ്ഢികളുമായ അനുയായികളും കൂട്ടുകാരും മുതലിങ്ങോട്ട് എല്ലാം പതിവു കാഴ്ചകളാണ്. ദ്വയാർത്ഥ പ്രയോഗങ്ങൾ, രൂപത്തെ കളിയാക്കൽ തുടങ്ങി പതിവു ചേരുവകളും കൃത്യമായ ഇടവേളകളിൽ ചേർത്തിട്ടുണ്ട്. നാട്ടിടവഴികളിൽ നിന്നും എഞ്ചിനിയറിങ്ങ് കോളേജിലേക്ക് പശ്ചാത്തലം പറിച്ചു നട്ടു എന്നതാണ് പ്രകടമായ ഒരു വ്യത്യാസം. ആ പാറ്റേണിന്റെ മിനിമം ഗ്യാരണ്ടിയുടെ സുരക്ഷിതത്വത്തിലാണ് റോൾ മോഡൽസും നിലനിൽക്കുന്നത്.

ഒരു പാടു പറഞ്ഞു പഴകിയ കെട്ടുറപ്പില്ലാത്ത തിരക്കഥയും ഹാസ്യം കൊണ്ട് മറച്ച് മുന്നോട്ടു പോകുന്ന പതിവു രീതിയിലാണ് റോൾ മോഡൽസിന്റെയും മേക്കിങ്ങ്. വിനായകനെത്ര സംസ്ഥാന അവാർഡ്‌ കിട്ടിയാലും അയാൾ ജനപ്രിയ മലയാള സിനിമക്ക് മുറിവും തൊലിയുടെ നിറവും തമ്മിൽ വേർതിരിച്ചറിയാനാവാത്ത നിരവധി ഹാസ്യ താരങ്ങളിൽ ഒരാളാണ്. ഉപജീവനത്തിന്റെ നിസഹായതയിൽ അയാളും, ശീലപ്പെടലിന്റെ നിസംഗതയിൽ നമ്മളും അതിനെ സ്വീകരിക്കുന്നു. പ്രത്യുത്പാദന ശേഷി രംഗങ്ങളും ഹാസ്യത്തിന്റെയും ഭാവനയുടെയും സാധ്യതകൾ ഒട്ടുമില്ലാത്ത അശ്ലീലമാണ്. ഈ ഗണത്തിലെ എല്ലാ സിനിമകളിലും ദാമ്പത്യത്തെ കുറിച്ചുള്ള പരാമർശങ്ങൾ ഒരേ ഗണത്തിലുള്ളവയാണ്.

ഒന്നാം പകുതിയിൽ വലിയ പരിക്കും പുതുമയും ഇല്ലാതെ കൊണ്ടുപോയ തിരക്കഥ രണ്ടാം ഭാഗത്ത് ഗോവയിൽ ചെന്ന് പാത്തും പതുങ്ങിയും പകച്ചു നിൽക്കുന്നു. ഇത്തരം സിനിമകൾക്ക് പതിവായി പറ്റാറുള്ള പാളിച്ചയാണത്. പിന്നെ ‘മഹാൻ’ എന്ന പരസ്യത്തിലെ സസ്പെൻസിനു ഒരു സേഫ് എൻട്രി കൊടുത്ത് സംവിധായകൻ പരിക്കുകളുടെ ആഘാതം കുറച്ചു. സുരാജിന്‍റേതടക്കം പല കഥാപാത്രങ്ങൾക്കും കാര്യമായി ഒന്നും ചെയ്യാനില്ല. കഥാഗതിയിലെ ട്വിസ്റ്റുകൾ ഒട്ടും വിശ്വസനീയമല്ല. നായികയുടെ കദനകഥയും നായകനെ നിർബന്ധിച്ച് കള്ളു കുടിപ്പിച്ച പരാതിയിൽ മുതിർന്ന വിദ്യാർത്ഥികളെ പുറത്താക്കുന്നതുമൊക്കെ യുക്തി പുറത്തു നിർത്തിയാൽ പോലും ഉൾക്കൊള്ളാൻ പറ്റാത്തത്രയും വിചിത്രമാണ്.

ഒരു വട്ടം കണ്ട് തമാശയും കഥയും ഒക്കെ അവിടെ തന്നെ മറന്നു വച്ച് ഇറങ്ങി പോരാവുന്ന സിനിമകളിറങ്ങാറുണ്ട് മലയാളത്തിൽ. പ്രേക്ഷകരെ താത്കാലിക രസങ്ങളിൽ കുരുക്കിയിടൽ മാത്രമാണ് ലക്ഷ്യം. അത്തരം സിനിമകൾ കാണാനിഷ്ടമുള്ളവർക്കും മലയാള ജനപ്രിയ സിനിമാ ശൈലിയിലേക്കുള്ള ഫഹദിന്റെ കൂടുമാറ്റം കാണാൻ ആഗ്രഹിക്കുന്നവർക്കും റോൾ മോഡൽസ് പരീക്ഷിക്കാവുന്നതാണ്.

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍