UPDATES

സിനിമാ വാര്‍ത്തകള്‍

‘നീ ഇത് പുറത്ത് പോയി പറഞ്ഞാലും എനിക്കൊരു ചുക്കുമില്ല’; സിദ്ദിഖിൽ നിന്ന് ഇത്തരം മോശം അനുഭവങ്ങൾ മറ്റ് പലർക്കും ഉണ്ടായിട്ടുണ്ടെന്നും രേവതി സമ്പത്ത്

എന്തുകൊണ്ടാണ് ഇത്രയും നാൾ ഇക്കാര്യം തുറന്ന് പറയാതിരുന്നത് എന്നുള്ള ചോദ്യമാണ് ഞാൻ കേട്ട ഏറ്റവും വെറുപ്പുളവാക്കുന്ന ചോദ്യമെന്നും രേവതി

നടന്‍ സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുമായി നടി രേവതി സമ്പത്ത് ഇന്നലെ രംഗത്തെത്തിരിയുന്നു. 3 വർഷങ്ങൾക്ക് മുൻപുണ്ടായ അനുഭവം ഫേസ്ബുക്കിലൂടെയാണ് രേവതി വെളിപ്പെടുത്തിയിരുന്നത്. രണ്ട് മൂന്ന് വർഷങ്ങൾക്ക് മുൻപ് സിദ്ദിഖിനെ കുറിച്ച് ഇത്തരം മോശം അനുഭവം ഉണ്ടായിട്ടുള്ളതായി തന്റെ പല സുഹൃത്തുക്കളും വെളിപ്പെടുത്തിയിരുന്നതായും രേവതി അഴിമുഖത്തോട് പറഞ്ഞു.

എത്ര വർഷം കഴിഞ്ഞ് പറഞ്ഞാലും സത്യം സത്യം തന്നെയാണെന്നും. എന്തുകൊണ്ടാണ് ഇത്രയും നാൾ ഇക്കാര്യം തുറന്ന് പറയാതിരുന്നത് എന്നുള്ള ചോദ്യമാണ് ഞാൻ കേട്ട ഏറ്റവും വെറുപ്പുളവാക്കുന്ന ചോദ്യമെന്നും രേവതി അഴിമുഖം പ്രതിനിധിയോട് പ്രതികരിച്ചു. സിനിമയിൽ ഒരു നല്ല കഥാപാത്രം ചെയ്തത് കൊണ്ട് ആ നടൻ അങ്ങനെ ഒന്നും ചെയ്യില്ലെന്ന് എങ്ങനെയാണ് പറയാനാവുക എന്നും രേവതി ചോദിക്കുന്നു. ഇത്തരം പ്രതികരണങ്ങളോട് പുച്ഛം മാത്രമാണെന്നും രേവതി സമ്പത്ത് പറഞ്ഞു.

2016 ൽ ഇത്തരമൊരു അനുഭവം ഉണ്ടാകുമ്പോൾ ഉടനെ അത് പുറത്ത് പറയുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. ഈ വെളിപ്പെടുത്തലിന് ശേഷം ഞാൻ കേട്ട ഏറ്റവും വെറുപ്പുളവാക്കുന്ന ചോദ്യവും എന്തുകൊണ്ടാണ് ഇത്രയും നാൾ ഇക്കാര്യം തുറന്ന് പറയാതിരുന്നത് എന്നുള്ളതാണ്. എത്ര വലിയ കരുത്തുള്ള ആളാണെങ്കിലും, എത്ര വലിയ ഫാമിലി സപ്പോർട്ട് ഉണ്ടെന്ന് പറഞ്ഞാലും സ്വയം ഇക്കാര്യം ഒന്ന് ഉൾകൊള്ളാൻ പോലും ഏറെ സമയമെടുക്കും. ഒരു തരത്തിലുള്ള തയ്യാറെടുക്കലിന് ശേഷവുമല്ല താൻ ഈ വെളിപ്പെടുത്തൽ നടത്തിയത്. വ്യക്തമായി എന്താണ് നടന്നതെന്ന് എനിക്കറിയാം അത്തരമൊരു മോശമായ അനുഭവം നേരിട്ടതുകൊണ്ട് തന്നെയാണ് പോസ്റ്റിട്ടതും.

ഡബ്ല്യൂസിസി പോലുള്ള ഇത്തരം മുന്നേറ്റങ്ങൾ നടത്തുന്ന ഒരു സംഘടനക്കെതിരെ കൈപൊക്കാൻ അയാൾക്ക് അധികാരമില്ലന്ന് മാനസികമായി തോന്നിയത് കൊണ്ടാണ് അത്തരമൊരു പോസ്റ്റിട്ടത്‌. നിങ്ങൾ എന്തുകൊണ്ട് അത് നേരത്തെ പറഞ്ഞില്ല എന്നുള്ളത് ഒരുപരിധി വരെ പ്രൈവസിയുടെ കാര്യമാണ്. ആ പ്രൈവസിയുടെ അതിർവരമ്പ് കടക്കുക എന്നുള്ളതാണല്ലോ അത്തരം കമന്റുകൾ ഇടുന്നവരുടെ ഉദ്ദേശം, അവരത് തെളിയിക്കുകയും ചെയ്തു കഴിഞ്ഞു.

ഡബ്ല്യൂസിസിക്ക് എതിരെയുള്ള സിദ്ദിഖിന്റെ പ്രസ് മീറ്റ് എല്ലാവരും കണ്ടതാണ്. അത് വീണ്ടും കണ്ടപ്പോളാണ് അത്തരമൊരു പരാമർശം നടത്താൻ അയാൾ യോഗ്യനല്ലന്നെനിക്ക് തോന്നിയത്. അത് മാത്രമല്ല സമൂഹത്തിൽ മറ്റു സ്ത്രീകളെ ബഹുമാനിക്കാത്ത ഒരു വ്യക്തിയുടെ കയ്യിൽ സ്വന്തം മക്കൾ പോലും എത്രത്തോളം സുരക്ഷിതരാണെന്നുള്ള ചോദ്യവും അത് കൊണ്ട് തന്നെയാണ് ഞാൻ ഉന്നയിച്ചത്.

രണ്ട് മൂന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ സിദ്ദിഖിനെ കുറിച്ച് ഇത്തരം മോശം അനുഭവം ഉണ്ടായിട്ടുള്ളതായി തന്റെ പല സുഹൃത്തുക്കളും വെളിപ്പെടുത്തിയിരുന്നു. എന്താണോ എന്നോട് പറഞ്ഞത് അതേ വാക്കുകൾ തന്നെയാണ് അവരോടും പറഞ്ഞിട്ടുള്ളത്. കൂടതെ ഈ വെളിപ്പെടുത്തലിന് ശേഷം ഇത്തരത്തിൽ സിദ്ദിഖിനെ കുറിച്ച് മറ്റു പലരും തനിക്ക് ഫേസ്ബുക്കിൽ മെസ്സേജുകൾ അയച്ചിട്ടുണ്ടെന്നും രേവതി പറയുന്നു. തനിക്ക് എന്ത് സംഭവിച്ചു എന്നുള്ളതിന് ഒരു തെളിവിന്റെയും ആവശ്യമില്ല. നമ്മൾ തന്നെയാണ് ഏറ്റവും വലിയ തെളിവ്.

ആരുടേയും പിന്തുണ അവശ്യപെടുന്നില്ല എന്നാൽ ഇത്തരം അനാവശ്യ വാക്കുകൾ പറയാതിരിക്കുകയാണ് വേണ്ടത്. നമ്മൾ എന്തെങ്കിലും അഭിപ്രായങ്ങളോ അനുഭവങ്ങളോ തുറന്ന് പറഞ്ഞാൽ പിന്നീട്‌ നമ്മളെ അഹങ്കാരിയെന്ന് വിളിക്കുകയും നമ്മളെ കുറിച്ച് മോശം പ്രയോഗങ്ങൾ ഉപയോഗിക്കയും ചെയ്യും. ഇനി എന്തൊക്ക സംഭവിച്ചാലും കണ്ണടച്ചിരിക്കാൻ കഴിയാത്ത അവസ്ഥയിലായപ്പോൾ.

2016 ൽ അദ്ദേഹത്തിന്റെ മകൻ നായകനാകുന്ന തമിഴ് സിനിമയിൽ അഭിനയിക്കാനാണ് തന്നെ ക്ഷണിച്ചത്. സിനിമയുടെ പേരും വെളിപ്പെടുത്തിയിരുന്നില്ല. സിദ്ദിഖ് അഭിനയിച്ച ‘സുഖമായിരിക്കട്ടേ’ എന്ന സിനിമയുടെ പ്രിവ്യു തിരുവനന്തപുരം നിള തീയേറ്ററിൽ വെച്ച് നടക്കുന്നുണ്ടെന്നും അങ്ങോട് വരാനും തന്നോട് ആവശ്യപെട്ടിരുന്നു. അവിടെ എത്തി സിനിമ കണ്ട ശേഷം മസ്‌ക്കറ്റ് ഹോട്ടലിൽ സിനിമയുടെ ചർച്ചകൾക്കായി എത്തി. അവിടെ വെച്ചാണ് മോശം അനുഭവം ഉണ്ടായത്. സിനിമയ്ക്കായി അഡ്ജസ്റ്റുമെന്റുകൾ വേണം എന്നാണ് അയാൾ പറഞ്ഞത്. അത്തരമൊരു സിനിമ ഉണ്ടോ എന്നുപോലും എനിക്കറിയില്ല ഇനി അതിനു വേണ്ടി മാത്രമാണോ പുള്ളി അങ്ങനെ പറഞ്ഞതെന്നും എനിക്കറിയില്ല.

ഇൻഡസ്ട്രിയില്‍ വരുന്നതിന് മുൻപ് ഇത്തരമൊരു കാര്യം പ്രതീക്ഷിച്ചിരുന്നതുമല്ല. പിന്നെ അഡ്ജസ്റ്റ്മെന്റ് എന്നൊരു ഇംഗ്ലീഷ് വാക്കിന് ഇവർ ഇങ്ങനത്തൊരു അർത്ഥവും വെച്ചിട്ടുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ പ്രതികരിച്ചപ്പോൾ ”നീ ഇത് പുറത്ത് പോയി പറഞ്ഞാലും എനിക്കൊരു ചുക്കുമില്ല എന്നെ ആളുകൾക്ക് അറിയാം. നീ ഇത് പുറത്ത് പറഞ്ഞാൽ നിന്റെ ഭാവി തന്നെയാണ് നശിക്കാൻ പോകുന്നത്. നീ എന്താണെന്ന് വെച്ചാൽ ചെയ്തോ. നീ അല്ലെങ്കിൽ വേറൊരാൾ”. ഇങ്ങനെ ആയിരുന്നു അയാളുടെ പ്രതികരണം.

ഇത്രയും അഹങ്കാരത്തോടെ ഇങ്ങനെ പറയണമെന്നുണ്ടെങ്കിൽ എത്രമാത്രം ശക്തി അയാളുടെ പിന്നിൽ ഉണ്ടെന്ന് കൂടി നമ്മൾ ഓർക്കണം. പിന്നീട്‌ വാട്ട്സ് ആപ്പിലൂടെ മെസ്സേജ് അയച്ച് ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് വാട്ട്സ് ആപ്പിൽ അദ്ദേഹത്തെ ബ്ലോക്ക് ചെയ്യുകയാണുണ്ടായത്. പിന്നീട്‌ സിനിമയിൽ എത്തിയപ്പോൾ ഒരു ഷൂട്ടിംഗ് വേളയിലും ഇദ്ദേഹത്തെ കാണേണ്ടി വന്നിരുന്നില്ല.

ആ ഒരു പ്രായത്തിൽ ആദ്യമായുണ്ടാകുന്ന ഒരനുഭവമാണ്. അത് മാനസികമായി നമ്മളെ വലിയ രീതിയിൽ ബാധിക്കും. വീട്ടിൽ വന്ന് കരഞ്ഞതായും ഞാൻ ഓർക്കുന്നു. സിനിമയെന്ന കലയെ സ്നേഹിക്കുന്ന ഒരാളാണ് ഞാൻ. ഇത്തരത്തിലെ കലയെ താരതമ്യം ചെയ്‌ത്‌ അഡ്ജസ്റ്റ്മെന്റ് എന്നൊരു കാര്യം കൊണ്ടുവന്ന ഇവർ എന്തൊരു വിഡ്ഢികളാണ്, ഇവരിനി എത്ര വലിയ സിനിമയിൽ അഭിനയിച്ചാലും എന്താണ്  നേടുന്നത്.

ഇത്തരം തുറന്ന് പറച്ചിലുകൾ വലിയ മാറ്റങ്ങൾ തന്നെ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയ കുറെ പേർക്ക് ചീത്തവിളിക്കാനുള്ളൊരു സ്ഥലം എന്നതിനുപരി ഇത്തരം കാര്യങ്ങൾ സംവദിക്കാനുള്ള ഒരു പവർഫുള്‍ ടൂൾ കൂടിയാണ്. ഇങ്ങനൊരു മുഖം അയാൾക്കുണ്ടെന്ന്‌ പറയുന്നത് തന്നെയാണ് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ പരാതി എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒന്നും തെളിയിക്കാൻ വേണ്ടിയല്ല എനിക്ക് വേണ്ടിയാണ് ഞാൻ ആ പോസ്റ്റ് ഇട്ടത്- രേവതി സമ്പത്ത് വ്യക്തമാക്കി.

read more:ഒരു ഇന്റര്‍നാഷണല്‍ ബ്രാന്‍ഡിനെങ്ങനെയാണ് തിരുവനന്തപുരത്തെ കരിമഠം കോളനിയുടെ പേരു കിട്ടിയത്? അതൊരുകൂട്ടം സ്ത്രീകളുടെ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്

റോജിന്‍ കെ റോയ്

സബ് എഡിറ്റര്‍ (എന്റര്‍ടെയ്‌മെന്റ്)

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍