UPDATES

സിനിമ

ചാണക്യതന്ത്രം: നായകന്‍ വലിയ കളരി ആയിരിക്കും; പക്ഷേ, അത് പ്രേക്ഷകരുടെ നെഞ്ചത്താകരുത്

നായകന്റെ ബുദ്ധി സമർഥ്യവും കഴിവും തെളിയിക്കാൻ എത്രസമയം സിനിമയിൽ ഉപയോഗിക്കാം?

അപര്‍ണ്ണ

അപര്‍ണ്ണ

ഉണ്ണി മുകുന്ദന്റെ വേറിട്ട ഗെറ്റ്അപ്പിന്റെ പരസ്യവുമായാണ് ചാണക്യതന്ത്രം ആദ്യം ശ്രദ്ധിക്കപ്പെട്ടത്. കണ്ണൻ താമരക്കുളം ആദ്യമായി ജയറാമല്ലാതെ മറ്റൊരു നായകനെ പരീക്ഷിക്കുന്ന സിനിമ കൂടി ആണിത്. തന്റെ പതിവ് ഹാസ്യ രീതികൾ ഒഴിവാക്കി ക്രൈം ത്രില്ലർ ഗണത്തിൽ ഉള്ള ഒരു സിനിമയുമായാണ് സംവിധായകന്റെ വരവ്. സീരിയൽ ഹാങ് ഓവർ വിടാത്തതിന് ഒരുപാട് പരാതികൾ കേൾക്കുന്ന സംവിധായകൻ ആണ് കണ്ണൻ താമരക്കുളം. അദ്ദേഹത്തിൻറെ പതിവുരീതികളിൽ നിന്ന് വ്യത്യസ്തമായ അവതരണം എന്ന പ്രതീക്ഷയിലേക്കാണ് ചാണക്യതന്ത്രം റിലീസ് ആയത്. ഉണ്ണി മുകന്ദനൊപ്പം ശിവദയും ശ്രുതി രാമചന്ദ്രനും നായികമാരാകുന്നു. അനൂപ് മേനോൻ, ഹരീഷ് കണാരൻ, വിനയ പ്രസാദ്, സായി കുമാർ, രമേശ് പിഷാരടി എന്നിങ്ങനെ ഒരു താര നിരയുടെ പിൻബലവും സിനിമക്കുണ്ട്, ഉണ്ണി മുകുന്ദന്റെ പെൺ വേഷത്തിന്റെ പരസ്യത്തിന് കിട്ടിയ റീച്ചിന്റെ പ്രതീക്ഷയിൽ ആണ് അവധിക്കാല റിലീസ് ആയി ചാണക്യതന്ത്രം തീയറ്ററുകളിൽ എത്തുന്നത്.

അർജുൻ (ഉണ്ണി മുകുന്ദൻ) അതിബുദ്ധിമാനും അസാമാന്യ മെയ് വഴക്കമുള്ളവനും ആയ ചെറുപ്പക്കാരൻ ആണ്. ക്രിമിനോളജി ഒന്നാം റാങ്കിൽ ജയിച്ച ശേഷം അയാൾ ഒരു സ്വകാര്യ ഡിക്റ്ററ്റീവ് ഏജൻസിയിൽ ജോലി ചെയ്യാൻ കൊച്ചി നഗരത്തിൽ എത്തുന്നു. ഗായകനായ കൂട്ടുകാരനൊപ്പമാണ് (ഹരീഷ് കണാരൻ) താമസം. ആൻസി (ശിവദ) എന്ന യുവതിയാണ് അർജുൻ ജോലി ചെയ്യുന്ന ഹോക്സ് ഐ എന്ന ഡിക്ടറ്റീവ് ഏജൻസിയുടെ മേധാവി. ആദ്യ ഘട്ടത്തിൽ കുറെ കമ്പനികൾ തങ്ങളുടെ ഉദ്യോഗസ്ഥരെ മോണിറ്റർ ചെയ്യാൻ ഏല്പിച്ച ജോലി ആണ് അർജുന് കമ്പനി നൽകുന്നത്. ഈ അന്വേഷണത്തിനിടക്കാണ് അർജുൻ ആൻഡ്രിയയെ (ശ്രുതി) കണ്ടു മുട്ടുന്നതും അവർ പരസ്പരം പ്രണയത്തിലാകുന്നതും. യാദൃശ്ചികമായി ആൻഡ്രിയയെ കുറിച്ച് അന്വേഷിക്കാനുള്ള ചുമതല അർജുന് ലഭിക്കുന്നു. തന്റെ ജോലിയിൽ വളരെ അധികം ആത്മാർത്ഥത ഉള്ള അർജുൻ വിഷമത്തോടെ ഇത് ഏറ്റെടുക്കുന്നു. പ്രണയിച്ചു നടക്കുന്നതിന്റെ പേരിൽ അയാളെ കമ്പനി ശാസിക്കുകയും ചെയ്യുന്നു. ഇതോടെ അർജുൻ ആശയസംഘർഷത്തിൽ ആകുന്നു. ഇതിനിടയിൽ ആണ് താൻ മോണിറ്റർ ചെയ്ത ആൾക്കാർ ഒക്കെ ദുരൂഹമായ സാഹചര്യങ്ങളിൽ മരണപ്പെടുന്ന വിവരം അയാൾ അറിയുന്നത്. ഒരുപാട് ദുരൂഹതകളോടെ ഒരാൾ (അനൂപ് മേനോൻ) അർജുനെ പിന്തുടരുന്നു. ഇതിനെ തുടർന്നുണ്ടാവുന്ന വിചിത്രമായ സംഭവങ്ങളാണ് ചാണക്യതന്ത്രം.

നല്ല രീതിയിൽ മാർക്കറ്റ് ചെയ്യപ്പെട്ട സ്ത്രീവേഷം ഉൾപ്പടെ ഉള്ള ഉണ്ണി മുകുന്ദന്റെ വ്യത്യസ്ത മേക്ക് ഓവറുകൾ ആണ് കുട്ടികളെയൊക്കെ തീയറ്ററുകളിലേക്ക് ആകർഷിക്കുന്നത് എന്ന് തോന്നുന്നു. തന്റെ തന്നെ പഴയ വേഷമായ മല്ലു സിങ്ങും കരിഷ്മ എന്ന സ്ത്രീയും ഉൾപ്പടെ നിരവധി പരകായ പ്രവേശങ്ങൾ ഉണ്ണി മുകുന്ദൻ ഈ സിനിമയിൽ നടത്തുന്നുണ്ട്. കമൽ ഹാസന്റെ ദശാവതാരവും അജിത്തിന്റെ സിറ്റിസനും പോലെ ഉള്ള ഒരു സിനിമ ആകുമോ ഇത് എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ച വരെ നടന്നിരുന്നു. എന്തായാലും എല്ലാ വേഷ പകർച്ചകളും 10 മിനിറ്റുകൾക്കുള്ളിൽ അവസാനിപ്പിക്കുന്നുണ്ട്. വെറുതെ പരസ്യം ചെയ്ത കൗതുകം ഉണ്ടാക്കുക എന്നതിൽ ഉപരി സിനിമയുടെ മുന്നോട്ടുള്ള പോക്കിനെ ഈ വേഷങ്ങളൊന്നും ഒരു രീതിയിലും സഹായിക്കുന്നില്ല. സിനിമയുടെ പ്ലോട്ടുമായും ഈ വേഷപ്പകർച്ചകൾക്ക് ഒരു ബന്ധവും ഇല്ല. മല്ലു സിംഗിനെ വച്ച് ഉണ്ണി മുകുന്ദൻ ആരാധകർ ഉണ്ടെങ്കിൽ കയ്യടിക്കാനും സ്ത്രീ വേഷത്തിൽ പതിവ് സിനിമാ വശീകരണങ്ങൾ ആവർത്തിക്കാനും ഉള്ള പാളിപ്പോയ ശ്രമം ആണ് വേഷപ്പകർച്ചകൾ. പരസ്യങ്ങളിൽ എന്തൊക്കെയോ പ്രചരിപ്പിച്ചു അതല്ലാത്ത എന്തൊക്കെയോ കാണികൾക്ക് നൽകുന്ന രീതിയാണ് സിനിമയിൽ ഉള്ളത്. ഉണ്ണി മുകുന്ദൻ വലിയ വേഷങ്ങളിൽ എത്തുന്ന സിനിമകളിലെ സ്ഥിരം കലാപരിപാടി ആയ ‘മ്യൂസിക്ക് വിത്ത് ബോഡി മസിൽസ്’ ചാണക്യ തന്ത്രത്തിലും ആവർത്തിക്കുന്നുണ്ട്. പോപ്പുലർ സിനിമകളിലെ ഒരു പ്രധാന എലമെന്റ് ആയ ഹാസ്യത്തെ ഏറ്റവുമധികം ദയനീയം ആയാണ് ഈ സിനിമയിൽ ഉപയോഗിക്കുന്നത്. രമേശ് പിഷാരടിയെ ഒക്കെ ഒറ്റ രംഗത്തിനു വേണ്ടി എന്തിനോ കൊണ്ട് വന്ന പോലെ തോന്നി. പതിവ് നായകന്റെ കൂട്ടുകാരൻ മണ്ടൻ റോളിൽ ഹരീഷ് കണാരനും ഒന്നും ചെയ്യാനില്ല.

മസില്‍ മാനില്‍ നിന്നും പെണ്‍വേഷത്തിലേക്ക്; മെയ്ക്കപ്പിനു ഒരു പരിധിയുമില്ല: ഉണ്ണിമുകുന്ദന്‍/അഭിമുഖം

കണ്ണൻ താമരക്കുളത്തിന്റെ മുൻ സിനിമ അച്ചായൻസിന്റെ രണ്ടാം പകുതിയും ഒരു ത്രില്ലറിന് വേണ്ടി ഉള്ള ശ്രമം ആയിരുന്നു. ഇതാദ്യമായാണ് മുഴുനീള ത്രില്ലർ അദ്ദേഹം പുറത്തിറക്കുന്നത്. കഥയ്ക്ക് കൃത്യമായ വഴിത്തിരിവ് ഒക്കെ ഉണ്ടങ്കിലും അർജുനെ പോലെ അതിബുദ്ധിമാൻ എന്ന് സിനിമ അവകാശപ്പെടുന്ന സിനിമയിൽ കാണിക്കുന്ന ഹോക്സ് ഐ പോലൊരു അന്വേഷണ കേന്ദ്രത്തിൽ എങ്ങനെ എത്തി എന്ന പ്രാഥമിക യുക്തി സിനിമയിൽ ഇല്ല. ഒരു ത്രില്ലർ സിനിമയുടെ ആത്മാവ് സംഭവങ്ങളുടെ യുക്തിപരമായ വഴിത്തിരിവുകളാണ്. സിനിമയിൽ ഇടക്കിടക്ക് അത് കൈമോശം വരുന്നു. ആദ്യ പകുതിയിലെ അനാവശ്യമായ ഇഴഞ്ഞു നിങ്ങൾ സിനിമയെ പ്രേക്ഷകരിൽ നിന്ന് ദൂരത്തെത്തിക്കുന്നു. ശിവദയും ഉണ്ണി മുകുന്ദനും ചേർന്നുള്ള ചില സീക്വൻസുകൾ അരോചകമാണ്. പൂങ്കാറ്റേ എന്ന പഴയ പാട്ടിന്റെ വരികളും ചില ഡയലോഗുകളും അനാവശ്യമാണ്.

2014ൽ ഇറങ്ങിയ വിമർശക ശ്രദ്ധ നേടിയ തമിഴ് പടമാണ് തെഗിടി. പി രമേശ് സംവിധാനം ചെയ്തു അശോക് സെൽവരാജനും ജനനി അയ്യരും പ്രധാന വേഷത്തിൽ അഭിനയിച്ച ഈ സിനിമ തമിഴിലെ ‘നിയോ നോയിർ ‘തരംഗത്തിൽ വന്ന ഒന്നായിരുന്നു, ചാണക്യ തന്ത്രത്തിലെ കഥാപരിസരത്തിലും കഥാപാത്ര നിർമിതിയിലും ഒക്കെ തെഗിടിയുടെ പ്രത്യക്ഷ സ്വാധീനം ഉണ്ട്. ഇത് അറിഞ്ഞാണോ അറിയാതെ ആണോ സംഭവിച്ചത് എന്നറിയില്ല. പ്രധാന ട്വിസ്റ്റിനു കാരണമായ സംഭവത്തിൽ മാറ്റങ്ങൾ ഉണ്ട്. പക്ഷെ അര്ജുന്റെയും ഇക്‌ബാലിന്റേയും ഒക്കെ കഥാപാത്ര നിർമിതി തെഗിഡിയിലെത്തിനോട് നല്ല സാമ്യത പുലർത്തുന്നുണ്ട്. ഡിറ്റെക്റ്റിവ് ഏജൻസിയുടെ സിനിമയിലെ റോളും തെഗിടിയിലേതിന് സമാനമാണ്. തെഗിടി കണ്ടവർക്ക് സിനിമയുടെ കഥാ ജാതിയുടെ തുടർച്ച വ്യക്തമായി ഊഹിക്കാനാവും. തെഗിടിയിലേതിനേക്കാൾ വളരെ ഗൗരവമുള്ള കുറ്റ കൃത്യത്തെ ഇപ്പോൾ ചർച്ച ആയ വിഷയത്തെ അതെ ഫ്രെയിമിൽ ചാണക്യ തന്ത്രത്തിൽ അവതരിപ്പിക്കുന്നു.

നായകന്റെ ബുദ്ധി സമർഥ്യവും കഴിവും തെളിയിക്കാൻ എത്രസമയം സിനിമയിൽ ഉപയോഗിക്കാം? ഉത്തരം ഓരോ സിനിമയുടെയും ഘടനയെ ആശ്രയിച്ചിരിക്കും. ചാണക്യ തന്ത്രത്തിൽ ഉണ്ണി മുകുന്ദന്റെയും അനൂപ് മേനോന്റെയും ബുദ്ധി തെളിയിക്കുന്ന രംഗങ്ങൾ കഴിഞ്ഞേ മറ്റ് കഥാ സന്ദർഭങ്ങൾക്ക് സ്ഥാനമുള്ളൂ. നായകൻ വലിയ കളരി ആണെന്നും മറ്റുള്ളവരെ ആയോധന കലകളിൽ തോൽപ്പിക്കുന്നത് നിരീക്ഷണ പാടവം കൂടി ഉപയോഗിച്ചാണെന്നും സിനിമ മുൻ‌കൂർ ജാമ്യം എടുക്കുന്നുണ്ട്. പക്ഷെ അൻപതോളം ഗാഡാഗഡിയന്മാരെ ഒറ്റൊരാൾ യാതൊരു ആയുധവും ഇല്ലാതെ നിരീക്ഷണവും അംഗബലവും കൊണ്ട് തോൽപ്പിക്കുന്ന രംഗങ്ങൾ അതിശയോക്തിയെ പോലും അതിശയപ്പെടുത്തുന്ന തരത്തിൽ ഉള്ളവയായിരുന്നു. കൊട്ടേഷൻ ടീം അംഗങ്ങളെ ഒക്കെയാണ് ഒരാൾ ഒറ്റക്ക് കൈ കൊണ്ടും ബുദ്ധി കൊണ്ടും തോൽപ്പിക്കുന്നത്. ഈ കൊട്ടേഷൻ ടീം അംഗങ്ങൾക്കും ബിൽഡ് അപ്പ് വളരെ കൂടുതൽ ആണ്. സൗത്ത് ഇന്ത്യ മൊത്തം കൈ വെള്ളയിൽ ആക്കിയ ഏതോ തേവരുടെ സംഘമാണ് എതിരാളികൾ. സീരിയൽ സ്വാധീനം ഒക്കെ വളരെയധിക൦ ഉണ്ടായിട്ടും നായികയുടെ ചാരിത്ര്യം ഒന്നും വിഷയമല്ലാതിരുന്നത് ഇത്തരം ഒരു മേക്കിങ് ഉള്ള സിനിമയെ സംബന്ധിച്ച് പുതുമയുള്ള കാര്യമാണ്. ആദ്യ പകുതിയിലെ എഡിറ്റിങ് ഒക്കെ ദയനീയമാണ്. പാട്ടുകളോ പശ്ചാത്തല സംഗീതമോ ഒരു ചലനവും ഉണ്ടാക്കുന്നില്ല.

ആക്ഷൻ കിംഗ് ഉണ്ണി മുകുന്ദൻ എന്നാണ് സിനിമ തുടങ്ങും മുന്നേ നായകനെ വർണിക്കുന്നത്. യുക്തികൾ ഇല്ലാതെ ഉണ്ണി മുകുന്ദൻ ഹീറോയിസം കാട്ടുന്നതിന്റെ ആരാധകർക്കും എല്ലാ തരം പോപ്പുലർ സിനിമകൾക്കും സഹിഷ്ണുത ഉള്ളവർക്കും ചാണക്യ തന്ത്രം പരീക്ഷിക്കാവുന്നതാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍