UPDATES

സിനിമ

മണിച്ചേട്ടൻ മൂകസാക്ഷി (എങ്ങനെയുണ്ടെന്റെ ഫുദ്ദി..!!!); “ചാലക്കുടിക്കാരനെ” സംവിധായകന്‍ സ്വന്തം ബയോപിക്കാക്കിയോ?

രണ്ടാം പാതിയിലെത്തുമ്പോൾ അതിൽ നല്ലൊരുഭാഗം മണിയെ സൈഡിലേക്കൊതുക്കി നിർത്തിയോ മറയാക്കി നിർത്തിയോ സ്വന്തം ബയോപിക്ക് തയാറാക്കുക എന്ന കടുംകൈ കൂടി ചെയ്തിരിക്കുന്നു വിനയൻ.

ശൈലന്‍

ശൈലന്‍

ആരാധകരും താരവും തമ്മിലുള്ള അകലത്തെ ഒട്ടുമില്ലാതാക്കി മണ്ണിലിറങ്ങി മനുഷ്യനായി ജീവിച്ച നടനായിരുന്നു കലാഭവൻ മണി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് മലയാളികൾ കൊടുത്ത സ്നേഹവും സമാനതകളില്ലായിരുന്നു. പ്രായഭേദമില്ലാതെ എല്ലാവരും അദ്ദേഹത്തെ മണിച്ചേട്ടനെന്ന അടുപ്പത്തോടെ നെഞ്ചുലേറ്റി. പെട്ടെന്നൊരുദിവസം മണിച്ചേട്ടൻ ഇല്ലാതായി എന്നറിഞ്ഞപ്പോൾ മലയാളികൾ അനുഭവിച്ച വേദനയും കേവലമൊരു സിനിമാതാരത്തിന്റെ വിയോഗത്തിനപ്പുറമായിരുന്നു. കലാഭവൻ മണിയുടെ ജീവിതമാണ് ഇന്നിറങ്ങിയിരിക്കുന്ന “ചാലക്കുടിക്കാരൻ ചങ്ങാതി” എന്ന വിനയൻ സിനിമയുടെ ഉള്ളടക്കം.

വിനയൻ ഒരു മോശം സംവിധായകനൊന്നുമല്ല. തന്റെ കരിയറിന്റെ ആദ്യഘട്ടത്തിൽ എണ്ണം പറഞ്ഞ ജനപ്രിയസിനിമകൾ ഒരുപാടെണ്ണം തിയേറ്ററുകളിലെത്തിച്ചിട്ടുണ്ട് അയാൾ. എന്നാൽ മലയാള സിനിമയിലെ വിവിധ സംഘടനകളുമായി കൊമ്പുകോർക്കുകയും അവരാലൊക്കെ വിലക്കപ്പെടുകയും ചെയ്യപ്പെട്ട രണ്ടാം പാദത്തിൽ ആരോടൊക്കെയോ ഉള്ള വാശി തീർക്കാനായി വിനയൻ പടച്ചുവിട്ട സൃഷ്ടികൾ എല്ലാം പരമാബദ്ധങ്ങളായിരുന്നു. വിലക്കൊക്കെ തീർന്ന് സ്വീകാര്യനായ ശേഷം വിനയൻ ചെയ്യുന്ന ആദ്യപടമാണ് ചാലക്കുടിക്കാരൻ ചങ്ങാതി എന്നതിനാൽ ഇപ്പോൾ അദ്ദേഹത്തിന്റെ റെയ്ഞ്ച് എവിടെയാണെന്ന ഒരു മുൻ വിധിയുമില്ലാതെ ആണ് തിയേറ്ററിൽ കേറിയത് . കലാഭവൻ മണിക്ക് പല എക്സ്റ്റന്റിൽ പ്രശംസ നേടിക്കൊടുത്ത കുറെ റോളുകൾ സമ്മാനിച്ച ആളാണല്ലോ വിനയൻ എന്നൊരു ആശ്വാസം മാത്രമേ ശുഭപ്രതീക്ഷയായുണ്ടായിരുന്നുള്ളൂ.

കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു സാമ്യവുമില്ല എന്ന പതിവു പല്ലവിയിൽ തുടങ്ങുന്ന സിനിമ ബയോപിക്കായിട്ടല്ല മറിച്ച് ഫിക്ഷനായിട്ടാണ് കലാഭവൻ മണിയുടെ ജീവിതത്തെ എടുത്തുപയോഗിക്കുന്നത്. മിമിക്രി കളിച്ചും തെങ്ങിൽ കയറിയും ഓട്ടോ ഓടിച്ചും കൂട്ടുകൂടിയും നടക്കുന്ന രാജാമണി എന്ന ചാലക്കുടിക്കാരൻ യുവാവിന് സിനിമയിൽ ചാൻസു കിട്ടുന്നതും അവിടെ പച്ച പിടിക്കുന്നതും അതിനിടയിൽ വരുന്ന നനവുള്ള ബാല്യകാലദരിദ്ര സ്മരണകളുമൊക്കെയായി ആദ്യപാതി മുന്നേറുന്നു. തിരക്കഥ ഒട്ടും ശുഭകരമല്ലെങ്കിലും മലയാളികൾക്ക് സുപരിചിതമായ മണിയുടെ റിയൽ ലൈഫ് പ്രേക്ഷകന്റെ ഉള്ളിൽ ലൈവായി നിൽക്കുന്നു എന്നതാണ് സിനിമയ്ക്ക് ഗുണകരമാവുന്നത്. പലയിടത്തും കണ്ണും മനസും നിറഞ്ഞു പോകും. ഏറെ വാർത്താപ്രാധാന്യം നേടിയ ആ ‘കപ്പിനും ലിപ്പിനുമിടയിലുള്ള ദേശീയ അവാർഡ് നഷ്ടവും ബോധം കെടലുമൊക്കെ അതിനിടയിൽ കടന്നുവരും.

തന്റെ പുഷ്കലകാലത്തെ മികച്ച കൊമേഴ്സ്യൽ സിനിമകളുടെ ലെവലിലൊത്തുയരുന്ന മികച്ച ഫ്രെയിം വർക്ക് ഈ ഘട്ടത്തിൽ വിനയൻ പുറത്തെടുക്കുന്നുണ്ട്. എന്നാൽ തന്റെ കൂറപ്പടങ്ങളിലെ ചളിയിലും താണ നിലവാരത്തിലുള്ള അളിഞ്ഞ കോമഡിയെ ഉപേക്ഷിക്കാനൊട്ട് തയ്യാറാവുന്നുമില്ല. സിനിമാ ഷൂട്ടിംഗ് ലൊക്കേഷൻ എന്നു പറഞ്ഞ് കാണിക്കുന്ന കോട്ടയം നസീറിനെയും സംക്രാന്തി നസീറിനെയും കൊച്ചുപ്രേമനെയുമൊക്കെ കണ്ടാൽ ഈ വിനയനെന്ന മനുഷ്യൻ സിനിമയെക്കുറിച്ചൊന്നും വല്യ ഐഡിയയില്ലാത്ത കോമഡിസ്റ്റാറിന്റെ സ്കിറ്റ് ഡയറക്റ്ററോ എന്ന് തോന്നിപ്പോവും.

രണ്ടാം പാതിയിലെത്തുമ്പോൾ അതിൽ നല്ലൊരുഭാഗം മണിയെ സൈഡിലേക്കൊതുക്കി നിർത്തിയോ മറയാക്കി നിർത്തിയോ സ്വന്തം ബയോപിക്ക് തയാറാക്കുക എന്ന കടുംകൈ കൂടി ചെയ്തിരിക്കുന്നു വിനയൻ. പ്രശ്നങ്ങളൊക്കെ തീർന്ന് ഇപ്പോൾ കെട്ടിപ്പിടിച്ച് ജോയന്റായിട്ടും അക്കാലത്ത് വിനയന് ഫെഫ്കയുമായും അമ്മയുമായും ബി ഉണ്ണികൃഷ്ണനുമായും ഇന്നസെന്റുമായു ഒക്കെയുള്ള പ്രശ്നങ്ങളും അതിൽ തന്റെ ഭാഗത്തെ ന്യായങ്ങളും മറ്റവരുടെ കുൽസിത പ്രവർത്തനങ്ങളെ തുറന്നുകാട്ടാനുമൊക്കെയാണ് ഈ ഭാഗത്തെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. മണിച്ചേട്ടൻ മൂകസാക്ഷി (എങ്ങനെയുണ്ടെന്റെ ഫുദ്ദി..!!!) പിന്നീട് ഏതിലെയൊക്കെയൊ എത്തിപ്പെട്ട സ്ക്രിപ്റ്റിനെ ദുരൂഹതയുണർത്തിയ ആ മരണത്തിലേക്ക് എങ്ങനെയൊക്കെയോ എത്തിച്ച് സിനിമ തീർക്കുകയും ചെയ്യുന്നു.

സെന്തിൽ എന്നും രാജാമണി എന്നുമൊക്കെ പേരുകണ്ട ആ ചെറുപ്പക്കാരൻ ഈ പടത്തിൽ കലാഭവൻ മണിയാവുന്നു എന്നുപറഞ്ഞ് ടിവി ഷോകളിലൊക്കെ വന്നുകണ്ടപ്പോൾ നല്ല അരോചകത്വം തോന്നിയിരുന്നു. എന്നാൽ ബിഗ് സ്ക്രീനിൽ ചാലക്കുടിക്കാരൻ രാജാമണിയായി അയാളെ കാണുമ്പോൾ അത്ര ബോറായിത്തോന്നിയുമില്ല. രൂപസാമ്യത്തിനെ വച്ച് കലാഭവൻ മണിയെ മിമിക്ക് ചെയ്യാനല്ല വിനയനും നടനും ശ്രമിച്ചിരിക്കുന്നത്. മാത്രവുമല്ല അയാൾ ഒരുമോശം നടനല്ല താനും.

സൂപ്പർസ്റ്റാർ രാജ്കുമാർ ആയി വരുന്ന ജോജു, മണിയുടെ അച്ഛൻ മണിയപ്പനായ സലിം കുമാർ എന്നിവരാണ് സ്ക്രീനിൽ തകർത്തുവാരിയ രണ്ടുപേർ. ധർമജൻ, എസ് പി ശ്രീകുമാർ, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് മണിയുടെ സന്തതസഹചാരികൾ. വിനയന്റെ മകനെ നായകനാക്കി സിനിമ ചെയ്തതിന്റെ പ്രത്യുപകാരം വിഷ്ണു ഗോവിന്ദന് ലഭിച്ച റോളിൽ ഉണ്ട്. വിനയനെ പ്രതിനിധാനം ചെയ്യുന്ന ഹരി എന്ന സംവിധായകന്റെ റോളിൽ സുധീർ കരമനയാണ്. ലീഫ് വാസുവിന്റെ പ്രേതം ഒഴിഞ്ഞുപോയ ഒരു റോളിൽ മൂപ്പരെ കാണാൻ കിട്ടിയെന്നത് വല്യഭാഗ്യം. ആദ്യകാലങ്ങളിൽ മണിയുടെ നിറവും ജാതിയും പറഞ്ഞ് ഒപ്പമഭിനയിക്കാാൻ വിസമതിച്ച കവിത എന്ന നായികയായി ഹണിറോസ് ഉണ്ട്. കണ്ണൂർ സ്ലാംഗ് ആത്മാർത്ഥമായി സംസാരിക്കുന്ന പുതുമുഖനായികയാണ് കുറച്ചു കൂടി ശ്രദ്ധ നേടുന്നു.

സാങ്കേതികമായ മേഖലകളൊന്നും എടുത്ത് പറയാനില്ലാത്ത സിനിമയിൽ കാലങ്ങളായി ഏറ്റുചൊല്ലുന്ന മണിച്ചേട്ടന്റെ നാടൻ പാട്ടുകളെ സമർത്ഥമായി ഉപയോഗിച്ചിട്ടുണ്ട്. രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ സ്ക്രിപ്റ്റ് വളരെ വീക്ക് ആണ്. മണിച്ചേട്ടനോട് മലയാളിക്കുള്ള വല്ലാത്ത സ്നേഹം തന്നെയാണ് ഈ സിനിമയുടെ മൂലധനം. ഒരു നല്ല സിനിമയല്ലാഞ്ഞിട്ടും അത്രയേറെ ദൈർഘ്യമുണ്ടായിട്ടും കുറെയേറെ സാധാരണക്കാർ കണ്ണുനിറഞ്ഞും തുടച്ചും മുഖത്ത് വിങ്ങുന്ന സങ്കടത്തോടെയും സീറ്റിൽ നിന്ന് എണീക്കാനാവാതെ ഇരിക്കുന്നത് കണ്ടു. ഞാനും തിയേറ്ററിൽ നിന്നിറങ്ങും മുൻപ് പോയി മുഖം കഴുകി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍