UPDATES

സിനിമ

ഇതൊരു സിനിമയല്ല, എന്നാല്‍ ഇന്ത്യന്‍ മിഡില്‍ക്ലാസിന് സച്ചിന്‍ ആരാണെന്ന് ഇതില്‍ കൂടുതല്‍ പറയാനും പറ്റില്ല

ക്രിക്കറ്റിന്റെ വാണിജ്യ, ആഗോളവത്കരണ താത്പര്യങ്ങളോട് പ്രതിഷേധമുള്ളവർക്ക് ആസ്വാദ്യമായ ഒന്നും സിനിമയിൽ ഇല്ല

അപര്‍ണ്ണ

അപര്‍ണ്ണ

1990-കളിലെ മധ്യവർത്തി കുട്ടിക്കാലത്തും കൗമാരത്തിലുമെല്ലാം കൂടെ വളർന്ന ഗൃഹാതുരതയോ വികാരമോ ആയിരുന്നു സച്ചിൻ. ക്രിക്കറ്റ് എന്ന കായിക വിനോദത്തിന്റെയും സച്ചിൻ എന്ന വ്യക്തിയുടെയും രാഷ്ട്രീയ ശരിയവലോകനത്തിനുമപ്പുറം ഇന്ത്യൻ പൊതുബോധത്തിൽ വേരോടിയ ആൾ ആണ് സച്ചിൻ രമേഷ് ടെണ്ടുൽക്കർ. ഏകദിന ക്രിക്കറ്റും ടെലിവിഷനും ഇന്ത്യയിൽ വേരോടിയ 90-കളിൽ അതിനൊപ്പം തന്നെ വളർന്ന ആളാണ് സച്ചിൻ. ഇപ്പോഴും ഇന്ത്യൻ വൈകാരികതകളിലും വിപണിയിലും ഏറ്റവും കൂടുതൽ വിറ്റഴിയാനുള്ള സാധ്യതയും സച്ചിനുണ്ട്, ആ സാധ്യതയെ പരമാവധി ചൂഷണം ചെയ്താണ് സച്ചിൻ എ ബില്യൺ ഡ്രീംസ് എന്ന ഡോക്യു ഫിക്ഷനുമായി ജെയിംസ് എർസ്‌ക്കിനും കാർണിവൽ പ്രൊഡക്ഷനും എത്തുന്നത്. അസ്‌ഹറിന്റെയും ധോണിയുടെയും ബയോപിക് മാതൃകയിൽ ഒരു ഫീച്ചർ ഫിലിം രൂപത്തിൽ എത്താനിരുന്ന ഈ സിനിമ സച്ചിന്റെയും മറ്റു ചില അണിയറ പ്രവർത്തകരുടെയും നിർബന്ധ പ്രകാരം ഇപ്പോൾ കാണുന്ന മാതൃകയിൽ നിർമ്മിച്ചതാണെന്ന്  അറിയുന്നു.

ബയോപിക് എന്നൊക്കെ അവകാശവാദം ഉണ്ടെങ്കിലും പൂർണമായും ഒരു ഡോക്യുമെന്ററി ആണ് സച്ചിൻ എ ബില്യൺ ഡ്രീംസ്. ചെറുപ്പ കാലത്തെ ചില ഓർമകളിൽ ഒഴിച്ച് താരങ്ങളെ ഉപയോഗിച്ചിട്ടില്ല. യഥാർത്ഥ വീഡിയോ ഫൂട്ടേജുകളും സഹകളിക്കാരുടെയും ഭാര്യയുടെയും സഹോദരന്റെയും സുഹൃത്തുക്കളുടെയും  ബന്ധുക്കളുടെയും ഗുരുക്കന്മാരുടെയും ബെറ്റുകളുമായി സച്ചിൻ തന്റെ ഓർമകളിലൂടെ ഒരു യാത്ര നടത്തുന്നു. ഒരിടത്തു പോലും ഫിക്ഷൻ സ്വഭാവമില്ല. അപരിചിതമായ സംഭവങ്ങൾ ഇല്ല. പലയിടത്തും കണ്ടതിനെ ക്രമമായി അടുക്കി വച്ച് 1989 മുതൽ ഇന്നു വരെയുള്ള സച്ചിനെ വരച്ചു കാട്ടുന്നു. അവിടെ ഏറ്റക്കുറച്ചിലുകളോ അതിഭാവുകത്വങ്ങളോ സംഭവിക്കുന്നില്ല. നിങ്ങൾ സച്ചിൻ കാല ക്രിക്കറ്റ് ആരാധകൻ അല്ലെങ്കിൽ നിങ്ങളിൽ യാതൊരു ചലനവും ഉണ്ടാക്കാത്ത, നിങ്ങൾ കടുത്ത ആരാധനയുള്ള ആളെങ്കിൽ അപരിചിതമായി ഒന്നുമില്ലാത്ത ഒരു ഡോക്യുമെന്ററി ആണ് സച്ചിൻ എ ബില്യൺ ഡ്രീംസ് എന്ന് പറയാം.

ഒരു സിനിമയുടെ ഭാവുകത്വങ്ങൾ ഏതെങ്കിലും തലത്തിൽ പ്രതീക്ഷിച്ചാൽ നിങ്ങളെ സച്ചിൻ  നിരാശപ്പെടുത്തിയേക്കും. മെലോഡ്രാമാറ്റിക് ആയ, സിനിമാറ്റിക് ആയ ഒന്നും ഇതിലില്ല, അല്ലെങ്കിൽ സച്ചിന്റെ കരിയറിൽ നടക്കുന്ന അത്തരം കാര്യങ്ങൾ അറിയാത്തവർ ഈ സിനിമയ്ക്ക് കയറാൻ സാധ്യതയുമില്ല. കളിക്കളത്തിന്‌ പുറത്തുള്ള സ്വകാര്യ ജീവിതത്തിൽ സച്ചിൻ പാലിച്ചിരുന്ന നിശബ്ദത ഇവിടെയും പാലിക്കുന്നുണ്ട്. അബ്ദുൽ ഖാദറിനെ അടിച്ചു തകർത്തതും ഷാർജ കപ്പും എല്ലാം വളരെ നിറം മങ്ങിയ ദൃശ്യങ്ങളാണ്. വ്യക്തി ജീവിതത്തിലെ ദൃശ്യങ്ങൾ ഒട്ടും അതിഭാവുകത്വമോ അത്ഭുതമോ ഉണ്ടാക്കുന്നുമില്ല. എഴുതിയും വായിച്ചും കണ്ടും കഥകൾ ബാക്കിയില്ലാത്തത്രയും പരിചയം സച്ചിനുമായി ഇവിടുത്തെ മധ്യവർത്തി സമൂഹത്തിനുണ്ട് താനും.

എന്നാൽ ദൂരദർശനും രംഗോലിയും തൊട്ട് ടി-20  വരെയുള്ള കാലത്ത് വളർന്നവർക്ക് ഗൃഹാതുരമായ യാത്ര ആവാനുള്ള ഘടകങ്ങൾ എല്ലാം സച്ചിനിലുണ്ട്. സച്ചിനെന്ന വലിയ ബിംബത്തിന്റെ ഉരുവപ്പെടലിന്റെ മുഴുവൻ കാലങ്ങളും സിനിമ ക്രമമായി കാണിക്കുന്നു. അതിന്റെ വൈകാരികതകളെ കൃത്യമായി അടയാളപ്പെടുത്തി പ്ലേസ് ചെയുക എന്ന താരതമ്യേന എളുപ്പമായ ജോലി കൃത്യമായി ചെയ്തിട്ടുണ്ട്. വിവാദങ്ങളെ മൃദുവായി സ്പര്‍ശിച്ചിട്ടുണ്ട്. പക്ഷെ സച്ചിൻ കൃത്യമായ നിശബ്ദത കൊണ്ട് അതിൽ നിന്നും ഒഴിഞ്ഞു മാറുന്നു. വിനോദ് കാംബ്ലി, കോഴ വിവാദത്തിലെ കുപ്രസിദ്ധ നിശബ്ദത, പരസ്യ വിവാദങ്ങൾ, അസുഖ വിവാദങ്ങൾ ഇവയൊക്കെ തൊട്ടും തൊടാതെയും പോകുന്നു. ആ നിശ്ശബ്ദതകൾ കൂടിയാണ് സച്ചിനെ താരമാക്കിയതെന്നറിയുമ്പോഴും നമ്മളിൽ പലർക്കും അയാളെ ഇഷ്ടമായത് കൊണ്ട് തന്നെ സിനിമ നമ്മളോട് സംവദിക്കും.

ഷാർജ കപ്പും ഷെയിൻ വോണുമായുള്ള യുദ്ധവും അച്ഛന്റെ മരണ ശേഷം നേടിയ സെഞ്ചുറിയും 200 റൺസും ലോകകപ്പ് ജയവും വിടവാങ്ങൽ പ്രസംഗവുമെല്ലാം ഒന്നിച്ചു കാണുമ്പോൾ പഴയ 22  വാരയിലേക്കും കുട്ടിക്കാലത്തേക്കും കൗമാരത്തിലേക്കുമെല്ലാം ചിലരെയെങ്കിലും മടക്കി കൊണ്ട് പോയേക്കാം. ആ ദൃശ്യങ്ങളുടെ വളരെ വരണ്ട കൂടിച്ചേരൽ പോലും സ്പർശിച്ചേക്കാം. ആ വിശ്വാസo തന്നെയാണ് ഈ ഡോക്യുമെന്ററി തീയറ്ററിലിറക്കുന്നതിനു പിന്നിലെ ധൈര്യവും.  പലകുറി ആവർത്തിച്ചു കണ്ടിട്ടും നിറഞ്ഞ കയ്യടിയോടെ തന്നെയാണ് ആ ഓർമകളെ പ്രേക്ഷകർ സ്വീകരിക്കുന്നത്. സ്പോർട്സ് ചാനലുകളും യൂട്യൂബും ആവർത്തന വിരസത ഉണ്ടാക്കാത്ത എത്രയോ കാഴ്ചകൾ ഉണ്ട് സിനിമയിൽ.

ക്രിക്കറ്റിന്റെ വാണിജ്യ, ആഗോളവത്കരണ താത്പര്യങ്ങളോട് പ്രതിഷേധമുള്ളവർക്ക് ആസ്വാദ്യമായ ഒന്നും സിനിമയിൽ ഇല്ല. കാലഘട്ടത്തെയോ ചരിത്രത്തെയോ നീതി പൂര്‍വകമായി സമീപിച്ചിട്ടൊന്നുമില്ല. അത്തരം കാണികളെ ഉൾക്കൊള്ളുന്ന ഇടവും സിനിമയിൽ ഇല്ല. ഇന്ത്യ- പാക്കിസ്ഥൻ വിഭജനത്തെ ആദ്യഘട്ടത്തിൽ എപ്പോഴോ ഓർക്കുന്നുണ്ട്. രാജീവ് ഗാന്ധി മരിക്കുന്നതും നരസിംഹ റാവുവിന്റെ വരവും പുത്തൻ സാമ്പത്തിക നയവും സൂചനാ വിഷയങ്ങൾ ആവുന്നുണ്ട്. ക്യാപിറ്റലിസ്റ്റ് എക്കോണമിയുടെയും പുത്തൻ ഉദാരവത്കരണ സാമ്പത്തിക നയത്തിന്റെയും മുഖമായി സച്ചിൻ മാറി എന്നൊരു ലളിത പരാമർശമുണ്ട്. ആ പരാമർശത്തെ ഇടക്കെപ്പോഴോ സച്ചിൻ തന്നെ ഖണ്ഡിക്കുന്നുണ്ട്. മുംബൈ ആക്രമണം കടന്നു വരുന്നുണ്ട്. ഇതിനപ്പുറം സച്ചിനിൽ തുടങ്ങി സച്ചിനിൽ അവസാനിക്കുന്ന ഒന്നാണീ സിനിമ. ഒരാളെ കുറിച്ചുള്ള ഡോക്യുമെന്ററി അങ്ങനെ തന്നെ ആവുന്നതിൽ തെറ്റൊന്നുമില്ല. പക്ഷെ സച്ചിൻ രണ്ടു ദശാബ്ദത്തിൽ അധികം അങ്ങനെ ഒരു വ്യക്തി മാത്രമായിരുന്നോ എന്ന് സംശയമാണ്. അഞ്ജലിയും അജിത്ത് ടെണ്ടുല്‍ക്കറുമാണ് വ്യക്തിത്വത്തോടെ സച്ചിനെ ഓർത്തത്. മറ്റെല്ലാം നമ്മൾ കണ്ടു കേട്ട് മറന്നും മറക്കാതെയും വച്ച സ്തുതിപാഠങ്ങളുടെ ആവർത്തനങ്ങളോ എക്സറ്റന്ഷനുകളോ ആണ്.

സച്ചിന് ശേഷവും ക്രിക്കറ്റ് ഇവിടെ ഉണ്ട്. തനിക്കു മുന്നേയും ശേഷവും എന്ന് തന്നെ തിരുത്തി അയാൾ വിടവാങ്ങിയിട്ട് അഞ്ചു വർഷത്തോളമാവാറാകുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും നമ്മുടെ കാഴ്ചശീലത്തെ ഏകദിനത്തിലേക്കു പറിച്ചു നട്ടു തുടങ്ങി അധികമാവും മുന്നെയാണ് സച്ചിൻ സംഭവിക്കുന്നത്. ടി-20യും ഐ പി എല്ലും ആയി ശീലങ്ങൾ വീണ്ടും മാറി തുടങ്ങിയ കാലത്ത് സച്ചിൻ അസുഖബാധിതനും ക്ഷീണിതനുമാകുന്നു, പിന്നീട് കരിയർ അവസാനിപ്പിക്കുന്നു. ധോണിയാനന്തര ഇന്ത്യൻ ക്രിക്കറ്റ് തുടർച്ചകളെ കുറിച്ച് വ്യാകുലപ്പെടുന്ന നമ്മുടെ മുന്നിൽ അയാള്‍ ഇപ്പോഴും സജീവമായ ഓർമയായി തുടരുന്നു. അതിന് ശരികളും തെറ്റുകളും അഭിപ്രായ വ്യത്യാസങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാവാമെങ്കിലും അത് അങ്ങനെ തന്നെയാണ്. എല്ലാ ശരാശരി കണക്കുകൾക്കും മുകളിൽ അത് അങ്ങനെ തന്നെയാണ് എന്നത് കൊണ്ടാണ് ഇത്ര ധൈര്യമായി ഒരു ഡോക്യുമെന്ററി നിർമിച്ച് കാണികൾക്കു മുന്നിൽ എത്തുന്നതും.

സച്ചിൻ എ ബില്യൺ ഡ്രീംസ് ഒരു സിനിമയേ അല്ല. നല്ല ഡോക്യുമെന്ററി ആണോ എന്ന് ചോദിച്ചാൽ സച്ചിന്റെ ചിരപരിചിതമായ ഇന്നിങ്‌സുകളെ കൂട്ടി യോജിപ്പിക്കുക മാത്രമാണ് മിക്കവാറും ചെയ്തത് എന്നു പറയാം. മലയാളത്തിൽ കെ വിശ്വനാഥിന്റെ അടക്കം ഇതിലും മികച്ച ജീവചരിത്രങ്ങൾ സച്ചിനുണ്ട്.  ക്രിക്കറ്റും സച്ചിനുമൊന്നും നിങ്ങളെ ബാധിച്ചിട്ടില്ലെങ്കിൽ യാതൊരു തരത്തിലും ഈ സിനിമ സ്പർശിക്കില്ല. കേട്ട, കണ്ട കാഴ്ചകളുടെ ആവർത്തനം മടുപ്പിക്കുമെങ്കിൽ, ഡോക്യുമെന്ററി നിങ്ങൾക്കത്ര ഇഷ്ടമുള്ള സിനിമാ സങ്കേതം അല്ലെങ്കിൽ ഒന്നും തരാൻ സാധ്യതയില്ല ഈ സിനിമ. അതിനുമപ്പുറമുള്ള സച്ചിൻ കാലഘട്ടത്തിന്റെ  ആരാധകർക്ക് പക്ഷെ, ഓർമകളിലൂടെ പോയി തിരിച്ചു വരാം.

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍