UPDATES

സിനിമാ വാര്‍ത്തകള്‍

‘അദ്ദേഹത്തിന് കഥാപാത്രമാകാൻ ഒരു കൈ ഞൊടിക്കുന്ന സമയം മതി’; സായ് പല്ലവി പറയുന്നു

ആ രംഗങ്ങളിൽ എനിക്കായിരുന്നു കൂടുതൽ പേടി. പ്രേക്ഷകർ കണ്ട് നല്ലതെന്ന് പറയുന്നതു വരെ ആ പേടി മനസിലുണ്ടായിരുന്നു

ഫഹദ് ഫാസിൽ സായ് പല്ലവി എന്നിവരെപ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിവേക് സംവിധാനം ചെയ്ത അതിരൻ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രീകരണസമയത്ത് സംവിധായകൻ ആദ്യ ടേക്കിൽ തന്നെ ഓക്കെ പറഞ്ഞിട്ടും തന്റെ പേടി മാറിയിരുന്നില്ലെന്ന് തുറന്നു പറയുകയാണ് സായ് പല്ലവി. മഴവിൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സായി ഇക്കാര്യം തുറന്ന് പറഞ്ഞത്.

‘സിനിമയിൽ കളരി ചുവടുകൾ ഉണ്ടെന്നു സംവിധായകൻ പറഞ്ഞപ്പോൾ തന്നെ ‌പ്രാഥമിക പരിശീലനം നേടണമെന്നു കരുതിയിരുന്നു. പക്ഷേ, എന്തുകൊണ്ടോ അതു നടന്നില്ല. ഷോട്ടിന്റെ സമയത്ത് കളരിയുടെ ചുവടുകൾ ചെയ്യുമ്പോൾ അതെനിക്ക് ബുദ്ധിമുട്ടായി തോന്നിയില്ല. ഡാൻസ് ചെയ്യുന്നതുകൊണ്ട് അതെല്ലാം നന്നായി വഴങ്ങുന്നുണ്ടായിരുന്നു. ടേക്ക് ഓകെ എന്നു സംവിധായകൻ പറഞ്ഞപ്പോഴും എനിക്ക് പേടി. ഞാൻ ചെയ്യുന്നത് ശരിയായിട്ടാണോ വന്നിട്ടുണ്ടാകുക എന്ന സംശയം. എന്നെ സംബന്ധിച്ചിടത്തോളം ഒരു നൃത്തം പോലെയാണ് ഞാനത് ചെയ്തത്. ഞാൻ ഗുരുക്കളോട് ചോദിച്ചു, എന്റെ ചുവടുകളും നിലകളും ശരിയാണോ എന്ന്. അദ്ദേഹവും ഓക്കെ പറഞ്ഞു. ആ രംഗങ്ങളിൽ എനിക്കായിരുന്നു കൂടുതൽ പേടി. പ്രേക്ഷകർ കണ്ട് നല്ലതെന്ന് പറയുന്നതു വരെ ആ പേടി മനസിലുണ്ടായിരുന്നു’

‘അതിരനിൽ പല രീതിയിൽ ശരീരം വളയ്ക്കുകയും തിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. കാലിന്റെ ചലനങ്ങൾ… അടവുകൾ… അതെല്ലാം എനിക്ക് സ്വാഭാവികമായി ചെയ്യാൻ കഴിയുന്നുണ്ടായിരുന്നു. യഥാർത്ഥത്തിൽ ഞാൻ നൃത്തത്തോട് കടപ്പെട്ടിരിക്കുന്നു. അതിലൂടെയാണ് എനിക്കിതെല്ലാം ചെയ്യാൻ കഴിഞ്ഞത്. നിത്യ എന്ന കഥാപാത്രം ചെയ്യുന്ന മാനറിസങ്ങളിൽ ഭൂരിഭാഗവും നേരത്തെ തീരുമാനിച്ചുറപ്പിച്ചതായിരുന്നില്ല. ഷൂട്ടിങ് സമയത്ത് വന്നു ചേർന്നതാണ്’

‘ഫഹദുമായി സൗഹൃദം ഉണ്ടായിരുന്നെങ്കിലും നേരിൽ കണ്ടത് അതിരനിലെ സെറ്റിൽ വച്ചായിരുന്നു. അദ്ദേഹത്തിന് കഥാപാത്രമാകാൻ ഒരു കൈ ഞൊടിക്കുന്ന സമയം മതി. സെറ്റിൽ എല്ലാവരും വർത്തമാനം പറഞ്ഞു ചിരിച്ചിരിക്കുന്നതിന്റെ ഇടയിലാകും പെട്ടെന്ന് ടേക്ക് പറയുക. ഫഹദ് അപ്പോൾ തന്നെ കഥാപാത്രമായി ഡയലോഗ് പറയും. പക്ഷേ, ഞാൻ അപ്പോഴും നേരത്തെ പറഞ്ഞ തമാശയുടെ ചിരിയിൽ നിന്നു പുറത്തു വന്നിട്ടുണ്ടാകില്ല. അവസാനം ഞാൻ പറയും, ആ കഥാപാത്രമാകാൻ എനിക്കൽപം സമയം തരൂ എന്ന്!’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍