UPDATES

സിനിമ

മാമാങ്കം കേസ്: ‘ആദ്യ സിനിമ നടക്കുക എന്ന ആഗ്രഹം മാത്രമായിരുന്നു, കരാർ മുഴുവനായി വായിക്കുക പോലും ചെയ്തിരുന്നില്ല’; സജീവ് പിള്ള അപ്പീലുമായി ഹൈക്കോടതിയിലേക്ക്

വേറൊരാൾ സംവിധാനം ചെയ്യുകയും, നമ്മൾ വെറുതെ പത്ര സമ്മേളനത്തിൽ ‘തള്ളി’ക്കൊണ്ടിരിക്കുന്ന അവസ്ഥയിലേക്ക് പോകാനും തനിക്ക് താൽപര്യമില്ലെന്നും സജീവ് പിള്ള

മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് തിരക്കഥാകൃത്തും സംവിധായകനുമായ സജീവ് പിള്ള കോടതിയിൽ സമർപ്പിച്ച ഹർജി എറണാകുളം ജില്ലാ കോടതി തള്ളി.

ഈ സാഹചര്യത്തിൽ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് സജീവ് പിള്ള പറഞ്ഞു. നവാഗത സംവിധായകൻ ആയതിനാൽ വീഴ്ചകൾ സംഭവിച്ചാൽ തന്നെ സിനിമയിൽ നിന്നും മാറ്റാവുന്നതാണെന്ന് സമ്മതിച്ച് സജീവ് പിള്ള നിർമാതാവുമായി ഒന്നര വർഷം മുമ്പ് തന്നെ ഒപ്പു വച്ചിരുന്ന കരാറും കാവ്യ ഫിലിംസ് കോടതിമുമ്പാകെ ഹാജരാക്കിയിരുന്നു. എന്നാൽ താൻ ഈ കരാർ ഗൗരവമായി കണ്ടിരുന്നില്ലെന്നും, തന്നെ ഏറെ നിർബന്ധിച്ചപ്പോൾ ഫോർമാലിറ്റിയുടെ പേരിൽ ഒപ്പിട്ടു കൊടുത്തതാണെന്നും സജീവ് പിള്ള അഴിമുഖത്തോട് പറഞ്ഞു.

ഇങ്ങനെ ഒരു കീഴ്വഴക്കം സിനിമ മേഖലയിൽ ഇല്ല. ആദ്യ സിനിമ നടക്കുക എന്ന ആഗ്രഹം മാത്രമായിരുന്നു തനിക്കുണ്ടായിരുന്നത്. നിർമ്മാതാവ് നിർബന്ധിച്ചപ്പോൾ കരാർ ഒപ്പിടേണ്ടി വന്നു. ആ കരാർ മുഴുവനായി വായിക്കുക പോലും ചെയ്തിരുന്നില്ല. ചെയ്യുന്ന വർക്കിൽ പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നതിനാൽ പിന്നീട്‌ ഇങ്ങനെ ഒരു അവസ്ഥ വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ശരിക്കും താൻ ചതിക്കപ്പെടുകയായിരുന്നെന്നും, പുതിയൊരാളെന്ന നിലയിൽ തനിക്ക് പറ്റിയ വലിയൊരു മണ്ടത്തരമാണെന്നും സജീവ് പിള്ള പറയുന്നു

ഇനി അങ്ങോട്ട് ഇത്തരത്തിലുള്ള കരാറുകൾ സിനിമ ഇൻഡസ്ട്രിയിൽ ഒരു കീഴ്വഴക്കമായി മാറും. അതൊരു വലിയ ദുരന്തത്തിലേക്ക് ആകും പോവുകയെന്നും സംവിധായകനെക്കാൾ പണം മുടക്കുന്നവർ എല്ലാ മേഖലയിലും പൂർണ്ണമായും ആധിപത്യം സ്ഥാപിക്കുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറയുന്നു. സിനിമയുടെ ആദ്യ ഘട്ടങ്ങളിൽ ഒന്നുംതന്നെ ഇത്തരമൊരു കരാറിനെ കുറിച്ച് സംസാരിച്ചിരുന്നില്ല. സിനിമയുമായി ഒരുപാട് മുന്നോട്ട് പോയ ശേഷം അഡ്വാൻസ് വാങ്ങുന്ന ഘട്ടത്തിൽ ആണ് കരാറിൽ ഒപ്പു വെക്കാൻ നിർബന്ധിക്കുന്നതും താൻ ഒപ്പിട്ടു നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

‘താൻ ഒപ്പിട്ടു എന്ന് പറയുന്ന ഈ 25 പേജുള്ള കരാർ ഫിലിം ചേംബർ പോലും അംഗീകരിച്ചട്ടില്ല. ഫിലിം ചേംബറിന് വേണ്ടി ഒരു പേജ് മാത്രമുള്ള മറ്റൊരു കരാർ ആണ് തയ്യാറാക്കിയിരുന്നുന്നത്. പ്രൊഡ്യൂസറുടെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും തീരുമാനം ബാക്കി സംഘടനകൾ അംഗീകരിക്കുകയായിരുന്നു. എന്റെ കൂടെ ശക്തമായൊരു ചേരിയില്ല. വളരെ ശക്തരാണ് എതിർവശത്തു നിൽക്കുന്നത്. ഫെഫ്ക്ക പൂർണ്ണമായും പ്രൊഡ്യൂസറെ മാത്രം പിന്തുണക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സിനിമയുടെ എല്ലാ മേഖലയിലും പ്രവർത്തിച്ചിട്ടുള്ള തന്നെ ആരും പിന്തുണക്കാൻ ഉണ്ടായില്ല. നമ്മളെ പിന്തുണച്ചിട്ട് അവർക്ക് ഒന്നും നേടാനില്ല, മറിച്ച് നഷ്ടപ്പെടാൻ മാത്രമേയുള്ളൂ. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് വിളിച്ച് ചോദിയ്ക്കാൻ പോലും ആരും തയ്യാർ ആയില്ല’- സജീവ് പിള്ള പറയുന്നു.

‘അദ്ദേഹം ഒരു പുതിയ നിർമ്മാതാവാണ്, തനിക്ക് ഇതേകുറിച്ച് കൂടുതൽ ഒന്നും തന്നെ അറിയില്ലെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ട്.വേണു കുന്നപ്പിള്ളി എന്ന നിർമാതാവ് ആദ്യം ഒപ്പിടുന്നത് കർണ്ണൻ എന്ന ചിത്രമാണ്. നിർമാതാവുമായുള്ള പ്രശ്നത്തെ തുടർന്ന് ആ സിനിമ ഉപേക്ഷിക്കുകയാണ് ഉണ്ടായത്. ആ സംവിധായകന് ബുദ്ധിയുള്ളതു കൊണ്ട് അന്ന് കരാറിൽ ഒപ്പിട്ടില്ല’- സജീവ് പിള്ള കൂട്ടിച്ചേർത്തു.

തർക്കങ്ങളുടെ തുടക്കത്തിൽ തനിക്കു സംവിധായന്റെ പേരൊക്കെ ലഭിക്കും എന്നാൽ സംവിധാനം ചെയ്യാൻ വേറെ ആളുകൾ ഉണ്ടായിരിക്കുമെന്ന് പോലും തന്നോട് പറഞ്ഞിരുന്നതെയും സജീവ് പിള്ള വെളിപ്പെടുത്തുന്നു. എന്നാൽ തനിക്ക് ഇത് അംഗീകരിക്കാനാകില്ല വേറൊരാൾ സംവിധാനം ചെയ്യുകയും, നമ്മൾ വെറുതെ പത്രസമ്മേളനത്തിൽ ‘തള്ളി’ക്കൊണ്ടിരിക്കുന്ന അവസ്ഥയിലേക്ക് പോകാനും തനിക്ക് താൽപര്യമില്ലെന്നും സജീവ് പിള്ള പറഞ്ഞു.

റോജിന്‍ കെ റോയ്

റോജിന്‍ കെ റോയ്

സബ് എഡിറ്റര്‍ (എന്റര്‍ടെയ്‌മെന്റ്)

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍