UPDATES

സിനിമാ വാര്‍ത്തകള്‍

മാമാങ്കത്തിന്റെ പൂർണാവകാശം നിർമ്മാതാവ് വേണു കുന്നപ്പിള്ളിക്ക്; സജീവ് പിള്ളയുടെ ഹർജി തള്ളി

മാമാങ്കം സിനിമയുടെ പൂർണാവകാശം സജീവ് പിള്ള, നിർമാതാവായ വേണു കുന്നപ്പള്ളിക്ക് കൈമാറിയതായി കോടതി കണ്ടത്തി

മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് തിരക്കഥാകൃത്തും സംവിധായകനുമായ സജീവ് പിള്ള നൽകിയ ഹർജി എറണാകുളം ജില്ലാ കോടതി തള്ളി. തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന തന്നെ ചിത്രത്തിൽ നിന്നും ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടി ചിത്രീകരണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സജീവ് പിള്ള കോടതിയിൽ ഹർജി സമർപ്പിച്ചത്.

എന്നാൽ മാമാങ്കം സിനിമയുടെ പൂർണാവകാശം സജീവ് പിള്ള, നിർമാതാവായ വേണു കുന്നപ്പള്ളിക്ക് കൈമാറിയതായി കോടതി കണ്ടത്തി.തിരക്കഥയ്ക്ക് ഉൾപ്പെടെ പ്രതിഫലമായി നിശ്ചയിച്ചിരുന്ന 23 ലക്ഷത്തിൽ 21.75 ലക്ഷം രൂപയും സജീവ് പിള്ള സിനിമയുടെ രണ്ടാം ഷെഡ്യൂൾ പൂർത്തിയാകും മുമ്പ് തന്നെ ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റിയതായും നിർമാതാവ് കോടതിയെ അറിയിച്ചു.

കൂടാതെ സജീവ് പിള്ള, ചിത്രീകരിച്ച ഒരു മണിക്കൂർ രംഗങ്ങളിൽ പത്തു മിനിറ്റ് സീനുകൾ പോലും സിനിമയിൽ ഉപയോഗിക്കാൻ കഴിയാത്ത നിലയിലായിരുന്നുവെന്നും, 13 കോടി രൂപയാണ് ഇതു മൂലം നഷ്ടമുണ്ടായതെന്നും സിനിമ വീണ്ടും ഷൂട്ട് ചെയ്യേണ്ട സാഹചര്യവുമുണ്ടായതായും നിര്‍മാതാവ് കോടതിയെ അറിയിച്ചു.

നവാഗത സംവിധായകൻ ആയതിനാൽ വീഴ്ചകൾ സംഭവിച്ചാൽ തന്നെ സിനിമയിൽ നിന്നും മാറ്റാവുന്നതാണെന്ന് സമ്മതിച്ച് സജീവ് പിള്ള നിർമാതാവുമായി ഒന്നര വർഷം മുമ്പ് തന്നെ ഒപ്പു വച്ചിരുന്ന കരാറും കാവ്യ ഫിലിംസിനു വേണ്ടി അഭിഭാഷകൻ സയ്ബി ജോസ് കോടതി
മുമ്പാകെ ഹാജരാക്കിയിരുന്നു.

100 കോടിയോളം രൂപ ചെലവഴിച്ചു നിർമിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആണ് ഒരുങ്ങുന്നത്. സജീവ് പിള്ളയെ പുറത്താക്കിയതിന് ശേഷം എം. പദ്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍