UPDATES

സിനിമാ വാര്‍ത്തകള്‍

ബോളിവുഡിന്റെ സുല്‍ത്താന് ഇന്നത്തെ ഉറക്കം തടവറയില്‍

സിജെഎം കോടതിയുടെ വിധിക്കെതിരേയുള്ള അപ്പീല്‍ സെഷന്‍സ് കോടതി വെള്ളിയാഴ്ച രാവിലെ പത്തരയ്‌ക്കേ പരിഗണിക്കൂ

കൃഷ്ണമൃഗത്തെ വെടിവച്ചു കൊന്നകേസില്‍ അഞ്ചു വര്‍ഷത്തേക്ക് തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ഇന്നത്തെ രാത്രി ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയേണ്ടി വരും. ശിക്ഷ വിധിക്കെതിരേ സല്‍മാന് സെഷന്‍സ് കോടതിയില്‍ ജാമ്യത്തിന് അപേക്ഷിക്കാമെന്ന് ജോധ്പൂര്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതി അറിയിച്ചിട്ടുള്ളതാണ്. എന്‌നാല്‍ വെള്ളിയാഴ്ച രാവിലെ 10.30 ഓടുകൂടിയേ താരത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കൂ എന്നതിനാലാണ് ഇന്ന് ജയിലില്‍ തന്നെ അദ്ദേഹത്തിന് കഴിയേണ്ടി വരുന്നത്. ഇന്നു തന്നെ സെഷന്‍സ് കോടതിയില്‍ സിജഎം കോടതിയുടെ വിധിക്കെതിരേയുള്ള അപ്പീല്‍ സമര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ താരത്തിന്റെ അഭിഭാഷകര്‍ നടത്തിയിരുന്നെങ്കിലും അപ്പീല്‍ നളെ പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നുവെന്നും വെള്ളിയാഴ്ച രാവിലെ പത്തരയോടെ സെഷന്‍സ് കോടതി അപ്പീല്‍ പരിഗണിക്കുമെന്നുമാണ് അഭിഭാഷകര്‍ പറയുന്നത്.കോടതിവിധിയെ തങ്ങള്‍ അംഗീകരിക്കുന്നുവെന്നും എന്നാല്‍ വിധി പഠിക്കുന്നവേളയില്‍ ഇത്തരമൊരു വിധി അത്ഭുതം ഉളവാക്കിയെന്നുമാണ് സല്‍മാന്‍ ഖാന്റെ അഭിഭാഷകര്‍ ഇറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്.

നാളെ സല്‍മാന് ജാമ്യം അനുവദിക്കപ്പെടുമെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഭവാനി സിംഗും പറയുന്നത്. കോടതി വിധിയില്‍ സന്തോഷമുണ്ട്. വിധി പകര്‍പ്പ് പൂര്‍ണമായി വായിച്ചില്ലെങ്കിലും സല്‍മാന് അഞ്ചു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. എന്നാല്‍ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുകയാണെങ്കില്‍ ജാമ്യം കിട്ടാനാണ് സാധ്യത; ഭവാനി സിംഗ് മാധ്യമങ്ങളോടു പറഞ്ഞു.

സഹോദരിമാരായ അര്‍പ്പിത ശര്‍മയും അല്‍വിര അഗ്നിഹോത്രിയും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു. സല്‍മാന് ശിക്ഷ വിധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് വന്നതോടെ രണ്ടു സഹോദരിമാരും ആകെ തകര്‍ന്നുപോയെന്നും ഇരുവരേയും സല്‍മാന്‍ ആശ്വസിപ്പിച്ചു മടക്കി അയക്കുകയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിധി വന്നതിനു പിന്നാലെ സല്‍മാനെ കസ്റ്റഡിയില്‍ വാങ്ങിയ പൊലീസ് ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ ബാരക്ക് നമ്പര്‍ ഒന്നിലേക്ക് മാറ്റി. ഇതിനു മുമ്പായി മെഡിക്കല്‍ പരിശോധനയ്ക്കായി താരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍