UPDATES

സിനിമാ വാര്‍ത്തകള്‍

ജോസഫ് റിയലിസ്റ്റിക് സിനിമ; നിർണയത്തിൽ ഹീറോയിസത്തിനായിരുന്നു പ്രാധാന്യം: സംഗീത് ശിവൻ പറയുന്നു

നിർണയം സിനിമയിൽ ഡോ. റോയ് ആയി ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നുവെന്നും ഡേറ്റ് പ്രശ്നങ്ങൾ മൂലമാണ് മമ്മൂട്ടി നിർണയത്തിൽ നിന്നും പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു

ജോജു ജോർജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ജോസഫ് മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ഒരു കുറ്റാന്വേക്ഷണ കഥയുടെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ നടക്കുന്ന അവയവ വില്പനയുടെ കഥയാണ് ജോസഫ് പറയുന്നത്. ജോസഫ് മികച്ച അഭിപ്രായങ്ങൾ നേടിയപ്പോൾ മറ്റൊരു ചിത്രം കൂടി വീണ്ടും ചർച്ചയായിരുന്നു.സംഗീത് ശിവന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ നിർണയം എന്ന സിനിമയാണ് ചർച്ചയായത്. രണ്ട് ചിത്രങ്ങളും സമാനമായ വിഷയമായിരുന്നു ചർച്ച ചെയ്തത്.

നിർണയത്തേക്കാൾ കുറച്ചുകൂടി റിയലിസ്റ്റിക് ആയി പ്രമേയം കൈകാര്യം ചെയ്ത ചിത്രമാണ് ജോസഫ് എന്നാണ് സംവിധായകൻ സംഗീത് ശിവൻ പറയുന്നത്. മനോരമ ഓൺലൈനോട് ആയിരുന്നു അദേഹഹത്തിന്റെ പ്രതികരണം.

‘ജോസഫ്’ എന്ന സിനിമ കണ്ടു. വളരെ നല്ല ചിത്രം. ആദ്യം കണ്ടപ്പോൾ തന്നെ തോന്നി ഇത് നമ്മുടെ കഥ തന്നെയാണല്ലോ എന്ന്. ഈ സിനിമ കുറച്ചുകൂടി റിയലിസ്റ്റിക്ക് ആണ്. യാഥാർത്ഥ്യത്തെ അതേപോലെ കാണിക്കുന്നു. പക്ഷേ നിർണയത്തിൽ ഹീറോയിസത്തിനായിരുന്നു പ്രാധാന്യം. അത് നമ്മുടെ കുഴപ്പമല്ല. അന്നത്തെ കാലത്തെ സിനിമകൾ അത്തരത്തിലായിരുന്നു. ഒരേ കാര്യം തന്നെയാണ് രണ്ട് സിനിമകളും ചർച്ച ചെയ്യുന്നത്. നിർണയത്തിൽ ആളെ കൊല്ലുന്നില്ല, പകരം കോമ സ്റ്റേജിലാക്കുന്നു എന്നതാണ് വ്യത്യാസം. അന്നത്തെക്കാൾ സമൂഹം അധപതിച്ചുപോയി എന്നാണ് ജോസഫ് കാണിച്ചു തരുന്നത്. ജോസഫിനൊപ്പം വിവാദങ്ങളിൽ നിർണയം എന്ന സിനിമയുടെ പേരും കൂട്ടിച്ചേർത്തിട്ടുണ്ടെങ്കിൽ അത് ഇന്നും ആ സിനിമയെ ജനങ്ങൾ ഓർക്കുന്നു എന്നതിന് തെളിവാണ്. പല കാര്യങ്ങളും സമൂഹത്തിൽ മാറ്റമില്ലാതെ തുടരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.’–സംഗീത് ശിവൻ പറഞ്ഞു.

കൂടാതെ നിർണയം സിനിമയിൽ ഡോ. റോയ് ആയി ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നുവെന്നും ഡേറ്റ് പ്രശ്നങ്ങൾ മൂലമാണ് മമ്മൂട്ടി നിർണയത്തിൽ നിന്നും പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു. സീരിയസ് ആയ കഥാപാത്രമായിരുന്നു റോയ് , എന്നാൽ മോഹൻലാലിന് വേണ്ടി പിന്നീട് തിരക്കഥയിൽ മാറ്റം വരുത്തേണ്ടി വന്നുവെന്നും സംഗീത് ശിവൻ കൂട്ടി ചേർത്തു.

‘സിനിമ പുറത്തിറങ്ങിയതിന് ശേഷം ആദ്യം വിളിച്ചത് മമ്മൂട്ടിയാണ്. നല്ല സിനിമയാണ്. ഇതിൽ അവൻ തന്നെയാണ് നല്ലത്’ എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ തിരക്കഥ മാറ്റിയ വിവരമൊന്നും അദ്ദേഹത്തിന് അറിയില്ലല്ലോ. എന്തായാലും ആ അഭിനന്ദനം എനിക്ക് വലിയ സന്തോഷമായി. ഒരു ടെൻഷൻ ഒഴിവായല്ലോ.’

‘സിനിമയിലെ ഓപ്പറേഷൻ രംഗങ്ങളിലൊക്കെ മുഖത്തിനെക്കാൾ കൂടുതൽ കൈകളായിരുന്നു കാണിച്ചത്. മോഹൻലാലിന്റെ കൈകളുടെ ചലനം എന്നെ ശരിക്കും അദ്ഭുതപ്പെടുത്തി. ഒരു പ്രഫഷനൽ ഡോകടറുടേത് പോലെ. അഭിനയമാണോ ജീവിതമാണോ എന്ന് വേർതിരിക്കാനായില്ല. ഒരിക്കലും നമ്മളെ സമ്മർദത്തിലാക്കാത്ത നടനാണ് അദ്ദേഹം. അത് ആദ്യ ചിത്രമായ യോദ്ധയിൽ തന്നെ എനിക്ക് അനുഭവിക്കാനായതാണ്.’ സംഗീത് ശിവൻ പറഞ്ഞു

‘ബോക്സ് ഓഫീസ് ഹിറ്റ് എന്നതിലുപരി ടെക്നിക്കലി ഹിറ്റ് സിനിമയായിരുന്നു നിർണയം. കാരണം അന്നു വരെ പരീക്ഷിക്കാത്ത കാമറ ആംഗിളുകളാണ് ആ സിനിമയിൽ ഉപയോഗിച്ചത്. സഹോദരൻ സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ. ഞങ്ങൾ പല പരീക്ഷണങ്ങളും നടത്തി. ആദ്യമായാണ് വൈഡ് ലെൻസ് ഉപയോഗിച്ച് മോഹൻലാലിനെപ്പോലെ ഒരു താരപദവി ഉള്ളയാളെ ഷൂട്ട് ചെയ്യുന്നത്. അത് വിജയം കണ്ടു. കലാസംവിധാനവും പശ്ചാത്തല സംഗിതവും വേറിട്ടതും മികച്ചതുമായിരുന്നു എന്ന അഭിപ്രായവും ഉണ്ടായി.’- സംഗീത് ശിവൻ കൂട്ടി ചേർത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍