UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

Off-Shots

അപര്‍ണ്ണ

സിനിമ

ഫാസിസത്തെ പ്രതിരോധിക്കാനായി ആരും തീയേറ്ററിലേക്ക് ഓടണ്ട; അതാണുറുമീസ്

എന്താണെങ്കിലും രജപുത്ര വീര്യത്തിനുള്ള ഒരു ആദരവ് ആണ് പദ്മാവത്

അപര്‍ണ്ണ

ഇനിയൊരു മുഖവുര ആവശ്യമില്ലാത്ത വിധം സിനിമാ പ്രേമികൾക്കും വാർത്തകൾ പിന്തുടരുന്നവർക്കും സഞ്ജയ് ലീലാ ബൻസാലിയുടെ പത്മാവതിനെ അറിയാം. സെൻസറിങ് മുതൽ ഇന്ന് വരെ ഏതാണ്ട് എല്ലാ ദിവസവും എന്ന മട്ടിൽ വാർത്തകളിൽ നിറഞ്ഞ സിനിമയാണ് ആദ്യം പത്മാവതി ആയിരുന്ന പദ്മാവത്. 190 കോടിയുടെ, ചെലവ് കൂടിയ ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ കയറിയാണ് പത്മാവത് ആദ്യം വാർത്തയായത്. ബൻസാലിയുടെ പതിവ് വർണശബളിമകൾ നിറഞ്ഞ ട്രെയിലറും ചർച്ചയായി.

സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷന് മുന്നിൽ പദ്മാവത് എത്തിയതോടെയാണ് കഥ ആകെ മാറുന്നത്. അഞ്ചു വലിയ മാറ്റങ്ങൾ നിർദേശിച്ച് അവർ നമ്മളെ ഞെട്ടിച്ചു. പദ്മാവതി എന്ന പേരിൽ നിന്നും പദ്മാവത് എന്ന പേരിലേക്കുള്ള മാറ്റം ആയിരുന്നു ഒരു വിചിത്ര നിർദേശം, പേരെഴുതി കാണിക്കും മുന്നേ ആരുടേയും വികാരം വൃണപ്പെടുത്തുന്നില്ല എന്ന കുറിപ്പ് വിശദമായി എഴുതാനും നിർദേശമുണ്ടായി. ഒരു സ്വപ്നരംഗം ഒഴിവാക്കിയതായി പറയുന്നു. ഹിന്ദു വികാരം വൃണപ്പെടുത്തി എന്നാണ് കാരണം പറഞ്ഞത്. മധ്യപ്രദേശിലേയും രാജസ്ഥാനിലേയും ഗുജറാത്തിലെയും മുഖ്യമന്ത്രിമാർ തന്നെ ഈ സിനിമയ്ക്ക് സംസ്ഥാനങ്ങളിൽ പ്രദർശനനാനുമതി നൽകില്ലെന്ന് പറഞ്ഞു. ഉത്തർ പ്രദേശിലെ മന്ത്രിമാർ പറഞ്ഞത് വിവാദഭാഗങ്ങൾ ഒഴിവാക്കി മാത്രം സിനിമ അവിടെ പ്രദർശിപ്പിച്ചാൽ മതി എന്നാണ്. ബീഹാർ മുഖ്യമന്ത്രിയാവട്ടെ കൃത്യമായ പരിഹാരം ഈ വിഷയത്തിൽ കണ്ട ശേഷം മാത്രമേ ഈ സിനിമ സംസ്ഥാനത്തേക്ക് എത്തിക്കാവൂ എന്നുറപ്പിച്ചു പറഞ്ഞു.

കർണിസേന എന്ന രജ്പുത് സമുദായക്കാരുടെ സംഘടന സിനിമയിലെ നായിക  ദീപിക പദുക്കോണിന്റെ തല വെട്ടിയെടുക്കാനും മൂക്ക് ചെത്താനും വരെ ഉത്തരവിട്ടു. മേവാറിൽ ബാക്കിയായ രാജവംശക്കാർ സിനിമ കണ്ട് ഇതിൽ കുഴപ്പമൊന്നുമില്ലെന്നു സമ്മതിക്കണം എന്നതും അവരുടെ ആവശ്യമായിരുന്നു, അങ്ങനെ ഉണ്ടെങ്കിൽ കൂട്ട ആത്മാഹുതി അടക്കം നിരവധി ഭീഷണികളാണുണ്ടായത്. രജപുത്രർ എന്ന ഹിന്ദു വംശത്തെ അപമാനിക്കുന്നു എന്നതായിരുന്നു സിനിമക്കെതിരെ അവർ ഉന്നയിച്ച പ്രധാന ആരോപണം. ജയ്പൂരിലെ മഹാറാണി പട്ടത്തിന്റെ ഇപ്പോഴത്തെ ഉടമ പദ്മിനി സിനിമ കാണുകയും സിനിമയിലെ പരമ്പരാഗത ഘൂമർ നൃത്തത്തിലെ അപാകതകൾ ഒഴികെ മറ്റു പ്രശ്നങ്ങൾ ഇല്ലെന്നു അറിയിക്കുകയും ചെയ്തു.

എന്തായാലും ഈ  വിഷയത്തോടെ കേരളത്തിലടക്കം ഒരു വിഭാഗം പത്മാവതിനെ ഏറ്റെടുത്തു. കേരളത്തിലെയും പശ്ചിമ ബംഗാളിലെയും മുഖ്യമന്ത്രിമാർ പത്മാവതിന്റെ റിലീസിനെ സ്വീകരിച്ചു. ആ സിനിമ കാണൽ വലിയ രാഷ്ട്രീയ ശരിയായി നമ്മളിൽ പലരും ഏറ്റെടുത്തു. സഞ്ജയ് ലീലാ ബൻസാലി പാര്‍ലമെന്റിനെയും സുപ്രീം കോടതിയെയും സമീപിച്ചു. പദ്മാവതിന് പ്രദർശനാനുമതി കിട്ടി. ജനുവരി 25-ന് ഐ മാക്സ് ത്രീഡി സംവിധാനം അടക്കം പദ്മാവത് ഇന്ത്യയിലുടനീളം റിലീസ് ആയി. ഐ മാക്സ് ത്രീഡി സംവിധാനമുള്ള ആദ്യ ഇന്ത്യൻ സിനിമയാണ് പദ്മാവത്. ഗ്രാവിറ്റി പോലെ ലോക ശ്രദ്ധ നേടിയ ഹോളിവുഡ് സിനിമകൾ ഉപയോഗിച്ച സംവിധാനം ആണത്. 2ഡി, 3ഡി സംവിധാനത്തോടെയും പദ്മാവത് കാണാം.

പത്മാവതി എന്ന മിത്തിക്കല്‍ സുന്ദരിയാണോ സംഘപരിവാറിന്റെ യഥാര്‍ത്ഥ പ്രശ്നം?

ഇത്രയും നീണ്ട വിവാദങ്ങൾ കൊണ്ട് തന്നെ സിനിമ ഞെട്ടിപ്പിക്കുന്ന ഇനീഷ്യൽ കളക്ഷൻ നേടി. സ്വാഭാവികമായും ഉണ്ടാവുന്ന കൗതുകവും ധാർമിക രോഷവും ഒക്കെ തീയറ്ററുകളിൽ ആളെക്കൂട്ടി. 1540-ൽ മാലിക് മുഹമ്മദ് ജെയ്സി എന്ന സൂഫി കവി എഴുതിയ ഒരു സാങ്കല്പിക കവിതയിൽ നിന്നാണ് പദ്മാവത് ഉണ്ടാവുന്നത്. വിഷയാസക്തനും സൂത്രശാലിയുമായ അലാഹുദ്ദിൻ ഖിൽജി (രൺവീർ സിങ്) അനന്തരവനായ ജലാലുദ്ദിൻ ഖിൽജിയോട് മകളെ വിവാഹം കഴിച്ചു തരണം എന്നാവശ്യപ്പെടുന്നിടത്താണ് സിനിമ തുടങ്ങുന്നത്. പദ്മാവതി (ദീപിക) എന്ന സിംഗാളിലെ രാജകുമാരി മഹാ റാവൽ രത്തൻ സിങ് (ഷാഹിദ് കപൂർ) എന്ന മേവാറിലെ ‘രജപുത്ര’ രാജകുമാരനുമായി പ്രണയത്തിലാവുകയും അയാളുടെ കൂടെ മേവാറിലേക്കു പോവുകയും ചെയ്യുന്നു. അവർ സന്തോഷമായി ജീവിക്കുന്നതിനിടയിൽ അലാവുദ്ദിൻ ഖിൽജി പദ്മാവതിയെ കുറിച്ചറിയുന്നു. അവരുടെ അപാര സൗന്ദര്യത്തെ കുറിച്ചറിഞ്ഞ അയാൾക്ക് അവരെ കാണാനും കാമിക്കാനും അതിയായ ആഗ്രഹമുണ്ടാകുന്നു. മേവാറിലേക്കുള്ള വഴി ഒരു ചതിയനിൽ നിന്നും മനസിലാക്കി യുദ്ധം ചെയ്യാൻ പുറപ്പെടുന്നു. ആ ഉദ്യമത്തിൽ പരാജയപ്പെടുമ്പോൾ ചതിയിലൂടെ ലക്ഷ്യത്തിലെത്താൻ ശ്രമിക്കുന്നു. റാവൽ രത്തൻ സിങ്ങും റാണി പദ്മാവതിയും ആ ചതികളെ ധൈര്യം കൊണ്ടും ആത്മാഭിമാനം കൊണ്ടും സത്യസന്ധത കൊണ്ടും നേരിടുന്നു. പിന്നീടുണ്ടാവുന്ന സംഭവങ്ങളാണ് സിനിമ.

സഞ്ജയ് ലീലാ ബൻസാലി സിനിമകൾ സാധാരണ തരാറുള്ള കാഴ്ചകളുടെ സമൃദ്ധിയും നിറങ്ങൾ കൊണ്ടുള്ള മായാജാലങ്ങളും പദ്മാവതും തരുന്നുണ്ട്. മണ്ണിനോടും തീയിനോടും ആകാശത്തോടും ചേർന്ന നിറങ്ങൾ കൊണ്ട്, ചിലപ്പോൾ നിറമില്ലായ്മകൾ കൊണ്ട്, ചിത്രകഥകളിൽ കണ്ട കൊട്ടരങ്ങളും കോട്ടകളും കൊണ്ട് കാണാൻ ഭംഗിയുള്ള ലോകമുണ്ടാക്കുന്നുണ്ട്. പശ്ചാത്തലസംഗീതം, കാമറ, ആർട്ട് വർക്ക്, ഗ്രേഡിങ് തുടങ്ങി ബാഹ്യമായ കാഴ്ചാലോകത്തിന് സന്തോഷം തരുന്ന കുറെ എന്തൊക്കെയോ സിനിമയിൽ ഉണ്ട്. ഷാഹിദ് കപൂർ ഒഴികെയുള്ളവർ സ്വന്തം കഥാപാത്രങ്ങളെ ഭംഗിയായി ചെയ്തു തീർത്തു. രൺവീർ സിംഗ് എന്ന നടന്റെ സാധ്യതകളെ അതിമനോഹരമായി ഉപയോഗിച്ച സിനിമ കൂടിയാണ് പദ്മാവത്. സിനിമയെ അഭിനയിച്ചു മുന്നോട്ട് കൊണ്ടുപോയത് അയാൾ തന്നെയാണ് ഏറിയപങ്കും. ത്രീ ഡി എഫക്ടിനെ ഇത്ര ഭംഗിയായി ഉപയോഗിച്ച ഇന്ത്യൻ സിനിമ ഉണ്ടാവില്ല. മറ്റു ബൻസാലി ചിത്രങ്ങളെ പോലെ പദ്മാവത് ആഭരണങ്ങൾ വിപണിയിൽ നല്ലവണം ചിലവായി തുടങ്ങി. ബൻസാലി സിനിമകളിലെ വർണ കാഴ്ചകളിൽ അഭിരമിക്കാൻ ഇഷ്ടമെങ്കിൽ തീയറ്ററിൽ തന്നെ പോയി പദ്മാവത് കാണുക. മായിക കാഴ്ചകളുടെ ധാരാളിത്തം കൊണ്ട് അത് നിങ്ങളെ അമ്പരപ്പിക്കും എന്നുറപ്പാണ്.

ആരാണ് റാണി പത്മാവതി? ചരിത്രമേത്, കഥയേതെന്ന് സംഘപരിവാര്‍ തീരുമാനിക്കും

പക്ഷെ ആ ഉപരിപ്ലവതയ്ക്കപ്പുറം മറ്റു പലതും ആണെന്ന, സെൻസർ ബോർഡ് അടക്കം നൽകിയ പ്രചാരണത്തിന്റെയും കൂടി ഫലമാണ് പദ്മാവതിന് കിട്ടുന്ന ഇനിഷ്യല്‍ കളക്ഷൻ. ഈ സിനിമയിലെ, ‘ഹിന്ദുവിനെ അപമാനിക്കൽ’ ആരുടെ തലയിൽ ഉദിച്ച ആശയമാണെന്നറിയില്ല. എന്തു തരം തന്ത്രമാണെന്നും അറിയില്ല. എന്താണെങ്കിലും രജപുത്ര വീര്യത്തിനുള്ള ഒരു ആദരവ് ആണ് പദ്മാവത്. അതാണുറുമീസ് എന്ന മട്ടിൽ അര മണിക്കൂർ കൂടുമ്പോൾ, അതാണ് രാജ്പുത് ഇതാണ് രാജ്പുത് എന്നൊക്കെ നായകൻ ഇടക്കിടക്ക് പറയുന്നുണ്ട്. സതി അതിമഹത്തരമായ അഭിമാന സംരക്ഷണ മാർഗമാണെന്ന് ഉപദേശിക്കുന്നുണ്ട്. പത്തു വയസായ ബാലിക അടക്കം ആത്മാഭിമാനത്തോടെ തീയിലേക്ക് നടന്നു നീങ്ങി ഭാരതീയ രജപുത്ര ഹിന്ദുക്കളുടെ അന്തസ്സും ആഭിജാത്യവും കാത്തു സൂക്ഷിക്കുന്നുണ്ട്. ചരിത്ര രേഖകളിൽ ഒന്നുമില്ലാത്ത വണ്ണം അലാവുദ്ദിൻ ഖിൽജിയെ പൂർണമായും മനുഷ്യനാവാത്ത ഒരാളായി കാണിച്ചിട്ടുണ്ട്. പച്ച ഇറച്ചി ആർത്തിയോടെ വിഴുങ്ങുന്ന, കാമാസക്തനായ, ക്രൂരനായ, മുസ്ലിം ഭരണാധികാരിയാണ് ഖിൽജി സിനിമയിൽ. പോരാത്തതിന് സ്വവർഗാനുരാഗിയായ അനുയായിയും കൂടെയുണ്ട്. നല്ല ഹിന്ദു- ചീത്ത മുസ്ലിം സമവാക്യത്തെ വളരെ പ്രകടമായി മഹത്വവത്കരിക്കുന്നുണ്ട്. വളരെ സുരക്ഷിതമായ ഒരു ഭക്തിമാർഗത്തിലാണ് സിനിമയുടെ ഓരോ ഇഞ്ചും മുന്നോട്ട് പോകുന്നതും. ഹിറ്റ്ലറെ പോലെ കുറെ മനുഷ്യരുടെ ക്രൂരതകൾ പഠിക്കലാണ് സംവിധായകൻ, അലാവുദ്ദിൻ ഖിൽജി ആകാൻ പോയ രൺവീറിന് കൊടുത്ത ആദ്യ ജോലി. ഇതൊക്കെ സ്‌കൂൾ ബസിനു കല്ലെറിയൽ പോലുള്ള സംഭവങ്ങൾക്കു കാരണമാകുമ്പോൾ പണ്ടെങ്ങോ കുതിരവട്ടം പപ്പു ചോദിച്ച പോലെ, ഇങ്ങളെന്താ തമാശയാക്കാണ് എന്ന സംഭാഷണശകലം ഓർമ വരും.

കൃത്യമായ തിരക്കഥയുള്ള മാർക്കറ്റിങ് ആണോ നടന്നെതെന്ന വാദം സിനിമ കണ്ടിറങ്ങിയ കുറെ പേരെങ്കിലും പറഞ്ഞിരുന്നു. സിനിമയിലെ, ‘ഹിന്ദുത്വ വികാരം വൃണപ്പെടുത്തൽ’ ആണ് കര്‍ണിസേനക്കാരും മറ്റും ഇപ്പോഴും ഉന്നയിക്കുന്ന വാദം എന്ന നിലയ്ക്ക് ഈ സംശയം തികച്ചും ന്യായമാണ്. അതിനപ്പുറമുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ടോ എന്ന് അറിയില്ല. എന്തായാലും മഹാരാഷ്ട്രയിലെ, ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഒക്കെ കർഷക സമരവും അതിനോട് കേന്ദ്ര ഗവർമെന്റിന്റെ നിസംഗതാ മനോഭാവവും ദേശീയ മാധ്യമങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയതോടെയാണ്, ജി.എസ്.റ്റി ആൾക്കാരെ വലച്ചത് ചർച്ചയായപ്പോഴാണ് പെട്ടന്ന് പദ്മാവതി കടന്നു വരുന്നതും വാർത്തകളെ മുക്കികൊല്ലുന്നതും. ഇതിൽ എന്തെങ്കിലും പന്തികേട് തോന്നിയാൽ അത് യാദൃശ്ചികം മാത്രം. എന്തായാലും സഞ്ജയ് ലീലാ ബൻസാലിയെ അറിഞ്ഞിട്ടും ട്രെയിലറിലെ രജപുത്ര പ്രസംഗം കണ്ടിട്ടും പദ്മാവതി കാണണം എന്ന് തോന്നി ഇറങ്ങിയ, അത് വലിയ രാഷ്ട്രീയ പ്രവർത്തനമാണെന്നു വിശ്വസിച്ചവരെ അതി വിദഗ്ദമായി പറ്റിച്ചിട്ടാണ്‌ പദ്മാവത് സ്വന്തം മാർക്കറ്റ് ഊട്ടിയുറപ്പിച്ചത്.

എന്തായാലും കാണാൻ സമൃദ്ധമായ ചിത്രങ്ങളുള്ള, നല്ല ഉടുപ്പുകളും പാട്ടുകളുമുള്ള സഞ്ജയ് ലീലാ ബൻസാലിയുടെ ബോളിവുഡ് സിനിമ കാണാൻ ഇഷ്ടമുള്ളവർക്ക് നല്ല സിനിമ ആയേക്കാം പദ്മാവത്. ഹിന്ദു വിരുദ്ധത ആരോപിക്കുന്നവരുടെ ചേതോവികാരം അറിയില്ല. അതിനപ്പുറം ഫാസിസത്തിനെതിരെയുള്ള പ്രതിരോധമായി ഈ സിനിമ കാണാൻ ഓടുന്നവരോട്, അത് താൻ അല്ലയോ ഇത് എന്ന് നിങ്ങൾക്ക് തോന്നിയാൽ അത് അത്ര യാദൃശ്ചികമാവാൻ സാധ്യത ഇല്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഇവിടെ പദ്മാവതിയും ദുര്‍ഗയും, അവിടെ വെര്‍ണ: ഇന്ത്യയും പാകിസ്ഥാനും ആവിഷ്‌കാര സ്വാതന്ത്ര്യവും

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍