UPDATES

സിനിമ

സാറ എന്ന ജൂതസ്ത്രീയും താഹയെന്ന മുസ്ലീമും; സാറ താഹ തൗഫീഖിന്റെ സംവിധായകന്‍ ശരത് കൊറ്റിക്കല്‍/അഭിമുഖം

ഇന്ത്യ ജൂതരോട് കാണിച്ചിട്ടുള്ള സ്നേഹവും പ്രാധാന്യവും വളരെ വലുതാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സാറാന്റിയെ പോലെ ഇപ്പോഴും ആ ജൂതത്തെരുവിൽ താമസിച്ചു കൊണ്ടിരിക്കുന്ന ആളുകൾ

അനു ചന്ദ്ര

അനു ചന്ദ്ര

മാളയിൽ അവശേഷിച്ച ജൂതനിലൂടെ കേരളത്തിലെ രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ള ജൂതസമൂഹത്തിന്റെ ചരിത്രം പറഞ്ഞ ചിത്രമാണ് സലീം കുമാർ സംവിധാനം ചെയ്ത കറുത്ത ജൂതൻ. ഇസ്രായേൽ-പലസ്തീൻ അസ്വസ്ഥത മുറുകുന്ന കാലത്ത് ഇവിടെ മാളയിൽ ഒരു ജൂതനും- മുസ്ലിമും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ പറഞ്ഞ കറുത്ത ജൂതൻ ഏറെ പ്രശംസ പിടിച്ചു പറ്റിയ സിനിമയാണ്. കറുത്ത ജൂതൻ ഒരു ഫിക്ഷൻ ആണ് പറയുന്നതെങ്കിൽ ശരത് കൊറ്റിക്കൽ സംവിധാനം ചെയ്യുന്ന ‘സാറ താഹാ തൗഫീഖ്’ എന്ന നാല് വർഷമെടുത്തു പൂർത്തിയാക്കിയ ഡോക്യുമെന്ററിക്ക് പറയാനുള്ളത് ഒരു യാഥാർഥ്യമാണ്. മട്ടഞ്ചേരിയിലെ 95 വയസുള്ള സാറാ എന്ന ജൂത സ്ത്രീയുടെയും താഹാ എന്ന അവരുടെ കെയർടേക്കര്‍ ആയ മുസ്ളീമിന്‍റെയും ആത്മബന്ധത്തിന്റെയും സ്നേഹബന്ധത്തിന്റെയും കഥ. സാറാ താഹാ തൗഫീഖ് എന്ന ഡോക്യുമെന്ററിയെ കുറിച്ച് സംവിധായകൻ ശരത് കൊട്ടിക്കൽ, അനു ചന്ദ്രയുമായി സംസാരിക്കുന്നു.

സാറ താഹാ തൗഫീഖിന് പറയാനുള്ളത് എന്താണ്?

മട്ടാഞ്ചേരിയിലെ ജൂതത്തെരുവിൽ ഇപ്പൊ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം ചെന്ന ജൂതസ്ത്രീയാണ് 95 വയസുള്ള സാറ കോഹെൻ. ഒരു 6, 7 വർഷമായി എനിക്ക് സാറ ആന്റിയെ അറിയാവുന്നതാണ്. അവരുടെ ഭർത്താവു മരിച്ചു പോയി, ഒരു സഹോദരൻ ഉണ്ടായിരുന്നു. അദ്ദേഹവും മരിച്ചു. സാറാ ആന്റിയുടെയും പിന്നെ അവരുടെ ജീവിതത്തിലേക്കു കടന്നു വന്ന താഹയുടെയും തൗഫീഖിന്റേയും കഥയാണ് സാറാ താഹാ തൗഫീഖ്. ഈ താഹാ എന്നു പറയുന്നത് സാറ ആന്റിയുടെ കാര്യങ്ങൾ ഒക്കെ നോക്കുന്ന ഇസ്ലാം മതത്തിൽപ്പെട്ട ഒരാളാണ്. തൗഫീഖ് ആണ് സൗത്ത് ഏഷ്യയിൽ ഹീബ്രു ഭാഷയിൽ കാലിഗ്രാഫി ചെയുന്ന ഒരേ ഒരു മുസ്ലീം. ഇവരുടെ മൂന്നു പേരുടെ കഥയാണ് സാറാ താഹാ തൗഫീഖ്. ആ കഥയ്ക്ക് ഇതിനേക്കാൾ നല്ലൊരു പേര് നൽകാൻ എനിക്ക് തോന്നിയില്ല. മൂവരും തമ്മിലുള്ള ബന്ധവും ജൂത മതവും കേരളവും എങ്ങനെ ബന്ധപെട്ടു കിടക്കുന്നു എന്നതൊക്കെയാണ് നമ്മൾ ഈ ചിത്രത്തിലൂടെ കാണിക്കുന്നത്.

ജൂത സ്ത്രീയായ സാറയെ കുറിച്ച് പറയുമ്പോൾ ജൂത മതത്തെ കുറിച്ചെത്രത്തോളം പ്രതിപാദിക്കാൻ ശ്രമിച്ചിട്ടുണ്ട്?

മതം എന്നതിനെ കുറിച്ച് ഇതിനകത്ത് ഞാനായിട്ട് പറയുന്നില്ല. സ്വാഭാവികമായും വന്നു പോകുന്ന സംഭവം മാത്രമാണ് ഇതിൽ മതം. താഹയുടെ ജൂത മതത്തെ കുറിച്ചുള്ള ധാരണകള്‍ കണ്ട് ഒരാൾ നിങ്ങൾ ജൂതനാണോ എന്നു ചോദിക്കുന്ന രംഗം ഇതിലുണ്ട്. അങ്ങനെ കടന്നു വരുന്നതല്ലാതെ ഇതിനകത്ത് ഞാനായിട്ട് മതം എന്നു പറയുന്ന വാക്ക് ഉപയോഗിക്കുന്നേ ഇല്ല. പിന്നെ താഹയും തൗഫീഖും കൂഇ ഇവരുടെ ഭാഗത്ത് നിന്ന് ഒരുപാട് റിസേർച്ച് ഒക്കെ നടത്തി, കേരളത്തിലെ ജൂതചരിത്രം ഒക്കെ കണ്ടുപിടിച്ച്, Jews of Malabar എന്ന പേരിൽ ഒരു എക്സിബിഷൻ ഒക്കെ നടത്തിയിട്ടുണ്ടായിരുന്നു. അതൊക്കെ ഇതിനകത്ത് കടന്നു വന്നിട്ടുണ്ട്. പിന്നെ കേരളത്തിലോട്ട് ഇവരെങ്ങനെ വന്നു, തുടങ്ങിയ ചരിത്രപരമായ നാൾവഴികൾ ഒക്കെ നമ്മൾ ഇതിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.

ഇത്തരം ഒരു വിഷയം കൈകാര്യം ഉണ്ടായ പ്രേരണ എന്തായിരുന്നു?

ഞാൻ വളരെ ആകസ്മികമായി ഒരു 6, 7 വർഷം മുൻപാണ് സാറാ ആന്റിയെ കാണുന്നത്. അത് വരെ ഉണ്ടായിരുന്ന എന്റെ ലൈഫ് അല്ല അതിന് ശേഷം ഉണ്ടായിട്ടുള്ളത്‌. ഞാൻ ഇവരെപ്പറ്റി ഡോക്യുമെന്ററി എടുക്കാൻ വേണ്ടിയിട്ടാണ് ആദ്യമായി എറണാകുളം ജില്ലയിലേക്ക് തന്നെ പോകുന്നത്. പക്ഷെ എങ്ങനെ ഇതിനെ പറ്റി കൃത്യമായി കേട്ടറിഞ്ഞു എന്നു പോലും ഞാൻ വ്യക്തമായി ഓർക്കുന്നില്ല.എങ്ങനെയോ ജീവിതത്തിൽ സംഭവിച്ചു പോയ ആളുകളാണ്‌ അവർ ഒക്കെ.

ആ 29 പേര്‍ എന്തുകൊണ്ട് ഇസ്രയേലിലേക്ക് പോയില്ല? കേരളത്തിലെ കറുത്ത ജൂതന്മാരുടെ ജീവിതം

കറുത്ത ജൂതൻ എന്ന സിനിമ പറയുന്നതും ഇതേ വിഷയമാണ്. മാളയിലെ ഒരു ജൂതന്റേയും-ഇസ്ലാമിന്റെയും കഥ. ആ സിനിമ ഈ ഡോക്യുമെന്ററിയെ സ്വാധീനിച്ചിരുന്നോ?

ഇല്ല. ഞാൻ ഇത് ഷൂട്ട് ചെയാൻ തുടങ്ങിയത് 2013 ലാണ്. 2010ല്‍ ഞാൻ ഇതിന്റെ ആദ്യത്തെ വേർഷൻ ഷൂട്ട് ചെയ്തിട്ടുണ്ട്. യൂ ട്യൂബിൽ പരതിയാൽ അത് കാണാം. കറുത്ത ജൂതൻ ഒക്കെ ഇതിനെല്ലാം ശേഷം ഉണ്ടായിട്ടുള്ള ഒരു സിനിമയാണ്. ഞാൻ കണ്ടിട്ടില്ല അത്. അതിന്റെ പ്രമേയം എന്താണെന്ന് പോലും എനിക്ക് കൃത്യമായി അറിയില്ല. മാളയിലും ഞാൻ ഇത് ഷൂട്ട് ചെയ്തിട്ടുണ്ട്. പിന്നെ അത് ഫിക്ഷൻ ആണ്. ഇത് സത്യസന്ധമായിട്ടുള്ള കാഴ്ചകളാണ്. അതൊക്കെ വലിയ വ്യത്യാസമാണ്.

95 വയസുള്ള സാറയുടെ പ്രായാധിക്യം ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുണ്ടാക്കിയോ വർക്കിൽ?

സാറ ആന്റിക്ക് പ്രായത്തിന്റേതായ അവശതകൾ ഒക്കെ ഉണ്ട്. പക്ഷെ അവരെ വളരെ നന്നായി താഹ നോക്കുന്നുണ്ട്. അവർക്ക് വേണ്ട കര്യങ്ങൾ എല്ലാം ചെയ്ത് കൊടുക്കുന്നുണ്ട്. അത്രയും ഹാപ്പി ആയിട്ടാണ് അവിടെ ജീവിക്കുന്നത്. 95 വയസായ നമ്മുടെയൊക്കെ കുടുംബാംഗത്തെ നമ്മൾ നോക്കുന്നതിലും നന്നായി അവരെ താഹ നോക്കുന്നുണ്ട്. അത് ഞാൻ നേരിൽ കണ്ട് മനസിലാക്കിയതാണ്. ഞാൻ ഇത് ചെയ്തു കൊണ്ടിരിക്കുമ്പോൾ തന്നെ പല വിഷ്വല്‍സ് കാണുമ്പോഴും പലതും കേൾക്കുമ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്. കാരണം അത് അത്രയും സത്യസന്ധമായ ബന്ധമാണ്. അതുകൊണ്ടാണ് ഞാനിത് ആത്മാവിശ്വാസത്തോടെ മുൻപോട്ട് കൊണ്ടു പോകാൻ തീരുമാനിച്ചത്.

ജൂതമതത്തെ കുറിച്ച് മലയാളികൾ ധരിച്ചു വെച്ചതെല്ലാം ശരിയായ കാര്യങ്ങൾ തന്നെയാണോ?

വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു മതമാണ് ജൂതമതം. ഗ്രാമഫോണ്‍ മുതൽ എസ്ര തൊട്ട് ഇപ്പൊ ഇറങ്ങിയ ആദം ജോവാന്‍ വരെ ജൂതമതവുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. വളരെയധികം കാര്യങ്ങൾ തെറ്റായ രീതിയിൽ അല്ലെങ്കിൽ സിനിമയുടെ കമേർഷ്യൽ ആസ്പെക്ടസിൽ നിന്നിട്ടവർ ഉപയോഗിച്ചിട്ടുണ്ട്. അവർ ഇവിടെ എണ്ണത്തിൽ കുറച്ചേ ഉള്ളത് കൊണ്ട് അതിനെ പറ്റി ചോദിക്കുവാനോ പ്രതികരിക്കുവാനോ ആരും വരുന്നില്ല എന്നുള്ളതാണ് അതിന്റെ കാരണം. പക്ഷെ സിനിമയിൽ കാണുന്നതൊന്നും അല്ല ജൂതമതം.

മാളയിലെ ജൂതര്‍; ചരിത്രത്തിന്റെ അവശേഷിപ്പുകള്‍

സാറയ്ക്ക് പറയാൻ ഒരു വലിയ ചരിത്രമില്ലേ? ജൂതന്റെ മാത്രമല്ല, ഇന്ത്യയുടെ പോലും?

ന്യൂയോർക്കിൽ നിന്ന് വന്ന ഒരു സ്ത്രീ ഈ ഡോക്യുമെന്ററിയുടെ ഒരിടത്തു വെച്ച് ചോദിക്കുന്നുണ്ട്, നിങ്ങളെ ഞാൻ ന്യൂയോർക്കിലേക്ക് കൊണ്ട് പോകട്ടെ എന്ന്. അപ്പോൾ സാറ പറയുന്നത്, വേണ്ട, ഇതെന്റെ നാടാണ്, ഇതാണ് എന്റെ വീട് എന്നാണ്. ഇന്ത്യ എന്ന രാജ്യം ജൂതന്മാരോട് എക്കാലത്തും കാണിച്ചിട്ടുള്ള സ്നേഹം, കൊടുത്തിട്ടുള്ള പ്രാധാന്യം വളരെ വലുതാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സാറാന്റിയെ പോലെ ഇപ്പോഴും ആ ജൂതത്തെരുവിൽ താമസിച്ചു കൊണ്ടിരിക്കുന്ന ആളുകൾ.

ഇസ്രയേൽ-പലസ്തീൻ വിഷയത്തിൽ സാറയെന്ന ജൂത സ്ത്രീ എത്രത്തോളം ആശങ്കപ്പെടുന്നുണ്ട് ?

സാറ ആന്റി ഒരിക്കലും അതിനെ പറ്റിയൊന്നും ആശങ്കപ്പെടുന്നതായി തോന്നിയിട്ടില്ല. അവർ കൊച്ചിയിൽ സുരക്ഷിതയാണ്. സാറ ആന്റി ഒരിക്കലും തിരിച്ചു പോണമെന്ന് പറഞ്ഞതായി എനിക്കറിയില്ല. എവിടെയും ഒരിക്കലും ജൂതന്മാരും മുസ്ലിങ്ങളും ഒത്തു പോകിലെന്നത് വ്യാപകമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുള്ള ഒരു കാര്യമാണ്. അങ്ങനെയൊന്നുമല്ല എന്നതാണ് സത്യം.

അണിയറ പ്രവർത്തകർ?

ഇതിന്റെ പ്രൊഡ്യൂസർ തോമസ് കോട്ടക്കകം ദേശീയ അവാർഡ് കിട്ടിയ 101 ചോദ്യങ്ങൾ എന്ന സിനിമയുടെ പ്രൊഡ്യൂസർ ആണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണു തണ്ടാശ്ശേരി. അമൽ നീരദിന്റെയും സമീർ താഹിറിന്റെയും സിനിമകൾക്ക് വർഷങ്ങളായി സ്റ്റിൽ ഫോട്ടോഗ്രാഫർ ആണ്. ആൾ ആദ്യമായി സിനിമാട്ടോഗ്രഫി ചെയ്ത വർക്ക് ആണ് സാറ താഹാ തൗഫീഖ്. പശ്ചാത്തല സംഗീതം ചെയ്യുന്നത് പ്രശാന്ത് പിള്ള. ആമേനും, സോളോ, അങ്കമാലി ഡയറീസും ഈ.മ.യൗവും ബോളിവുഡ് ചിത്രം മുകാബാസ്ഉം കഴിഞ്ഞ് അദ്ദേഹം ചെയ്യുന്ന വർക്ക് ആണ് സാറ താഹാ തൗഫീഖ്. സൗണ്ട് ഡിസൈൻ ചെയ്യുന്നത് ജസ്റ്റിൻ ജോസ്. ഇന്ന് ഇന്ത്യൻ സിനിമയിലെ അനിഷേധ്യനായ സൗണ്ട് ഡിസൈനർ & മിക്സർ ആണദ്ദേഹം. ബാജിറാവു മസ്താനിയിലെ ശബ്ദവിന്യാസത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ മലയാളിയാണ് അദ്ദേഹം. ‘ഭാഗ് മിൽഖാ ഭാഗ്’, ‘ബാംഗ് ബാംഗ്’, ‘മദ്രാസ് കഫേ’, ‘ബാഹുബലി’, ‘തമാഷ’, ‘ഉഡത പഞ്ചാബ്’, ‘മോഹൻജൊദാരോ’, ‘സച്ചിൻ’ തുടങ്ങി പുറത്തിറങ്ങാനിരിക്കുന്ന ‘പദ്മാവതി’ വരെ അദ്ദേഹം സൗണ്ട് ചെയ്ത സിനിമകളാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖനായ വി എഫ് എക്സ് ആർട്ടിസ്റ്റ് സനത് ടി ജി ആണ് ആ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. പോസ്റ്റർ ചെയ്തതത് സന്തോഷ് ശിവൻ സിനിമകൾക്ക് സ്ഥിരമായി പോസ്റ്റർ ചെയുന്ന ജയറാം രാമചന്ദ്രൻ. എഡിറ്റിങ് ചെയ്യുന്നത് ലിജിൻ ചെറിയാൻ ജേക്കബ്. സ്ക്രിപ്റ്റിലും റിസേർച്ചിലും കൂടെ നിന്നത് ദുബൈയിൽ നിന്നുള്ള മാധ്യമ പ്രവർത്തക ശ്രീജ രവീന്ദ്രനാഥൻ. ഇവരെല്ലാം ഒരേ മനസോടെ കൂടെ നിന്നതു കൊണ്ട് സംഭവിച്ചതാണ് സാറ താഹ തൗഫീഖ്.

മാളയിലെ ജൂത ശേഷിപ്പുകള്‍ സംരക്ഷിക്കണം എന്നാവശ്യപ്പെടുന്നവരെ മുസ്ലീം വിരുദ്ധരാക്കുമ്പോള്‍

ഇത്രയും വലിയ കാന്‍വാസിലേക്ക് എങ്ങനെ എത്തിചേർന്നു?

അത് ഈ ഒരു വിഷയത്തിന്റെ ബലം കൊണ്ട് തന്നെയാണ്. കാരണം ഞാൻ ആരോടൊക്കെ ഇതിനെ പറ്റി പറഞ്ഞുവോ അവരൊക്കെ വളരെ എക്‌സൈറ്റഡ് ആയി ഇതിനോടൊപ്പം സഹകരിച്ചിട്ടെ ഉള്ളൂ. അത് ആ വിഷയത്തിന്റെ പ്രത്യേകതയാണ്. നമ്മുടെ ഈ കാലഘട്ടത്തിൽ ഇന്ത്യയിൽ ഏറ്റവും അധികം ഈ മതേതരത്വം ഒക്കെയാണ് പൊളിറ്റിക്കൽ സൈഡിൽ വിറ്റഴിക്കാവുന്ന ഒരു സാധനം. ഡോക്യുമെന്ററിക്കകത്ത് കൃത്യമായ നമ്മുടെ സമകാലീന രാഷ്ട്രീയം കടന്നു പോകുന്നുണ്ട്. അത് ഞാനായിട്ട് എവിടെയും ഉയർത്തിക്കൊണ്ട് വന്നതല്ല. സ്വാഭാവികമായി സംഭവിച്ചതാണ്. ഡോക്യുമെന്ററി ചെയ്യുമ്പോൾ ഉള്ള ഗുണവും അതാണ്. അത് കാലത്തെ അതിജീവിക്കും.

എങ്ങനെയാണ് ഡോക്യൂമെന്ററിയിലേക്ക് വരുന്നത്?

ഡിഗ്രിക്ക് ചെയ്തത് വിഷ്വല്‍ കമ്മ്യൂണിക്കേഷൻ ആണ്. പി.ജിക്ക് ചെയ്തത് ജേർണലിസം. പണ്ട് പഠിക്കുമ്പോള്‍ തന്നെ ഈയൊരു മേഖലയിലേക്ക് വരണമെന്നായിരുന്നു. വേറെ ഒരു ജോലിയും അറിയില്ല, ചെയ്തിട്ടില്ല. ഇത് തന്നെയാണ് ജീവിതം.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍