UPDATES

സിനിമാ വാര്‍ത്തകള്‍

‘അരാഷ്ട്രീയമെന്ന് വാദിക്കുന്നത് തെറ്റിദ്ധാരണ കൊണ്ട്, അന്ന് രാഷ്ട്രീയ നേതാക്കള്‍ കൈനീട്ടി സ്വീകരിച്ച പടമാണ് സന്ദേശം’; സത്യൻ അന്തിക്കാട് പറയുന്നു

അടുത്തിടെ ഹര്‍ത്താല്‍ നടത്താനായി ഇത് ഞങ്ങളുടെ ഡെഡ്ബോഡിയാണെന്ന് പറഞ്ഞ് ഏതോ ഒരു പാര്‍ട്ടി രക്തസാക്ഷിയെ ഉണ്ടാക്കുന്ന കാഴ്ച നമ്മള്‍ കണ്ടു.

സംവിധായകൻ ശ്യാം പുഷ്കർ നടത്തിയ സന്ദേശം സിനിമയെ കുറിച്ചുള്ള പരാമർശത്തെ തുടർന്ന് ചിത്രം വീണ്ടും ചർച്ചയായിരിക്കുന്ന സാഹചര്യമാണിന്ന്. ചിത്രം അരാഷ്ട്രീയത പ്രോത്സാഹിപ്പിക്കുന്ന ഒന്നാണെന്ന് പലരും പറയുമ്പോഴും അല്ലന്നാണ് സംവിധായകൻ സത്യൻ അന്തിക്കാട് പറയുന്നത്.

സന്ദേശം അരാഷ്ട്രീയത പ്രചരിപ്പിക്കുകയാണെന്ന് ഒരുവിഭാഗം ഇപ്പോഴും വാദിക്കുന്നത് തെറ്റിദ്ധാരണ കൊണ്ടാണെന്നാണ് അദ്ദേഹം പറയുന്നത്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ സംവാദത്തിൽ സംസാരിച്ചു കൊണ്ടാണ് സത്യൻ അന്തിക്കാട് നിലപാട് വ്യക്തമാക്കിയത്.

‘അന്ന്, ശരിക്കു പറഞ്ഞാല്‍ സന്ദേശം കൂടുതല്‍ ആളുകളിലേക്ക് എത്തിയത് കുറച്ച് വൈകിയാണ്. ബോക്സോഫീസില്‍ ആവറേജ് ഹിറ്റ് മാത്രമാണ്. സന്ദേശം അണികളുടെ കഥയാണ്. അല്ലാതെ മുഖ്യമന്ത്രിയോ ഒന്നും ഇല്ല, ആകെയൊരു യശ്വന്ത് സഹായി ഉണ്ട്. അങ്ങനെ നോക്കുമ്പോള്‍ അന്ന് രാഷ്ട്രീയ നേതാക്കള്‍ കൈനീട്ടി സ്വീകരിച്ച പടമാണ്. എം.എ. ബേബി, ബിനോയ് വിശ്വം, സെബാസ്റ്റ്യന്‍ പോള്‍, വി.എം. സുധീരന്‍ തുടങ്ങിയവരൊക്കെ ഇന്നും കാണുമ്പോള്‍ സന്ദേശത്തെപ്പറ്റി പറയാറുണ്ട്. അന്നൊക്കെ കുടുംബപ്രേക്ഷകര്‍ ഇത് രാഷ്ട്രീയ സിനിമയാണെന്ന് വിചാരിച്ച് കാണാതിരുന്നിട്ടുണ്ട്. ചില സ്ത്രീകള്‍ എന്നോട് പറഞ്ഞിട്ടുണ്ട് സിനിമയുടെ അവസാനം മാതുവിനെ കല്യാണം കഴിച്ചുകൊടുക്കുന്ന രംഗമൊക്കെ ഗംഭീരമായിരുന്നു ബാക്കി രാഷ്ട്രീയമല്ലേ എന്ന്. എന്നാല്‍ പിന്നീട് പടം വലിയ രീതിയില്‍ ചര്‍ച്ചയായി. സാധാരണ ജീവിതമാണ് സിനിമയായി മാറുന്നത്. എന്നാല്‍, സിനിമ തന്നെ ജീവിതമായ ചരിത്രമാണ് സന്ദേശത്തിന്റെത്. അടുത്തിടെ ഹര്‍ത്താല്‍ നടത്താനായി ഇത് ഞങ്ങളുടെ ഡെഡ്ബോഡിയാണെന്ന് പറഞ്ഞ് ഏതോ ഒരു പാര്‍ട്ടി രക്തസാക്ഷിയെ ഉണ്ടാക്കുന്ന കാഴ്ച നമ്മള്‍ കണ്ടു.’-സത്യൻ അന്തിക്കാട് പറയുന്നു

‘നിഷ്പക്ഷ വിഭാഗത്തില്‍പ്പെട്ടവരാണ് താനും ശ്രീനിവാസനും എന്നും . ചില തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വോട്ടുചെയ്യും കുറേ കഴിയുമ്പോള്‍ അയ്യോ ഇതല്ലല്ലോ നല്ലതെന്ന് വിചാരിച്ച് മറ്റേയിടത്ത് വോട്ടുചെയ്യും. അഞ്ചുകൊല്ലം കഴിയുമ്പോ അവരും നമ്മളെ നിരാശരാക്കും. മറ്റവരാണ് ഇതിനേക്കാള്‍ ഭേദം എന്നുവിചാരിച്ച് വീണ്ടും തിരിച്ചുവരും.

കോണ്‍ഗ്രസുകാര്‍ എപ്പോഴും കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാര്‍ എപ്പോഴും കമ്യൂണിസ്റ്റുകാരും ആയിരിക്കും. അതിനിടയ്ക്കുള്ള ആള്‍ക്കാരാണ് ഫലം നിര്‍ണയിക്കുന്നത്. അതില്‍പ്പെട്ടയാളാണ് ഞാനും ശ്രീനിവാസനുമൊക്കെ. പിന്നെ അരാഷ്ട്രീയത എന്നു പറയാന്‍ കാരണം സന്ദേശത്തില്‍ തിലകന്‍ അവസാനം പറയുന്ന ഡയലോഗുണ്ട്. രാഷ്ട്രീയം മതിയാക്കി ജോലിചെയ്യണമെന്നും പഠിക്കണമെന്നും. ഇതാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. തിലകന്‍ വ്യക്തമായി പറയുന്നുണ്ട് രാഷ്ട്രീയം നല്ലതാണ് അത് നല്ല ആള്‍ക്കാര്‍ ചെയ്യുമ്പോള്‍. ആദ്യം സ്വയം നന്നാകണം, എന്നിട്ട് കുടുംബം നന്നാക്കണം, അതിനുശേഷമാണ് നാട് നന്നാക്കേണ്ടത്. ഇത് അരാഷ്ട്രീയത ആണെങ്കില്‍ അരാഷ്ട്രീയത തന്നെയാണ്. സ്വയം നന്നാകാതെ വീട് നോക്കാതെ നാടു നന്നാക്കാം എന്നുപറഞ്ഞിറങ്ങുന്നവരോട് ഞങ്ങള്‍ക്ക് യോജിപ്പില്ല.’- സത്യൻ അന്തിക്കാട് പറയുന്നു

എന്തുകൊണ്ടാണ് സന്ദേശത്തിനു ഒരു തുടര്‍ച്ച നിങ്ങള്‍ ചിന്തിക്കാത്തത് എന്ന ചോദ്യത്തിന് അത് ഇതുവരെ ചെയ്തിട്ടില്ല എന്നുമാത്രമേ ഉള്ളൂ. എന്നാല്‍ എപ്പോഴും സംഭവിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എന്നാൽ അതിന്റെ തുടര്‍ച്ച എന്നുപറയാന്‍ പറ്റില്ലെന്നും കാരണം സന്ദേശം എന്ന സിനിമയുടെ കഥ പൂര്‍ണമായി കഴിഞ്ഞതായും സത്യൻ അന്തിക്കാട് പറയുന്നു. ജനങ്ങള്‍ക്ക് സഹിഷ്ണുത കുറഞ്ഞു. പണ്ട് വിമര്‍ശനത്തെ വിമര്‍ശനമായി കാണുന്നവര്‍ ഉണ്ടായിരുന്നു. പരിപ്പുവടയും കട്ടന്‍ചായയും കൊണ്ടുവാ എന്നു പറയുമ്പോള്‍ ചിരിച്ചുകൊണ്ട് അത് ഉള്‍ക്കൊണ്ടിരുന്നു. ഇന്ന് ചെറുതായി വിമര്‍ശിക്കുമ്പോള്‍ അത് അവര്‍ക്ക് പൊള്ളുകയും പെട്ടെന്ന് പ്രതികരിക്കുകയും ചെയ്യുന്നു. സന്ദേശംപോലെ ഒരു സിനിമ ഇന്ന് ചെയ്താല്‍ എന്റെ വീടിന് മുന്നില്‍ ജാഥയും സമരവുമായിരിക്കും- സത്യൻ അന്തിക്കാട് കൂട്ടി ചേർത്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍