UPDATES

സിനിമ

ഐ എഫ് എഫ് കെ ഒതുക്കിയ സിനിമയെ ഐ എഫ് എഫ് ഐ എടുക്കണം എന്ന് പറയാൻ നമുക്കെന്തവകാശം?

സെക്സി ദുർഗ്ഗയും സെക്‌സിയല്ലാത്ത തെരഞ്ഞെടുപ്പുകളും

നാല്പതിലധികം അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും റൊട്ടേർഡാം ഫെസ്റ്റിവലിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ടൈഗർ പുരസ്കാരമടക്കം (ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന സവിശേഷതയോടെ) വിവിധ ഫെസ്റ്റിവലുകളിൽ നിന്ന് നിരവധി അവാർഡുകൾ നേടുകയും ചെയ്ത മലയാള സിനിമയാണ് സനൽ കുമാർ ശശിധരന്റെ ‘സെക്സി ദുർഗ’ എന്ന ‘എസ് ദുർഗ’. ഈ വർഷം ഇത്രയധികം മേളകളിൽ പങ്കെടുക്കുകയും പുരസ്‌കാരങ്ങൾ നേടുകയും ചെയ്ത മറ്റൊരു ഇന്ത്യൻ ചിത്രമുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. വിചിത്രം എന്ന് പറയട്ടെ, ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ, ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന രണ്ട് അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും- IFFI,IFFK- ഈ ചിത്രത്തിന്റെ പ്രദർശനം ഉണ്ടാവുകയില്ല. IFFIയിൽ ഇന്ത്യൻ പനോരമ ജൂറി തെരഞ്ഞെടുത്ത സിനിമയെ ഐ&ബി മന്ത്രാലയം അവസാന ലിസ്റ്റിൽ നിന്ന് വെട്ടുകയായിരുന്നെങ്കിൽ IFFKയിൽ അർഹിക്കുന്ന പരിഗണന ചിത്രത്തിന് നൽകിയില്ല എന്ന പരാതിയോടെ സംവിധായകൻ തന്നെ പിൻവലിക്കുകയായിരുന്നു. അന്താരാഷ്ട്രതലത്തിൽ ഏറെ അംഗീകാരങ്ങൾ നേടിയ ഒരു സിനിമയ്ക്ക് അതിന്റെ നാട്ടിലെ മേളകളിൽ ഇടം പിടിക്കാനാവാതെ പോകുന്നത് എന്തുകൊണ്ടായിരിക്കും?

ഈ സിനിമ പ്രഖ്യാപിക്കപ്പെട്ടപ്പോൾ മുതൽ ഹിന്ദുത്വ ശക്തികളുടെ ഭാഗത്ത് നിന്ന് പ്രകടമായ എതിർപ്പ് ഉണ്ടായിരുന്നതാണ്. സംഘപരിവാറിന്റെ സൈബർ പോരാളികൾ മുതൽ വലിയ നേതാക്കൾ വരെ സിനിമക്കെതിരെ,സിനിമയുടെ പേരിനെതിരെ രംഗത്ത് വരുകയുണ്ടായി. ദുർഗ്ഗയെ സെക്സിയായി ചിത്രീകരിക്കുന്നു എന്ന മട്ടിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കൊണ്ട് സിനിമയ്ക്കും സംവിധായകനും നേരെ അസഭ്യവർഷം ഉണ്ടായി. അതിന്റെ തുടർച്ചയായി ആണ് സെൻസറിംഗ് ആയി ബന്ധപ്പെട്ട പ്രശ്നങ്ങളും സെക്സിയെ ‘എസ്’ ആക്കി വെട്ടലും ഏറ്റവും ഒടുവിൽ ഇന്ത്യൻ പനോരമയിൽ ഉൾപ്പെടുത്താതിരിക്കലും ഒക്കെ നടക്കുന്നത്. ഒരർത്ഥത്തിൽ കേന്ദ്രം ഭരിക്കുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികൾ അവരെക്കൊണ്ട് കഴിയും വിധം തകർക്കാൻ ശ്രമിച്ച, ശ്രമിച്ചു കൊണ്ടിരിക്കുന്ന സിനിമയാണ് സെക്സി ദുർഗ. അതുകൊണ്ട് തന്നെ ഇത് അപ്രതീക്ഷിതമായിരുന്നില്ല എന്ന് സംവിധായകൻ പറയുന്നു.
“Actually I am not feeling any kind of grievance in the removal of Sexy Durga from the final jury list of Indian Panorama by the BJP government. I cant expect anything less from them.” (സനലിന്റെ ഫേസ്ബുക്ക് പോസ്റ്റ്)

കേരളം ഇപ്പോൾ ഏറ്റവും ദേശീയ ശ്രദ്ധ ആകർഷിക്കുന്നത് അതിന്റെ ഹിന്ദുത്വ വിരുദ്ധ, ബിജെപി വിരുദ്ധ, മോദി വിരുദ്ധ നിലപാടുകൾ കൊണ്ടാണ്. ദേശീയ മാധ്യമങ്ങളടക്കം പറയുന്നത് മോദി സർക്കാരിനെ നേരിടാൻ നിലവിൽ കേരളത്തിലെ ഇടതുപക്ഷ സർക്കാരിനേ കഴിയുന്നുള്ളൂ എന്നാണ്. അതാവട്ടെ വെറുതെ പറയുന്നതുമല്ല. പല കാര്യങ്ങളിലും ‘ഞങ്ങൾ നിങ്ങളുടെ എതിർപക്ഷത്താണ്’ എന്ന് കേരളം മോദി സർക്കാരിനോട് കൃത്യമായി പറഞ്ഞിട്ടുണ്ട്. ജുനൈദ്, അഖ്‌ലാഖ്, രോഹിത് വെമുല, ജെഎൻയു തുടങ്ങി ഏറ്റവും ഒടുവിൽ താജ്മഹൽ ഇഷ്യു വരെ കേരളത്തിന്റെ നിലപാടുകൾ കേന്ദ്രത്തിലെ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ ഉള്ളതാണ്. രാഷ്ട്രീയമണ്ഡലത്തിൽ മാത്രമല്ല, കലാസാംസ്കാരിക മേഖലകളിലെയും ഹിന്ദുത്വ ശക്തികളുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കുക തന്നെ ചെയ്യും എന്ന നിലപാടാണ് എല്ലായ്പോഴും കേരളത്തിന്റേത്.

സെക്സി ദുര്‍ഗ്ഗ ഇനി ഹിന്ദുത്വയെ തുളയ്ക്കുന്ന ‘S’ കത്തിയാണ് സംഘപരിവാറുകാരേ…

അങ്ങനെയുള്ള കേരളം സെക്‌സി ദുർഗ്ഗയെ എന്തുചെയ്യുമെന്നാണ് നമ്മൾ പ്രതീക്ഷിക്കുക? കേന്ദ്രം തകർക്കാൻ ശ്രമിക്കുന്ന ഒരു മലയാള സിനിമയുടെ പ്രദർശനം ഏറ്റവും ശ്രദ്ധയാകർഷിക്കുന്ന തരത്തിൽ നടത്താനുള്ള തീരുമാനം ഉണ്ടാവുമെന്ന്, അല്ലേ? ആ സിനിമയ്ക്ക് കേരളത്തിൽ ഒരു ഗ്രാൻഡ് ഓപ്പണിംഗ് കിട്ടുമെന്ന്. അത് കൃത്യമായ ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് കൂടെ ആവുന്നുണ്ട്. ഖേദകരമെന്ന് പറയട്ടെ, സെക്‌സി ദുർഗ്ഗയുടെ കാര്യത്തിൽ സംഭവിക്കുന്നത് പക്ഷെ തിരിച്ചാണ്. കേരളാ അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ ആ സിനിമയ്ക്ക് ഇടം ലഭിക്കുന്നത് ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇന്നത്തെ മലയാള സിനിമ എന്നതാണ് ആ വിഭാഗത്തിൽ വരുന്ന സിനിമകളുടെ ഐഡന്റിറ്റി. ഈ വർഷം ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെടുന്ന മറ്റ് ചില സിനിമകൾ അങ്കമാലി ഡയറീസ്, ടേക്ക് ഓഫ്,തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കറുത്ത ജൂതൻ എന്നിവയാണ്. കൾട്ട്, ഇന്റർനാഷണൽ, റിയലിസ്റ്റിക്, ആർട്ട് ഹൗസ് എന്നൊക്കെ നമ്മൾ വിളിക്കുന്ന നമ്മുടെ സിനിമകളെ മറുനാടൻ പ്രേക്ഷകരിലേക്ക് എത്തിച്ചു കൊടുക്കുന്ന വിഭാഗമാണെന്നു പറയാം (അതൊരു കൃത്യമായ നിർവചനമല്ല.എന്നാൽ കഴിഞ്ഞ കുറച്ച് മേളകളായി കാര്യങ്ങൾ അങ്ങനെയൊക്ക ആണ്). ഒരുപാട് വിദേശ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെടുകയും അവാർഡുകൾ നേടുകയും ചെയ്ത സെക്സി ദുർഗ എന്ന സിനിമ ഒരു കാരണവശാലും ആ വിഭാഗത്തിൽ പെടുന്ന സിനിമയല്ല. സെക്സി ദുർഗ ‘മലയാള സിനിമ ഇന്ന’ല്ല. അത് വേൾഡ് സിനിമയിലെ ‘മലയാള സിനിമ’ ആണ്. വേൾഡ് സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ മാത്രം മലയാള സിനിമ വളർന്നിട്ടില്ല എന്ന അപകർഷതാബോധമോ അക്കാദമിയ്ക്ക് സനൽ കുമാർ എന്ന വ്യക്തിയോടുള്ള പ്രശ്നങ്ങളോ ആയിരിക്കാം ഈ സിനിമ അവഗണിക്കപ്പെടാൻ കാരണമായത്. പൊളിറ്റിക്കലി ആ സിനിമയ്ക്ക് കിട്ടേണ്ടുന്ന ഒരു ബൂസ്റ്റ് ഉണ്ട്. അത് കിട്ടുന്നില്ലെന്ന് മാത്രമല്ല, ആ സിനിമ കലാപരമായി അതിന്റെ മേന്മ കൊണ്ട് അർഹിക്കുന്ന പരിഗണന പോലും കേരള ചലച്ചിത്ര അക്കാദമി അതിന് നൽകുന്നില്ല. ഇത്തരം ചെയ്തികൾ അക്കാദമിയ്ക്കോ മലയാള സിനിമയ്ക്കോ ഗുണം ചെയ്യുന്ന ഒന്നല്ല എന്നുറപ്പാണ്. ഇങ്ങനെയൊരു അവഗണന നേരിടേണ്ടി വന്നതിനെ തുടർന്നാണ് സനൽ തന്റെ സിനിമ ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ താല്പര്യമില്ല എന്നും ആ സിനിമ അർഹിക്കുന്ന പരിഗണന ലഭിക്കുന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കാം എന്നും അക്കാദമിയ്ക്ക് എഴുതുന്നത്. അതയാളുടെ അഹങ്കാരമല്ല. തന്റെ കലാസൃഷ്ടിയ്ക്ക് ലോകം നൽകിയ അംഗീകാരങ്ങളിൽ നിന്നുണ്ടാവുന്ന ആത്മവിശ്വാസമാണ്. അത് ‘മലയാളം’ എന്ന വിഭാഗത്തോടുള്ള അവജ്ഞയല്ല. തന്റെ സൃഷ്‌ടി എവിടെ നിൽക്കുന്നു എന്ന ബോധ്യമാണ്.

സെക്‌സി ദുര്‍ഗയും നൂഡും: പഴയ പൈങ്കിളി നായികയ്ക്ക് മനസിലാകില്ല ഈ സിനിമകള്‍

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ പ്രേക്ഷകരായി എത്തുന്ന മേളയാണ് ഐ എഫ് എഫ് കെ. പക്ഷെ, ഒരു മലയാളസിനിമ ഇത്തരത്തിൽ നേരിടേണ്ടി വരുന്ന അവഗണനയ്‌ക്കെതിരെ കാര്യമായ പ്രതിഷേധ ശബ്ദങ്ങളൊന്നും ഉണ്ടാവുന്നില്ല എന്നത് ആലോചിക്കപ്പെടേണ്ടതാണ്. മറ്റ് പല വിഷയങ്ങളിലും വളരെ ശക്തമായി ഇടപെടുന്ന മലയാളി പൊതുബോധം എന്തു കൊണ്ടാണ് സെക്‌സി ദുർഗ്ഗയെ കണ്ടില്ലെന്ന് നടിക്കുന്നത്? സോഷ്യൽ മീഡിയയിൽ പലപ്പോഴായി കണ്ടു വരുന്ന ഒരാക്ഷേപം ഈ ചോദ്യത്തിന് മറുപടി ആയേക്കും. “സനൽ കുമാർ സംഘപരിവാർ അനുകൂലിയാണ്” എന്നതാണ് അത്. സനലിന്റെ രാഷ്ട്രീയം എന്താണെന്ന് എനിക്കറിയില്ല.അയാളുടെ രാഷ്ട്രീയം എന്ത് തന്നെയായാലും അതാവരുത് അയാളുടെ കലാസൃഷ്ടിയുടെ അളവുകോൽ. തന്റെ സിനിമയ്ക്ക് സെക്സി ദുർഗ എന്ന് പേരിട്ടതിന് നോർത്തിന്ത്യൻ സംഘികളിൽ നിന്ന് നിരന്തരം ‘ബെഹൻ*ദ്’ ‘മദർ*ദ്’ വിളികൾ കേൾക്കേണ്ടി വരുന്ന ആൾ കേരളത്തിൽ എത്തുമ്പോൾ സംഘിയാവുന്നത് എങ്ങനെയാണെന്ന് മാത്രം മനസിലാവുന്നില്ല. സംഘപരിവാർ വിരുദ്ധമാണ് എന്ന ഒറ്റക്കാരണം കൊണ്ടാണ് സെക്സി ദുർഗ ഐ എഫ് എഫ് ഐയിൽ നിന്ന് പുറത്താവുന്നത്. ആ ഒരൊറ്റക്കാരണം മാത്രം മതി ആ സിനിമയെ സപ്പോർട്ട് ചെയ്യാൻ. പക്ഷേ ഐ എഫ് എഫ് കെ ഒതുക്കിയ സിനിമയെ ഐ എഫ് എഫ് ഐ എടുക്കണം എന്ന് പറയാൻ നമുക്കെന്താവകാശം?

നൂഡിന് വേണ്ടി മറാത്തികള്‍ ഐഎഫ്എഫ്‌ഐ ബഹിഷ്‌കരിക്കുന്നു; സെക്‌സി ദുര്‍ഗയ്ക്ക് വേണ്ടി മലയാളികളോ?

ഋത്വിക് ജി ഡി

ഋത്വിക് ജി ഡി

ചലച്ചിത്ര നിരൂപകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍