‘തൊട്ടപ്പൻ നല്ലതാണെങ്കിൽ ആളുകൾ കാണും. ചില ആളുകളെ പേടിച്ച് കലാപ്രവർത്തനം നടത്താതിരിക്കാൻ പറ്റില്ലല്ലോ’
വിനായകൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘തൊട്ടപ്പൻ’ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ബിജെപി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്ന വിനയകന്റെ പ്രസ്താവനക്കെതിരെ സംഘപരിവാർ അനുകൂലികളുടെ വലിയ സോഷ്യൽ മീഡിയ ആക്രമണങ്ങളാണ് ഉണ്ടായത്. ‘ഇനി നിന്റെ സിനിമ ആരും കാണില്ലെ’ന്നാണ് അക്കൂട്ടരുടെ ഭീഷണി. വിനായകന്‍ നടത്തിയ അഭിപ്രായ പ്രകടനത്തെ വിമര്‍ശിച്ച് നടന്ന വംശീയ സൈബര്‍ ആക്രമണങ്ങളില്‍ നിരവധി പേർ പിന്തുണ നൽകിയും രംഗത്തെത്തിയിരുന്നു. എന്നാൽ ഇത്തരം പ്രചാരണങ്ങളോ കമന്റുകളോ സിനിമയെ ബാധിക്കില്ലെന്നാണ് തൊട്ടപ്പന്റെ സംവിധായകൻ ഷാനവാസ് കെ ബാവക്കുട്ടി പറയുന്നത്.
ഒരു വ്യക്തിയുടേത് മാത്രമല്ല സിനിമയെന്നും സിനിമ നല്ലതാണെങ്കിൽ പ്രേക്ഷകർ ഏറ്റെടുക്കുമെന്നും സിനിമാ രംഗത്തെ സംഘടനകൾ ഈ വിഷയത്തിൽ മൗനത്തിലായിരുന്നെനും സംവിധായകൻ ഷാനവാസ് കെ ബാവക്കുട്ടി അഴിമുഖത്തോട് പറഞ്ഞു.
‘വിനായകന് ഈ വിഷയത്തിൽ ആശങ്കകളോ ടെൻഷനോ ഇല്ല. സിനിമ ഒരു വ്യക്തിയുടെ മാത്രമല്ല. ഇത്തരം വിവാദങ്ങൾ സിനിമയെ ബാധിക്കില്ല. തൊട്ടപ്പൻ നല്ലതാണെങ്കിൽ ആളുകൾ കാണും. ചില ആളുകളെ പേടിച്ച് കലാപ്രവർത്തനം നടത്താതിരിക്കാൻ പറ്റില്ലല്ലോ,’ സംവിധായകൻ ഷാനവാസ് കെ ബാവക്കുട്ടി പറയുന്നു.
സിനിമാ രംഗത്തെ പ്രമുഖരോ സംഘടനകളോ പ്രതികരിച്ചില്ലെങ്കിലും ജനങ്ങൾ പ്രതികരിച്ചുവെന്ന് ഷാനവാസ് പറയുന്നു. ‘വിനായകൻ എന്ന കലാകാരനെ ഒരു വിഭാഗം ഒറ്റപ്പെടുത്താൻ നോക്കിക്കിയപ്പോൾ കേരളം ഒറ്റകെട്ടായി വിനായകനെ പിന്തുണച്ചു. സംഘടനകളല്ല ജനങ്ങളാണ് വലുത്. സംഘടനകളുടെ പ്രതികരണങ്ങളെക്കാൾ ജനങ്ങളുടെ പ്രതികരണമാണ് വലുത്. തൊട്ടപ്പൻ നല്ല സിനിമയാണെങ്കിൽ പ്രേക്ഷകർ ഏറ്റെടുക്കുമെന്ന വിശ്വാസമുണ്ട്,’ സംവിധായകൻ വിശദീകരിച്ചു.
താനൊരു ഇടതുപക്ഷ സഹയാത്രികനാണെന്നും അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ഫലം തന്നെ ഞെട്ടിച്ചുവെന്നാമായിരുന്നു വിനായകൻ പറഞ്ഞത്. ഇതാണ് സംഘപരിവാർ അനുകൂലികളെ പ്രകോപിപ്പിച്ചിരിക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് ജനം ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന്റെ തകര്‍ച്ച ആശങ്കപ്പെടുത്തുന്നതാണ്. ബി.ജെ.പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിനായകന്‍ പറയുകയുണ്ടായി. തനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടെന്നും എന്നാല്‍ രാഷ്ട്രീയം തൊഴിലാക്കാനില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
‘തൊട്ടപ്പൻ’ എന്ന ഫ്രാന്‍സിസ് നൊറോണയുടെ ചെറുകഥയുടെ സ്വതന്ത്രാവിഷ്‌കാരമാണ് ഷാനവാസിന്റെ സിനിമ. പ്രണയത്തിനും ആക്ഷനുമൊപ്പം ഗ്രാമീണ കൊച്ചിയുടെ സൗന്ദര്യവും സംസ്‌കാരവും ഉള്‍കൊള്ളുന്ന സിനിമയാണ് തൊട്ടപ്പന്‍. പി എസ് റഫീഖാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മുഴുനീള നായകനായി വിനായകന്‍ ആദ്യമായെത്തുന്ന ചിത്രവുമാണിത്. കൊച്ചി ആസ്പദമാക്കി മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുള്ള സിനിമകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും തൊട്ടപ്പനെന്ന് നേരത്തെ ഷാനവാസ് ബാവക്കുട്ടി പറഞ്ഞിരുന്നു.
സുരേഷ് രാജന്‍ ഛായാഗ്രഹം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജിതിന്‍ മനോഹരമാണ് എഡിറ്റര്‍. അന്‍വര്‍ അലി, പി.എസ്. റഫീഖ്, അജീഷ് ദാസന്‍ എന്നിവര്‍ ഒരുക്കുന്ന ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് പൂമരത്തിലൂടെ ശ്രദ്ധേയനായ ലീല എല്‍. ഗിരീഷ്‌കുട്ടന്‍ ആണ്. പശ്ചാത്തല സംഗീതം-ജസ്റ്റിന്‍ വര്‍ഗീസ്. പട്ടം സിനിമ കമ്പനിയുടെ ബാനറില്‍ ദേവദാസ് കാടഞ്ചേരിയും ഷൈലജ മണികണ്ഠനും ചേര്‍ന്ന് നിർമിക്കുന്നത്.