UPDATES

സിനിമാ വാര്‍ത്തകള്‍

ഓട്ടോയിലും പഴയ സ്‌കൂട്ടറിലും വന്നിരുന്ന ആ മെലിഞ്ഞ പയ്യന്‍ ഇന്നു യാത്ര ചെയ്യുന്നത് റോള്‍സ് റോയിസില്‍, പ്രതിഫലം കോടികള്‍

അയ്യായിരം രൂപയാണ് ആദ്യമായി കൈയില്‍വച്ചു കൊടുക്കുന്നത്

ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ സംവിധായകന്‍ എന്ന വിശേഷണമാണ് ഷങ്കറിന്. ജെന്റില്‍മാന്‍ മുതല്‍ ഐ വരെയുള്ള സിനിമകളെല്ലാം കോടികള്‍ മുടക്കി കോടികള്‍ വാരിയ സിനിമകള്‍. ഷങ്കര്‍ സിനിമകള്‍ പ്രേക്ഷകര്‍ക്ക് എന്നും അവിശ്വസനീയമായ കാഴ്ചകളാണ്. പുറത്തിറങ്ങാനിരിക്കുന്ന യന്തിരന്‍ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പുപോലും ഷങ്കര്‍ എന്ന സംവിധായകനില്‍ പ്രതീക്ഷയര്‍പ്പിച്ചുള്ളതാണ്. സിനിമയുടെ വാനം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന ഷങ്കറിനെ ആദ്യമായി സംവിധായകന്‍ ആക്കുന്നത് നിര്‍മാതാവ് കെ ടി കുഞ്ഞുമോനാണ്. കുഞ്ഞുമോന്‍ നിര്‍മിച്ച വസന്തകാല പറവ എന്ന ചിത്രത്തില്‍ സംവിധായകന്‍ പവിത്രന്റെ അസിസ്റ്റന്റായിരുന്നു ഷങ്കര്‍. ആ ബന്ധമാണ് പുതിയ ചിത്രത്തിന്റെ സംവിധായകനായി ഷങ്കറിനെ തെരഞ്ഞെടുക്കാന്‍ കുഞ്ഞുമോനെ പ്രേരിപ്പിച്ചത്. പുതിയലക്കം വനിതയില്‍ നല്‍കിയ അഭിമുഖത്തില്‍ ആ കാര്യം കുഞ്ഞുമോന്‍ പറയുന്നുണ്ട്; ഞാന്‍ നിര്‍മിച്ച വസന്തകാല പറവൈ എന്ന സിനിമയില്‍ അസിസ്റ്റന്റായിരുന്നു ഷങ്കര്‍. ഒരു മെലിഞ്ഞ പയ്യന്‍. പക്ഷേ അവന്റെ ഉള്ളില്‍ തീയുണ്ടെന്ന് അന്നേ മനസ്സിലായി.

സംവിധായകനായ ഷങ്കറിന് പ്രതിഫലത്തിന്റെ അഡ്വാന്‍സായി നല്‍കുന്നത് അയ്യായിരം രൂപയായിരുന്നുവെന്ന് കുഞ്ഞുമോന്‍ ഓര്‍ക്കുന്നു. ഇത് അഞ്ചുകോടി മാതിരി, നീ കയറി വരും; അയ്യായിരം രൂപ നല്‍കികൊണ്ട് അന്നു പറഞ്ഞ വാക്കുകള്‍ കുഞ്ഞുമോന്‍ ആവര്‍ത്തിക്കുന്നു. അതു സത്യമായി. അന്നൊക്കെ എന്നെ കാണാന്‍ ഓട്ടോയിലും പഴയ സ്‌കൂട്ടറിലുമൊക്കെ വന്ന ഷങ്കര്‍ ഇന്നു യാത്ര ചെയ്യുന്നത് റോള്‍സ് റോയിസിലാണ്. കോടികള്‍ പ്രതിഫലം വാങ്ങുന്നു. എന്റെ കൈ കൊണ്ടു കൊടുത്ത ആദ്യ പ്രതിഫലം മോശമായില്ല; കുഞ്ഞുമോന്റെ വാക്കുകള്‍.

ആദ്യ സിനിമ ചെയ്യുമ്പോള്‍ തന്നെ അതില്‍ എന്തും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം താന്‍ കൊടുത്തിരുന്നുവെന്നും കഞ്ഞുമോന്‍ പറയുന്നു. ഒരു സീനില്‍ നായകന്‍ അര്‍ജുന്‍ ബൈക്ക് ഓടിച്ച് ട്രെയിന്‍ ചെയ്‌സ് ചെയ്യണം. ട്രെയിനിന്റെ മുകളിലൂടെ ബൈക്ക് ചാടിക്കുന്നത് കൂടുതല്‍ നന്നാവും എന്നു ഞാന്‍ നിര്‍ദേശിച്ചു. അതിനുവേണ്ടി കൂറ്റന്‍ സെറ്റിട്ടു. ഞാന്‍ കൊടുത്ത ഫെസിലിറ്റി, കോണ്‍ഫിഡന്‍സ്…ഷങ്കറിന്റെ വിജയത്തില്‍ അതും കൂടിയുണ്ട്; കെ ടി കുഞ്ഞുമോന്‍ ചൂണ്ടിക്കാണിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍