UPDATES

സിനിമ

മഞ്ജുവാര്യര്‍ മികച്ച നടിയായതുകൊണ്ടല്ല ആദരിക്കപ്പെടുന്നത്; തന്റേടം കണ്ടെത്തിയതുകൊണ്ടാണ്

വിധേയത്വമാണ് പിടിച്ചു നില്‍ക്കാന്‍ വേണ്ടെതെന്ന മുന്‍ധാരണയില്‍ കുരുങ്ങി നില്‍ക്കുന്ന സിനിമപ്രവര്‍ത്തകരെയാണ് ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ ഉടനീളം കണ്ടതെന്ന് പ്രശസ്ത എഴുത്തുകാരി ശാരദക്കുട്ടി

മഞ്ജുവാര്യര്‍ക്ക് ഇന്നു ലഭിക്കുന്ന അംഗീകാരം അവര്‍ മലയാളം കണ്ട എക്കാലത്തേയും മികച്ച നടി എന്നതുകൊണ്ടല്ല. മറിച്ച് വീടും കുടുംബവും ഉപേക്ഷിച്ച് ഒരു നടി എന്ന നിലക്ക് തന്റേതായ ഇടം കണ്ടെത്തി അവിടെ ഇരിപ്പിടം ഉറപ്പിച്ചുവെന്നതുകൊണ്ടാണെന്ന് എസ് ശാരദക്കുട്ടി നീരിക്ഷിക്കുന്നു. മാതൃഭൂമി ദിനപത്രത്തിന്‍റെ ചിത്രഭൂമി സിനിമാ സ്‌പെഷ്യലില്‍ പ്രസിദ്ധീകരിച്ച ശാരദക്കുട്ടിയുടെ ലേഖനത്തിലാണ് ശ്രദ്ധേയമായ നിരീക്ഷണം. ബുദ്ധിയും വിവേകവും ഉപയോഗിച്ച് സൂക്ഷിച്ച് നീങ്ങിയാല്‍ മാത്രമേ സിനിമാ മേഖലയയില്‍ കാലുറപ്പിക്കാനാവുവെന്ന പ്രബുദ്ധത മഞ്ജുവാര്യര്‍ക്കുണ്ടായെന്നും ശാരദക്കുട്ടി നിരീക്ഷിക്കുന്നു. ലേഖനത്തിലെ പ്രസക്തഭാഗങ്ങള്‍:

‘നി നിന്റെ ബുദ്ധിയെ ഉപയോഗിക്കാന്‍ ധൈര്യം കണ്ടെത്തുക’ എന്നതാണ് പ്രബുദ്ധതയുടെ മുദ്രാവാക്യമെന്ന ഇമാനുവല്‍ കാന്റിന്റെ പ്രസക്തമായ വാചകത്തോടാണ് നടി മഞ്ജുവിന്റെ സവിശേഷതയെ ശാരദക്കുട്ടി ലേഖനത്തില്‍ ഉപമിക്കുന്നത്. പ്രബുദ്ധതയ്ക്ക് ആവശ്യമായ ഏകസംഗതി സ്വാതന്ത്ര്യമാണ്. ചതിയുടേയും കുതികാല്‍ വെട്ടിന്റേയും ലോകത്ത്, അപക്വമായി സമയോചിതമല്ലാതെ ഉപയോഗിക്കുന്ന ഒരു വാക്കുപോലും തനിക്ക് തിരിച്ചടിയാകാമെന്ന വിവേകത്തോടെ പെരുമാറുന്ന ഒരു അഭിനേത്രി, തന്റെ മേഖലയിലെ അപ്രമാദിത്വരൂപങ്ങള്‍ക്കൊപ്പവും എതിരായും നിന്നു പൊരുതുന്ന കാഴ്ച മലയാള ചലച്ചിത്രലോകം ഒരു പക്ഷെ, ആദ്യമായി കാണുകയാണ്. കുടുംബത്തില്‍ പീഡിപ്പിക്കപ്പെടുന്നവള്‍ എന്ന പ്രതിച്ഛായയില്‍ നിന്നു സ്വയം കുതറി പുറത്തേക്കിറങ്ങുവാനും സമരം ചെയ്ത് മുന്നോട്ട് നീങ്ങുവാനും മറ്റു കലാകാരികള്‍ക്ക് പ്രചോദനം നല്‍കുവാനും മഞ്ജുവാര്യര്‍ക്ക് കഴിഞ്ഞുവെന്നും ശാരദക്കുട്ടി വിലയിരുത്തുന്നു. ഇങ്ങനെ തൊഴില്‍ മേഖലയില്‍ നിന്നും പീഡനം അനുഭവിച്ചുവെന്ന പ്രതിച്ഛായയില്‍ നിന്നും കൊച്ചിയില്‍ പീഡനം അനുഭവിച്ച നടിയും മോചിതയായി. അവരെ പിന്തുണച്ച് ഒറ്റക്കെട്ടായി മറ്റു സ്ത്രീകളും അണിനിരന്നു. ആശ്രയത്വത്തില്‍ നിന്ന്, രക്ഷാകര്‍തൃസ്ഥാനിയരുടെ ആവശ്യകതയില്‍ നിന്നുമുളള മോചനമായാണ് ശാരദക്കുട്ടി ഇതിനെ കാണുന്നത്. സ്വന്തം സ്വാതന്ത്ര്യത്തെ ഉപയോഗിക്കാനുളള ധൈര്യക്കുറവാണ് പലരുടേയും ആശ്രയത്വത്തിനു കാരണമെന്നും ശാരദക്കുട്ടി പൊതുവായി പറയുന്നു. ബുദ്ധിയെ പരസ്യമായി പ്രയോഗിക്കാനുളള സ്വാതന്ത്ര്യമാണ് യാഥാര്‍ത്ഥ സ്വാതന്ത്ര്യമെന്നും ശാരദക്കുട്ടി നിരീക്ഷിക്കുന്നു. വിധേയത്വമാണ് പിടിച്ചു നില്‍ക്കാന്‍ വേണ്ടതെന്ന മുന്‍ധാരണയില്‍ കുരുങ്ങി നില്‍ക്കുന്ന സിനിമപ്രവര്‍ത്തകരെയാണ് ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ ഉടനീളം കണ്ടതെന്നും ശാരദക്കുട്ടി പറയുന്നു.

ഇതിനു പുറമെ, മമ്മുട്ടിയുടേയും മോഹന്‍ലാലിന്റേയും പ്രായം സൂചിപ്പിച്ച തരത്തില്‍ സംഭാഷണം നടത്തിയതിന് വിനീത് ശ്രീനിവാസനും ലിച്ചിക്കുമെതിരെ ഫാന്‍സ് അസോസിയേഷനുകള്‍ അസഭ്യവര്‍ഷം നടത്തിയതിനേയും ശാരദക്കുട്ടി സാമൂഹ്യശാസ്ത്രവിശകലനം നടത്തുന്നുണ്ട് ലേഖനത്തില്‍. നാം നേടിയെടുത്തുവെന്ന് അവകാശപ്പെടുന്ന പുരോഗമന ആശയങ്ങളും നവോത്ഥാന മുന്നേറ്റവും നമ്മെ വേണ്ട വിധം പരിവര്‍ത്തനം നടത്തിയിട്ടുണ്ടോയെന്ന് അവര്‍ ചോദിക്കുന്നു. നമ്മുടെ സമൂഹ മനസ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നതെങ്ങനെയെന്ന് അവര്‍ അത്ഭുതപ്പെടുന്നു. നമ്മുടെ പൊതുബോധത്തിനുമേല്‍ നമ്മുടെ പുരോഗമന രാഷ്ടീയ പ്രസ്ഥാനങ്ങളും സാഹിത്യപ്രസ്ഥാനങ്ങളും സംസ്‌കാരവും എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നതിനെ കുറിച്ചു തിരിച്ചറിവുകളുണ്ടാകണമെന്ന് ശാരദക്കുട്ടി ലേഖനത്തില്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ലിച്ചിക്ക് താന്‍ പറഞ്ഞത് എന്തായിരുന്നു എന്നും അതെങ്ങനെയാണ് മാധ്യമങ്ങള്‍ വളച്ചൊടിച്ചതെന്നും വിശദീകരിച്ച് ആരാധകരോട് മാപ്പ് പറഞ്ഞ് പൊട്ടിക്കരയേണ്ടിവന്ന അവസ്ഥ എന്താണ് സൂചിപ്പിക്കുന്നതെന്നും ശാരദക്കുട്ടി വിശദമാക്കുന്നുണ്ട്. ആരെയാണ് ലിച്ചി ഭയപ്പെടുന്നത്? ആരാധകരുടെ അസഭ്യവര്‍ഷത്തെയോ അതോ സൂപ്പര്‍ താരത്തിന്റെ മേഖലയിലെ അപ്രമാദിത്വത്തേയോ എന്നാണ് ശാരദക്കുട്ടിയുടെ ചോദ്യം. ഈ മേഖല ഇങ്ങനയൊക്കെ ആയിത്തീരുമ്പോള്‍ വിമന്‍ കളക്ടീവ് നടത്തുന്ന യുദ്ധത്തില്‍ ശാരദക്കുട്ടി പ്രതീക്ഷ പുലര്‍ത്തുന്നതായി പ്രഖ്യാപിക്കുന്നുണ്ട്. മഞ്ജുവില്‍ ശാരദക്കുട്ടി കണ്ട് ബുദ്ധിയും വിവേകവും വിമണ്‍ കളക്ടീവ് പ്രവര്‍ത്തകരില്‍ ഉണ്ടാവണമെന്ന് അവര്‍ ആശംസിക്കുന്നുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍