UPDATES

സിനിമ

സീരിയല്‍ താരങ്ങള്‍ മൂന്നാംകിടക്കാരാണെന്ന മനോഭാവം മാറണം; ഷെല്ലി കിഷോര്‍/അഭിമുഖം

നായകനൊപ്പം പാട്ട് സീനില്‍ മാത്രമായി ഒതുങ്ങുന്ന നായിക ആവേണ്ട

Avatar

വീണ

സിനിമയിലും സീരിയലിലും അഭിനയമാണ് വേണ്ടതെങ്കിലും മലയാള സിനിമയ്ക്ക് ഇന്നും സീരിയല്‍ താരങ്ങള്‍ രണ്ടാം നിരക്കാരാണ്. അകറ്റി നിര്‍ത്തപ്പെടേണ്ടവരാണ്. മുന്‍നിരക്കാരുടെ മാത്രമല്ല പ്രൊഡക്ഷന്‍ ബോയ് മുതലുളളവരുടെ മനോഭാവമാണിത്. എന്തിനാണിങ്ങനെയൊരു വേര്‍തിരിവ്? ഷെല്ലി കിഷോറിന്റെ ചോദ്യമാണ്. ഷെല്ലിയെ മലയാളികള്‍ക്ക് അധികവും പരിചയം സീരിയല്‍ ആര്‍ട്ടിസ്റ്റ് ആയിട്ടായിരിക്കും. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ ഷെല്ലിയെ എത്രപേര്‍ക്ക് അറിയാം? റാം സംവിധാനം ചെയ്ത തങ്കമീന്‍ഗള്‍ എന്ന ചിത്രത്തിലെ വടിവ് എന്ന കഥാപാത്രത്തിനായിരുന്നു ഷെല്ലിക്ക് പുരസ്‌കാരം. 2013 ല്‍ മികച്ച തമിഴ് സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ചിത്രമാണ് തങ്കമീന്‍ഗള്‍. ഇതരഭാഷയില്‍ അംഗീകരിക്കപ്പെട്ടപ്പോഴും മലയാളത്തില്‍ ഇതുവരെ ലഭിച്ചത് 7 ചിത്രങ്ങള്‍ മാത്രം. കാരണം മറ്റൊന്നുമല്ല, ഷെല്ലി അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത് കുങ്കുമചെപ്പ് എന്ന സീരിയലിലൂടെയാണ്. അതുകൊണ്ട് ഈ അഭിനേത്രി മലയാളത്തിന് ഇപ്പോഴും ‘സീരിയല്‍ ആര്‍ട്ടിസ്റ്റ്’ മാത്രമാണ്. എന്നാല്‍ ‘ഈട’യിലെ ലീല എന്ന കഥാപാത്രത്തെ കാണുന്ന ആരൊരാള്‍ക്കും ഷെല്ലിയെ കുറിച്ചുള്ള മുന്‍ധാരണ മാറ്റേണ്ടി വരും. പക്വവും സ്വാഭാവികവുമായ അഭിനയത്തിലൂടെ ലീലയെ ഹൃദയസ്പര്‍ശിയാക്കി തീര്‍ത്ത ഷെല്ലിക്ക് മുന്നില്‍ ഇനിയും മലയാള സിനിമയ്ക്ക് മുഖം തിരിഞ്ഞു നില്‍ക്കാനാവില്ലെന്നാണ് വിശ്വാസം. ആ ഒരു വിശ്വാസം ഷെല്ലിക്കും ഇപ്പോള്‍ വന്നിട്ടുണ്ടോ? ഷെല്ലി കിഷോര്‍ അഴിമുഖത്തോട് സംസാരിക്കുന്നു.

2013 ലാണ് തങ്കമീന്‍ഗള്‍, പിന്നീട് സഖാവ്, ഇപ്പോള്‍ ഈട… വലിയ ഇടവേളകളാണ്. സീരിയല്‍ താരമെന്ന ലേബല്‍ ആണോ മലയാളത്തില്‍ അവസരം നഷ്ടപ്പെടുത്തുന്നത്?

തീര്‍ച്ചയായും… ഇപ്പോഴും ആ വേര്‍തിരിവ് ഉണ്ട്. എന്തിനാണെന്ന് മനസിലാകുന്നില്ല. സീരിയല്‍ താരങ്ങളെ മൂന്നാംകിട ആയിട്ടാണ് കാണുന്നത്. അതിപ്പോള്‍ പ്രൊഡക്ഷന്‍ ബോയ് മുതലുളളവരുടെ കാര്യമാണ്. മലയാളത്തില്‍ ഒരു ചിത്രത്തില്‍ (ചിത്രത്തിന്റെ പേര് പറയുന്നില്ല) അഭിനയിക്കണമെങ്കില്‍ സീരിയല്‍ നിര്‍ത്തണമെന്ന് പറഞ്ഞു. പിന്നെ എനിക്ക്, എന്നെ പി ആര്‍ ചെയ്യാനോ മാര്‍ക്കറ്റ് ചെയ്യാനോ അറിയില്ല. അതുകൊണ്ട് ഒരു പക്ഷെ ഞാന്‍ ഇവിടെയുണ്ടെന്ന് മലയാള സിനിമയില്‍ ആര്‍ക്കും അറിയില്ലായിരിക്കും.

"</p

ഈടയെ കുറിച്ച്… ഈടയില്‍ എങ്ങനെ എത്തി?

ഈടയിലെ ടെക്‌നീഷ്യന്‍സിനെ ഒക്കെ എനിക്ക് നേരത്തെ അറിയാം. ആ പരിചയമാണ് ഈടയിലേക്കെത്തിച്ചത്. വലിയൊരു ഇടവേളയ്ക്ക് ശേഷം റിയലിസ്റ്റിക് ആയ, സീരിയസ് ആയ ഒരു ടീമിന്റെ ഒപ്പം ഒരു സിനിമ ചെയ്യാനായതിന്റെ സന്തോഷം ചെറുതല്ല.

ലീല?

ഈടയിലെ ലീല ജീവിച്ചിരിക്കുന്ന ഒരു രക്തസാക്ഷിയുടെ ഭാര്യയാണ്. ഒരു സ്ത്രീയുടെ അതിജീവനം കൂടിയാണ് ലീല കാണിച്ചു തരുന്നത്. കുടുംബ പ്രേക്ഷകരുടെ ചിത്രമാണ്. കുടുംബ പ്രേക്ഷകര്‍ക്ക് എന്നെ സീരിയലിലൂടെ പരിചയമുള്ളത് കൊണ്ട് അവര്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെടും എന്നാണ് വിശ്വാസം.

ലീലയെ ഉള്‍കൊള്ളുമ്പോള്‍ ഈടയിലൂടെ മനസിലാക്കിയ കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലം എന്താണ്?

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലെ സ്ത്രീകള്‍ ഭര്‍ത്താവിന്റെ, അച്ഛന്റെ, സഹോദരന്റെ ഒക്കെ മരണം മുന്നില്‍ കണ്ടാണ് ജീവിക്കുന്നത്. അതിന് വേണ്ടി മാനസികമായി തയ്യാറെടുത്താണ് മുന്നോട്ട് പോകുന്നത്. ആ ഒരു അവസ്ഥ കൂടിയാണ് ഈട പറയാന്‍ ശ്രമിക്കുന്നത്. ടെക്‌നീഷ്യന്‍സിലും കണ്ണൂരില്‍ നിന്നുള്ളവരുണ്ടായിരുന്നു. അവര്‍ തന്ന ഇന്‍പുട്ട് ഒക്കെ വച്ചാണ് ലീലയുടെ മാനസികാവസ്ഥ മനസിലാക്കാന്‍ ശ്രമിച്ചത്.

ഈ അടുത്ത കാലത്തായി സ്ത്രീപക്ഷ സിനിമകള്‍ കൂടി വരുന്നുണ്ടോ?

ഉണ്ട്, സമൂഹത്തില്‍ സ്ത്രീയുടെ സ്റ്റാറ്റസ് മാറിയതാണ് പ്രധാന കാരണം. കുറേ സിനിമകള്‍ ന്യൂ ജനറേഷന്‍ കാറ്റഗറിയിലായിരുന്നു. പക്ഷെ, അത്തരം സിനിമകള്‍ എല്ലാം തമാശവത്കരിച്ചു. പ്രണയം പോലും കോമഡി ആയി. അതില്‍ നിന്ന് മാറ്റം ആഗ്രഹിച്ചവരാണ് പ്രതീക്ഷയുള്ള സിനിമയെടുത്ത എല്ലാവരും. പക്ഷെ അപ്പോഴും സ്ത്രീപക്ഷം, പുരുഷ പക്ഷം എന്നിങ്ങനെയുള്ള വേര്‍തിരിവ് ഇല്ലാതെ സമത്വമുള്ള സിനിമകള്‍ എടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്. നല്ലതും ചീത്തയും ഒക്കെ വ്യക്ത്യാധിഷ്ഠിതമാണ്. അതില്‍ സ്ത്രീ പുരുഷ വ്യത്യാസമൊന്നുമില്ല. അതുകൊണ്ട് പുരുഷനെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ല.

സിനിമ സ്വപ്‌നങ്ങള്‍…

സിനിമയില്‍ എന്നല്ല സീരിയലില്‍ ആയാലും എന്തെങ്കിലും സാധ്യതകളുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. നായകനൊപ്പം പാട്ട് സീനില്‍ മാത്രമായി ഒതുങ്ങുന്ന നായിക ആവേണ്ട. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ അഭിനയ രംഗത്ത് തുടരണമെന്നുണ്ട്.

‘ഈട’യില്‍ ഹിന്ദുത്വവുമില്ല, കമ്മ്യൂണിസവുമില്ല; സംവിധായകന്‍ ബി. അജിത്കുമാര്‍/അഭിമുഖം

Avatar

വീണ

മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍