UPDATES

സിനിമാ വാര്‍ത്തകള്‍

പത്ത് കോടിയുടെ പരസ്യം വേണ്ടെന്ന് വച്ച് ശിൽപ ഷെട്ടി; കാരണം അറിഞ്ഞപ്പോൾ കൈയ്യടിച്ച് ആരാധകർ

‘ഞാന്‍ വിശ്വസിക്കാത്തതും ഉപയോഗിക്കാത്തതുമായ ഒരു വസ്തു വില്‍ക്കാന്‍ എനിക്കാവില്ല’

സിനിമയിലെത്തി വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും ഇന്നും ചെറുപ്പം നിലനിര്‍ത്തുന്നയാളാണ് ശില്‍പ ഷെട്ടി. ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധയാണ് താരം നല്‍കുന്നതും. സിനിമയ്ക്കായി മാത്രമല്ല വ്യക്തി ജീവിതത്തില്‍ നല്ല ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്തേണ്ടുന്നതിനെക്കുറിച്ച് വാചാലയായും താരമെത്തിയിരുന്നു. ഇപ്പോഴിതാ 10 കോടി രൂപയുടെ പരസ്യ ചിത്രം വേണ്ടെന്ന് വെച്ച് താരം വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്.

ശരീരം മെലിയുന്നതിനുള്ള ആയുര്‍വേദ മരുന്നിന്റെ പരസ്യത്തില്‍ മോഡലാവാനുള്ള അവസരം അടുത്തിടെ ശില്‍പയെ തേടിയെത്തിയിരുന്നു. എന്നാല്‍ ഈ അവസരം താരം നിഷേധിച്ചിരിക്കുകയാണ്. മിഡ് ഡേയാണ് ഈ വാർത്ത പുറത്ത് വിട്ടത്.

‘ഞാന്‍ വിശ്വസിക്കാത്തതും ഉപയോഗിക്കാത്തതുമായ ഒരു വസ്തു വില്‍ക്കാന്‍ എനിക്കാവില്ല’-  ശിൽപ്പ പറയുന്നു.

“മെലിയാനുള്ള ഗുളികകളും അതിശയകരമായ ഭക്ഷണങ്ങളുമെല്ലാം നമ്മളെ പ്രലോഭിപ്പിക്കും. കാരണം അവയൊക്കെ ക്ഷിപ്രഫലമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍, ശരിയായ ആഹാരക്രമത്തിനും ചിട്ടയോടെയുള്ള ജീവിതചര്യയ്ക്കും പകരംവയ്ക്കാന്‍ മറ്റൊന്നിനുമാവില്ല. ജീവിത രീതി ചെറുതായി ഒന്ന് പരിഷ്‌കരികരിച്ചാല്‍ ദീര്‍ഘനാളത്തേയ്ക്കുള്ള ഫലമുണ്ടാകും,” ശിൽപ വ്യക്തമാക്കി.

ആരോഗ്യവും സൗന്ദര്യവും നിനിര്‍ത്തുന്നതിനായി കുറുക്കുവഴികള്‍ തേടുന്നതിനോട് യോജിക്കാത്ത താരം കൂടിയാണ് ശില്‍പ ഷെട്ടി. 10 കോടി രൂപയാണ് പ്രതിഫലമായി നിശ്ചയിച്ചിരുന്നത്. വാർത്ത പുറത്ത് വന്നതോടെ താരത്തെ അഭിനന്ദിക്കുകയാണ് ആരാധകർ. ഒട്ടേറെ പേരാണ് താരത്തിന് അഭിനന്ദനങ്ങളുമായി സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍