UPDATES

സോഷ്യൽ വയർ

‘സാധുക്കളുടെ കൊങ്ങക്ക് പിടിക്കുന്നതാണ് ജോസഫിലെ ക്ലൈമാക്‌സ്’; സിനിമയിലെ തെറ്റ് ചൂണ്ടികാണിച്ച കുറിപ്പ് വൈറല്‍

നിമയില്‍ മസ്തിഷ്‌ക മരണം സംഭവിക്കുന്നതിനെ കുറിച്ചു പറയുന്ന ഭാഗങ്ങളിലെ തെറ്റും ഫേസ്ബുക്ക് കുറിപ്പിലൂടെ ഷിംന പറയുന്നു.

അവയവദാനരംഗത്തെ തട്ടിപ്പുകളെ കുറിച്ച് പറയുന്ന ജോസഫ് സിനിമയെ വിമര്‍ശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. മുന്നോട്ട് ജീവിക്കാന്‍ അവസാനവഴി തേടുന്ന കുറേ സാധുക്കളുടെ കൊങ്ങക്ക് പിടിക്കുന്നതാണ് സിനിമയുടെ ക്ലൈമാക്‌സ് എന്ന വിമര്‍ശനവുമായി ഡോക്ടര്‍ ഷിംന അസീസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ രംഗത്തു വന്നിരിക്കുകയാണ്. സിനിമയില്‍ മസ്തിഷ്‌ക മരണം സംഭവിക്കുന്നതിനെ കുറിച്ചു പറയുന്ന ഭാഗങ്ങളിലെ തെറ്റും ഫേസ്ബുക്ക് കുറിപ്പിലൂടെ ഷിംന പറയുന്നു.

‘ അല്ലെങ്കിലേ ആശുപത്രികള്‍ ‘കിഡ്നി മോഷണകേന്ദ്രങ്ങള്‍’ എന്ന് മുദ്ര കുത്തപ്പെട്ടിരിക്കുന്നതിന്റെ ഇടേല്‍ക്കൂടിയാണ് കഷ്ടപ്പാടിന്റെ മീതേ ബുദ്ധിമുട്ട് എന്ന് പറഞ്ഞ മാതിരി ‘ജോസഫ്’ സിനിമയിറങ്ങുന്നത്. ദോഷം പറയരുതല്ലോ, സിനിമ കൊള്ളാം, ജോജൂന്റെ പെര്‍ഫോര്‍മന്‍സ് കിടുവാണ്. മുന്നോട്ട് ജീവിക്കാന്‍ അവസാനവഴി തേടുന്ന കുറേ സാധുക്കളുടെ കൊങ്ങക്ക് പിടിക്കുന്നതാണ് സിനിമയുടെ ക്ലൈമാക്സെന്ന് മാത്രം. ഇക്കാര്യം തിരക്കഥാകൃത്ത് തന്നെ കഴിഞ്ഞ ദിവസം തിരുത്തി മാപ്പ് പറയുകയും ചെയ്തു. പക്ഷെ സത്യം ചെരുപ്പിട്ടിറങ്ങുമ്പോഴെക്കും നുണ അഞ്ചാറ് വേള്‍ഡ് ടൂര്‍ കഴിഞ്ഞ് വരുന്ന ഇക്കാലത്ത് എല്ലാം കഴിഞ്ഞ് അതല്ല ഇതല്ല എന്നൊക്കെ പറഞ്ഞിട്ട് വല്ല കാര്യോം ണ്ടാ സജീ…! ഷിംന അസീസ് കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

കുഞ്ഞുപ്രായത്തില്‍ ലാലേട്ടന്റെ ‘നിര്‍ണ്ണയം’ കാണുമ്പോഴാണെന്ന് തോന്നുന്നു ആദ്യമായി ഈ ‘കിഡ്നി അടിച്ചുമാറ്റല്‍’ സൂത്രം കാണുന്നത്. കഴിഞ്ഞേന്റെ മുന്നത്തെ ആഴ്ച ഒരു ചങ്ങായി ഒരിടത്ത് അഡ്മിറ്റായി എന്തോ കുറേ ടെസ്റ്റിന് ബ്ലഡെടുത്തു എന്ന് മെസേജ് ചെയ്ത ശേഷം ഉടനേ കളിയായോ കാര്യമായോ ചോദിച്ചത് ‘എന്തിനാ ഇത്രേം ടെസ്റ്റൊക്കെ, എന്റെ കിഡ്നി എങ്ങാനും എടുത്ത് മാറ്റാന്‍ പോവാണോ ആവോ’ എന്നാണ്. ഇവരൊക്കെ പറയുന്നത് കേട്ടാല്‍ ആകെ മൊത്തം അരിച്ചാക്കില്‍ പൂഴ്ത്തി വെച്ച നൂറിന്റെ നോട്ട് ചികഞ്ഞെടുക്കുന്ന ലാഘവമാണ് കിഡ്നിയെടുക്കാന്‍ എന്ന് തോന്നിപ്പോകും ! അതല്ല വസ്തുത.

അവയവങ്ങള്‍ പൂര്‍ണമായും ഉപയോഗശൂന്യമായി പുതിയ അവയവങ്ങള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം വളരെയധികമാണ്. വൃക്ക ലഭിക്കാന്‍ കാത്തിരിക്കുന്നവരുടെ എണ്ണം മാത്രം 1744 എന്നു കണ്ടു. ബാക്കിയുള്ളവരെക്കൂടി കൂട്ടുമ്പോഴുള്ള അവസ്ഥ ഊഹിക്കാമല്ലോ.

മസ്തിഷ്‌കമരണശേഷം അവയവങ്ങള്‍ എടുക്കുന്നത് കഴിഞ്ഞ വര്‍ഷങ്ങളില്‍ പാടേ കുറഞ്ഞു. ജീവനുള്ളവരില്‍ നിന്നും അവയവം നല്‍കുന്നതില്‍ കച്ചവടം പാടില്ലെന്ന് വിലക്കുള്ളതാണ്. പക്ഷേ, അതിലൊരു വന്‍കച്ചവടസാധ്യത ഉള്ളതിനാല്‍ ആ ഇടനിലക്കാരാവണം ന്യായമായ അവയവദാനങ്ങള്‍ക്കുള്ള സാധ്യതയായ മസ്തിഷ്‌കമരണശേഷമുള്ള അവയവദാനത്തിനെതിരേ തെറ്റായ കഥകള്‍ അടിച്ചിറക്കുന്നത്. അവര്‍ക്കെതിരെയുള്ള നടപടികള്‍ക്കായി ഐ.എം.എ അടക്കമുള്ള സംഘടനകള്‍ മുന്‍കൈ എടുക്കുന്നു എന്നത് അങ്ങേയറ്റം സ്തുത്യര്‍ഹമായ കാര്യമാണ്.

അതും പോരാത്തതിന് അല്ലെങ്കിലേ ആശുപത്രികള്‍ ‘കിഡ്നി മോഷണകേന്ദ്രങ്ങള്‍’ എന്ന് മുദ്ര കുത്തപ്പെട്ടിരിക്കുന്നതിന്റെ ഇടേല്‍ക്കൂടിയാണ് കഷ്ടപ്പാടിന്റെ മീതേ ബുദ്ധിമുട്ട് എന്ന് പറഞ്ഞ മാതിരി ‘ജോസഫ്’ സിനിമയിറങ്ങുന്നത്. ദോഷം പറയരുതല്ലോ, സിനിമ കൊള്ളാം, ജോജൂന്റെ പെര്‍ഫോര്‍മന്‍സ് കിടുവാണ്. മുന്നോട്ട് ജീവിക്കാന്‍ അവസാനവഴി തേടുന്ന കുറേ സാധുക്കളുടെ കൊങ്ങക്ക് പിടിക്കുന്നതാണ് സിനിമയുടെ ക്ലൈമാക്സെന്ന് മാത്രം. ഇക്കാര്യം തിരക്കഥാകൃത്ത് തന്നെ കഴിഞ്ഞ ദിവസം തിരുത്തി മാപ്പ് പറയുകയും ചെയ്തു. പക്ഷെ സത്യം ചെരുപ്പിട്ടിറങ്ങുമ്പോഴെക്കും നുണ അഞ്ചാറ് വേള്‍ഡ് ടൂര്‍ കഴിഞ്ഞ് വരുന്ന ഇക്കാലത്ത് എല്ലാം കഴിഞ്ഞ് അതല്ല ഇതല്ല എന്നൊക്കെ പറഞ്ഞിട്ട് വല്ല കാര്യോം ണ്ടാ സജീ…!

മസ്തിഷ്‌കമരണം എന്നാല്‍ മരണം തന്നെയാണ്. ഏതെങ്കിലും കാരണം കൊണ്ട് തലച്ചോറിലേക്കുള്ള രക്തപ്രവാഹം അല്‍പസമയത്തേക്ക് നിലച്ചാല്‍ പോലും മസ്തിഷ്‌കകോശങ്ങള്‍ സ്ഥിരമായി നശിക്കും. മസ്തിഷ്‌കമരണം സംഭവിച്ച് അല്‍പസമയം കൂടി ഹൃദയം മിടിക്കാറുണ്ട്. കാരണം, ഹൃദയമിടിപ്പിനെ നിയന്ത്രിക്കുന്ന autonomic nervous system തലച്ചോറിന്റെ നിയന്ത്രണത്തില്‍ നിന്നും സ്വതന്ത്ര്യമാണ്. ക്രമേണ ആ മിടിപ്പും ഇല്ലാതാകും. താളം പോയ പാട്ടാണത്. ബോധം മറഞ്ഞുകിടക്കുന്ന ഹൃദയമിടിപ്പും ശ്വസനശേഷിയുമുള്ള ശരീരത്തെ ‘മൃതശരീരം’ എന്ന് വിളിക്കുന്നത് ബന്ധുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും പലപ്പോഴും ഉള്‍ക്കൊള്ളാന്‍ സാധിക്കാറില്ല, പക്ഷേ സത്യത്തില്‍ ആ അവസ്ഥയില്‍ തന്നെയാണ് ശരീരം.

ശ്വസനമുള്‍പ്പെടെ നിയന്ത്രിക്കുന്ന brainstem മരിക്കുന്നതിനെയാണ് മസ്തിഷ്‌കമരണം എന്ന് വിശേഷിപ്പിക്കുന്നത്. തലച്ചോറിന്റെ മറ്റ് ഭാഗങ്ങള്‍ മാത്രം മരിച്ച് യൃമശിേെലാ നിലനിന്നാല്‍ ശ്വസനം നടക്കുമെന്നത് കൊണ്ടു തന്നെ വര്‍ഷങ്ങളോളം അബോധാവസ്ഥ തുടരാം. മസ്തിഷ്‌കമരണം സംഭവിച്ച് കഴിഞ്ഞാല്‍ അതില്‍ നിന്നൊരു തിരിച്ചുവരവ് ഉണ്ടാകില്ല. ആ വ്യക്തിക്ക് വേദനയറിയില്ല, ബോധമില്ല, ജീവന്റെ യാതൊരു പ്രത്യേകതകളുമില്ല. എന്നാല്‍ അവയവങ്ങളിലേക്ക് രക്തപ്രവാഹമുള്ളതിനാല്‍ ഹൃദയമിടിപ്പ് എന്നെന്നേക്കുമായി നിലക്കുന്നതിന് മുന്‍പുള്ള ഇത്തിരി നേരത്ത് ആ അവയവങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന അവസ്ഥയിലാണ്. അപ്പോള്‍ ആ തീരുമാനമെടുത്താല്‍ എത്രയോ ജീവന് തുണയാകാന്‍ സാധിക്കും.

ജോസഫിലെ പോലെ ടൂവീലര്‍ പിറകീന്ന് ഇടിച്ച് തള്ളിമറിച്ചിട്ട് കാറില്‍ കയറ്റി ചുറ്റിക കൊണ്ടടിച്ച് ആശുപത്രിയില്‍ കൊണ്ടുപോയിട്ടാല്‍ മസ്തിഷ്‌കമരണം സാധ്യമാകുമോ?

സാധിക്കില്ല. കൃത്യമായി ബ്രെയിന്‍സ്റ്റെമിലേക്ക് രക്തപ്രവാഹം തടയുന്ന അവസ്ഥ സൃഷ്ടിക്കാന്‍ മനുഷ്യനാല്‍ സാധ്യമല്ല. മസ്തിഷ്‌കമരണം പോലൊരു നൂല്‍പ്പാലം ശരീരത്തില്‍ കൃത്രിമമായി സൃഷ്ടിക്കാനാവില്ല. വല്ല്യോരു ചുറ്റികയെടുത്ത് മൂര്‍ദ്ധാവില്‍ ചാമ്പിയാല്‍ ആ മഹാന്റെ ശിരസ്സ് പിളര്‍ന്ന് അന്തരിക്കുകയേ ഉള്ളൂ.

മസ്തിഷ്‌കമരണം സംഭവിച്ചെന്ന് പറഞ്ഞ് ഡോക്ടര്‍ക്ക് ബന്ധുക്കളെ ചതിക്കാന്‍ പറ്റുമോ?
സര്‍ക്കാര്‍ അംഗീകരിച്ച ലിസ്റ്റിലുള്ള രോഗിയുടെ ചികിത്സയുമായോ അവയവം ലഭിക്കേണ്ട രോഗിയുമായോ ബന്ധമില്ലാത്ത സ്വതന്ത്രരായ നാല് ഡോക്ടര്‍മാരുടെ ഒരു പാനല്‍ ആറ് മണിക്കൂര്‍ ഇടവിട്ട് രണ്ട് തവണ പരിശോധിച്ച് പല ടെസ്റ്റുകള്‍ ചെയ്താണ് മസ്തിഷ്‌കമരണം ഉറപ്പിക്കുന്നത്. ഈ നടപടികള്‍ അത്രയേറെ സുതാര്യമാണ്. ബ്രെയിന്‍ഡെത്ത് ഉറപ്പിക്കുന്നത് കുറ്റമറ്റ രീതിയിലാണ്. അവിടെ ചതിയില്‍ വഞ്ചന നടക്കാന്‍ പോണില്ല.

വെന്റിലേറ്റര്‍ ഘടിപ്പിച്ച് എത്ര നേരം വേണമെങ്കിലും മരണം നീട്ടിക്കൊണ്ട് പൊയ്ക്കൂടേ? സാധ്യമല്ല. ശ്വാസകോശം പണി മുടക്കുമ്പോള്‍ അതിന്റെ പണി പുറമേ നിന്ന് ചെയ്ത് കൊടുക്കുന്ന മെഷീന്‍ മാത്രമാണ് വെന്റിലേറ്റര്‍. വെന്റിലേറ്റര്‍ ഘടിപ്പിച്ച രീതിയില്‍ ഹൃദയാഘാതം വന്നാല്‍ രോഗി മരിക്കും. തുടര്‍ന്നും വെന്റിലേറ്റര്‍ ഘടിപ്പിച്ച് കിടന്നാല്‍ ശരീരം ഐസിയുവില്‍ കിടന്ന് അഴുകും.

പിന്നെ, വെന്റിലേറ്റര്‍ ഒരു അന്ത്യകൂദാശയൊന്നുമല്ല. മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളും, പാമ്പ് കടിയേറ്റവരും, വാഹനാപകടത്തില്‍ പെട്ടവരും, പല തരം ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്നവരുമെല്ലാം വെന്റിലേറ്റര്‍ ഘടിപ്പിച്ച് വേര്‍പ്പെട്ട് വരുന്നവരാണ്.

അപ്പോള്‍ ആശുപത്രിക്കാര്‍ക്ക് മസ്തിഷ്‌കമരണം ഉണ്ടാക്കാന്‍ പറ്റൂല?
ഇല്ല.

വാട്ട്‌സ്ആപ്പ് അമ്മാവന്‍ പറയുന്ന പോലെ ആള്‍ ജീവനോടെ കിടക്കുമ്പോള്‍ കിഡ്നി പറിക്കാന്‍ പറ്റൂലാ?
നഹി.

അപ്പോ മൃതസഞ്ജീവനി? അത് മരണാനന്തര അവയവദാനപ്രക്രിയയുടെ കാര്യങ്ങള്‍ ഏകോപിപ്പിച്ച് കൊണ്ടുള്ള സര്‍ക്കാരിന്റെ പദ്ധതിയാണ്. www.knos.org.in എന്ന വെബ്സൈറ്റില്‍ പോയാല്‍ നമുക്കും അവയവദാനത്തിന് രജിസ്റ്റര്‍ ചെയ്യാം. അവയവം കിട്ടാനുള്ള നടപടികളും അവിടെക്കാണും. ദൈവം സഹായിച്ച് വാട്ട്സ്സപ്പിലെ കേശവന്‍ മാമന്‍മാരും ഫേസ്ബുക്കിലെ വ്യാജവൈദ്യന്‍മാരും നാട്ടിലെ മുറിവൈദ്യന്‍മാരും ചേര്‍ന്ന് എടങ്ങേറുണ്ടാക്കുന്നത് കൊണ്ട് വിരലിലെണ്ണാവുന്ന അവയവദാനങ്ങളേ ഈയിടെ നടക്കുന്നുള്ളൂ. മുന്‍പൊരാള്‍ പറഞ്ഞ പോലെ, അവയവം കൊടുത്താല്‍ ആ കണ്ണ് കൊണ്ട് അയാള്‍ കാണുന്നതിന്റെ പാപം കൂടി നമുക്ക് കിട്ടും. അപ്പോള്‍ നമുക്ക് കണ്ണ് വേണ്ടി വന്നാലോ? സ്വിച്ചിട്ട പോലെ വന്നു മറുപടി ‘അത് വാങ്ങാം’. അടിപൊളി !

ഇതൊക്കെ ഇവിടെ തള്ളിയ ആള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ? ഉണ്ട്. എന്തെങ്കിലും ഒരു സാഹചര്യത്തില്‍ എനിക്ക് മസ്തിഷ്‌കമരണം സംഭവിക്കുകയാണെങ്കില്‍ സാധ്യമായ എല്ലാ അവയവങ്ങളും എടുക്കാനുള്ള മുന്‍കൂര്‍ സമ്മതം നല്‍കിയിട്ടുണ്ട്. എന്തൊക്കെ പറഞ്ഞാലും വീട്ടുകാരും ബന്ധുക്കളും ആ നേരത്ത് എതിര്‍ത്താല്‍ അവയവദാനം നടക്കില്ല എന്ന സാധ്യത നിലനില്‍ക്കുന്നത് കൊണ്ട്, അവയവദാനം രജ്‌സിറ്റര്‍ ചെയ്യുന്ന എല്ലാവരും വേണ്ടപ്പെട്ടവരെയെല്ലാം കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയും വേണം. എല്ലാം കൊണ്ടും അനുകൂലമായ ഒരവസ്ഥ സംജാതമായാല്‍ മാത്രമേ നമുക്ക് അവയവം നല്‍കാന്‍ കഴിയൂ.

അപ്പോള്‍ അവയവദാനം ചെയ്യാല്ലേ?? എപ്പഴേ ചെയ്യണം. മൃതസഞ്ജീവനിയില്‍ പങ്കാളികളാകൂ. രജിസ്റ്റര്‍ ചെയ്താല്‍ പോലും ബ്രെയിന്‍ഡെത്ത് സംഭവിക്കണം, അണുബാധയേറ്റുള്ള മരണമാകരുത്, വിഷാംശം ഉള്ളില്‍ കടന്ന് അവയവങ്ങള്‍ക്ക് കേട് പറ്റാന്‍ പാടില്ല, അപകടങ്ങളില്‍ പെട്ട് അവയവം ഉപയോഗയോഗ്യമല്ലാത്ത അവസ്ഥയില്‍ ആയിരിക്കാന്‍ പാടില്ല തുടങ്ങി കടമ്പകളേറെയുണ്ട്.

ഏതായാലും മണ്ണില്‍ അഴുകാനോ തീയിലെരിയാനോ ഒക്കെയുള്ള ശരീരമാണ്. പകരം ഇവിടെ നമ്മളൊരു ജീവനാണ് പകരുന്നത്. മൃതസഞ്ജീവനിയാണ്, മരണശേഷവും ചെയ്യുന്ന നന്മയാണ്. കുപ്രചരണങ്ങളല്ല, ബുദ്ധിയാണ് നമ്മെ നയിക്കേണ്ടത്.

അവയവദാനം ശരിയാണ്. ശരി മാത്രമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍