UPDATES

സിനിമ

സംഘപരിവാറിന് നേരെ കണ്ണടയ്ക്കുന്ന ‘ബുഹാരി സലൂണും’ ചില ജമാ-അത്ത് കാപട്യങ്ങളും

യുവസംവിധായകനായ പ്രഭുല്ലാസ്സിന്റെ അരമണിക്കൂറിനടുത്ത് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം ആണ് ബുഹാരി സലൂണ്‍

അഖിൽ കെ എം

അഖിൽ കെ എം

യുവസംവിധായകനായ പ്രഭുല്ലാസ്സിന്റെ അരമണിക്കൂറിനടുത്ത് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമാണ് ‘ബുഹാരി സലൂണ്‍’. ആദ്യാവസാനം ഒരു ജമാ-അത്ത്-ഇസ്ലാമി’ സിനിമ ആയാണ് ‘ബുഹാരി സലൂണ്‍’ അനുഭവപ്പെട്ടത്. ഇത് കേവലം ഒരു മുന്‍വിധിയിലൂടെ ഉണ്ടായി വന്നതല്ല. ജമാ-അത്തിന്റെ മീഡിയ സ്‌കൂളിന്റെ കാര്‍മികത്വത്തില്‍ എടുത്ത ചിത്രമായത് കൊണ്ടും അല്ല. മറിച്ച്, മുപ്പത് മിനിറ്റിന്റെ രാഷ്ട്രീയ വീക്ഷണം ഉയര്‍ത്തുന്ന ബോധം തന്നെയാണ് അത്. ഫാസിസത്തിന്റെ രാഷ്ട്രീയ വീക്ഷണം അന്യസ്പര്‍ധയിലും അപരനിര്‍ണത്തിലും അധിഷ്ഠിതമായാണ് മുന്നോട്ട് പോകുന്നത്. അതിന്റെ ഇന്ത്യന്‍ വേഷപ്പകര്‍ച്ചയില്‍ പ്രധാന അപരസങ്കല്‍പ്പം എന്നത് ‘മുസ്ലിം’ ആണ്. ഞങ്ങളുടെ ശത്രുക്കള്‍ മുസ്ലിമും ക്രിസ്ത്യനും കമ്മ്യൂണിസ്‌റുകാരും ആണ് എന്ന് ഗോള്‍വാള്‍ക്കറുടെ വിചാരധാരയിലൂടെ പ്രഖ്യാപിച്ചത് ആര്‍എസ്എസ് തന്നെയാണ്.

ജാതി, വര്‍ണ, ഭാഷാ, വേഷ വൈരുധ്യങ്ങള്‍ക്ക് അപ്പുറവും ‘ഹിന്ദു’ എന്ന ഏക നാമത്തിലേക്ക് ഭീമമായ ഒരു ജനസാമാന്യത്ത അടുപ്പിക്കാനുള്ള, വിശാലമായ ധ്രുവീകരണ സാധ്യതയാണ് സംഘപരിവാരത്തെ സംബന്ധിച്ച് മുസ്ലിം ‘സ്വത്വം’. അതിനപ്പുറത്തേക്ക് പൊതുബോധത്തില്‍ അന്തര്‍ലീനമായ മുസ്ലിം വിരുദ്ധത കൂടിയാവുമ്പോള്‍ പ്രശ്‌നം സങ്കീര്‍ണമാവുന്നു. അതുകൊണ്ടു തന്നെ വലിയ രീതിയില്‍ വേട്ടയാടപ്പെടുപ്പെടുകയും ഫോബിയ സൃഷ്ടിക്ക് വിധേയമാവുകയും ചെയ്യുന്നുണ്ട് മുസ്ലിം സമൂഹം. എന്നാല്‍ ഇരയും വേട്ടക്കാരനും എന്ന സങ്കല്‍പ്പം ഒറ്റ ഫ്രെയ്മില്‍ നിര്‍ത്താന്‍ തക്കവിധം എളുപ്പമുള്ളതാണ് എന്ന് തോന്നുന്നില്ല. അത് അങ്ങനെ ആവുന്നത് യാദൃശ്ചികമായല്ല. മുസ്ലിം എന്നത് ഒരു ഏക സ്വത്വ സങ്കല്‍പ്പമായി കാണാനാകില്ല എന്നതുകൊണ്ട് തന്നെ സംഭവിക്കുന്നതാണ്. മുസ്ലിം സ്വത്വവും ക്ലാസ്, കാസ്റ്റ്, സ്‌പേസ്, ജെന്‍ഡര്‍ തുടങ്ങിയ വ്യതിയാനങ്ങള്‍ക്ക് വിധേയം തന്നെയാണ്. ഇതിലെ വിവിധ ചേര്‍ച്ചകളിലെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് സാമൂഹിക അനുഭവങ്ങളിലും വ്യത്യാസങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഉത്തരേന്ത്യന്‍ മുസ്ലിം അനുഭവങ്ങള്‍ അല്ല കേരളത്തില്‍ ഉണ്ടാവുന്നത്. ഒരു ഓട്ടോ തൊഴിലാളിയുടെയും ജുവല്ലറി മുതലാളിയുടെയും അനുഭവം വ്യത്യസ്തം തന്നെയാണ്. എന്നാല്‍ ഇതിനെ പാടെ നിഷേധിക്കുകയാണ് സ്വത്വരാഷ്ട്രീയവും ചെയ്യുന്നത്. ജമാ-അത്-ഇസ്ലാമിയെ സംബന്ധിച്ച് ഏക ഐഡന്റിറ്റി ‘ഇസ്ലാം’ എന്നത് മാത്രമാണ്. ഇത് എത്രത്തോളം അപകടകരമാണ് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

മുസ്ലിം സമൂഹത്തെ സംബന്ധിച്ച് വളരെ പ്രിവിലേജ്ഡ് ആയ സാമൂഹിക-സാമ്പത്തിക അവസ്ഥയുള്ള പ്രസ്ഥാനമാണ് ജമാ-അത്- ഇസ്ലാമി. ‘സവര്‍ണ മുസ്ലിം’ എന്ന് അടയാളപ്പെടുത്തുന്നവരും ഉണ്ട് ഏറെ. അതുകൊണ്ട് അവരെ സംബന്ധിച്ച് വളരെ സൗകര്യപ്രദമായ പൊസിഷന്‍ ആണിത്. എന്നാല്‍ ഫാഷിസത്തിനെതിരായ സമരമാണ് എന്നാണ് വാദങ്ങള്‍. ഇതിന്റെ പൊള്ളത്തരങ്ങള്‍ തിരിച്ചറിയുക തന്നെ വേണം. ഇവിടെ മുസ്ലിം ഐഡന്റിറ്റിയെ പ്രതിനിധാനം ചെയ്യുന്ന ആള്‍ ‘ബാര്‍ബര്‍’ ആണ്. ഇയാളുടെ ക്ലാസ് പൊസിഷന്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. എന്തുകൊണ്ടാണ് ബാര്‍ബര്‍ പോലെ ഒരു തൊഴിലാളി വര്‍ഗ ഐഡന്റിറ്റി തിരഞ്ഞെടുത്തത്? എന്തുകൊണ്ട് അപ്പര്‍ക്ലാസ് ഐഡന്റിറ്റി അയാള്‍ക്ക് കൊടുത്തില്ല?

നേരത്തെ പറഞ്ഞ സ്വത്വപ്രശ്‌നം ഏകീകൃതമല്ല; ക്ലാസ്, സ്‌പേസ് എന്നിവയ്ക്കനുസരിച്ച് അവ മാറുന്നു എന്ന ബോധ്യം അറിഞ്ഞോ അറിയാതെയോ ഉള്ളത് കൊണ്ടും, താഴ്ന്ന ക്ലാസ് പൊസിഷന്‍ ഉണ്ടാക്കുന്ന ആഘാതം ആസുരമാണ് എന്നത് കൊണ്ടും തന്നെയാണത്. ആ സാമൂഹിക നിലയാണ് ഈ വേട്ടയാടലിനെ പ്രശ്‌നവല്‍ക്കരിക്കാന്‍ ഏറ്റവും റിയലിസ്റ്റിക് ആയ മാര്‍ഗം എന്നത് ഈ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരിക്കാം. ജമാ-അത്ത്-ഇസ്ലാമി ഇത്തരം രാഷ്ട്രീയ സംജ്ഞകളില്‍ ഉയര്‍ത്തുന്ന നിലപാടിന്റെ അതെ പകര്‍പ്പായാണ് ഷോര്‍ട്ട് ഫിലിമിന്റെ കഥനരീതിയും അനുഭവപ്പെട്ടത്. ജമാ-അത്ത്-ഇസ്ലാമി, മുസ്ലിം സ്വത്വത്തെയോ, ആ സമുദായത്തിന്റെ മൊത്തം ശബ്ദത്തിന്റെ ഭാഷയെയോ പ്രതിനിധീകരിക്കുന്നതായി കാണാന്‍ കഴിയില്ല. എങ്ങനെ ബുഹാരി സലൂണ്‍, ജമാ-അത്ത് പരിപ്രേക്ഷ്യവുമായി താദാത്മ്യം പ്രാപിക്കുന്നു എന്ന് നോക്കുക.

സിനിമയുടെ ആദ്യ ഷോട്ടുകള്‍ തുടങ്ങുന്നത് ജയിലില്‍ നിന്ന് പുറത്തു വരുന്ന ആളെ കാണിച്ചുകൊണ്ടാണ്. പേര് എഴുതാന്‍ ആവശ്യപ്പെടുന്നതു പോലുള്ള അടയാളങ്ങള്‍ പോലും എങ്ങനെ വലിയ രീതിയില്‍ ‘ഭീതിജനകം’ ആവുന്നു എന്നത് ഇവിടെ കാണാം. സലൂണ്‍ ഇരിക്കുന്ന ഇടത്തെ അടയാളപ്പെടുത്തുന്ന ഷോട്ടുകള്‍ ശ്രദ്ധിക്കേണ്ടതാണ്. സലൂണില്‍ വന്ന ഒരാള്‍ തീവ്രവാദക്കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്നു. ബാവുക്കയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നു, ജയിലില്‍ പോവേണ്ടി വരുന്നു. വേട്ടയാടലിനെ, ഇസ്ലാമോഫോബിയയെ അടയാളപ്പെടുത്താന്‍ പര്യാപ്തം തന്നെയാണ് ഈ രംഗങ്ങള്‍. തൊട്ടുമുന്‍പുള്ള സീനില്‍ കെണിയില്‍ വീഴുന്ന എലിയെ കാണാം. ബാവുക്കയുടെ അവസ്ഥയെ ഇത് ബിംബാത്മകമായി പ്രതിനിധാനം ചെയ്യുന്നു. കേവലം ബാവുക്കയുടെ കഥ പറയുകയല്ല ചിത്രം ചെയ്യുന്നത്. വേട്ടയാടലിനെപ്പറ്റി ഉയരുന്ന ആശങ്കകളെ പ്രതിഫലിപ്പിക്കാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്. എന്നാല്‍ ഇതിനോടൊപ്പം വേട്ടക്കാരനെ കണ്ടെത്തുന്ന പ്രക്രിയ കൂടി നടക്കുന്നുണ്ട് ചിത്രത്തില്‍. ഇത് പ്രശ്‌നവല്‍ക്കരിക്കേണ്ടത് തന്നെയാണ്. തീമില്‍ എങ്ങനെ ‘ജമാത്തിസം’ കടന്നുവരുന്നു എന്ന് ഇവിടെ കാണാം.

എങ്ങനെയാണ് സിനിമ സ്ഥലബോധം ഉള്‍ക്കൊള്ളുന്നത് എന്ന് നോക്കുക. ഇന്ത്യന്‍ കമ്മ്യൂണിസ്‌റ് പാര്‍ട്ടി (INC) ഓഫീസ് ഇരിക്കുന്നതിന്റെ താഴെയാണ് സലൂണ്‍ ഇരിക്കുന്നത്. ഒരേ കെട്ടിടത്തില്‍ ഇരിക്കുന്ന രണ്ട് പൊതുഇടങ്ങള്‍. ചിത്രം ഇവയ്ക്ക് നല്‍കുന്ന പരിചയപ്പെടുത്തല്‍ ശ്രദ്ധിക്കുക. ചുവന്ന മുണ്ടും വിപ്ലവഗാനവും കട്ടന്‍ ചായയും എല്ലാം ചേരുന്ന പാര്‍ട്ടി ഓഫീസ്. നിരന്തരമായി ബീഡിക്കുറ്റി എറിഞ്ഞ് ശല്യമുണ്ടക്കുകയും അടിയുണ്ടാക്കാന്‍ പ്ലാന്‍ ചെയ്യുകയും മാത്രം തൊഴിലാക്കിയ ഒരു പറ്റം ഉപയോഗശൂന്യരുടെ വിഹാര കേന്ദ്രമാവുന്നു ഈ ഓഫീസ്. ഇവരോട് സംസാരിക്കാന്‍ പോയി സമയം കളയുക എന്ന വ്യര്‍ത്ഥവ്യായാമത്തെ പുറത്തുനില്‍ക്കുന്ന കൂട്ടം പരിഹസിക്കുകയും ചെയ്യുന്നുണ്ട്. പാര്‍ട്ടി ഓഫീസുകളെ ഈ തരത്തില്‍ മാത്രമേ കാണൂ  എന്ന വാശി പലപ്പോഴും സിനിമകള്‍ക്ക് ഉണ്ടാവാറുണ്ട്. ഇവിടെയും അത് ആവര്‍ത്തിക്കുന്നു. ഈ അര്‍ഥത്തില്‍ മാത്രം കണ്ടു മറക്കാവുന്ന ഒന്നല്ല അവ എന്ന് ചില അനുഭവങ്ങള്‍ എങ്കിലും സാക്ഷ്യം പറയും. എന്നാല്‍ ഇവിടെ സംശയലേശമന്യേ പാര്‍ട്ടി ഓഫീസിനെ സ്ഥിരം വാര്‍പ്പുമാതൃകയുടെ, എല്ലാ പുച്ഛവും നിറഞ്ഞ രൂപത്തില്‍ ചിത്രം ആദേശം ചെയ്യുന്നത് കാണാം. ഒപ്പം, മുസ്ലിം സ്വത്വത്തെ പ്രതിനിധീകരിക്കുന്ന ബാവുക്കയും, കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച ചിത്രത്തിന്റെ വീക്ഷണം ആദ്യമേ  തന്നെ വ്യക്തമാക്കി തന്നിരിക്കുന്നു!

ഇതിന്റെയെല്ലാം മുകളില്‍ പ്രവര്‍ത്തിക്കുന്നവന്‍, കാരണക്കാരന്‍- വേട്ടക്കാരന്‍ ലേബല്‍ ആണോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കൊടുക്കാന്‍ ശ്രമിക്കുന്നത് എന്നും ആലോചിക്കാവുന്നതാണ്. എന്നാല്‍ ഇത്തരം ലേബലിംഗ് എത്രതോളം അവസരോചിതമാണ്, അതിലുപരി യുക്തിസഹമാണ് എന്ന ചോദ്യമാണ് എന്നെ ഉലയ്ക്കുന്നത്. ഇന്ത്യയില്‍, കേരളത്തില്‍ മുസ്ലിം ഇരയായി മാറുന്നത് ‘മുകളില്‍’ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസ് ഉള്ളത് കൊണ്ടാണോ? കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഈ ഫോബിയ സൃഷ്ടിക്കുന്നത് ഇടതുപക്ഷം ആണോ? എന്തുകൊണ്ട് സംഘപരിവാര്‍ രാഷ്ട്രീയത്തെ ഒരു കൊടിയടയാളത്തെ കൊണ്ടെങ്കിലും വ്യക്തമായി അടയാളപ്പെടുത്താന്‍ ചിത്രത്തിന് കഴിയുന്നില്ല എന്നത് ആശ്ചര്യജനകമാണ്. യഥാര്‍ത്ഥത്തില്‍ ഇവിടെയാണ് സിനിമയുടെ ഉദ്ദേശവും രാഷ്ട്രീയവും ഉള്ളടക്കത്തെ പ്രശ്‌നവല്‍ക്കരിക്കുന്നത്.

അവസാന ഭാഗത്ത് ബാവുക്ക തിരിച്ചെത്തുന്നു. എന്നാല്‍ ബുഹാരി സലൂണ്‍ അപ്രത്യക്ഷമാവുന്നു. കടയില്‍ വരുന്നവരുടെ ഐ.ഡി പ്രൂഫ് ചോദിക്കുന്ന ബാവുക്കയെ കണാം അവിടെ. കടയില്‍ മുഴങ്ങുന്ന ‘ദേശഭക്തിഗാന’വും! ഈ സംഭവങ്ങള്‍ക്കെല്ലാം സാക്ഷിയായി പാര്‍ട്ടി ഓഫീസ് ഷോട്ടുകളില്‍ കടന്നു വരുന്നുണ്ട്. അവസാന രംഗത്തില്‍ ബുഹാരി സലൂണിന്റെ തകര്‍ന്ന ബോര്‍ഡും പിന്നെ അതിനെ റീപ്ലേസ് ചെയ്യുന്ന ഭാരത് സലൂണും കാണാം. ഈ മാറ്റത്തെ അടയാളപ്പെടുത്താന്‍ ഉപയോഗിക്കുന്ന നിശ്ചല വസ്തു എന്നത് പാര്‍ട്ടി ഓഫീസിന്റെ ബോര്‍ഡ് ആണ്. ഈ ദൃശ്യമാണ് ചിത്രത്തിലെ ഹൈലൈറ്റ് പോയിന്റ്. ഇതെല്ലാം നടക്കുമ്പോള്‍ നോക്കിനില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, അല്ലെങ്കില്‍ ഇങ്ങനെ ഒക്കെ ആളുകള്‍ ഇരയാക്കപ്പെടുമ്പോഴും ഒരു പ്രശ്‌നവും ഇല്ലാതെ കംഫര്‍ട്ട് സോണില്‍ ഇരിക്കുന്ന പാര്‍ട്ടി, അല്ലെങ്കില്‍ ഇതിനെല്ലാം കാരണക്കാരനായ പാര്‍ട്ടി.

പാര്‍ട്ടിയും ഈ പറയുന്ന വിഭാഗവും പരസ്പരം എസ്‌ക്ലുസീവ് ആയി നില്‍ക്കുന്ന ഐഡന്റിറ്റികള്‍ അല്ല എന്നും ഇതിനോടൊപ്പം മനസ്സിലാക്കേണ്ടതുണ്ട്. ഇടതുപക്ഷത്തിന്റെ ഇടപെടല്‍ നടക്കുന്ന രഷ്ട്രീയ പരിസരം പ്രതികരണ സാധ്യതയെ സജീവമാക്കുന്നു എന്ന്, പക്ഷെ പറയാതെ വയ്യ. അപരന്റെ ശബ്ദം സംഗീതമായില്ലെങ്കിലും കുറഞ്ഞപക്ഷം വിദ്വേഷപരം അല്ലാതെ കേള്‍ക്കാന്‍ സഹായിക്കുന്ന രാഷ്ട്രീയ പരിസരം ഇതേ ഇടപെടലിന്റെ ഭാഗമായി പലപ്പോഴും രൂപപ്പെടാറുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് വേട്ടയാടുന്നത് എന്ന് ഏതര്‍ഥത്തില്‍ ആണെങ്കിലും ജമാ-അത്തുകാര്‍ പോലും പറയുമോ എന്ന് അറിയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആവശ്യത്തെ പറ്റി പ്രബോധനത്തില്‍ കവര്‍ സ്റ്റോറി കണ്ട ആള്‍ക്ക് എന്തായാലും അത് ആശയക്കുഴപ്പം സൃഷ്ടിക്കുക തന്നെ ചെയ്യും എന്ന് തീര്‍ച്ച. ഇനി പ്രതികരിക്കാതെ നില്‍ക്കുക എന്ന അര്‍ഥത്തില്‍ ആണെങ്കില്‍ ഇന്ത്യയില്‍ ഇടതുപക്ഷ പ്രസ്ഥാനം അതിന്റെ സാധ്യതയ്ക്കനുസരിച്ച് കഴിഞ്ഞ കാലങ്ങളിലെല്ലാം വര്‍ഗീയ ഫാസിസത്തെ പ്രതിരോധിക്കാനും ബദല്‍ രാഷ്ട്രീയം മുന്നോട്ട് വയ്ക്കാനും ശ്രമിച്ചിട്ടുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ പരിസരവും ഇതിന് വിരുദ്ധമല്ല. ഇനി കംഫര്‍ട്ട് സോണില്‍ ഇരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍, ഉത്തരം തുടങ്ങുന്നത് നേരത്തെ പറഞ്ഞു വച്ച ഗോള്‍വാള്‍ക്കറുടെ വാക്കുകളില്‍ നിന്ന് തന്നെയാണ്; ഫാസിസത്തിന് വേരുറപ്പിക്കാന്‍ കമ്മ്യൂണിസ്റ്റുകാരന്റെ ചോരയും വീണേ തീരൂ.

കമ്മ്യുണിസ്റ്റുകാരില്‍ വെട്ടിവീഴ്ത്തപ്പെട്ടവരുടെ ചരിത്രത്തിലധികവും, ആര്‍എസ്എസിന്റെ മഴുവിന്റെയും പാടുകള്‍ പേറുന്നവയാവുന്നത് യാദൃശ്ചികമ ല്ല. പക്ഷെ, ഇത് കൃത്യമായി തന്നെ പറഞ്ഞു പോവേണ്ടതുണ്ട്. സിനിമ യഥാര്‍ത്ഥ വേട്ടക്കാരനെ, ഈ പരിതസ്ഥിതിയുടെ കാരണത്തെ യഥാര്‍ഥ്യബോധത്തോടെ ഏതെങ്കിലും തരത്തില്‍ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടോ? ഇല്ല എന്ന് തന്നെയാണ് ഉത്തരം. സംഘപരിവാരത്തിന് എതിരെ പ്രതിഷേധത്തിന്റെ ഒരു തരിമ്പ് ഉയര്‍ത്താന്‍ അവതരണത്തിന് കഴിയുന്നുണ്ടോ? ഇല്ല; അപ്പോള്‍ അവിടെ സിനിമ ചെയ്യുന്ന വഞ്ചന തിരിച്ചറിയേണ്ടിയിരിക്കുന്നു. ശത്രു ആര്‍എസ്എസ് അല്ല അത്രെ, അത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആവുന്നു! ഈ ബോധനിര്‍മാണം ആര്‍ക്കുവേണ്ടിയാണ്? ചിത്രം സംസാരിക്കുന്നത്  ഇരപക്ഷമാണോ? അടായാളപ്പെടുത്തുന്നത് യാഥാര്‍ഥ്യബോധം ഉള്ള കാര്യങ്ങള്‍ ആണോ? ഇവിടെയാണ് ജമാ-അത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള സ്ട്രീറ്റ് സിഗ്‌നലായി ചിത്രം അനുഭവപ്പെടുന്നത്. ജമാ-അത്ത്-ഇ-ഇസ്ലാമിയെ സംബന്ധിച്ചിടത്തോളം ശത്രു പൊളിറ്റിക്കല്‍ ഇസ്ലാമിനെ എതിര്‍ക്കുന്നവരാണ്.

ആര്‍എസ്എസ് ഇല്ലാതാവുക എന്നതിനപ്പുറം രാഷ്ട്രീയ നിലനില്‍പ്പിന് ഇടം കണ്ടെത്തുക എന്ന അതിജീവന പ്രശ്നം തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ‘ബുഹാരി സലൂണിന്റെ ‘മുകളില്‍ പ്രതിഷ്ടിക്കുന്നത്. ഈ രാഷ്ട്രീയ സമീക്ഷ യഥാര്‍ത്ഥ ശത്രുവിനെ മുഖംമൂടിയില്‍ ഒളിപ്പിക്കുന്നു. തന്റെ സൗകര്യത്തിന് അനുസരിച്ചുള്ള ശത്രുവിനെ അവിടെ പ്രതിഷ്ഠിക്കുന്നു. ഈ നിലപാടിനെ, സിനിമയുടെ വീക്ഷണ വൈകല്യത്തെ, പ്രശ്‌നവത്ക്കരിക്കാതെ, കേവലമായി ഇരയെ അടയാളപ്പെടുത്തുന്ന ഒന്ന് മാത്രമായി ബുഹാരി സലൂണിനെ കാണുക വയ്യ. എന്നാല്‍ ഇരയെന്ന സങ്കല്പത്തെ തന്നെ രാഷ്ട്രീയമായി അടയാളപ്പെടുത്താന്‍ കഴിയാതെ സിനിമ പരിണമിക്കുന്നുണ്ട് അന്ത്യത്തില്‍ എന്നതാണ് വിഷമകരവും വിമര്‍ശനപരവും. ബുഹാരി സലൂണിന്റെ ഇല്ലായ്മ എന്നെയും അസ്വസ്ഥനാക്കുന്നു. എന്നാല്‍ അതുപോലെ തന്നെ അസ്വസ്ഥതപ്പെടുത്തുകയാണ് സിനിമയുടെ സമഗ്രതയില്ലായ്മയും ശത്രുപക്ഷത്തെ തുറന്നുകാട്ടുന്നതില്‍ കാണിക്കുന്ന കാപട്യവും. അവസാനിക്കുമ്പോള്‍ ചിത്രം കേവലം ജമാ-അത്ത് രാഷ്ട്രീയത്തിന്റെ പോസ്റ്റര്‍ മാത്രമായി ഒതുങ്ങുന്നു എന്ന ചിന്ത ശക്തിപ്പെടുന്നതും ഇതുകൊണ്ടുതന്നെ.

‘ബുഹാരി സലൂണ്‍’ പല അര്‍ത്ഥത്തിലും ഒരു നല്ല സൃഷ്ടിയാണ്. എന്നാല്‍ അതിന്റെ രാഷ്രീയ വായന വ്യവസ്ഥാപിതമായ രാഷ്ട്രീയത്തിന് അപ്പുറം കടക്കുന്നില്ല എന്നത് അടിവരയിടുക തന്നെ വേണം. ഇത് ആത്യന്തികമായി ഒരു ജാമാ-അത്ത് സിനിമ ആവുന്നത് ഇതൊക്കെകൊണ്ടാണ്. അതുകൊണ്ട് ആത്യന്തികമായി ഇരയുടെ പക്ഷം ചേര്‍ന്നുള്ള അടയാളപ്പെടുത്തല്‍ ആവുന്നതിനും അപ്പുറം, മുതലെടുപ്പിന്റെ രാഷ്ട്രീയ അടവ് മാത്രമായി മാറുകയാണ്, കേവലം ഒരു ജമാ-അത്ത് പരസ്യ ചിത്രമായി പരിണമിക്കുകയാണ് ‘ബുഹാരി സലൂണ്‍’.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഖിൽ കെ എം

അഖിൽ കെ എം

ഡൽഹി സർവകലാശാലയിൽ ബി.എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥി.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍