UPDATES

സിനിമ

സുമനില്‍ നിന്നും ദിലീപില്‍ എത്തുമ്പോള്‍ സാമ്യതകളേറെ; ക്ലൈമാക്‌സ് ഒരുപോലെയാകുമോ?

സുമന്‍ പീഡിപ്പിക്കുകയും നഗ്നത ചിത്രീകരിച്ചെന്നും പറയുന്ന മൂന്നു പെണ്‍കുട്ടികളും ഇവിടെ ആക്രമിക്കപ്പെട്ടിരിക്കുന്ന നടിയും തമ്മില്‍ വ്യത്യാസമുണ്ട്.

മലയാള സിനിമയിലെ ഏറ്റവും ശക്തനായ താരം. അഭിനയ മേഖലയില്‍ മാത്രമല്ല, നിര്‍മാണ, വിതരണ മേഖലയില്‍ അടക്കം സിനിമയിലെ ഓരോ രംഗങ്ങളിലും അയാള്‍ക്ക് തന്റേതായ ആധിപത്യം ഉണ്ടായിരുന്നു. പെട്ടെന്നൊരു ദിവസം അയാള്‍ ജയിലിലാകുന്നു. അന്നേവരെ ഒരു സമ്രാട്ടിനെപ്പോലെയെന്നവണ്ണം വാണിടത്തു നിന്നും ഉണ്ടായ പതനം; നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റിലായ ദിലീപിനെക്കുറിച്ച് വളരെ ചുരുക്കി ഇങ്ങനെ പറയാം. മലയാള സിനിമയില്‍ മുന്‍മാതൃകകളില്ലാത്ത വീഴ്ചയാണ് ദിലീപിന്റേത്. എന്നാല്‍ ഇതേപോലൊരു പതനത്തിന്റെ കഥ തെന്നിന്ത്യന്‍ സിനിമയില്‍ മുമ്പ് സംഭവിച്ചിട്ടുണ്ട്; നടന്‍ സുമന്റെ വീഴ്ച.

ഓര്‍ക്കുന്നില്ലേ, ദിലീപിനു വേണ്ടി ശക്തിയുക്തം വാദിക്കുന്ന പിസി ജോര്‍ജ് എംഎല്‍എ സുമന്റെ കേസും ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെടുത്തി ന്യായീകരണം ചമച്ചത്. ജോര്‍ജിന്റെ ന്യായീകരണം മാത്രമല്ല, മലയാള സിനിമ ദിലീപിനായി ഒന്നിക്കുന്ന കാഴ്ചകള്‍ കാണുമ്പോള്‍ സുമന്റെ കേസിന്റെ വഴിയെ തന്നെയാണ് ദിലീപ് കേസും പോകുന്നതെന്നു മനസിലാകുന്നു. ക്ലൈമാക്‌സ് ഒരുപോലെയായിരിക്കുമോ എന്നതില്‍ മാത്രമാണ് ആകാംക്ഷ.

നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സിനിമാപ്രവര്‍ത്തകരുടെ യോഗം തൊട്ട് ഇങ്ങോട്ടുള്ള ഓരോ കാര്യങ്ങളും സമൂഹം മറന്നു കാണില്ലെന്നു കരുതുന്നു. സംശയങ്ങള്‍ ദിലീപിലേക്ക് എത്താന്‍ തുടങ്ങിയതോടെ നടിയേക്കാള്‍ പ്രൊട്ടക്ഷന്‍ നടനു കിട്ടിത്തുടങ്ങി. നിക്ഷ്പക്ഷതയെന്നൊക്കെ പേരിട്ട് അതിനെ ന്യായീകരിക്കാന്‍ ശ്രമിച്ചവരൊക്കെ നടന്റെ അറസ്റ്റോടെ ഞെട്ടലും അത്ഭുതവുമൊക്കെ മുഖത്തു വരുത്തി. ഏതാനും പേര്‍ നടനെതിരേ ആത്മദുഃഖത്തോടെ പ്രതികരിച്ചു, മറ്റു ചിലര്‍ ‘താനറിയുന്ന ദിലീപ് അങ്ങനെ ചെയ്യില്ല’ എന്ന വിശ്വാസം പ്രകടിപ്പിച്ചു. ഇതിനിടയില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന തികച്ചും അപ്രതീക്ഷിതമായി രൂപപ്പെടുകയും ഒരു വിഭാഗം നടിമാരുടെ നേതൃത്വത്തില്‍ ഇരയായ പെണ്‍കുട്ടിക്കൊപ്പം നിന്നുകൊണ്ട് കേസില്‍ അവരുടേതായ ഇടപെടലുകള്‍ നടത്തുകയും ചെയ്തു. അതോടൊപ്പം യുവതാരങ്ങളില്‍ ചിലര്‍ യുവതുര്‍ക്കികളായി മാറി. നടനുവേണ്ടി പക്ഷപാതം കാണിച്ചെന്ന ആരോപണം പേറി നിന്ന താരസംഘടനയായ അമ്മയെക്കൊണ്ട് തന്നെ നടനെ പുറത്താക്കിക്കാന്‍ ഈ യുവതുര്‍ക്കികള്‍ക്ക് കഴിഞ്ഞു. അതിനു മുന്‍പും പിന്‍പുമായി ദിലീപ് ഉണ്ടായിരുന്നതും അയാള്‍ ഉണ്ടാക്കിയതുമായ വിവിധ സംഘടനകളിലും നിന്നും ദിലീപിനെ പുറത്താക്കി. അങ്ങനെ ആകെ മൊത്തം നടനെതിരേ സിനിമാലോകം തിരിഞ്ഞെന്നും ആക്രമിക്കപ്പെട്ട നടിയുടെ കൂടെയാണ് എല്ലാവരുമെന്ന പ്രതിതീ ഉണ്ടാവുകയും ചെയ്തു.

പിന്നെയായിരുന്നു ട്വിസ്റ്റ്. ഒരു ന്യൂനപക്ഷമെന്ന് കരുതിയിടത്തു നിന്നും സിനിമയിലെ ദിലീപ് അനുകൂലികളുടെ എണ്ണം വര്‍ദ്ധിച്ചു. ഇപ്പോള്‍ അഭിനയരംഗത്തും മറ്റുമേഖലയിലും ഉള്ള ചലച്ചിത്രപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ദിലീപിനൊപ്പമാണ്. മാധ്യമങ്ങളും പൊലീസും ചില രാഷ്ട്രീയക്കാരും ചേര്‍ന്ന് ദിലീപിനെ വേട്ടയാടുകയാണെന്നും അദ്ദേഹത്തിനെതിരേയാണ് ഗൂഢാലോചന നടന്നിരിക്കുന്നതെന്നും എല്ലാത്തരത്തിലും ദിലീപിനെ തകര്‍ക്കാനാണു ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു. ദിലീപ് നൂറുശതമാനവും തെറ്റുകാരനല്ലെന്നു വിശ്വസിക്കുന്ന നിര്‍മാതാവ് സുരേഷ് കുമാറിനെപ്പോലുള്ളവരുടെ എണ്ണം കൂടിക്കൂടി വരുന്നു. ഇവിടെയാണ് പഴയ സുമന്‍ കേസ് ഓര്‍മയില്‍ വരുന്നത്.

തെന്നിന്ത്യവാണ സുമന്‍
സുമന്‍ തല്‍വാര്‍ എന്ന നടനെ പുതിയ തലമുറ പ്രേക്ഷകര്‍ക്ക് പരിചിതം ശിവാജിയില്‍ രജനിയുടെ വില്ലനായ ആദിശേഷന്‍, സാഗര്‍ എലിയസ് ജാക്കിയിലെ നാനി, പഴശിരാജയിലെ പഴയംവീടന്‍ ചന്തു എന്നീ കഥാപാത്രങ്ങളിലൂടെയായിരിക്കും. എന്നാല്‍ യഥാര്‍ത്ഥ സുമന്‍ ഇതല്ലായിരുന്നു. 1980-കളില്‍ തെന്നിന്ത്യന്‍ സിനിമകളിലെ സൂപ്പര്‍ ഹീറോ. സത്യസന്ധനായ പൊലീസ് ഓഫിസറായും രാമന്‍, വിഷ്ണു, വെങ്കിടേശ്വരന്‍ എന്നീ ദൈവങ്ങളായുമൊക്കെ സ്‌ക്രീനുകളില്‍ പ്രത്യക്ഷപ്പെട്ട സുമന്‍ തമിഴ്, തെലുങ്ക്, കന്നഡ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറി. തെന്നിന്ത്യന്‍ ഭാഷകളില്‍ മാത്രമല്ല, ഒഡിയ, ഇംഗ്ലീഷ് ഭാഷകളിലും അഭിനയിച്ചു. ഡെത്ത് ആന്‍ഡ് ടാക്‌സിസ് ആയിരുന്നു സുമന്റെ ഹോളിവുഡ് ചിത്രം.

"</p

മംഗലാപുരത്തുകാരായ മാതാപിതാക്കളുടെ മകനായി മദ്രാസില്‍ ജനിച്ച സുമന്റെ ആദ്യം ചിത്രം തമിഴില്‍ ഇറങ്ങിയ നീച്ചല്‍ കുലം. അവിടെ നിന്നങ്ങോട്ട് വളരെ പെട്ടെന്നായിരുന്നു സുമന്റെ വളര്‍ച്ച. 80-കള്‍ സുമന്‍ തന്റെതാക്കി മാറ്റി. അഞ്ചുക്ഷം രൂപയായിരുന്നു അക്കാലത്ത് സുമന്റെ പ്രതിഫലം. ഞെട്ടിക്കുന്ന പ്രതിഫലം. സിനിമലോകം തന്റെ കാല്‍ക്കീഴിലെന്നവണ്ണം വാഴുകയായിരുന്നു സുമന്‍. പ്രായമാകട്ടെ വെറും 26 വയസും.

സുമന്റെ വീഴ്ച
അപ്രതീക്ഷിതമായിരുന്നു ആ രാജവാഴ്ചയില്‍ നിന്നുള്ള സുമന്റെ വീഴ്ച. 1988 മേയ് 18-ന് ഒരു സംഘം പോലീസുകാര്‍ സുമന്റെ വീട്ടിലേക്ക് എത്തുകയും അവിടെ നിന്നും അശ്ലീല വീഡിയോകള്‍ കണ്ടെടുക്കുകയും സുമനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റ് വാര്‍ത്ത സിനിമാലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. സൂപ്പര്‍ ഹീറോ ഒറ്റ രാത്രികൊണ്ട് കൊടുംവില്ലനായി തീര്‍ന്ന അവസ്ഥ.

മൂന്നു പെണ്‍കുട്ടികളുടെ പരാതിയെ തുടര്‍ന്നായിരുന്നു സുമന്റെ അറസ്റ്റ്. തങ്ങളെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കിയ ശേഷം പീഡിപ്പിക്കുകയും നഗ്നചിത്രങ്ങളെടുക്കുകയും നിര്‍ബന്ധിച്ച് നീല ചിത്രങ്ങളില്‍ അഭിനയിപ്പിച്ചെന്നുമായിരുന്നു പെണ്‍കുട്ടികളുടെ പരാതി. പരാതി പ്രകാരം നടത്തിയ അന്വേഷണത്തിലാണ് സുമന്റെ വീട്ടില്‍ നിന്നും അശ്ലീല വീഡിയോ ടേപ്പുകള്‍ പൊലീസ് പിടിച്ചെടുത്തത്.

സുമനൊപ്പം മറ്റൊരാള്‍കൂടി അറസ്റ്റിലായിരുന്നു, 27-കാരനായ ദിവാകര്‍. നീലചിത്രങ്ങള്‍ ചിത്രീകരിക്കുന്നതില്‍ സുമനൊപ്പം ഇയാള്‍ക്കും പങ്കുണ്ടെന്നും ചിത്രീകരിച്ച വീഡിയോകള്‍ ഇയാളുടെ കൈവശം ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. പിന്നീട് ദിവാകര്‍ പൊലീസിനു മുന്നില്‍ നടത്തിയ കുറ്റസമ്മതത്തില്‍ സുമന്‍ ആയിരുന്നു ഈ സംഭവത്തിനു പിന്നിലെ പ്രധാന തലച്ചോറെന്നും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്ന് മയക്കുമരുന്ന് നല്‍കിയശേഷം അശ്ലീല വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നും ദിവാകര്‍ സമ്മതിച്ചു.

കേസ് അതിവേഗം മുന്നോട്ടു പോയി. മേയ് 21-ന് മദ്രാസ് പൊലീസ് കമ്മിഷണര്‍ എസ് ശ്രീപാല്‍, സുമനെതിരേ 1981-ലെ ഗൂണ്ട ആക്ട് ചുമത്താന്‍ ഉത്തരവിട്ടു (ഈ നിയമപ്രകാരം ഒരു പ്രതിയെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കാതെ തന്നെ ഒരു വര്‍ഷം വരെ പൊലീസ് കസ്റ്റഡയില്‍വയ്ക്കാം). ജാമ്യമില്ല വകുപ്പ് കൂടിയാണത്. തിരു സുമന്‍ അഥവ സുമന്‍ തല്‍വാര്‍ എന്ന ഗുണ്ട എന്നായിരുന്നു സുമന്റെ അറസ്റ്റ് വാറണ്ടില്‍ കമ്മിഷണര്‍ ശ്രീപാല്‍ രേഖപ്പെടുത്തിയിരുന്നത്.

ഗൂഢാലോചനയെന്നു സുമന്‍
ഗുരുതരമായ കുറ്റങ്ങള്‍, തെളിവുകള്‍; സുമന്റെ ബാക്കിയുള്ള ജീവിതം ജയിലറയില്‍ ആയിരിക്കുമെന്നു വിശ്വസിച്ചു എല്ലാവരും. എന്നാല്‍ ആ കഥയില്‍ ട്വിസ്റ്റുകള്‍ ഉണ്ടായി. അറസ്റ്റ് ചെയ്യപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ സുമന്‍ കളി തുടങ്ങി. താന്‍ നിരപരാധിയാണെന്നും ഗൂഢാലോചന നടത്തി തന്നെ കുടുക്കുകയായിരുന്നുവെന്നും സുമന്‍ ആരോപിച്ചു. ഡിഎംകെ നേതൃത്വത്തിന്റെ അഭിഭാഷകനായിരുന്ന ജി രാമസ്വാമി സുമനുവേണ്ടി വക്കാലത്ത് ഏറ്റെടുത്തു. തുടര്‍ന്ന് സുമന്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു. തന്നെ അന്യായമായി അറസ്റ്റ് ചെയ്തിരിക്കുകയാണെന്നായിരുന്നു സുമന്റെ പരാതി.

സുമന്റെ പരാതി സ്വീകരിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പോലീസിനും എക്‌സൈസ് സെക്രട്ടറിക്കും ഗുണ്ട ആക്ട് അഡ്മിനിസ്‌ട്രേറ്റ് അഥോറിറ്റിക്കും കേസിന്റെ നിജസ്ഥി മൂന്നാഴ്ചയ്ക്കുള്ളില്‍ അറിയിക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു.

ലക്ഷ്മി, ബീന, ഷീല എന്നീ പെണ്‍കുട്ടികളായിരുന്നു സുമനെതിരേ പരാതി നല്‍കിയിരുന്നത്. മൂന്നുപേരും ഏകദേശം ഒരുപോലെയുള്ള കാര്യങ്ങള്‍ തന്നെയാണ് സുമനെതിരേയുള്ള പരാതിയില്‍ ഉന്നയിച്ചിരുന്നത്. വീട്ടില്‍ കൊണ്ടു ചെന്നാക്കാം എന്നു പറഞ്ഞാണ് സുമന്‍ തങ്ങളെ വാഹനത്തില്‍ കയറ്റിയത്. തുടര്‍ന്ന് മയക്കുമരുന്ന നല്‍കി. അതിനുശേഷം നഗ്നരാക്കി ചിത്രങ്ങള്‍ പകര്‍ത്തി. ഈ ചിത്രങ്ങള്‍ തിരികെ തരാന്‍ തങ്ങള്‍ പലവട്ടം ആവശ്യപ്പെട്ടെങ്കിലും സുമന്‍ തയ്യാറായില്ലെന്നും അവരുടെ പരാതിയില്‍ പറയുന്നു. ഇവരില്‍ ഷീല എന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ഇങ്ങനെ കൂടി പറയുന്നു; ചിത്രങ്ങള്‍ തിരികെ വാങ്ങാന്‍ പോയ തന്നെ സുമന്‍ ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോവുകയും തോക്കു ചൂണ്ടി കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ താന്‍ പ്രാണരക്ഷാര്‍ത്ഥം കാറില്‍ നിന്നും പുറത്തേക്ക് ചാടുകയും ഓടി രക്ഷപ്പെടുകയുമായിരുന്നു.

തങ്ങളുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ തിരിച്ചുവാങ്ങാന്‍ കഴിയാതെ വന്നതോടെ പെണ്‍കുട്ടികള്‍ ഒടുവില്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് അധികൃതര്‍ പറഞ്ഞത്. ബീനയുടെയും ലക്ഷ്മിയുടെയും പരാതി പ്രകാരമാണ് സുമനെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ഷീലയുടെ പരാതി കൂടി കിട്ടയതോടെയാണ് നടനെതിരേ ഗുണ്ട ആക്ട് ചുമത്തിയത്.

എന്നാല്‍ തനിക്കെതിരേയുള്ള കുറ്റങ്ങളെല്ലാം വ്യാജമായി ചമച്ചതാണെന്നു സുമന്‍ വാദിച്ചു. പരാതിക്കാരായ പെണ്‍കുട്ടികളെ ജീവിതത്തില്‍ കണ്ടിട്ടുപോലുമില്ലെന്ന് പറഞ്ഞു. തെറ്റുകാരനല്ലെങ്കില്‍ പിന്നെ എന്തിന് സുമനെപോലൊരാളെ പോലീസ് അറസ്റ്റ് ചെയ്തു എന്നൊരു സ്വാഭാവിക ചോദ്യം ഉയര്‍ന്നു. അതിനുള്ള സുമന്റെ മറുപടി അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ച റിട്ട് പെറ്റീഷനിലുണ്ടായിരുന്നു; “ഈ കേസ് എനിക്കെതിരേ വ്യാജമായി ഉണ്ടാക്കിയതാണ്. ഇതിനു പിന്നില്‍ കോടീശ്വരനായ ഒരു മദ്യവ്യവസായിയാണ്. തമിഴ്‌നാട് മുഖ്യമന്ത്രിയുടെയും പൊലീസ് കമ്മിഷണറുടെയും അടുപ്പക്കാരനായിരുന്നു ഇയാള്‍. ഇയാളുടെ മകള്‍ ദിവാകറിനൊപ്പം ഒളിച്ചോടിപ്പോയി. എന്നെ അറസ്റ്റ് ചെയ്യുന്നതിനു രണ്ടാഴ്ച മുന്‍പായിരുന്നു ആ സംഭവം. ഈ കാര്യത്തില്‍ എന്റെ സഹായം ഉണ്ടായിരുന്നുവെന്ന ധാരണയില്‍ മദ്യവ്യവസായി പ്രതികാരം തീര്‍ക്കുകയായിരുന്നു.”

സുമന്റെ കേസില്‍ പിന്നെ പലതരം മാറിമറിയലുകളാണ് കാണാന്‍ തുടങ്ങിയത്. നടന് അനുകൂലമായ തരംഗം സിനിമ മേഖലയില്‍ നിന്നുണ്ടായി. വെള്ളിത്തിരയിലെ തങ്ങളുടെ ‘ദൈവം’ ആയിരുന്ന താരത്തിന് വന്ന ദുര്‍വിധിയോര്‍ത്ത് ആരാധകരും വിഷമിച്ചു. സിനിമയ്ക്കുള്ളിലും പുറത്തും തനിക്കുള്ള ഡിമാന്‍ഡ് മനസിലാക്കി അതിനനുസരിച്ചു കളിക്കാന്‍ സുമനും തുടങ്ങി.

സിനിമാലോകം സുമനൊപ്പം
തനിക്കെതിരേ നടന്നത് ഗൂഡാലോചനയാണെന്നു സുമന്‍ ഉറപ്പിച്ചു പറയാന്‍ തുടങ്ങിയതിനു പിന്നാലെ സിനിമ ഇന്‍ഡസ്ട്രിയും അയാള്‍ക്കൊപ്പമായി. സുമന്‍ നിരപരാധിയാണെന്ന് അവര്‍ പറഞ്ഞു. സുമന്‍ വളരെ സുന്ദരനായൊരു ചെറുപ്പക്കാരനാണ്, ആ പെണ്‍കുട്ടികള്‍ക്ക് അദ്ദേഹത്തിനോട് ആരാധന തോന്നിക്കാണും, അല്ലാതെ മറ്റു രീതിയില്‍ ഒന്നും നടന്നുകാണില്ലെന്ന് സുമനെ ന്യായീകരിച്ചുകൊണ്ടുള്ള വര്‍ത്തമാനങ്ങള്‍ മുഴങ്ങി.

സിനിമ സംവിധായകരും നിര്‍മാതക്കളും സുമന് വേണ്ടി ശക്തമായ മതില്‍ തീര്‍ത്തു. സുമനെ ഏതുവഴിയിലും പുറത്തുകൊണ്ടുവരാന്‍ അവര്‍ ശ്രമങ്ങള്‍ തുടങ്ങി. സുമന് അനുകൂലമായ തെളിവുകള്‍ നിര്‍മിക്കപ്പെടാന്‍ തുടങ്ങി. പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതായി പറയുന്ന സമയം സുമന്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആയിരുന്നുവെന്നുവരെ തെളിവുകള്‍ നിരന്നു.

പ്രശസ്ത സംവിധായകന്‍ എല്‍ വി പ്രസാദ് വസ്തുതയെന്നവണ്ണം പറഞ്ഞു: സുമന്‍ രാവിലെ ഒമ്പതു മണി മുതല്‍ രാത്രി പത്തരവരെ ഞങ്ങള്‍ക്കൊപ്പം ഷൂട്ടിംഗിന് ഉണ്ടായിരുന്നു. ടൈറ്റ് ഷെഡ്യൂള്‍ ആയിരുന്നു. രാത്രി പത്തരയ്ക്ക് ഷൂട്ടിംഗ് തീര്‍ന്നശേഷം സുമന്‍ നേരെ പോയത് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തിരക്കഥാകൃത്ത് സച്ചിയമൂര്‍ത്തിയെ കാണാനായിരുന്നു(എന്നാല്‍ അന്നേദിവസം രാത്രി ഒമ്പതു മണിക്ക് പരാതിക്കാരിലൊരാളായ ഷീലയെ കണ്ടിരുന്നുവെന്ന് സുമന്‍ പൊലീസിനോടു പറയുന്നുണ്ട്).

പ്രസാദിനെപ്പോലെ പലരും സുമന് അനുകൂലമായ തെളിവുകളുമായി വന്നു. അയാളെ എങ്ങനെയും പുറത്തിറക്കുക തന്നെയായിരുന്നു അവരുടെ ലക്ഷ്യം. അതിനു തക്കതായ കാരണവുമുണ്ടായിരുന്നു. സുമന്റെ അറസ്റ്റ് വലിയ തിരിച്ചടിയാണ് സിനിമമേഖലയ്ക്ക് നല്‍കിയത്. അറസ്റ്റിലാകുന്ന സമയത്ത് കുറഞ്ഞത് മൂന്നു ഡസന്‍ സിനിമകളിലെങ്കിലുമായിരുന്നു സുമന്‍ കരാറിലേര്‍പ്പെട്ടിരുന്നത്. പത്തോളം സിനിമകള്‍ റിലീസ് ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്നു. വന്‍തുക സുമന് അഡ്വാന്‍സ് നല്‍കി തങ്ങളുടെ ചിത്രത്തിലേക്കായി സുമനെ ബുക്ക് ചെയ്ത നിര്‍മാതാക്കളും നിരവധി. ഇവരെയെല്ലാം ഒരുപോലെ നിരാശരാക്കുന്നതായിരുന്നു സുമന്റെ അറസ്റ്റ്. ഈ അറസ്റ്റ് മൂലം സിനിമ ഇന്‍ഡ്രസ്ട്രിക്ക് നേരിടേണ്ടി വന്ന നഷ്ടം ഏഴു കോടിയോളം രൂപയായിരുന്നു; അതും അന്നത്തെ കാലത്ത്.

ഇതേക്കുറിച്ചെല്ലാം സുമനും ധാരണയുണ്ടായിരുന്നു. കോടതിയില്‍ തന്റെ തിരക്കുപിടിച്ച സിനിമജോലി ബോധ്യപ്പെടുത്താന്‍ സുമന് കഴിഞ്ഞു. ഈ തിരക്കിനിടയില്‍ പരാതിക്കാരയ പെണ്‍കുട്ടികളെ തനിക്ക് കാണാന്‍ പോലും സാധിക്കുമായിരുന്നില്ലെന്ന് സുമന്‍ പറഞ്ഞു.

പരാതിക്കാരായ പെണ്‍കുട്ടികളെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന തരത്തിലായി പിന്നീടുള്ള വാദങ്ങള്‍. ഏപ്രില്‍ 20-ന് സുമന്‍ തന്നെ പീഡിപ്പിച്ചെന്നാണ് ലക്ഷ്മി എന്ന പെണ്‍കുട്ടി പറയുന്നത്. പക്ഷേ അവര്‍ പരാതി നല്‍കിയതാവട്ടെ മേയ് 10-നും. എന്തിനാണ് ഇത്രയും ദിവസം പരാതി നല്‍കാതിരുന്നത്? ബീന എന്ന പെണ്‍കുട്ടി പറയുന്നത് ഏപ്രില്‍ 21-നാണ് അവര്‍ പീഡിപ്പിക്കപ്പെട്ടതെന്ന്, പക്ഷേ അവര്‍ പരാതി നല്‍കിയത് മേയ് 14-ന്. എന്തുകൊണ്ടാണ് തങ്ങള്‍ പീഡിപ്പിക്കപ്പെട്ടിട്ടും ആ പെണ്‍കുട്ടികള്‍ അതേക്കുറിച്ച് പൊലീസില്‍ പരാതി നല്‍കാന്‍ ഇത്രയം വൈകിയത്? ഇതായിരുന്നു സുമന്‍ അനുകൂലികളുടെ ചോദ്യം.

ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത് പോലീസ് ആയിരുന്നു. കുറ്റപ്പെടുത്തുന്നവര്‍ ഒരു കാര്യം മറക്കുന്നു, ആ പെണ്‍കുട്ടികളുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ മറ്റൊരാളുടെ കൈവശം ഇരിക്കുകയായിരുന്നു. സ്വാഭാവികമായും ഈ ദൃശ്യങ്ങള്‍ തിരികെ വാങ്ങുന്നതിനായിട്ടായിരിക്കും അവര്‍ ആദ്യം ശ്രമിക്കുക. അതു തങ്ങള്‍ക്ക് തിരികെ കിട്ടില്ലെന്ന് ഒടുവില്‍ അവര്‍ക്ക് തീര്‍ത്തും ബോധ്യമായി. അവിടെയാണ് നിരാശയോടെ അവര്‍ പോലീസിനെ തേടി വന്നത്; ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അന്നു പറഞ്ഞതാണ്.

സുമന്‍ പുറത്തു വരുന്നു
കരുത്തനായൊരു താരത്തിനു പിന്നില്‍ സിനിമാലോകം ഒന്നടങ്കം അണിനിരന്നതോടെ കാര്യങ്ങള്‍ വളരെവേഗം മാറി മറിഞ്ഞു. പോലീസിന്റെ തെളിവുകള്‍ കോടതിയില്‍ മതിയാകാതെ വന്നു. അതേസമയം സുമന് അനുകൂലമായി സാക്ഷിമൊഴികളും തെളിവുകളും മറുവശത്ത് ശക്തമായതോടെ കോടതിയില്‍ പോലീസ് തോറ്റു. സുമന്‍ പുറത്തുവന്നു.

പക്ഷേ ജയിലില്‍ നിന്നും പുറത്തുവന്ന സുമന് തന്റെ പഴയപ്രതാപങ്ങള്‍ നഷ്ടമാകാന്‍ തുടങ്ങി. സിനിമയില്‍ അയാളുടെ ഗ്ലാമര്‍ മങ്ങി. ഒരുകാലത്ത് സൂപ്പര്‍ നായകനായിരുന്നയാള്‍ ചെറുകിട വേഷങ്ങളിലേക്ക് ഒതുങ്ങി. പിന്നീട് വില്ലനായി. ഇപ്പോഴും അങ്ങനെയൊക്കെ തന്നെയായി സിനിമയില്‍ തുടരുന്നു.

"</p

സുമനും ദിലീപും
സുമന്റെ കഥ കേട്ടുകഴിയുമ്പോള്‍ സ്വാഭാവികമായും ദിലീപ് കേസിന് അതുമായുള്ള സാമ്യം ബോധ്യപ്പെടും. ജയിലില്‍ ആകുമ്പോള്‍ സുമന്‍ എങ്ങനെയായിരുന്നോ അതിലേറെ ശക്തനായിരുന്നു ദിലീപ്. രണ്ടുപേര്‍ക്കുമേലും ആരോപിക്കപ്പെട്ട കുറ്റവും സ്ത്രീ വിഷയം. ദിലീപിന്റെ കാര്യത്തില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് പറയുന്നില്ലെന്നുമാത്രം.

ദിലീപിന്റെ കാര്യത്തില്‍ കാര്യങ്ങള്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്ന നില പരിശോധിച്ചാല്‍ സുമന്റെ കാര്യത്തില്‍ നടന്നതുമായി അതിനേറെ സാധ്യതയുണ്ട്. അതില്‍ പ്രധാനം സുമന്റെ പിറകില്‍ അണിനിരന്നതെന്നപോലെ ഇവിടെ ദിലീപിന്റെ പിന്നില്‍ മലയാള സിനിമ ഒരുമിക്കുന്നതാണ്. ദിലീപ് നിരപരാധിയാണെന്നാണവരില്‍ ഏറെപ്പേരും പറയുന്നത്. സുമന്റെ കേസില്‍ പെണ്‍കുട്ടികളെ പ്രതികൂട്ടില്‍ നിര്‍ത്താന്‍ ആ നടന്റെ സുഹൃത്തുക്കള്‍ തയ്യാറായി. ഇവിടെയും അതൊക്കെ തന്നെയാണ് നടക്കുന്നത്. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കേണ്ടതുണ്ടെന്നു വരെ ഇവിടെ ദിലീപിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. പീഡിപ്പിക്കപ്പെട്ടിട്ടും പരാതി കൊടുക്കാന്‍ വൈകിയെതെന്തെന്ന് സുമനെതിരേ പരാതി നല്‍കിയ പെണ്‍കുട്ടികളോട് ചോദിച്ചതിനെക്കാള്‍ ക്രൂരമാണത്. അവിടെ പരാതിക്കാരികള്‍ സിനിമയ്ക്ക് പുറത്തുള്ളവരായിരുന്നു. ഇവിടെ ദീര്‍ഘകാലമായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സഹപ്രവര്‍ത്തകയായിട്ടുപോലും സംശയങ്ങളും ചോദ്യങ്ങളും ആ സ്ത്രീക്കെതിരേ ഉയര്‍ത്താന്‍ മടിയുണ്ടായില്ല.

തനിക്കെതിരേ ഗൂഢാലോചന നടന്നെന്നാണ് സുമന്‍ പറഞ്ഞത്. അതാരാണ് നടത്തിയതെന്നും ആരെല്ലാം പങ്കാളികളികളായിരുന്നുവെന്നും സുമന്‍ വ്യക്തമാക്കിയിരുന്നു. ഇവിടെ ദിലീപും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും പറയുന്നതും ഗൂഡാലോചന സിദ്ധാന്തമാണ്. പക്ഷേ അതാര് നടത്തിയെന്നു പറയുന്നില്ല. പക്ഷേ മാധ്യമ വാര്‍ത്തകള്‍, സോഷ്യല്‍ മീഡിയയിലും മറ്റും നടക്കുന്ന പ്രചാരണങ്ങള്‍, അദ്ദേഹത്തിന്റെ ബിസിനസ് സംരംഭങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന നടപടികള്‍ എല്ലാം വ്യക്തമാക്കുന്നത് ഈ ഗൂദാലോചന സാധ്യതകള്‍ തന്നെയെന്ന് അവര്‍ പറയുന്നു. അതിനൊപ്പം ഒരു വൈകാരിക അന്തരീക്ഷം ദിലീപിനുവേണ്ടി ഒരുക്കാനും ശ്രമം നടത്തുന്നുണ്ട്, അതേതാണ്ട് വിജയിച്ചിട്ടുമുണ്ട്. ദിലീപും കുടുംബവും നേരിടുന്ന മാനസികസംഘര്‍ഷം, ദിലീപ് ജയിലില്‍ അനുഭവിക്കുന്ന ശാരീകാവശതകള്‍ ഒക്കെ ഇതിനനുകൂലമായി പ്രചരിക്കുന്നു.

കഴിഞ്ഞ ദിവസം ദിലീപിനെ ജയിലില്‍ പോയി കണ്ട നിര്‍മാതാവ് സുരേഷ് കുമാറും നടന്‍ നേരിടുന്ന മാനസിക-ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ആകൂലനാവുകയും അദ്ദേഹത്തിന്റെ കുടുംബം അനുഭവിക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ചു പറഞ്ഞു വികാരം കൊള്ളുകയുമുണ്ടായി. എന്നാല്‍ പുറത്തുവരുന്ന കഥകള്‍ പോലെ ദിലീപിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. അന്ന് സുമനുവേണ്ടിയും വികാരം നിറച്ച കഥകള്‍ പ്രചരിച്ചിരുന്നു. സ്‌ക്രീനില്‍ തങ്ങള്‍ രാമനായും കൃഷ്ണനായും വെങ്കിടേശ്വരനായും കാണുന്ന പ്രിയ താരത്തിന്റെ ദയനീയാവസ്ഥ നിറഞ്ഞ കഥകള്‍ അന്നത്തെ പ്രേക്ഷകര്‍ വിശ്വസിച്ചിരുന്നു. ദിലീപിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ കാലം മാറിയെന്നൊരു വ്യത്യാസമുണ്ട്.

"</p

ക്ലൈമാക്‌സിനായി കാത്തിരിക്കാം
ദിലീപും സുമനെപോലെ നിരപരാധിത്വം തെളിയിച്ചു പുറത്തുവന്നാല്‍ എന്ന വെല്ലുവിളിയാണ് പി സി ജോര്‍ജിനെ പോലുള്ളവരൊക്കെ ഉയര്‍ത്തുന്നത്. കോടതിയില്‍ വിശ്വസിക്കുന്നവര്‍ക്ക് സുമന്‍ നിരപരാധിയെന്നതും വിശ്വസിക്കേണ്ടി വരും. ഇവിടെയും കേസ് കോടതിയില്‍ എത്തും. മദ്രാസ് പോലീസും തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു, ഇപ്പോഴത്തെ കേരള പോനെപോലെ. പക്ഷേ കോടതിയില്‍ അവര്‍ക്ക് പിഴച്ചു. അവിടെ സുമന് അനുകൂലമായി തെളിവുകള്‍ ഉണ്ടായി എന്നാണെങ്കില്‍ ഇവിടെ ദിലീപിനെതിരേ കാണിക്കാന്‍ പൊലീസിന് മതിയായ തെളിവുകള്‍ ഉണ്ടോ എന്നാണ് ചോദ്യം. പ്രത്യേകിച്ച് നടി ആക്രമിക്കപ്പെടുന്നത് ചിത്രീകരിച്ച ഫോണ്‍ എന്ന പ്രധാന തൊണ്ടിമുതല്‍ കിട്ടാതെ വരുന്നിടത്ത്. ദിലീപിനെ രണ്ടാം പ്രതിയാക്കി 20 വര്‍ഷം വരെ ജയിലില്‍ കിടത്താവുന്ന വകുപ്പുകളൊക്കെ ചുമത്തി കോടതിയില്‍ കൊണ്ടുവരുമ്പോള്‍ അയാള്‍ക്കെതിരേയുള്ള ഗൂഢാലോചനക്കുറ്റം കൃത്യമായ തെളിവുകള്‍ സഹിതം കോടതിയെ ബോധിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവിടെക്കഴിയും പൊലീസിന്റെ കഥ. പിന്നെ ദിലീപിനെ മറ്റൊരു സുമന്‍ എന്നു തന്നെ വിളിക്കേണ്ടി വരും. സുമന്റെ കേസിലും ദിവാകര്‍ എന്ന കൂട്ടുപ്രതിയുടെ മൊഴി പൊലീസിന് അനുകൂലമായിരുന്നു. ഇവിടെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴിയാണ് പൊലീസിന് ദിലീപിനെതിരേയുള്ള പ്രധാന പിടിവള്ളി. പക്ഷേ ഒരു ക്രിമിനലിന്റെ വാക്കുകളുടെ ബലത്തില്‍ മാത്രം ദിലീപിനെപോലൊരാളെ ജയിലില്‍ കിടത്താന്‍ കഴിയുമോ എന്നാണ് ചോദ്യം ഉയര്‍ന്നിരിക്കുന്നത്, കോടതിയില്‍ പ്രതിഭാഗം ചോദിക്കാന്‍ പോകുന്നതും അതുതന്നെയായിരിക്കും. മറുപടി പറയാന്‍ പോലീസിന് കഴിയണം.

പക്ഷേ ഒന്നുണ്ട്. സുമന്‍ പീഡിപ്പിക്കുകയും നഗ്നത ചിത്രീകരിച്ചെന്നും പറയുന്ന മൂന്നു പെണ്‍കുട്ടികളും ഇവിടെ ആക്രമിക്കപ്പെട്ടിരിക്കുന്ന നടിയും തമ്മില്‍ വ്യത്യാസമുണ്ട്. പഴയ കേസിലെ പരാതിക്കാരികള്‍ അപ്രശസ്തരും സാധാരണക്കാരുമായിരുന്നു. അവര്‍ക്കൊപ്പം നില്‍ക്കാന്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്നുംപോലും നിശ്ചയമില്ല. ഇവിടെ അതല്ല. ആക്രമിക്കപ്പെട്ടിരിക്കുന്നത് പ്രശസ്തയായ ഒരു നടിയാണ്. അവര്‍ക്കൊപ്പം നില്‍ക്കാന്‍ സിനിമ മേഖലയില്‍ നിന്നു തന്നെ, വളരെ കുറച്ചുപേര്‍ ആണെങ്കിലും- ആളുകളുണ്ട്. കേസില്‍ മാധ്യമങ്ങള്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. പൊതുസമൂഹത്തിന്റെ നിരീക്ഷണമുണ്ട്. സര്‍ക്കാരും പൊലീസും നീതിയുക്തമായി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന തോന്നലുമുണ്ട്. അതുകൊണ്ട് തന്നെ സുമന്‍ കേസിലും ദിലീപ് കേസിലും ഒരേ ക്ലൈമാക്‌സ് ഉണ്ടാകില്ലെന്നും വിശ്വസിക്കാം.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍