UPDATES

സിനിമാ വാര്‍ത്തകള്‍

‘പ്രതികരിച്ചപ്പോള്‍ എന്നെ അഹങ്കാരിയായി മുദ്രകുത്തി, നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന ഏത് പെണ്‍കുട്ടിയും ഈ സാഹചര്യങ്ങളിലൂടെ കടന്നു പോകാം’: അമൃത സുരേഷ്

ആ സ്വപ്‌ന ജീവിതം വിട്ടിറങ്ങുമ്പോള്‍ എന്റെ കൈവശം ഉണ്ടായിരുന്നത് രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞും സീറോ ബാലന്‍സ് അക്കൗണ്ടുമായിരുന്നു.

ഒരു റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. പ്ലസ്ടുവില്‍ പഠിക്കുമ്പോള്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് സ്വപ്‌ന ജീവിതത്തിലേക്ക് നടന്ന് കയറിയ തന്നെ മാത്രമേ ജനങ്ങള്‍ക്ക് അറിയൂ എന്ന് അമൃത പറയുന്നു.
ജീവിത സാഹചര്യങ്ങളാണ് തന്നെ കരുത്തുള്ള വ്യക്തിയാക്കി തീര്‍ത്തതെന്ന് ഗായിക അമൃത സുരേഷ്. യൂട്യൂബ് ചാനലായ ജോഷ് ടോക്കിലാണ് അമൃതയുടെ തുറന്നു പറച്ചിൽ

പഠിത്തം അവസാനിപ്പിച്ച് ഞാന്‍ നടന്നു കയറിയ ജീവിതം ഒരു പേടിസ്വപ്‌നമായിരുന്നു. അന്ന് ഒരുപാട് കരഞ്ഞു. ആരോടും ഒന്നും പങ്കുവച്ചില്ല.ആ സ്വപ്‌ന ജീവിതം വിട്ടിറങ്ങുമ്പോള്‍ എന്റെ കൈവശം ഉണ്ടായിരുന്നത് രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞും സീറോ ബാലന്‍സ് അക്കൗണ്ടുമായിരുന്നു.

ആദ്യം ഞാന്‍ ഇതെക്കുറിച്ച് മിണ്ടാതിരുന്നു അപ്പോള്‍ പലരും പറഞ്ഞത് ‘അമൃത സുരേഷിനെ കൊണ്ട് ഒന്നിനും കൊള്ളില്ല’ എന്നായിരുന്നു. പ്രതികരിച്ചപ്പോള്‍ എന്നെ അഹങ്കാരിയായി മുദ്രകുത്തി. നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന ഏത് പെണ്‍കുട്ടിയും ഈ സാഹചര്യങ്ങളിലൂടെ കടന്നു പോകാം. അന്ന് എനിക്ക് താങ്ങും തണലുമായി നിന്നത് എന്റെ കുടുംബമാണ്.

എനിക്കറിയില്ലായിരുന്നു ഇനി എന്തു ചെയ്യണമെന്ന് . മനസ്സില്‍ തോന്നുന്നത് എഴുതി വയ്ക്കുന്ന ഒരു ശീലമുണ്ടായിരുന്നു എനിക്ക്. അന്ന് ഞാന്‍ കൂടുതല്‍ എഴുതിയ വാക്ക് ”ഹൗ”, ഇനി എങ്ങിനെ എന്നായിരുന്നു. ആ വാക്കിനെ പിന്നീട് ഞാന്‍ ”ഹു”, ഞാന്‍ ആര് എന്ന് മാറ്റി എഴുതി. അത് തന്നെയാണ് എന്റെ ജീവിതം മാറ്റി മറിച്ചതും.

എന്റെ ജീവിതത്തിലേക്ക് ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍, ഇന്ന് എന്റെ കുഞ്ഞിന്റെ കൈപിടിച്ചു നില്‍ക്കുമ്പോള്‍ ഞാന്‍ എത്രമാത്രം കരുത്തയാണെന്ന് തിരിച്ചറിഞ്ഞു. പത്ത് വര്‍ഷം മുന്‍പുള്ള അമൃത സുരേഷ് ഒരു ചെറിയ കാര്യത്തിന് പോലും പൊട്ടിക്കരയുമായിരുന്നു. ഇപ്പോള്‍ ഞാന്‍ ആരാണെന്ന് എനിക്ക് അറിയാം.

നിങ്ങള്‍ ആരാണെന്ന് നിങ്ങള്‍ തിരിച്ചറിയണം. എനിക്ക് എല്ലാവരോടും ഒരു കാര്യം മാത്രമാണ് പറയാനുള്ളത്. തെറ്റുകള്‍ എല്ലാവര്‍ക്കും സംഭവിക്കും. എന്നാല്‍ അത് തിരിച്ചറിഞ്ഞ്, തിരുത്താന്‍ ശ്രമിക്കുക. എങ്കില്‍ മാത്രമേ ജീവിതത്തില്‍ ജയിക്കാനാകൂ. എന്റെ മകള്‍ ഒരിക്കലും ദുര്‍ബലയായ ഒരു അമ്മയുടെ മകളായി അറിയപ്പെടരുത്. അവള്‍ വളരെ കരുത്തയായ ഒരു അമ്മയുടെ മകളായി ജീവിക്കണം. ആ ലക്ഷ്യം തന്നെയാണ് എന്നെ മുന്‍പോട്ട് കൊണ്ടുപോയത്- അമൃത പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍