UPDATES

സിനിമ

മലയാള സിനിമയ്ക്ക് ഇതാ പുതിയൊരു സ്ത്രീ സംവിധായിക; അതും ഒരു കന്യാസ്ത്രീ

കത്തോലിക്കാ സഭയിലെ മെഡിക്കല്‍ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ്‌സ് സന്യാസ സഭാംഗമാണ് സിസ്റ്റര്‍ ജിയ

ഇത് സിസ്ററര്‍ ജിയ, സിനിമാ സംവിധായികയാണ്. സിനിമാസംവിധാനം സ്ത്രീകള്‍ അധികം കടന്നുവരാത്ത മേഖലയാണ്. വിരലില്‍ എണ്ണാവുന്നതിനപ്പുറം ഒന്നും പോകില്ല നമ്മുടെ സിനിമാലോകത്തെ സ്ത്രീ സംവിധായകര്‍. ആ രംഗത്തേക്ക് ഒരു സന്യാസിനി കടന്നുവന്നാലോ. വല്ല പുരാണങ്ങളോ ദൈവങ്ങളുടെയോ കഥയായിരിക്കും ഈ സിനിമ എന്ന് കരുതാന്‍ വരട്ടെ. ഇന്നത്തെ ആധുനിക സമൂഹത്തിലെ കുട്ടികളുടെയും മാതാപിതാകളുടെയും ജീവിതത്തില്‍ ഗുണകരമാകുന്ന സന്ദേശം പകരുന്ന ചിത്രമാണ് ഈ സന്യാസിനി വെള്ളിത്തിരയില്‍ എത്തിച്ചിരിക്കുന്നത്. കത്തോലിക്കാ സഭയിലെ മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ്സ് സന്യാസ സഭാംഗമാണ് സിസ്റ്റര്‍ ജിയ എംഎസ്ജെ.

എട്ടുവര്‍ഷമായി ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ആശുപത്രിയില്‍ മെഡിക്കല്‍ ലാബിന്റെ ചുമതലക്കാരിയായ സിസ്റ്റര്‍ പ്രാര്‍ത്ഥനയും എഴുത്തും കവിതകളുമായി ഒതുങ്ങി നടക്കുകയായിരുന്നു രണ്ട് വര്‍ഷം മുമ്പ് വരെ. 2015-ല്‍ കത്തോലിക്കാ സഭ സമര്‍പ്പിതവര്‍ഷമായി ആചരിച്ചപ്പോള്‍ സമര്‍പ്പിതരുടെ ത്യാഗനിര്‍ബരണമായ ജീവിതത്തെക്കുറിച്ച് ഒരു ഹ്രസ്വചിത്രം ഒരുക്കണമെന്ന ചിന്തയില്‍ നിന്നായിരുന്നു ‘എന്റെ വെള്ളിത്തൂവല്‍’ എന്ന രണ്ടര മണിക്കൂര്‍ ദാര്‍ഘ്യമുള്ള സിനിമ രൂപം കൊണ്ടതെന്ന് സിസ്റ്റര്‍ പറയുന്നത്. സിസ്റ്റര്‍ ജിയ അഴിമുഖം പ്രതിനിധിയോട്-

‘ഈശോയ്‌ക്കൊരു പൂക്കുട’ എന്ന പേരില്‍ കുട്ടികള്‍ക്കായി ഞാന്‍ എഴുതിയ ഇരുപതു കഥകളുടെ ഒരു സമാഹാരം 2015-ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. ഇതിലെ കഥകള്‍ എംസ്ടി സഭ നടത്തുന്ന കടുകുമണി ബാലമാസികയില്‍ കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ പലപ്പോഴായി എഴുതിയവയായിരുന്നു. ഇതിലെ ഒരു കഥ എടുത്ത് ഷോര്‍ട്ട് ഫിലിം ആക്കുവാനായിരുന്നു ആദ്യം ശ്രമിച്ചത്. ഒരു ഷോര്‍ട്ട് ഫിലിമാകുമ്പോള്‍ എല്ലായിടങ്ങളിലും സന്ദേശമെത്തിക്കുവാന്‍ സാധിക്കുമോ എന്ന ചോദ്യമുയര്‍ന്നപ്പോള്‍ ചെറിയ ബഡ്ജറ്റില്‍ ഒരു സിനിമ തന്നെ ചെയ്യാമെന്ന് തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. ഇതിനായി മറ്റോരു തിരക്കഥയും സംഭാഷണവും ഞാന്‍ തന്നെ തയ്യാറാക്കി. സിനിമയ്ക്കായി ഇവിടുത്ത യുവജനങ്ങളുടെ ഒരു കൂട്ടായ്മയുമായി ചേര്‍ന്ന് ധനസമാഹരണം നടത്താം എന്നൊക്കെയായിരുന്നു ഞങ്ങളുടെ പദ്ധതി. ചെയ്യാന്‍ പോകുന്ന കാര്യങ്ങളെകുറിച്ചുള്ള ഒരു ധൈര്യമില്ലായ്മ കാരണം ഒരു തീരുമാനത്തിലെത്താന്‍ രണ്ടുമാസത്തോളം സമയമെടുത്തിരുന്നു. ആ രണ്ടുമാസം നന്നായി പ്രാര്‍ത്ഥിച്ച് ധൈര്യമൊക്കെ സംഭരിച്ച് നിര്‍മ്മാണത്തിലേക്ക് ഇറങ്ങുകയായിരുന്നു. അതിന് ആദ്യം സന്യാസ സഭയില്‍ നിന്ന് അനുമതി വാങ്ങി തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്റെ ആശീര്‍വാദത്തോടെ ചിത്രം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ചിത്രത്തിന്റെ കുറച്ച് ഭാഗങ്ങള്‍ ഷൂട്ടിംഗ് നടത്തിയതിന് ശേഷം നിന്ന് പോയിരുന്നു.

ധനസമാഹരണം നടത്താന്‍ തങ്ങള്‍ക്കാവില്ലെന്ന് പറഞ്ഞ് യുവജനസംഘടനയും നേതൃത്വവും ഷൂട്ടിംഗ് തുടങ്ങുമുമ്പ് പിന്‍വാങ്ങി. നല്ലൊരു ലക്ഷ്യത്തോടെ ഇറങ്ങിതരിച്ചിട്ട് പ്രതിസന്ധികള്‍ മുന്നില്‍കണ്ടപ്പോള്‍ യുവജനസംഘടന പിന്‍വാങ്ങിയപ്പോഴും പ്രാര്‍ത്ഥനയോടെ മുന്നോട്ട് പോകുവാനാണ് തീരുമാനിച്ചത്. ആദ്യം ഞാനല്ല ചിത്രം സംവിധാനം ചെയ്തത്. മറ്റൊരു പയ്യനായിരുന്നു. യുവജനസംഘടനയിലുണ്ടായിരുന്നു സ്റ്റില്‍ ഫോട്ടോഗ്രാഫി പഠിച്ച ജിതിന്‍ ന്ന വ്യക്തി തനിക്ക് സിനിമ സംവിധാനം അറിയാമെന്നും ചെലവുചുരുക്കി ചെയ്യാമെന്നും ഏറ്റ് എത്തുകയായിരുന്നു. പക്ഷെ സംവിധായകന്റെ പരിചയ കുറവും മറ്റ് സാങ്കേതിക പ്രശ്‌നങ്ങളും കാരണം മുന്ന്് ഘട്ടങ്ങളിലായി 18 ദിവസത്തോളം നടന്ന ഷൂട്ടിംഗ് പൂര്‍ത്തിയായത് ഏഴുമാസം കൊണ്ടാണ്. പിന്നെ സംവിധായകന്‍ ആദ്യം സമ്മതിച്ച വ്യവസ്ഥകളില്‍ നിന്ന് പിന്മാറുകും കൂടി ചെയ്തപ്പോള്‍ 26 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാവുകയും ചെയ്തു. ഇത് എന്നെ മാനസികമായി തളര്‍ത്തി. പ്രാര്‍ത്ഥനകളാണ് തരിച്ചുവാരന്‍ സഹായിച്ചത്. പിന്നെ കുറെ സമ്മര്‍ദ്ദം ചെലുത്തി പൂര്‍ത്തിയാക്കിയ കാര്യങ്ങള്‍ വച്ച് സിനിമയാക്കിയപ്പോള്‍ രണ്ടരമണിക്കൂറിലെ സിനിമ ഒന്നരമണിക്കൂര്‍ മാത്രമെയുണ്ടായിരുന്നുള്ളൂ. അത് വച്ച് ചിലയിടത്ത് പ്രദര്‍ശനം നടത്തിയപ്പോള്‍ ഉദ്ദേശിച്ച സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ സാധിക്കുന്നില്ല മനസ്സിലായി. സാമ്പത്തിക നഷ്ടവും സമയനഷ്ടവും ഒരുപ്പാടുണ്ടായെങ്കിലും. കുറെ കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചിരുന്നു. ആ ഷൂട്ടിംഗ് സമയത്ത് ഞാനവരുടെ കൂടെ മുഴുവന്‍ സമയവുമുണ്ടായിരുന്നു. അതാണ് സിനിമാ സംവിധാനത്തെക്കുറിച്ചുള്ള ആകെ അറിവ്. എനിക്ക് സിനിമയുമായി ബന്ധപ്പെട്ട് വലിയ അറിവൊന്നുമില്ലായിരുന്നു. ഈ ചിത്രം നല്ല രീതിയില്‍ പൂര്‍ത്തികരിക്കാന്‍ വേണ്ടി അതെല്ലാം പഠിച്ചു.

സിനിമ മേഖലയില്‍ അനുഭവപരിചമുള്ളവരുമായി പരിചയപ്പെട്ട് ഞാന്‍ തന്നെ മുന്‍കൈ എടുത്ത് അവരോടും കൂടി ആലോചിച്ച് ഷൂംട്ടിംഗ് വീണ്ടും ആരംഭിച്ചു. അതിന്റെ സംവിധാനം ഞാന്‍ തന്നെ ഏറ്റെടുത്തു. എന്റെ അവസ്ഥ അറിഞ്ഞ് നാട്ടില്‍ അവധിക്കെത്തിയ ലണ്ടിനിലെ ശാലോം വേള്‍ഡിന്റെ ചീഫ് ക്യാമറമാനായ ബിനോയ് ലൂക്കോ സഹായത്തിനെത്തി (ബിനോയിയും ഹരിപ്രസാദുമാണ് ക്യാമറമാന്മാരായത്). ഈ സിനിമ പൂര്‍ത്തിയാക്കുവാന്‍ ദൈവം എന്നെ ഉപകരണമാക്കി. സിനിമ തുടങ്ങിയപ്പോള്‍ ചിലര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പ്രാര്‍ത്ഥനയും കാര്യങ്ങളുമായിട്ട് നടന്നാല്‍ പോരെ? എന്തിനാണ് ഇതിന്റെ പുറകെ നടക്കുന്നതെന്നും മറ്റും. പക്ഷെ സഭയും കൂടെയുള്ള സിസ്റ്റര്‍മാരും നല്ല പിന്തുണയാണ് നല്‍കിയത്. ഏറിയ പങ്ക് ആളുകളും നല്ല പിന്തുണ നല്‍കി. സാമ്പത്തികം വലിയൊരു വിഷയമായിരുന്നു. എന്റെ വ്യക്തിപരമായ ബന്ധങ്ങളിലൂടെയുള്ള ആളുകളില്‍ നിന്ന് കടം മേടിച്ചാണ് ഞാന്‍ ഈ ചിത്രം പൂര്‍ത്തിയാക്കിയത്. അവസാന സമയത്ത് സഭയില്‍ നിന്ന് കുറച്ച് പണം തന്നതും ആശ്വാസമായിരുന്നു. ഈ ചിത്രത്തിന് തീയേറ്റുകള്‍ കിട്ടുമോ എന്നറിയില്ല. ഏതായാലും പള്ളികള്‍ വഴി കുട്ടികളെയും മാതാപിതാക്കളെയും ചിത്രം കാണിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.



ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സരയൂ മോഹന് പുറമെ കലാഭവന്‍ ഹനീഫ, അന്‍സില്‍ റഹ്മാന്‍, കണ്ണൂര്‍ ശ്രീലത, സുശീല്‍കുമാര്‍ തിരുവങ്ങാട്, ശ്രീളക്ഷ്മി, ഗ്രേസി, ജീവന്‍ ഡേവീസ്, ജിജോ ജോയി, മാസ്റ്റര്‍ സാം എന്നിവര്‍ക്കൊപ്പം 35 കുട്ടികളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്ന് ഗാനങ്ങളുള്ളതില്‍ ഒരു ഗാനം എഴുതിയിരിക്കുന്നതും ഞാന്‍ തന്നെയാണ്. വാണി ജയറാമും സെലിന്‍ ജോസുമാണു ഗായകര്‍. ഗാനങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് ഫാ. അഗസ്റ്റിന്‍ പുത്തന്‍പുരയും (വി.സി), റോബര്‍ട്ടോ ലിയോ, ജയദേവനുമാണ്. പശ്ചാത്തലസംഗീതം ഒരുക്കിയത് സംഗീതസംവിധായകന്‍ അല്‍ഫോന്‍സാണ്. തിയറ്ററുകളില്‍ സിനിമ റിലീസ് ചെയ്യുന്നതിന് ഡിജിറ്റല്‍ പ്രൊജക്ഷന്‍ നടത്തുന്ന കമ്പനികളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ടൂറിംഗ് ടാക്കീസ് വഴി വിവിധ രൂപതകളിലെ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ നിര്‍മാണത്തിന് നാല്‍പത് ലക്ഷത്തോളം രൂപ ചിലവായി. ഇതൊരു വാണിജ്യ സിനിമയല്ലല്ലോ. അതുകൊണ്ട് തന്നെ പരതിസന്ധികള്‍ ഇനിയുമുണ്ട്. ഏകദേശം എട്ടു ലക്ഷം രൂപയോളം സംഭാവനയായി ലഭിച്ചു. ബാക്കി കടമായിട്ട് മേടിച്ചതാണ്. ഞാനൊരു കന്യാസ്ത്രീയായതുകൊണ്ടാവും, അവര്‍ പലിശ ഒന്നുമില്ലാതെയാണ് പണം തന്നത്; അറിയില്ല. മേടിച്ച പണം തിരിച്ചുകൊടുക്കേണ്ട സമയമായി. ദൈവം അതിനും ഒരു വഴി കാണിക്കും.

പിന്നെ ഒരു സ്ത്രീയാണെന്ന വിവേചനമൊന്നും അങ്ങനെ ഉണ്ടായില്ല. പദ്ധതി ഉപേക്ഷിക്കാന്‍ ചിലര്‍ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ അതിലും കൂടുതല്‍ പേര്‍ പിന്തുണച്ചിരുന്നു. ഷൂട്ടിംഗ് ഇരുപത് ദിവസമെ ഉണ്ടായിട്ടുള്ളൂ. പക്ഷെ രണ്ട് വര്‍ഷത്തിനടുത്തായി എല്ലാം ഒന്നു തീര്‍ത്ത് വരാന്‍. ഇറങ്ങി തിരിച്ചപ്പോള്‍ മനസ്സിലായി സാധ്യതകള്‍ ഒരുപാടുണ്ടെന്ന്. ഒപ്പം ഒരു സന്യാസിനി എന്ന നിലയില്‍ എനിക്ക് പരിമിതികള്‍ ഉണ്ടെന്നും മനസ്സിലായി. എന്നാലും കാര്യങ്ങള്‍ ഭംഗിയായി തീര്‍ക്കാന്‍ സാധിച്ചു. കുഞ്ഞുങ്ങള്‍ക്കും മാതാപിതാകള്‍ക്കും വേണ്ടിയാണ് ഈ ചിത്രം. അവര്‍ക്ക് നല്ലൊരു വഴി കാണിച്ചുകൊടുക്കാനാണ് ഈ ചിത്രം കൊണ്ട് ഞാന്‍ ശ്രമിച്ചിരിക്കുന്നത്. സമൂഹങ്ങളിലും വ്യക്തികളിലും ഇന്ന് സിനിമയെന്ന മാധ്യമത്തിന് വളരെ വലിയ സ്വാധീനമുണ്ട്. ഈ മേഖലയില്‍ കഴിവും സാഹചര്യമുള്ള ധാരാളം സ്ത്രീകള്‍ ധൈര്യപൂര്‍വ്വം ഇറങ്ങി തിരിക്കണമെന്നാണ് എന്റെ അപേക്ഷ.’

സിസ്റ്റര്‍ ജിയ- 9496633604 (Mob.)

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍