UPDATES

ബസ് കണ്ടക്ടര്‍ ആയിരുന്ന ഒരു പാട്ടെഴുത്തുകാരന്‍; ഹരിനാരായണന്‍ സംസാരിക്കുന്നു

Avatar

ഹരിനാരായണന്‍/ അഭിമന്യു

മെലഡികളുടെ വസന്തം മലയാളത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ഹരിനാരായണന്റെ വരികളിലൂടെ. ഓലഞ്ഞാലിക്കുരുവിയും അമ്പാഴം തണലിട്ട ഇടവഴികളുമെല്ലാം മലയാളിക്ക് സമ്മാനിച്ച എഴുത്തുകാരന്‍. ഹരിയുടെ പാട്ടെഴുത്തു വിശേഷങ്ങളിലേക്ക്.

ഇളം കാറ്റില്‍ ആടിയെത്തുന്ന ഓലഞ്ഞാലിക്കുരുവിയാണ് ഹരിനാരായണനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് എത്തുക. 1983 എന്ന ചിത്രത്തിലെ ഈ പാട്ട് ഗൃഹാതുരത ഉണര്‍ത്തുന്ന അനുഭവമായിരുന്നു ആസ്വാദകര്‍ക്ക്. മലയാളത്തിന് നഷ്ടമായിരുന്ന മെലഡിയുടെ വസന്തത്തെ ജയചന്ദ്രനും വാണി ജയറാമും ഈ വരികളിലൂടെ നമ്മുടെ നാവുകളിലേക്ക് തിരികെ എത്തിച്ചു. സംഗീത സംവിധായകന്‍ ഗോപി സുന്ദറും സംവിധായകന്‍ എബ്രിഡ് ഷൈനുമാണ് ഈ പാട്ടിനെ മനോഹരമാക്കാന്‍ സഹായിച്ചതെന്നാണ് ഹരിനാരായണന്‍ പറയുന്നത്. സിനിമയില്‍ പാട്ട് എത്തുന്നതിനെക്കുറിച്ച് സംവിധായകന് നല്ല ബോധ്യമുണ്ടാകും. ഇതിന് അനുസരിച്ചായിരിക്കും സംഗീതമൊരുക്കുക. മിക്കപ്പോഴും പാട്ട് എഴുതാന്‍ ഇരിക്കുക ഇവരുടെ സാന്നിധ്യത്തിലായിരിക്കും. എന്റെ കുട്ടിക്കാലം മനസിലോര്‍ത്താണ് 1983-ലെ പാട്ട് എഴുതിയത്. 

1983-ലെ പാട്ട് സീനില്‍ കാണിക്കുന്ന തരത്തിലുള്ള സ്‌കൂളിലാണ് ഞാനും പഠിച്ചത്. വലിയ ജനലും തേക്കാത്ത ചുമരുകളുമൊക്കെയുള്ള സ്‌കൂള്‍. ഈ ഓര്‍മകളെല്ലാം ഗാനം മികച്ചതാക്കാന്‍ സഹായിച്ചു. പാട്ടിലെ ട്രെന്‍ഡുകള്‍ എപ്പോഴും മാറി കൊണ്ടിരിക്കും. മെലഡിയോടാണ് ഇപ്പോള്‍ ഏവര്‍ക്കും ഇഷ്ടം– ഹരി പറയുന്നു.

മലയാളത്തില്‍ ഇപ്പോള്‍ ഹരിനാരായണന്റെ കാലമാണ്. എഴുതിയ പാട്ടുകളെല്ലാം ഹിറ്റ്. കോഹിനൂരിലെ ഗാനങ്ങള്‍ ഇപ്പോഴും സിനിമാ പ്രേമികളുടെ നാവിന്‍ത്തുമ്പത്തുണ്ട്. എഴുതുന്ന പാട്ടുകള്‍ ഏറ്റവും മികച്ചതു വേണമെന്നു കരുതുന്ന ആളാണ് ഞാന്‍. സിനിമയിലെ സന്ദര്‍ഭത്തിന് ചേരുന്ന തരത്തിലാണ് പാട്ട് എഴുതുന്നത്. സിനിമയ്ക്ക് വേണ്ടി എഴുതുന്ന പാട്ട് എനിക്ക് മാത്ര ഇഷ്ടമായാല്‍ പോര. സംഗീത സംവിധായകന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് തുടങ്ങിയവരെല്ലാം ഇതിനു പിന്നിലുണ്ടാകും. ഇവര്‍ക്കു കൂടി പാട്ട് ഇഷ്ടമാകണം. ഓരോ പാട്ട് എഴുതുമ്പോഴും ആശങ്കയുണ്ടാകാറുണ്ട്. ആദ്യമായി എഴുതുന്ന ആശങ്കയോടെയാണ് ഒരോ പാട്ടും എഴുതുന്നത്. പരിചയമുള്ള സംഗീത സംവിധായകന്റെ കൂടെയാണെങ്കില്‍പ്പോലും ഈ ഒരു ചങ്കിടിപ്പ് ഉണ്ടാകാറുണ്ട്. ഒരോ ഗാനത്തിലും പുതുമ വരുത്താന്‍ ശ്രമിക്കാറുണ്ട്. 2014 എന്ന സംബന്ധിച്ചിടത്തോളം നല്ല വര്‍ഷമായിരുന്നു. ഓം ശാന്തി ഓശാന, 1983, സെക്കന്‍ഡ്ക്ലാസ് യാത്ര തുടങ്ങി നിരവധി സിനിമകള്‍ക്ക് ഗാനങ്ങള്‍ രചിച്ചു. 2015 മോശമായില്ല. കോഹിനൂരിലെ ഗാനങ്ങള്‍ ഏവരും സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. ഹേമന്തമെന്‍ കൈക്കുമ്പിളില്‍ വലിയ ഹിറ്റായി.

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ത്രില്ലറിനാണ് ആദ്യം പാട്ട് എഴുതിയത്. അതിനു മുന്‍പ് ചില ആല്‍ബങ്ങള്‍ക്കൊക്കെ പാട്ട് എഴുതിയിരുന്നു. ബി. ഉണ്ണികൃഷ്ണന്റെ അസോസിയേറ്റ് ഡയറക്റ്റര്‍മാരിലൊരാള്‍ സുഹൃത്താണ്. അദ്ദേഹം വഴിയാണ് സിനിമയിലെത്തുന്നത്. ത്രില്ലറിനെ തുടര്‍ന്നു വലിയ അവസരങ്ങളൊന്നും കിട്ടിയില്ല. ഗ്രാന്‍ഡ്മാസ്റ്ററിലും പാട്ട് എഴുതാനുള്ള അവസരം ലഭിച്ചു. ഐ ലൗ മിയിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. ഈ സമയത്തെല്ലാം ഞാന്‍ മറ്റുജോലികളില്‍ വ്യാപൃതനായിരുന്നു. ഡിഗ്രിക്ക് ശേഷം സിഎയ്ക്ക് പഠിച്ചു. കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായി ജോലി ചെയ്തിട്ടുണ്ട്. എല്ലാ ജോലിക്കും അതിന്റെതായ മഹത്വമുണ്ടെന്നു മനസിലായത് കണ്ടക്ടര്‍ ജോലി ചെയ്തപ്പോഴാണ്. എത്ര ജോലി ചെയ്താലും അവസാനം ചീത്ത വിളി മാത്രമേയുള്ളൂ. എല്ലാ തൊഴിലിലും അതിന്റെതായ മഹത്വമുണ്ടെന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഓം ശാന്തി ഓശാന, 1983 എന്നിവ പുറത്തിറങ്ങിയതോടെയാണ് മുഴുവന്‍ സമയ പാട്ടെഴുത്തുകാരനായത്.

കവിതയിലൂടെയാണ് എഴുത്തിന്റെ ലോകത്ത് എത്തുന്നത്. കുറച്ചു കവിതകള്‍ മാത്രമാണ് എഴുതിയത്. കവിതയും സിനിമാഗാനവും രണ്ടു തലത്തിലുള്ളവയാണ്. കവിതയെഴുതുമ്പോള്‍ നമുക്ക് സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്യംതന്ത്ര്യം സിനിമയ്ക്ക് പാെട്ടഴുതുമ്പോള്‍ ലഭിക്കില്ല. കവിത എഴുതുമ്പോള്‍ നമ്മുടെ മാത്രം സംതൃപ്തി നോക്കിയാല്‍ മതി. എന്നാല്‍ സിനിമയ്ക്ക് പാട്ട് എഴുതുന്നത് അങ്ങനെയല്ല. സിനിമാപാട്ട് ഏതു തരത്തില്‍ വേണമെന്ന് നേരത്തെ നിശ്ചയിച്ചിരിക്കും. എഴുത്തുകാരനല്ല അതു നിശ്ചയിക്കുന്നതും. സംവിധായകന്‍, തിരക്കഥാകൃത്ത്, സംഗീത സംവിധായകന്‍ എന്നിവരുടെ രീതികള്‍ കൂടി പരിഗണിക്കണം. ഇവരുടെ രീതികളുമായി എഴുത്തുകാരന്‍ സമരസപ്പെട്ടു പോകണം. ഒരു ദിവസം ഇവരുടെ കൂടി എഴുതാന്‍ ഇരിക്കും. അതു ശരിയായില്ലെങ്കില്‍ ചിലപ്പോള്‍ ഒരാഴ്ചയ്ക്ക് ശേഷമായിരിക്കും എഴുത്ത്. ഇതിനോടെല്ലാം പൊരുത്തപ്പെട്ടു വേണം പാെട്ടഴുതാന്‍. കവിതയോടോ സിനിമാഗാനത്തോടെ ഇഷ്ടം കൂടുതലില്ല. രണ്ടു തലത്തിലാണ് രണ്ടിന്റെയും സ്ഥാനം. കവിത ഉയര്‍ന്ന തലത്തിലുള്ളതാണ്. ഒന്നു സ്വന്തമായി ചെയ്യുന്നതും മറ്റേത് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ചെയ്യുന്നതുമാണ്– ഹരി നയം വ്യക്തമാക്കുന്നു.

പാട്ട് കേള്‍ക്കുന്ന കാലമെല്ലാം കഴിഞ്ഞു. ഗാനങ്ങള്‍ ഇപ്പോള്‍ കാഴ്ചയ്ക്ക് കൂടിയുള്ളതാണ്. പാട്ടുകളുടെ വീഡിയോയാണ് ഇപ്പോള്‍ റിലീസ് ചെയ്യുന്നത്. മികച്ച രീതിയില്‍ ചിത്രീകരിച്ച പാട്ടുകള്‍ മാത്രമേ പ്രേക്ഷകരെ ആകര്‍ഷിക്കൂ. മൊബൈല്‍ ഫോണിലാണ് മിക്കവരും പാട്ട് കേള്‍ക്കുന്നത്. ദൃശ്യ സൗന്ദര്യം ഇവര്‍ക്ക് അത്യാവശ്യമാണ്. കാഴ്ചയുടെ ഭാഗമായി മാറി ഗാനങ്ങള്‍. ഈ കാഴ്ചയില്‍ നിന്നാണ് സംഗീതമുണ്ടാക്കുന്നത്. സംഗീതത്തില്‍ കവിത കണ്ടെത്തുകയാണ് എഴുത്തുകാരന്‍. സംഗീതത്തിന് അനുസരിച്ചാണ് പാട്ട് എഴുതുന്നത്. സാഹചര്യത്തിനു ചേരുന്ന സംഗീതമായിരിക്കും സംവിധായകന്‍ നിര്‍മിച്ചിരിക്കുക. ചിലപ്പോള്‍ വേഗത്തില്‍ സംഭവിക്കുന്നതായിരിക്കും എഴുത്ത്. ട്യൂണിന് അനുസരിച്ച് പാട്ട് എഴുതിയാണ് ശീലിച്ചത്. ഞാനൊക്കെ എഴുതി തുടങ്ങിയപ്പോള്‍ ഇതായിരുന്നു ശൈലി. ആദ്യ കാലത്തൊക്കെ പാട്ട് എഴുതിയ ശേഷം ട്യൂണ്‍ ഒരുക്കുകയായിരുന്നു. ഈ കാലമൊക്കെ മാറിയ ശേഷമാണ് ഞാനൊക്കെ എഴുത്ത് തുടങ്ങുന്നത്. കവിയുടെ സ്വാതന്ത്ര്യമാണ് ഇവിടെ നഷ്ടമാകുന്നത്. കുന്നംകുളത്തിന് അടുത്ത് അക്കിക്കാവാണ് ജന്മനാട്. ചെറുപ്പത്തിലെ വായനശീലമുണ്ട്. അച്ഛന്റെ അനിയന്‍ അധ്യാപകനായിരുന്നു. അദ്ദേഹം നല്ല വായനക്കാരനുമായിരുന്നു. പുസ്തകങ്ങളോടുള്ള കൂട്ട് അദ്ദേഹത്തില്‍ നിന്നു കിട്ടിയതാണ്. സിനിമയില്‍ പാട്ട് എഴുതണമെന്ന ആഗ്രഹം പണ്ടുമുതലേ ഉണ്ടായിരുന്നു. എന്നാല്‍ യാദൃശ്ചികമായിട്ടാണ് അവസരം കിട്ടിയത്. ഇനിയും നല്ല പാട്ടുകള്‍ എഴുതണമെന്നാണ് ആഗ്രഹം.

(മാധ്യമപ്രവര്‍ത്തകനാണ് അഭിമന്യു)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍