UPDATES

Avatar

കാഴ്ചപ്പാട്

എ എസ് അജിത്കുമാര്‍

ന്യൂസ് അപ്ഡേറ്റ്സ്

ശീലങ്ങളെ പൊളിച്ചീണമിട്ട രവീന്ദ്രന്‍

“പൊളിച്ചെഴുതുക” എന്ന് ധാരാളം കേട്ടിട്ടുണ്ട്. അത് കൂടുതലും എഴുത്തിന്റെ ഒരു “പാരമ്പര്യ”ത്തെ പിന്തുടരുന്നുണ്ട് എന്ന് തോന്നുന്നു. അതുകൊണ്ടാണ് പൊളിച്ചീണമിട്ട എന്ന പ്രയോഗം നടത്തിയത്. പലപ്പോഴും എഴുത്തിന്റെ/സാഹിത്യത്തിന്റെ മണ്ഡലത്തിലെ വിശകലന രീതി യാന്ത്രികമായി എടുത്തുപയോഗിക്കുന്ന ഒരു രീതിയുണ്ട് മറ്റു മാധ്യമങ്ങളുടെ/കലകളുടെ കാര്യത്തില്‍. സിനിമാ വിമര്‍ശനത്തിന്റെ ഒരു ശക്തമായ ധാര ഉള്ളത് പോലെ കേരളത്തിലെങ്കിലും സംഗീതത്തെ സംബന്ധിച്ച് ഒരു വിശകലന രീതി മുഖ്യധാരയിലില്ല. സംഗീത രചനകളെ/പാഠത്തെ (textual analysis of music) മനസിലാക്കാന്‍ ശ്രമിക്കണം എന്നത് ഒരു പ്രധാന ചോദ്യമാണ്. സംഗീതത്തിനെ സംബന്ധിച്ചുള്ള കര്‍ക്കശമായ നിയമങ്ങള്‍/സാങ്കേതികത എന്നിവയില്‍ നിന്ന് കൊണ്ട് ഇതിനെ മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്. റിച്ചാര്‍ഡ് മിഡില്‍ട്ടന്‍റെ നിരീക്ഷണങ്ങളോട്‌ കടപ്പെട്ടു കൊണ്ട് പറയാന്‍ പറ്റുന്നത് സംഗീത രൂപങ്ങള്‍ക്കകത്തും പുറത്തും നടക്കുന്ന സംഭാഷണങ്ങള്‍ പ്രധാനമാണ് എന്നതാണ്. സംഗീതത്തിലെ gestures വച്ച് വിശകലനം ചെയുന്ന ഒരു സമ്പ്രദായം മാര്‍ട്ടിന്‍ സ്ട്രോക്സ്‌ വികസിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതൊക്കെ നമ്മുടെ സ്വന്തം രവീന്ദ്രനെ കുറിച്ച് എന്തിനാണ് പറയുന്നത് എന്ന് ചോദിക്കുമായിരിക്കും. ഞാനുള്‍പ്പടെ രവീന്ദ്രന്റെ സംഗീതത്തിന് ലക്ഷക്കണക്കിന് ആരാധകരുണ്ട്. ഒരു പക്ഷെ ഒരുപാട് പ്രശംസകള്‍ എനിക്ക് വാരിച്ചൊരിയാനാകും. എന്നാല്‍ വീണ്ടും വീണ്ടും കേള്‍ക്കുമ്പോള്‍ രവീന്ദ്രന്റെ പാട്ടുകളിലെ രചനാപരമായ സവിശേഷതകളെന്ത് എന്ന് ചിന്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. രവീന്ദ്രന്റെ സംഗീതത്തെകുറിച്ചുള്ള ചില ചിന്തകളാണ് ഇവിടെ പങ്കു വെക്കുന്നത്.

സാധാരണയായി “ശുദ്ധ സംഗീതത്തിന്റെ”, “ശാസ്ത്രീയ സംഗീതത്തിന്റെ” ആളായിട്ടാണ് രവീന്ദ്രനെ പലരും ഉയര്‍ത്തി കാട്ടുന്നത്. ഈ ശുദ്ധ സംഗീതം എന്നതിലെ “ശുദ്ധം” തന്നെ പ്രശ്നങ്ങള്‍ നിറഞ്ഞ ഒന്നാണെന്നത് വേറെ കാര്യം. അതവിടെ നില്‍ക്കട്ടെ. പക്ഷെ രവീന്ദ്രന്‍ ഒരു കര്‍ണാടക സംഗീതത്തിന്റെ ആളാണോ? അല്ലെങ്കില്‍ സംഗീതത്തിന്റെ “ശുദ്ധി” നിലനിര്‍ത്താന്‍ ശ്രമിച്ച ആളാണോ? എന്റെ അഭിപ്രായത്തില്‍ ഒരിക്കലുമായിരുന്നില്ല. പലതരം സംഗീത സമ്പ്രദായങ്ങള്‍ കൂടിക്കുഴയുന്ന ഒന്നാണ് അദ്ദേഹത്തിന്റെ സിനിമാ പാട്ടുകള്‍. സിനിമാപാട്ടുകള്‍ അങ്ങനെയാണ് അതിലെ ഏതൊക്കെ സവിഷതകള്‍ ഏതൊക്കെ സംഗീത ശൈലികളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു എന്നറിയാന്‍ കഴിയില്ല. എ ആര്‍ റഹ്മാന്‍ ഈ സങ്കലനത്തെ സമീപിക്കുന്നത് വേറെ രീതിയിലാണ്. അവയുടെ വ്യത്യസ്തതകളെ ബോധ്യപ്പെടുത്തിക്കൊണ്ട് തന്നെ വ്യത്യസ്ത ട്രാക്കുകളായുള്ള സ്വതന്ത്ര നിലനില്‍പ്പിന്റെ ഒരു തലമാണ് റഹ്മാന്റെ സംഗീതത്തിന്റെ ഒരു സവിശേഷത. (അതിനെ കുറിച്ചുള്ള ആലോചനകള്‍ മറ്റൊരു അവസരത്തിലെഴുതാം.) രവീന്ദ്രന്‍ അദ്ദേഹം  പരിശീലിച്ച അല്ലെങ്കില്‍ കൂടുതല്‍ പരിചിതമായ സംഗീതം എന്ന നിലയില്‍ കര്‍ണാടക സംഗീതത്തിന്റെ ഒരു വ്യവഹാരത്തെ ഉപയോഗപ്പെടുത്തിയിട്ടുണ്ടാവാം. എന്നാല്‍ അത് സാധാരണ കരുതുന്നത് പോലെയല്ല എന്നാണു ഞാന്‍ മനസിലാക്കുന്നത്‌. രവീന്ദ്രന്റെ കര്‍ണാടക സംഗീത ചുവയുള്ള പാട്ടുകളും ആ സംഗീത ശൈലിയെ മറ്റൊരു രീതിയിലാണ് സമീപിക്കുന്നത്.

ടി വി യില്‍ വന്ന ഒരു അഭിമുഖത്തില്‍ രവീന്ദ്രനോട് വടക്കുംനാഥനിലെ “ഗംഗേ….” എന്ന ഗാനത്തില്‍ “ഗംഗേ….” എന്ന് നീട്ടി പാടുന്നതിനെ കുറിച്ചുള്ള  ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരം രസകരമായിരുന്നു. “അരി വാങ്ങിക്കെണ്ടേ..” എന്നായിരുന്നു. സംഗീതത്തിന്റെ സാങ്കേതികതയോ അല്ലെങ്കില്‍ അതിന്റെ ആധികാരികതയെയോ സംബന്ധിച്ചുള്ള ഒരു ഉത്തരത്തെക്കാളും ഇങ്ങനെ പറയുമ്പോള്‍ രവീന്ദ്രന്റെ സമീപനം വളരെ വ്യക്തമാണ്. അദ്ദേഹം നില്‍ക്കുന്ന ഇടത്തെകുറിച്ചു ബോധ്യപ്പെട്ടു തന്നെയാണ് ഇടപെടുന്നത്. സിനിമാ പാട്ടിന്റെ വ്യവഹാരത്തിന്റെ ഒത്ത നടുക്ക് നില്‍ക്കുന്നു എന്ന് സ്വയം ബോധ്യപ്പെടുത്തുന്നു. അല്ലാതെ മറ്റു അവകാശ വാദങ്ങളല്ല പറയുന്നത്. ഇത് രവീന്ദ്രന്‍റെ സംഗീതത്തിന്റെ മറ്റൊരു സവിശേഷതയെ കുറിച്ചുള്ള ഒരു സൂചനയാണ്. സംഗീതത്തെ ഒരു “കളി”(game) ആയി കാണുക എന്നത്. പരീക്ഷണാത്മകമായി ഈണങ്ങള്‍ വച്ച് കളിച്ചിട്ടുള്ള എത്രയോ ഗാനങ്ങളുണ്ട്. പലപ്പോഴും ഒരിക്കലും മുന്‍പ് സങ്കല്‍പ്പിക്കാന്‍ സാധ്യതയില്ലാത്ത തരം ഫ്രേസുകള്‍( phrase) ഉപയോഗിക്കുന്നത് കാണാം. അത് പലതും കര്‍ണാടക സംഗീതം, “പാശ്ചാത്യം” “നാടന്‍” എന്ന ശുദ്ധമായ കളങ്ങള്‍ക്കകത്തു ഒതുങ്ങുന്നവയല്ല. ചിരിയോ ചിരി (1982)യിലെ  കൊക്കാമണ്ടി, ബെന്‍സ് വാസുവിലെ രാജീവം വിടരും നിന്‍ മിഴികള്‍, പ്രശ്നം ഗുരുതരം എന്ന ചിത്രത്തിലെ പാലാഴി പൂമങ്കെ എന്നീ പാട്ടിലുമൊക്കെ ഇത് കാണാം. ശീലങ്ങളെ തെറ്റിക്കുന്ന ഈ “കളികള്‍” രവീന്ദ്രന്റെ പാട്ടുകളിലെ ഒരു മുഖ്യ സ്വഭാവമാണ്.

അമ്പിളി കലയൊരു നൊമ്പരപ്പാടോ (അങ്കിള്‍ ബണ്‍) എന്ന ഗാനം ചെയ്ത ഒരു സംഗീത സംവിധായകനെ “ശുദ്ധ “കര്‍ണാടക സംഗീതത്തിന്റെ ആളായി എങ്ങനെ കാണും? അതിലെ ഫ്രേസുകള്‍ കര്‍ണാടക സംഗീതത്തിന്റെ പരിചിതമായ വഴികളില്‍ ഉള്ളവയല്ല. “ശാസ്ത്രീയ” ഗാനങ്ങളായി മനസിലാക്കപ്പെടുന്ന രവീന്ദ്രന്റെ ഗാനങ്ങള്‍ ശ്രദ്ധിച്ചു നോക്കിയാലും അത് പരിചിതമായ വഴികളിലൂടെയല്ല സഞ്ചരിക്കുന്നത് എന്ന് കാണാം. പലപ്പോഴും അദ്ദേഹത്തിന്റെ പാട്ടുകള്‍ ആദ്യ കേള്‍വിയില്‍ ചിലപ്പോള്‍ ഇഷ്ടപ്പെടണമെന്നില്ല. അവയുടെ രൂപം പെട്ടെന്ന് ചിലപ്പോള്‍ മനസിലാക്കാന്‍ കഴിയാതെ വരും. എന്നാല്‍ ഒട്ടേറെ തവണ കേള്‍ക്കുമ്പോള്‍ പുതിയ തലത്തിലേക്ക് അവ നീങ്ങുന്നതായാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്.

സന്ത്യന്‍ അന്തിക്കാടിന്റെ  കളിയില്‍ അല്‍പ്പം കാര്യം എന്ന സിനിമയിലെ മനതാരില്‍ എന്നും എന്ന ഗാനം കര്‍ണാടക സംഗീതത്തിന്റെ സ്വഭാവമുള്ളതാണെങ്കിലും അത് രൂപം കൊണ്ട് വ്യത്യസ്തമാണ്. അതിലെ musical gestures വളരെ വ്യത്യസ്തമാണ്. മൃദംഗം എന്ന ഉപകരണത്തെ തന്നെ ഒരു തരം “പാശ്ചാത്യ” റിഥത്തിന്റെ ശൈയിലിയില്‍ ചെയ്തിരിക്കുന്നു. എഴു സ്വരങ്ങളും, പൊന്‍പുലരൊളി പൂവിതറിയ, സ.. സ.. രി.. രി..ചൊടിയിലുണരും എന്നിവയും “പരമ്പരാഗതം”എന്ന് കരുതപ്പെടുന്ന  ഒരു കര്‍ണാടക സംഗീത ശൈലിയില്‍  ഉള്ളതല്ല. “രാഗം” എന്ന ഒന്നിനെ കുറിച്ചുള്ള ചില ചിട്ടകളില്‍ ഒതുങ്ങാതെ അതിന്റെ രൂപത്തില്‍ -ഫ്രേസിന്റെ കാര്യത്തിലും- താളത്തിലും നടത്തുന്ന ഒട്ടേറെ പരീക്ഷണങ്ങളിലൂടെയാണ് അത് രചിക്കപ്പെട്ടിട്ടുള്ളത്. നേരത്തെ സൂചിപ്പിച്ച രീതിയില്‍ “കളി”ക്കുന്നത് കാണാം അതില്‍. ഇതിലൂടെ പുതിയ തരം രൂപങ്ങള്‍ തന്നെയുണ്ടാക്കുന്നു.

രവീന്ദ്രന്റെ സംഗീതത്തെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന ഒട്ടേറെ gestures ഉണ്ട്. “താളം തെറ്റിയ താരാട്ട്” അതെ പേരിലുള്ള സിനിമയില്‍ നിന്നുള്ളതാണ് . ആ പാട്ടിലെ “താരാട്ടിന്‍ ഈണങ്ങള്‍ തേങ്ങുന്നു എന്നും” എന്ന ഭാഗവും ചിരിയോ ചിരിയിലെ ഇതുവരെ ഈ കൊച്ചു കളിവീണയില്‍ എന്ന ഗാനത്തിലെ “നാല് കാശിനന്നു നമ്മളാനാടലഞ്ഞതും” എന്ന് തുടങ്ങുന്ന ഭാഗവും രവീന്ദ്രന്റെ സവിശേഷമായ gesture  ആണ്. വാക്കുകളെ സമീപിക്കുന്ന രീതിയിലെ വ്യത്യാസവും കൂടി ശ്രദ്ധിച്ചാല്‍ മാത്രമേ ഈ രവീന്ദ്രന്‍ ടെക്നിക്കിനെ മനസിലാക്കാന്‍ കഴിയൂ.

സിനിമാ പാട്ടിലായാലും മറ്റു പോപ്പുലര്‍ സംഗീതമായാലും പാടപ്പെടുന്ന വരികള്‍ ഉണ്ടാക്കുന്ന അര്‍ഥം എഴുതപ്പെടുന്നതില്‍ നിന്നും വ്യത്യസ്തമായിരിക്കും എന്നു ഞാന്‍ നേരത്തെ ഈ കോളത്തില്‍ തന്നെ എഴുതിയിട്ടുണ്ട്. ഭാഷയിലെ ഒരു വാക്കും ഒരു പ്രത്യേക ഈണത്തെ ആവശ്യപ്പെടുന്നില്ല. സംഗീത സംവിധായകര്‍ അത് എങ്ങനെ സമീപിക്കണം എന്ന് തീരുമാനിക്കാറാണ് ചെയ്യാറ്. പക്ഷെ ആവര്‍ത്തിച്ചു വരുന്ന ഒരേ ഈണത്തിനു പല വരികള്‍ എഴുതി ചേര്‍ക്കുമ്പോള്‍ ഇത് വ്യത്യസ്തമായിട്ടായിരിക്കാം പ്രവര്‍ത്തിക്കുന്നത്. എന്റെ നന്ദിനിക്കുട്ടിയിലെ ഇനിയും വസന്തം പാടുന്നു എന്ന പാട്ടിലെ “ഊഞ്ഞാലാടി” എന്ന ഭാഗത്തെ ശ്രദ്ധിച്ചാല്‍ വാക്കുകളെ അദ്ദേഹം സമീപിക്കുന്നത് എങ്ങനെ എന്ന് കാണാം.

സിനിമാറ്റിക് ആയ ഒരു സാങ്കേതികതയാണ്‌ രവീന്ദ്രന്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് എന്ന് തോന്നുന്നു.  ആട്ടകലാശത്തിലെ തേങ്ങും ഹൃദയം എന്ന ഗാനത്തില്‍ ആ സിനിമയിലെ ഫ്ലാഷ് ബാക്ക് സീന്‍ ആ പാട്ടിനുള്ളില്‍ സൃഷ്ടിച്ചിരിക്കുന്നത് രസകരമായാണ്. കയ്യും തലയും പുറത്തിടരുത് എന്ന ചിത്രത്തിലെ ആതിര തിരുമുറ്റത്തമ്പിളി പൂവിടര്‍ന്നു എന്ന ഗാനത്തിന്റെ ഓര്‍ക്കസ്ട്രേഷന്‍ ഒരു പ്രൊഫഷനല്‍ നാടക ട്രൂപ്പിന്റെ ഉപകരണ സംഗീത വിഭാഗത്തെ ഓര്‍മപ്പെടുത്തുന്ന ഒന്നാണ്. ഇതു പോലെ എത്രയോ ഗാനങ്ങളെ ഉദാഹരണമായി പറയാനുണ്ട്. പത്മരാജന്റെ ദേശാടന കിളി കരയാറില്ല എന്ന സിനിമയിലെ വാനമ്പാടി എന്ന പാട്ടില്‍ വേഗതയെ ഉപയോഗിക്കുന്നത് പോലെ സുഖമോ ദേവിയിലെ ഒരു കുഞ്ഞു സൂര്യനെ എന്ന പാട്ടില്‍ പതിഞ്ഞ താളത്തെ ആ പാട്ടിന്റെ ഘടനയില്‍ തന്നെ സിനിമാറ്റിക് ആക്കി മാറ്റുന്നത് കാണാം.

ഒരു ദലിതന്‍ എന്ന നിലയില്‍ വ്യത്യസ്ത സംഗീത ശൈലികളോട് അദേഹം ഇടപെടുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. “ശാസ്ത്രീയം” എന്ന് പറയപ്പെടുന്ന സംഗീതം “ആധികാരികതയായി” കണക്കാക്കപ്പെടുന്ന ഒരിടത്ത് അതിനെ ഉപയോഗപ്പെടുത്തുകയും എന്നാല്‍ അതിന്റെ കീഴ്വഴക്കങ്ങളെ അനുസരിക്കാതെ വ്യത്യസ്തമായി സമീപിക്കുകയും ചെയ്യുന്നു മറു ഭാഗത്ത്. കര്‍ണാടക സംഗീതത്തിന്റെ പരിമിതികളില്‍ നില്‍ക്കാതെ “പാശ്ചാത്യ” സംഗീതത്തിന്റെതുള്‍പ്പടെയുള്ള സാധ്യതകളെ ഉപയോഗപ്പെടുത്തി സ്വന്തം സംഗീത ശൈലിയെ തന്നെ നിരന്തരം പരിഷ്ക്കരിക്കുന്നുണ്ട്. കര്‍ണാടക സംഗീത ചുവയുള്ള പാട്ടുകളുടെ രൂപത്തില്‍ തന്നെ പാശ്ചാത്യ പോപ്പുലര്‍ സംഗീതത്തിന്റെ സാങ്കേതികത ഉപയോഗിക്കുന്നു എന്നത് ഒരു കളത്തില്‍ ഒതുക്കാന്‍ കഴിയാത്ത ഒരു സംഗീത രീതിയാണ് അദ്ദേഹത്തിന്‍റേത് എന്ന് മനസിലാക്കാം. ഹേമന്ത ഗീതം സാനന്ദം മൂളും, മോഹനം ശോഭനം എന്ന ഗാനവും ഉദാഹരണം.

നാടന്‍ സംഗീതത്തിന്റെ ഘടനകള്‍ പ്രത്യേക രീതിയില്‍ ഉള്‍ചേര്‍ക്കാറുണ്ട് എന്നത് പലപ്പോഴും ആരും അധികം പരാമര്‍ശിച്ചു കാണാറില്ല. നാടന്‍ സംഗീതത്തെ കുറിച്ചുള്ള “സ്റ്റീരിയോ ടൈപ്പ്” അല്ലാതെ ഘടനാപരമായി തന്നെ പരീക്ഷിക്കുകയാണ് അദ്ദേഹം ചെയ്യാറുള്ളത്. ഓരോ പൂവിലും എന്ന സിനിമയില്‍ അത്തരം രണ്ടു ഗാനങ്ങളുണ്ട്. പൂവേ പൊലി പാടാന്‍ വരൂ, ആറ്റോരം പൂത്തുലഞ്ഞു എന്നിവ. ചമ്പക്കുളം തച്ചനിലെ ചെല്ലം ചെല്ലം ആയിരപ്പറയിലെ നാട്ടുപച്ച കിളി പെണ്ണെ എന്നിവയും അത്തരത്തിലുള്ളവയാണ്.

എണ്‍പതുകളില്‍ രവീന്ദ്രന്റെ സംഗീതത്തിന്റെ പ്രത്യേകതകളിലേക്ക് ആകര്‍ഷിക്കപ്പെട്ട് അതിനോടൊപ്പം വളര്‍ന്നു വന്നതിന്റെ ഭാഗമായി ഉണ്ടായ ചില ചിന്തകള്‍ മാത്രമാണ് ഇവിടെ പങ്കു വച്ചത്. ആ പാട്ടുകളുടെയും സംഗീത രീതിയിടെയും ആഴത്തിലുള്ള ഒരു അപഗ്രഥനം ഇനിയും നടത്തേണ്ടതുണ്ട്.   

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍