UPDATES

സിനിമാ വാര്‍ത്തകള്‍

സ്ഫടികത്തിൽ ആദ്യം പരിഗണിച്ചത് ശോഭനയെ, വില്ലനായി നാസറും; വെളിപ്പെടുത്തലുമായി സംവിധായകൻ ഭദ്രൻ

ചാക്കോ സാറിന്റെ മൗഢ്യം തിരിച്ചറിയിക്കാൻ നിമിത്തമാകേണ്ട കഥാപാത്ര‌ം എന്ന പ്രാധാന്യമേ പ്രമേയപരമായി ആടു തോമയ്ക്കുള്ളൂ

സ്ഫടികത്തിലെ ആട് തോമയെയും , ചാക്കോ മാഷിനെയും ഇന്നും മറക്കാത്തവരാണ് മലയാളികൾ. ചിത്രത്തിൽ ശോഭനയെ ആണ് നായികയായി ആദ്യം പരിഗണിച്ചിരുന്നതെന്നും. വില്ലനായി ഉദ്ദേശിച്ചിരുന്നത് നാസറിനെ ആയിരുന്നെന്നും പറയുകയാണ് സംവ‌ിധായകൻ ഭദ്രൻ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

‘എന്റെ ജീവിതത്തിലെ നാലു പേർ ചേർന്നാൽ സിനിമയിലെ ചാക്കോ സാറായി. ഒന്ന് എന്റെ അപ്പനാണ്. മറ്റു കുട്ടികളുമായി താരതമ്യം ചെയ്ത് എന്നെ കൊച്ചാക്കാറുണ്ടായിരുന്ന അപ്പൻ. നീ പോയി അവന്റെ അമേധ്യം തിന്നടാ എന്നു പറയാറുണ്ടായിരുന്ന‌ു അപ്പൻ. പഠിക്കാൻ വളരെ മോശമായിരുന്ന എന്നെ സംഗീതജ്ഞനാക്കാൻ റേഡിയോ കൃഷ്ണയ്യരെ വീട്ടിൽ താമസിപ്പിച്ച‌് എനിക്ക് സംഗീത ക്ലാസുകൾ നൽകിയ അപ്പൻ.

പൊട്ടക്കിണറ്റിലെ പൊൻമാനെ കണ്ടു നിന്നതിനാലാണ് 10 മിനിറ്റ് വൈകിയതെന്നു പറഞ്ഞപ്പോൾ എന്റെ കവിളിൽ അടിച്ച ആലയ്ക്കാപ്പിള്ളി തോമസ് സാറാണ് മറ്റൊരാൾ (ആ 5 വിരൽപാടുകൾ കവിളിൽ നിന്ന് എപ്പോഴേ മാഞ്ഞു. പക്ഷേ അഞ്ചാം ക്ലാസിലെ ആ അടി ശബ്ദം കാതിൽ ഇപ്പോഴും). മറ്റൊരാൾ കണിശക്കാരനായ പിള്ള സാറാണ്. അൽപം സേവിച്ച‌ിട്ട് ഇരിങ്ങാലക്കുട ഡോൺബോസ‌്കോയിലെ ക്ലാസിൽ വരികയും ചുണ്ടിന്റെ കോണിലൂടെ മുറുക്കി തുപ്പിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഭൂതലിംഗം സാറാണ് നാലാമൻ.’- ഭദ്രൻ പറയുന്നു

‘ചാക്കോ സാറിന്റെ മൗഢ്യം തിരിച്ചറിയിക്കാൻ നിമിത്തമാകേണ്ട കഥാപാത്ര‌ം എന്ന പ്രാധാന്യമേ പ്രമേയപരമായി ആടു തോമയ്ക്കുള്ളൂ. പാലായിലും പരിസരപ്രദേശത്തുമുള്ള മൂന്നു റൗഡികളാണ് ആടു തോമയുടെ പ്രോട്ടോടൈപ്പ‌ുകൾ. ഒരാൾ ഇരട്ടച്ചങ്കൻ എന്നറിയപ്പെട്ടു. മറ്റൊരാൾ മുണ്ടുപറിച്ചടിക്കാരനായിരുന്നു. മറ്റൊരാൾ കത്തിനിൽക്കേ വീണുപോയവനായിരുന്ന‌ു. ‘ആണത്തം മാത്രമേ ഈ കഥാപാത്രത്തിനുള്ളുവെങ്കിൽ മമ്മൂട്ടിയോ സുരേഷ്ഗോപിയോ മതിയായിര‌ുന്നു. പക്ഷേ നിഷ്കളങ്കതയും ആത്മപുച്ഛവും ആ കഥാപാത്രത്തിനുണ്ട്. മോഹൻലാലിന്റെ കണ്ണുകളിൽ ഇതുണ്ട്. ’–ഭദ്രൻ പറഞ്ഞു

ശോഭനയെ നായികയാക്കാനാണ് തീരുമാനിച്ചത്. പക്ഷേ അവർക്ക് നൃത്ത പരിപാടിക്ക് യുഎസിൽ പോകേണ്ടതിനാൽ ഉർവശിയെ വിളിച്ചു. സിനിമ കണ്ടു കഴിഞ്ഞപ്പോൾ സംവിധായകനു തോന്നി ഉർവശി തന്നെയായിരുന്നു നല്ലതെന്ന്. കള്ളുകുടിച്ചുള്ള സീനൊക്കെ അത്ര ഭംഗിയായിരുന്നു എന്നും ഭദ്രൻ പറയുന്നു.

ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ നടൻ നാസറിന്റെ ഫോൺ – ‘നാളെ വരാൻ പറ്റില്ല. തമിഴിലെ ഷൂട്ടിങ് ന‌ീളുന്നു. 1‌0 ദിവസം കഴിയും എത്താൻ.’ എന്തുചെയ്യണമെന്ന് അറിയാതെ താൻ കോട്ടയം അ‍ഞ്ജലി ഹോട്ടലിന്റെ കാർപാർക്കിങ്ങിലെ വലിയ തൂണിൽ ചാരി നിന്ന് തലപുകച്ചപ്പോൾ അവിടേക്ക് ബുള്ളറ്റിൽ വന്ന നാസറിനേക്കാൾ വണ്ണവും ഉയരവുമുള്ള യുവാവാണ് ജോർജ്.എന്നും ‘തനിക്ക് അഭിനയിക്കണോ’ എന്ന് അയാളോട് ചോദിച്ചതായും അങ്ങനെ ജോർജ്, ‘സ്ഫടികം’ ജോർജായി മാറി എന്നും – അദ്ദേഹം കൂട്ടി ചേർത്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍