UPDATES

സിനിമ

‘പാതി’കള്‍ പടിയിറങ്ങട്ടെ, രാമലീലകള്‍ വിജയിപ്പുതാക!

നല്ല സിനിമകളെ തോല്‍പിക്കണം, അത് നമ്മുടെ വാശിയാണ്… ട്ടാ..

സ്ത്രീപീഡനക്കേസില്‍ പ്രതിയായ ഒരു ജനപ്രിയനടന്റെ സിനിമയ്ക്കുവേണ്ടി വലിയ മുറവിളി കേരളമൊന്നാകെ മുഴങ്ങിക്കേട്ടതിന്റെ അലയൊലികള്‍ ഇനിയും അവസാനിച്ചിട്ടില്ല. അദ്ദേഹത്തിന്റെ രാമലീലകളെ ‘കേരളമൊരൊറ്റ മനസ്സായി’ ഏറ്റുവാങ്ങുകയും വലിയ സാമ്പത്തിക വിജയം സമ്മാനിക്കുകയും അതുവഴി ജനമനസ്സുകളില്‍ നഷ്ടമായ ജനപ്രിയ നടന്റെ മേല്‍വിലാസം ടിയാന് തിരികെ കിട്ടുകയുംചെയ്തു. സിനിമ ജനങ്ങള്‍ ഏറ്റെടുത്തതുവഴി പ്രതിയുടെ കുറ്റത്തിന്റെ ഗൗരവം ചോര്‍ന്നുപോവുകയും സമൂഹ മനസാക്ഷിയുടെ കോടതി അങ്ങേരെ വലിയ ഭൂരിപക്ഷത്തിന് വിജയിപ്പിച്ചതായി പ്രസ്തുത നായകനും അദ്ദേഹത്തിന്റെ സ്തുതിപാഠകരും വിലയിരുത്തുകയും ചെയ്തു. ‘ഇതുവഴി ടിയാന് കോടതിയില്‍നിന്നുള്‍പ്പടെ ജാമ്യം കിട്ടിയതായും അദ്ദേഹം സകലദേവാലയങ്ങളിലും ദര്‍ശനം നടത്തി ‘ദേഹശുദ്ധി’ വരുത്തിയതായും നാം സമൂഹമാധ്യമങ്ങളിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലൂടെയും അറിഞ്ഞതും പങ്കുവെച്ചതുമാണ്. അതവിടെ നില്‍ക്കട്ടെ. എങ്കിലും ഇതിപ്പോള്‍ പറയാന്‍ കാരണം മലയാള സിനിമയുടെ ചില ഗതികേടുകളെക്കുറിച്ച് പറയാതെവയ്യ എന്ന ഘട്ടത്തിലാണ്. അപ്പോള്‍പിന്നെ മലയാള സിനിമയുടെ ഏറ്റവും വലിയ ഈ ഗതികേടിനെക്കുറിച്ച് പറയാതെ വയ്യല്ലോ. നാണംകെട്ടാണെങ്കിലും വീണ്ടും ഇത് എഴുതേണ്ടിവരുന്നതുതന്നെ ഗതികേടുകൊണ്ട് മാത്രമാണ്. ആ ജനപ്രിയ നടന്റെ പേരുപോലും ഉച്ചരിക്കില്ലെന്ന് ഉറപ്പിച്ചതുകൊണ്ടുമാത്രമാണ് ഇങ്ങനെ ആ മഹാനടന്റെ പേരുപറഞ്ഞ് അശുദ്ധമാക്കാതെ എഴുതുന്നത്.

കാര്യത്തിലേക്ക് തിരിച്ചുവരാം. സംവിധായകന്റെ ആദ്യ സിനിമയെ ഒരു നടന്റെ കുറ്റകൃത്യത്തിന്റെ പേരില്‍ വിലയിടിച്ച് കാണരുതേ എന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വന്ന പോസ്റ്റുകള്‍ക്ക് കൈയും കണക്കുമില്ല. അതേ സിനിമ സംവിധായകന്റെ വിയര്‍പ്പിന്റെ കൂടി വിലയാണ്. അത് ആരും ചോദ്യംചെയ്യുന്നില്ല. സിനിമയുടെ വിജയപരാജയങ്ങളില്‍ ആര്‍ക്കും അവകാശവാദമുന്നയിക്കാം. പക്ഷേ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതിനാല്‍ മാത്രം റിലീസിങ് മാറ്റി പരാജയഭീതികൊണ്ട് പെട്ടിക്കുള്ളില്‍ അടച്ചിട്ട സിനിമയെ പിന്നീട് ഇത്തരമൊരു മാര്‍ക്കറ്റിങ് തന്ത്രത്തിലൂടെ സിഐഡി മൂസകള്‍ വിജയിപ്പിച്ചെടുത്തു. എന്നാല്‍ ഇങ്ങനെ സാധാരണക്കാരന്റെ പണംകൊണ്ട് സിനിമയെടുക്കുകയും തങ്ങളുടെ സ്വപ്നങ്ങളെ ആത്മാര്‍ഥമായി തിരശീലയിലേക്ക് പകര്‍ത്തുകയും ചെയ്തവരുണ്ട്. അവര്‍ക്കിടയില്‍ ഇത്തരം ഗിമ്മിക്കുകള്‍ കാണിക്കാന്‍ കഴിവില്ലാത്തവരും ഇവിടെയുണ്ട്. എല്ലാ അര്‍ഥത്തിലും പരാജയപ്പെട്ടുപോകുന്നവര്‍ ഇവരാണ്, അല്ല നല്ല സനിമയെ സ്നേഹിക്കുന്ന കാഴ്ചക്കാരാണ് തോറ്റുപോകുന്നത്.

നാം എന്ത് കഴിക്കണം, എന്ത് കാണണം, തീയറ്ററുകളില്‍  ഏത് സിനിമ കാണിക്കണം, സിനിമയ്ക്ക് എന്ത് പേരിടണം, കഥാപാത്രങ്ങള്‍ക്ക് എന്ത് പേരിടണം, അരാജകത്വത്തിന്റെ ആഘോഷങ്ങളായി വിലയിരുത്തപ്പെടുകയും അതിനുവേണ്ടി സദയം വിട്ടുകൊടുക്കുകയും ചെയ്യുന്ന ചലച്ചിത്രമേളകള്‍ പോലും അസഹിഷ്ണുതയുടെയും ഫാസിസത്തിന്റെയും കൂത്തരങ്ങുകളാവുകയും ചെയ്തിരിക്കുന്നു എന്നതിന്റെ നേര്‍സാക്ഷ്യമാണല്ലോ? ഇത്തവണത്തെ പനാജി മേളയുടെ വാര്‍ത്തകള്‍. വേലി തന്നെ വിളവ് തിന്നുന്ന കാലത്ത് ഇതിനെതിരെ പ്രതികരിക്കുന്ന സിനിമകളെ ജനങ്ങള്‍ പോലും കൈയൊഴിഞ്ഞ് തുടങ്ങിയോ എന്ന ആശങ്കയാണ് ഇവിടെ പങ്കുവെക്കുന്നത്. ഗൗരിലങ്കേഷ് എന്ന മാധ്യമപ്രവര്‍ത്തക കൊല്ലപ്പെടുംമുമ്പ് ഈ ഫാസിസത്തിനെതിരെ പ്രതികരിച്ച ഒരു മാധ്യമപ്രവര്‍ത്തകന്‍ നമ്മുടെ മലയാള സിനിമയിലുണ്ടായിരുന്നു. ഫാസിസത്തിനെതിരെ പ്രതികരിച്ച് തുടങ്ങാന്‍ ആഗ്രഹിക്കുമ്പോഴേക്കും അവന്‍ ‘പ്രതിമ’യായിപ്പോയി. ആകാശവാണിയില്‍ ഗാന്ധിമാര്‍ഗം അവതരിപ്പിച്ച അവന് പേര് ഹരിശ് ചന്ദ്രന്‍ എന്നായിരുന്നു. ദേശീയ അവാര്‍ഡ് ജേതാവായ ഷെറിയും സഹോദരന്‍ ഷൈജുവും ചേര്‍ന്നൊരുക്കിയ ‘ഗോഡ്സേ’ ആയിരുന്നു ആ സിനിമ. വലിയ ചലനങ്ങളില്ലാതെ മേളകളും ചലചിത്ര അവാര്‍ഡുകളും ആ സിനിമയെ കടന്നുപോയി. നല്ല സിനിമയെ സനേഹിക്കുന്ന ഏതാനും വിരലില്‍ എണ്ണാവുന്നവര്‍ കണ്ടെതൊഴിച്ചാല്‍ ഒരു ലാഭവുമില്ലാതെ ആ സിനിമ മലയാളികളുടെ ഓര്‍മയിലേക്ക് മറഞ്ഞു. പക്ഷേ അതുയര്‍ത്തിയ രാഷ്ട്രീയം ഉറക്കെ പിന്നെയുമുറക്കെ ഇവിടെ ഇപ്പോഴും അലയടിക്കുന്നത് പലരും തിരിച്ചറിയുന്നുണ്ട്. കൃത്യമായ രാഷ്ട്രീയം മുന്നോട്ടുവച്ച സിനിമ സമൂഹത്തിലെ അപചയത്തെ തുറന്നുകാണിച്ചു. ആ സിനിമയ്ക്ക് പിന്നിലെ സംവിധായകന്റെ ത്യാഗമോ കഷ്ടപ്പാടോ എടുത്തു പറയാന്‍ ആരും വന്നില്ല. രാമലീലയെക്കുറിച്ച് പാടിപ്പുകഴ്ത്തിയ ഓണ്‍ലൈന്‍ മാധ്യമങ്ങളും മുഖ്യധാരാ മാധ്യമങ്ങളും ഗോഡ്സേ അതിവിദഗ്ധമായി കണ്ടില്ലെന്ന് നടിച്ചു.

കുട്ടികളുടെ സിനിമയെന്ന ലേബലിലേക്ക് തള്ളി വീഴ്ത്തിയതുകൊണ്ടാവാം ഗപ്പിയെന്ന കൊച്ചു സിനിമയ്ക്ക് തീയേറ്ററുകളില്‍ ഓളങ്ങളുണ്ടാക്കാനായില്ല. ആരും കാണാതെ തീയേറ്ററുകളില്‍നിന്ന് ആ സിനിമയും പിന്‍വാങ്ങി. പക്ഷേ ഒടുവില്‍ ആ ചിത്രത്തിന്റെ ഡിവിഡി റിലീസായപ്പോള്‍ ചൂടപ്പംപോലെ വിറ്റഴിഞ്ഞു. ഇന്നിപ്പോള്‍ ആ സിനിമ ഡിവിഡി റിലീസില്‍ ഹിറ്റ് പട്ടികയിലാണ്. പലരും പിന്നീട് ചര്‍ച്ച ചെയ്തത് എന്തുകൊണ്ട് ഈ സനിമ തീയേറ്ററില്‍ വിജയിച്ചില്ലെന്നാണ്? ആരാണ് ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക്, നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് ആരാണൊരുത്തരം കൊടുക്കുക. ഈ കഥയെയും ഞാനിവിടെ വിടുന്നു.

ഈ എപ്പിസോഡിലെ അവസാന ചിത്രത്തിന് പിറകെ നമുക്ക് പോകാം.

തീയേറ്ററുകളില്‍നിന്ന് പടിയിറക്കപ്പെടുന്ന ഏറ്റവും പുതിയ ചിത്രമാണ് പാതി. നവാഗതനായ സംവിധായകന്‍, ചന്ദ്രന്‍ നരിക്കോട്, നവാഗതനായ തിരക്കഥാകൃത്ത് വിജേഷ് വിശ്വം, നവാഗതനായ നിര്‍മാതാവ് ഗോപകുമാര്‍ കുഞ്ഞിവീട്ടില്‍, നവാഗതനായ ഗാനരചയിതാവ്, ലക്ഷ്മണന്‍ കാഞ്ഞിരങ്ങാട്. ബാക്കിയുള്ളവരെല്ലാം പ്രമുഖര്‍തന്നെ. ക്യാമറ ചലിപ്പിച്ചത് സജന്‍ കളത്തില്‍, സംഗീതം പകര്‍ന്നത് പണ്ഡിറ്റ് രമേശ് നാരായണന്‍, എഡിറ്റിങ് ദേശീയ അവാര്‍ഡ് ജേതാവായ ബി അജിത് കുമാര്‍, ചമയം പട്ടണം റഷീദ്, വെള്ളിത്തിരയിലാവട്ടെ പരിചയ സമ്പന്നരായ ഇന്ദ്രന്‍സ്, ജോയ്മാത്യു, സന്തോഷ് കീഴാറ്റൂര്‍, കലാഭവന്‍ ഷാജോണ്‍, ശശികലിംഗ, പാര്‍വതി മാല, സീമ ജി നായര്‍, വത്സലാ മേനോന്‍. തുടങ്ങിയവര്‍. ശക്തമായ തിരക്കഥ, മികച്ച സംവിധാനം. ഇന്ദ്രന്‍സിന്റേയും ജോയ്മാത്യുവിന്റെയും മത്സരിച്ചുള്ള അഭിനയം. എന്നിട്ടും ഈ സിനിമ കാണികളില്‍ എത്തിപ്പെടരുത് എന്ന് തീരുമാനിച്ചത് ആരാണ്? മാര്‍ക്കറ്റിങ് തന്ത്രങ്ങളില്‍ പിഴവുകളും പരാജയങ്ങളും സംഭവിച്ചിട്ടുണ്ട് എന്ന സമ്മതിക്കുമ്പോള്‍തന്നെ എന്തുകൊണ്ട് ‘ജനം’ ഏറ്റെടുക്കുന്നില്ല എന്നതാണ് വിശകലന വിധേയമാക്കേണ്ടത്. അവിടെയാണ് സിനിമയുടെ പിന്നാമ്പുറ കളികള്‍ അവസാനിക്കുന്നത്. അപ്പോള്‍ തുടങ്ങുന്നത് എവിടെ നിന്നല്ലേ. കഥയുമായി ഒരു കലാകാരനെ സമീപിക്കുമ്പോള്‍ തുടങ്ങുന്നു.

പാതി എന്ന ഈ സിനിമയുടെ ആദ്യം മുതല്‍ ഒടുക്കംവരെ പ്രിയപ്പെട്ട കൂട്ടുകാരായ ചന്ദ്രേട്ടനും വിജേഷിനുമൊപ്പം നടന്ന ഒരാള്‍ എന്ന രീതിയില്‍ ഇവയൊന്നും പറയാതെവയ്യ. ഇന്ദ്രന്‍സ് എന്ന മഹാനടനെ മുന്‍നിര്‍ത്തിയാണ് വിജേഷ് കമ്മാരന്‍ എന്ന കഥാപാത്രത്തിന് മിഴിവേകിയത്. തുന്നല്‍ക്കാരനായിരുന്ന ഇന്ദ്രന്‍സേട്ടനോട് ഇപ്പോഴും തുന്നല്‍പ്പണിയിലൂടെ ജീവിതം നെയ്യുന്ന വിജേഷിന് ഇഷ്ടമുണ്ടായിരുന്നതുകൊണ്ടുമാവാം ഇങ്ങനെയൊരു വേഷം ഇന്ദ്രന്‍സിനായി കരുതിവെച്ചത്. അതുകൊണ്ടുതന്നെ മറ്റ് കഥാപാത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ച വന്നപ്പോള്‍ സ്വാഭാവികമായും തുല്യതയുള്ള കഥാപാത്രമായിരുന്നു ജോയ്മാത്യു അവതരിപ്പിച്ച ഒതേനന്‍. അതിനെക്കുറിച്ച് ഇന്ദ്രന്‍സുമായും സംസാരിച്ചു. ആ നല്ല മനുഷ്യന്‍ പറഞ്ഞുതന്ന പല പ്രമുഖരെയും സമീപിച്ചപ്പോള്‍ (പേരു പറയാത്തത് പേടികൊണ്ടല്ല, സിനിമാ മേഖലയില്‍ ഇനിയും നിലനില്‍ക്കണമെന്ന് ഞാനാഗ്രഹിക്കുന്ന എന്റെ പ്രിയ കൂട്ടുകാര്‍ക്ക് ‘ഇനിയുമൊരപകടം’ വരരുതേ എന്ന് കരുതി മാത്രമാണ്) അവരൊക്കെ കഥ കേള്‍ക്കാന്‍ ഇഷ്ടപ്പെട്ടു. പലരോടും ചന്ദ്രേട്ടനും വിജേഷും ഓടിനടന്ന് കഥ പറഞ്ഞു. കഥ കേട്ട് ഇഷ്ടമായി രണ്ടു ദിവസത്തിനകം അറിയിക്കാമെന്ന് വാക്കുതന്നു. ഒടുവില്‍ രണ്ടു ദിവസത്തിനുശേഷം കല്‍പന പുറപ്പെടുവിച്ചു. ഇന്ദ്രന്‍സിനെ മുഖ്യവേഷത്തില്‍നിന്ന് മാറ്റണം. അല്ലെങ്കില്‍ ആ കഥാപാത്രത്തിന്റെ പ്രാധാന്യം കുറച്ച് ഒതേനന്റെ കഥാപാത്രത്തിന് പ്രാധാന്യം നല്‍കണം.. ആരെയും നിരാശപ്പെടുത്താതെ പറഞ്ഞു. ഇല്ല സിനിമയില്‍ കമ്മാരനുണ്ടെങ്കില്‍ അത് ഇന്ദ്രന്‍സാവും. ഒടുവില്‍ ജോയ്മാത്യു ആ കഥാപാത്രത്തെ ഒരു മാറ്റവും വരുത്താതെ അവതരിപ്പിച്ചു. ഇന്ദ്രന്‍സിനൊപ്പം വേഷമിടാന്‍ വേണ്ടി മറ്റൊരു നടി ചെറിയ സിനിമയാണെന്നും വലിയ പ്രതിഫലം നല്‍കാനാവില്ലെന്നും അറിഞ്ഞുതന്നെ ലക്ഷങ്ങള്‍ പ്രതിഫലം ആവശ്യപ്പെട്ടു. ഒടുവില്‍ സീമ ആ വേഷത്തിലെത്തിയത് വലിയ പ്രതിഫലം വാങ്ങാതെയാണ്.

സിനിമയില്‍ തറവാട്ട് കാരണവരായി എന്നെ കാണാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്- ഇന്ദ്രന്‍സ്/അഭിമുഖം

അങ്ങനെ സിനിമ കഴിഞ്ഞു. ചലചിത്ര അവാര്‍ഡ് ജൂറികള്‍ക്ക് മുന്നില്‍ തലതൊട്ടപ്പന്മാരില്ലാത്തതിനാല്‍ മാത്രം ഒരു പരാമര്‍ശംപോലുമില്ലാതെ പാതി പുറത്തേക്കിറങ്ങിവന്നു. ജൂറിയുടെ ഒരു പരിക്കുമേല്‍ക്കാതെയെന്നും ആലങ്കാരികമായിതന്നെ പറയാം. ജീവിതത്തിലെ മികച്ച അഭിനയം കാഴ്ചവെച്ച ഇന്ദ്രന്‍സ്, ക്യാമറയിലൂടെ കഥ പറഞ്ഞ സജന്‍ കളത്തില്‍, മികച്ച നവാഗത സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവുമെല്ലാം. അങ്ങനെ പടിക്ക് പുറത്തായി. ഇനിയൊരു അവാര്‍ഡിനും പരിഗണിക്കപ്പെടാന്‍ ഞങ്ങള്‍ വരുന്നുമില്ല. അടികൂടി വാങ്ങാന്‍ ഞങ്ങള്‍ക്കൊട്ട് അറിയുകയുമില്ല. അങ്ങനെ പരിക്കില്ലാതെ പുറത്തിറങ്ങിയ സിനിമയുടെ വലിയ വെല്ലുവിളി തീയേറ്ററുകള്‍ പിടിക്കുകയായിരുന്നു. കഷ്ടിച്ച് 38 തീയേറ്ററുകളില്‍ എത്തിക്കാനായി. കണ്ടവരെല്ലാം നല്ല അഭിപ്രായം പറഞ്ഞെങ്കിലും കാണാനെത്തിയവരുടെ എണ്ണക്കുറവ് തിരശീലയില്‍നിന്ന് ചെവിക്ക് പിടിച്ച് -സര്‍ക്കാര്‍ തീയേറ്ററുകള്‍പോലും – പാതിയെ പുറത്താക്കി. അതേ ഞങ്ങളുടെ പാതി ഞങ്ങളിലേക്ക് തന്നെ തിരിച്ചു വന്നിരിക്കുന്നു. കണ്ടവര്‍ കണ്ടവര്‍ ഏറെ പുകഴ്ത്തിയ ഈ പാതിയെ ഞങ്ങള്‍ ഹൃദയത്തോ്ട ചേര്‍ത്തുവെക്കുന്നു. ഇത് ഞങ്ങളുടെ ജീവനാണ്, രക്തമാണ്, മാംസമാണ്, ജീവിതമാണ്. ഈ പരാജയത്തെയും ഞങ്ങളേറ്റുവാങ്ങുന്നു വലിയ വിജയമായിട്ട് നല്ല സിനിമയുടെ കാലൊച്ച കേള്‍പ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരുടെ രക്തസാക്ഷിത്വമായിട്ട്.

വാല്‍ക്കഷണം: രസകരമായ ഒരു കാര്യം, കണ്ണൂരിലെ ഒരു തീയേറ്ററില്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയ ഞങ്ങളോട് തീയേറ്ററുകാര്‍ പറഞ്ഞതാണ്. അവിടെ മലയാളത്തിലെ മഹാനടന്റെ സിനിമ ഓടുന്നു. തീയേറ്റര്‍ ചുമര്‍ നിറയെ ആ പോസ്റ്ററിന്റെ പ്രവാഹം.. ഒഴിഞ്ഞ മൂലയില്‍ എവിടെയേലും ഒട്ടിക്കാം എന്നു കരുതിയാല്‍ എവിടെയും സ്ഥലമില്ല. (ആ സിനിമയാവട്ടെ ആളില്ലാതെ വെറുതേ ഓടിക്കുന്നു. അഞ്ചും ആറും പേരാണ് ഓരോ ദിവസവും ഉണ്ടായത്. ഒരു ഷോ മാത്രമേ ഉണ്ടായിരുന്നുള്ളൂതാനും.) തീയേറ്റര്‍ മാനേജരോട് പരാതി പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞ മറുപടി ഇന്നത്തെ സിനിമയുടെ തകര്‍ച്ചയുടെ വലിയ വിശദീകരണമായിരുന്നു. അത് ഇങ്ങനെയാണ്…”ചതിക്കരുത്. ആ സിനിമയുടെ പോസ്റ്റര്‍ മാറ്റാന്‍ പറ്റില്ല. അത് മാറ്റിയാല്‍ പിന്നെ അയാളുടെ അടുത്ത സിനിമ ഞങ്ങള്‍ക്ക് തരില്ലെന്ന് ഫാന്‍സുകാര്‍ പറഞ്ഞിട്ടുണ്ട്. മാറ്റിയാല്‍ ഫാന്‍സുകാര്‍ അസോസിയേഷന്‍ മുഖേന അങ്ങേരെ അറിയിക്കും. പിന്നെ പുതിയ സിനിമ ഞങ്ങള്‍ക്ക് തരില്ല. പിന്നത്തെ കാര്യം പറയേണ്ടല്ലോ? അതുകൊണ്ട് നിങ്ങള്‍ എവിടെയെങ്കിലും ഒഴിഞ്ഞ സ്ഥലമുണ്ടെങ്കില്‍ ഒട്ടിക്ക്” ഒഴിഞ്ഞ സ്ഥലം എവിടെയുമില്ലായിരുന്നു ഞങ്ങളുടെ ഇടനെഞ്ചല്ലാതെ. അതെ, ഈ സിനിമ ഞങ്ങളുടെ ഇടനെഞ്ചിലുണ്ട്. മരണംവരെ അതവിടെ നില്‍ക്കും.

എന്തുകൊണ്ട് ഞാന്‍ രാമലീല കാണില്ല

സുധാകരന്‍ നരിക്കോട്

സുധാകരന്‍ നരിക്കോട്

ശില്‍പി, ചലച്ചിത്ര പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍