UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

Off-Shots

അപര്‍ണ്ണ

സിനിമ

സണ്‍ഡേ ഹോളിഡേ: പുറത്തെ ട്വിസ്‌ററുകള്‍ കണ്ടു നില്‍ക്കുന്ന പ്രേക്ഷകരെ തിയേറ്ററിലേക്ക് മടക്കിക്കൊണ്ടുവരുന്ന സിനിമ

വെറുതെ പോയി കണ്ടു വരാവുന്ന, എന്നാല്‍ മടുപ്പിക്കാത്ത ഒരു സിനിമ

അപര്‍ണ്ണ

ബൈസിക്കിള്‍ തീവ്‌സിനു ശേഷം ജിസ് ജോയ് സംവിധാനം ചെയ്ത സണ്‍ഡേ ഹോളിഡേ തീയേറ്ററിലെത്തി. സംവിധായകന്റെ തന്നെ തിരക്കഥയിലൊരുങ്ങുന്ന സിനിമക്ക് ഒരു Feel Good Cinema എന്നാണ് ടാഗ് ലൈന്‍. സിനിമാക്കഥകളേക്കാള്‍ വലിയ ട്വിസ്റ്റുകളും ടേണുകളും വ്യവസായത്തെ ചുറ്റിപ്പറ്റി നടക്കുന്നുണ്ട്. അതില്‍ നിന്നും പ്രേക്ഷകരുടെ ശ്രദ്ധ തിരിച്ച് തിയേറ്ററുകളിലേക്ക് മടക്കി കൊണ്ടു വരിക എന്ന ദൗത്യം അറിഞ്ഞോ അറിയാതെയൊ പെട്ടന്ന് ഈ സിനിമയില്‍ വന്നു ചേര്‍ന്നു. സിദ്ദിഖ്, ആസിഫ് അലി പോലെ ആ വിവാദത്തിന്റെ പല ഘട്ടങ്ങളില്‍, പല തരത്തില്‍ പങ്കാളികളായവര്‍ സണ്‍ഡേ ഹോളിഡേയിലെ സജീവ സാന്നിധ്യമാണ്.

ഉണ്ണി മുകുന്ദന്‍ (ശ്രീനിവാസന്‍) ഒരു കോളേജധ്യാപകനാണ്. എല്ലാ ഞായറാഴ്ചകളിലും സ്‌പെഷ്യല്‍ ക്ലാസെടുക്കുന്ന ഇയാള്‍ കുട്ടികളുടെയും സഹപ്രവര്‍ത്തകരുടെയും പ്രിയപ്പെട്ട അധ്യാപകനാണ്. സിനിമയാണ് അയാളുടെ സ്വപ്‌നം. കുറെ കാലമായി സംവിധായകരുടെ പുറകെ കഥയുമായി നടക്കുകയാണ് അദ്ദേഹം. യാദൃശ്ചികമായി തന്റെ നാട്ടിലെ ആശുപത്രിയില്‍ കിടക്കുന്ന പ്രശസ്ത സംവിധായകനും വിതരണക്കാരനും ആയ ഡേവിഡിനെ (ലാല്‍ ജോസ്) കാണുന്നതോടെ കാര്യങ്ങള്‍ മാറുന്നു.

പൂര്‍ണമായും സേഫ് സോണില്‍ നിന്ന് ഒരു പരീക്ഷണരഹിത എന്റര്‍ടെയ്നര്‍ എന്ന് സൂചിപ്പിക്കുന്ന ട്രെയിലറായിരുന്നു സണ്‍ഡേ ഹോളിഡേയുടെത്. ആ സൂചനയെ മുഴുവനായും ശരി വെക്കുന്ന സിനിമ എന്ന് ഒറ്റ വാക്കില്‍ ചുരുക്കാം ആ സിനിമയെ. ‘മിനിമം ഗ്യാരണ്ടി’ എന്ന പലകുറി ആവര്‍ത്തിച്ച വിജയ ഫോര്‍മുലയെ മാത്രം ആശ്രയിച്ചാണ് സണ്‍ഡേ ഹോളിഡേയുടെയും മേക്കിങ്ങ്. ക്ലീഷേകള്‍ കുറെ ഉണ്ടെങ്കിലും പലപ്പോഴും സിനിമ ഈ രീതി പരീക്ഷിച്ചു വിജയിക്കുന്നുണ്ട്. ഇതിലെ സിനിമാ മോഹിയായ ഉണ്ണി മുകുന്ദനും നല്ലവനായ സംവിധായകന്‍ ഡേവിഡും അമലും അവന്റെ കുടുംബക്കാരും സഹ മുറിയന്മാരും എല്ലാം പല മലയാള സിനിമകളിലും കണ്ടു വരുന്ന കഥാപാത്രങ്ങളാണ്. പക്ഷെ രസകരമായ കുഞ്ഞു ട്വിസ്റ്റുകള്‍ കൊണ്ട് ചിലപ്പോഴൊക്കെ സ്വന്തമായ ഒരു കൗതുകം സിനിമ ഉണ്ടാക്കുന്നുണ്ട്.

"</p

വളരെ സാധാരണമായ ഒരു പ്ലോട്ടിനെ, വലിയ പുതുമകളൊന്നുമില്ലാത്ത തിരക്കഥയെ, വിശ്വസനീയമായ അഭിനയം കൊണ്ടും സംവിധാനം കൊണ്ടും മടുപ്പുണ്ടാക്കാതെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ചിട്ടുണ്ട് ഈ സിനിമ. ജിംസിയുടെ ആത്മാവ് മുഴുവന്‍ വിട്ടു പോകാത്ത അപര്‍ണ ബാലമുരളിയടക്കം താരങ്ങള്‍ സിനിമയുടെ ഒഴുക്കിനൊത്ത് നീങ്ങി. ക്യാമറ, എഡിറ്റിങ്ങ്, ബി.ജി.എം ഒക്കെ സിനിമയുടെ താളത്തിനൊത്ത് മടുപ്പിക്കാതെ നീങ്ങി. ദു:ഖങ്ങള്‍ ഒളിപ്പിച്ച് ചിരിക്കുന്ന നായിക മാത്രം കുറച്ചധികം മലയാള സിനിമാ ക്ലീഷേ ആയി. ഞായറാഴ്ച സ്‌പെഷ്യല്‍ ക്ലാസെടുക്കുന്ന അധ്യാപകന്‍ എന്നതിനപ്പുറം സിനിമയുമായി പേരിന് പ്രത്യക്ഷ ബന്ധമൊന്നുമില്ല. ഒരു ഞായറാഴ്ച പറഞ്ഞു തീര്‍ക്കാന്‍ പറ്റിയ കഥ, കണ്ടു തീര്‍ക്കാവുന്ന സിനിമ എന്നൊക്കെ സൂക്ഷ്മ വ്യാഖ്യാന സാധ്യതകള്‍ വേണമെങ്കില്‍ ഉപയോഗിക്കാം.

മലയാള സിനിമ മേല്‍പ്പറഞ്ഞ മിനിമം ഗ്യാരണ്ടിക്ക് ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്ന ‘ഇന്‍സ്പിരേഷന്‍’ എന്ന ടൂളിനെയും വലിയ പരിക്കുകളില്ലാതെ സണ്‍ഡേ ഹോളിഡേയില്‍ ഉപയോഗിച്ചിട്ടുണ്ട്. കഥ പറഞ്ഞ് ആട്ടും തുപ്പും കേട്ട് നടക്കുന്ന മനുഷ്യരുടെ ‘സെല്‍ഫ് റെസ്‌പെക്ടി’നെപ്പറ്റി ലളിതമായി പറയുന്നതൊക്കെ ഉദാഹരണമാണ്. എവിടെയോ മഹേഷിന്റെ പ്രതികാരത്തിന്റെ ഛായ ഉണ്ടെങ്കിലും ‘തേപ്പ്’ എന്നു കൊണ്ടാടപ്പെട്ട പ്രതിഭാസത്തെയും ലളിതവത്കരണത്തിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. ‘ദേ ഇത്രേയുള്ളൂ’ എന്ന് പറഞ്ഞ് ചിരിക്കുന്ന അവസ്ഥ… ഇന്‍സ്പയറര്‍ കം ഫ്രണ്ട് അച്ഛനായി ഈ സിനിമയിലുള്ളത് അലന്‍സിയറാണ്. നായിക മുഴുവനായി ഇന്‍സ്പയറര്‍ ആയി നായകനെ നയിക്കുമ്പോഴും അവളെ അനാഥയാക്കി അത് ബാലന്‍സ് ചെയ്ത് പക്കാ മലയാള സിനിമയായി മാറുന്നുമുണ്ട് സണ്‍ഡേ ഹോളിഡേ. വില്ലന്‍ – നായക യുദ്ധങ്ങളില്‍ നിന്നു മുക്തവുമാണ് ഈ സിനിമ.

ചുരുക്കിപ്പറഞ്ഞാല്‍, വെറുതെ പോയി കണ്ടു വരാവുന്ന, എന്നാല്‍ മടുപ്പിക്കാത്ത ഒരു സിനിമയാണ് സണ്‍ഡേ ഹോളിഡേ. വലിയ രാഷ്ട്രീയ ശരി ബോധ്യങ്ങളെ മറന്ന് രസിച്ച് പിന്നീടൊന്നും ബാക്കി വക്കാതെ കണ്ടിരിക്കാന്‍ പറ്റുന്ന ചെറിയ ഒരു സിനിമ എന്നു പറയാം. വലിയ പ്രതീക്ഷകളുടെ ഭാരം കൊടുത്തില്ലെങ്കില്‍ നിരാശപ്പെടുത്തില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍