UPDATES

സിനിമ

മോഹന്‍ലാല്‍ എന്ന പ്രതിഭ; ലാല്‍ ആരാധനയുടെ ‘സുവര്‍ണ്ണപുരുഷന്‍’: സുനില്‍ പൂവേലി/അഭിമുഖം

മോഹന്‍ലാല്‍ എന്ന താരത്തെ കേന്ദ്രീകരിച്ച് കേരളത്തിലെ ഒരു ദേശത്തെ ആളുകള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന വിശകലനമാണ് ഈ സിനിമ

അനു ചന്ദ്ര

അനു ചന്ദ്ര

മലയാളികളുടെ മോഹന്‍ലാല്‍ ആരാധനയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണ് സുവര്‍ണ്ണപുരുഷന്‍. ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ സിനിമയുടെ രചനയും സംവിധാനവും ചെയ്തത് നവാഗതനായ സുനില്‍ പൂവേലിയാണ്. പ്രശസ്ത നടന്‍ ഇന്നസെന്റ് ആണ് ഈ ചിത്രത്തില്‍ കടുത്ത മോഹന്‍ലാല്‍ ആരാധകന്‍ ആയി അഭിനയിക്കുന്നത്. ചിത്രത്തിന്റ് കൂടുതല്‍ വിശേഷങ്ങളുമായി സംവിധായകന്‍ സുനില്‍ പൂവേലി അനുചന്ദ്രയോട് സംസാരിക്കുന്നു. 

അനു ചന്ദ്ര: സുവര്‍ണ്ണ പുരുഷന്റെ കഥാതന്തു?

സുനില്‍ പൂവേലി : മോഹന്‍ലാല്‍ എന്ന താരത്തെ കേന്ദ്രീകരിച്ച് കേരളത്തിലെ ഒരു ദേശത്തെ ആളുകള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന വിശകലനമാണ് ഈ സിനിമ. ഇരിങ്ങാലക്കുട ദേശത്ത് ഒരു ചെറിയ സാങ്കല്‍പ്പിക സിനിമാ തീയേറ്റര്‍ ഉണ്ട്, മേരിമാതാ എന്നാണ് പേര്. ആ തീയറ്ററില്‍ പുലിമുരുകന്‍ എന്ന സിനിമ റിലീസ് ചെയ്യുന്നതിന് തലേന്നും അന്നുമുള്ള സംഭവവികാസങ്ങളാണ് കഥ. പുലിമുരുകന്‍ റിലീസ് ചെയ്യുന്ന ആദ്യത്തെ ഷോയോടെ സിനിമ കഴിയും. അപ്പോ ശരിക്കും പറഞ്ഞുകഴിഞ്ഞാല്‍ കേന്ദ്രകഥാപാത്രം എന്നു പറയുന്നത് റപ്പായേട്ടന്‍ എന്ന ഒരു തീയേറ്റര്‍ ഓപ്പറേറ്ററാണ്. അയാളുടെ പ്രധാന പണി എന്ന് പറയുന്നത് ആളുകളെ സിനിമ കാണിക്കുക എന്നതാണ്. റപ്പായിയുടെ തിയേറ്ററില്‍ ആണ് ഒരുവിധം എല്ലാ മോഹന്‍ലാല്‍ ചിത്രങ്ങളും ആ ഗ്രാമത്തില്‍ വരുന്നത്. ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും മോഹന്‍ലാല്‍ ആരാധകരുമാണ്. പക്ഷെ മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്റെ റിലീസ് ദിവസം റപ്പായിക്ക് അവിടം വിടേണ്ടി വരുന്നു. പിന്നീട് റപ്പായിയുടെയും ആ നാട്ടുകാരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ആണ് ഈ ചിത്രം നമ്മുക്ക് മുന്നില്‍ വരച്ചു കാണിക്കുന്നത്.

: റപ്പായി, പുലിമുരുകന്‍, മോഹന്‍ലാല്‍- ഇവ തമ്മില്‍ പരസ്പരം എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു?

സു : റപ്പായിയോട് പുലിമുരുകന്‍ എന്ന സിനിമ ബന്ധപ്പെട്ടുകിടക്കുന്നത് മുരുകന്‍ എന്ന പേരിലൂടെയാണ്. കാരണം അയാള്‍ ഇരിങ്ങാലക്കുടയിലെ ഏറ്റവും പിന്നോക്കം ഉള്ള ദളിത് പശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ന്ന ആളാണ്. അയാളുടെ പേര് മുരുകന്‍ എന്നായിരുന്നു. പിന്നീട് അയാളുടെ കുടുംബം ക്രിസ്തുമതം സ്വീകരിച്ചു. എന്നിട്ടും അയാളുടെ ജാതി എന്നുള്ള സ്വത്വം പോയിട്ടുണ്ടായിരുന്നില്ല. പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു വന്നു. അങ്ങനെ അയാള്‍ സഖാവ് റപ്പായി ആയി. അപ്പോഴും അയാളുടെ ജാതി എന്ന സ്വത്വം അങ്ങനെ പോകാതെ നിന്നു. പിന്നെ അയാള്‍ സിനിമയുമായി ബന്ധപ്പെടുന്നു. സിനിമ കാണുക, സിനിമ കണ്ട് കരയുക അങ്ങനെയൊക്കെയുള്ള ഒരാള്‍ തുടര്‍ന്ന് സിനിമ കാണിക്കുന്ന രീതിയിലേക്കു വന്നു.

യഥാര്‍ത്ഥത്തില്‍ സിനിമ അയാള്‍ക്ക് ഒരു മതം പോലെയായിരുന്നു. അയാള്‍ സിനിമ കണ്ട് ഭാഷകള്‍ പഠിച്ചു. അയാള്‍ക്ക് ഇതുവരെയും കുടുംബജീവിതം ഉണ്ടായിട്ടില്ല. സ്ത്രീയെ അറിഞ്ഞിട്ടില്ല. തിയേറ്ററിനകത്തെ വേഴ്ച്ചകള്‍ മാത്രം കണ്ട്, അയാളുടെ കാമം എന്ന് പറഞ്ഞാല്‍ സിനിമ കണ്ടിട്ടുള്ള കാമം തീര്‍ക്കല്‍ മാത്രമായി മാറി. അങ്ങനെയുള്ള ഈ റപ്പായിയെ കേന്ദ്രീകരിച്ചാണ് ഈ സിനിമ. മോഹന്‍ലാല്‍ എന്ന പുരുഷബിംബവും ഈ റപ്പായി ചേട്ടനുമാണ് കേന്ദ്രസ്ഥാനത്ത്. പിന്നെ ആ ദേശത്തെ മോഹന്‍ലാല്‍ ആരാധകരും. മലയാളികള്‍ മോഹന്‍ലാലിനെ കാണുന്നത് ഒരു താരം ആയിട്ടും ഒരു മികച്ച അഭിനേതാവുമായിട്ടാണ്. റപ്പായിയേട്ടന്‍ ഒരു മോഹന്‍ലാല്‍ ആരാധകനല്ല പക്ഷേ മോഹന്‍ലാലിനെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ്. ഇങ്ങനെയൊക്കെയുള്ള ഒരു കഥയാണിത്. ഒരു സോഷ്യല്‍ ഡോക്യൂമെന്റഷന്‍ പോലെയാണ് സിനിമ ചെയ്തിട്ടുള്ളത്.

: മോഹന്‍ലാല്‍ ആരാധനയെ അടിസ്ഥാനപ്പെടുത്തി സിനിമയെടുക്കാനുള്ള പ്രചോദനം?

സു : കഴിഞ്ഞ 20 വര്‍ഷത്തിനിടെയാണ് കേരളത്തില്‍ താരാരാധന എന്നുപറയുന്നത് പ്രബലമായി വന്നത്. കേരളത്തിലിരുന്നു നമ്മള്‍ ഒക്കെ കളിയാക്കിയിട്ടുണ്ട് തമിഴ്‌നാട്ടിലാണ് താരാരാധനയെ അത്യധികം വികാരാധീതമായി നോക്കിക്കാണുന്നത് എന്നൊക്കെ. ഞാനിവിടെ ചോദിക്കുന്നത് അങ്ങനെയൊക്കെ പറയുന്ന നമുക്കിടയില്‍ എന്തുകൊണ്ട് മോഹന്‍ലാല്‍ എന്ന ഒരു പ്രതിഭ താരാരാധനയുടെ ബിംബമായി എന്നതാണ്. എനിക്ക് തോന്നുന്നു വളരെ സിംപിള്‍ ആയി, സരളമായി കാഴ്ചക്കാരുമായി ആശയവിനിമയം നടത്താന്‍ അദ്ദേഹത്തിന് പറ്റുന്നുണ്ട് എന്നതാണ്. അതുകൊണ്ടു തന്നെ പ്രചോദിപ്പിച്ച ഘടകം എന്നത് കേരള ജനങ്ങളുടെ അദ്ദേഹത്തോടുള്ള പ്രബലമായ താരാരാധനയാണ്.

മോഹന്‍ലാല്‍ എന്ന സെലിബ്രിറ്റിക്ക് സാധാരണക്കാരെ മനസിലാകുമെന്ന് മാത്രം പറയരുത്

: മോഹന്‍ലാല്‍ ഈ സിനിമയെ പറ്റി അറിഞ്ഞിട്ടുണ്ടോ? ഏതെങ്കിലും തരത്തില്‍ ഉള്ള പങ്ക് ഈ സിനിമയില്‍ അദ്ദേഹത്തിന് ഉണ്ടോ?

സു: നമ്മുടെ ഇന്നസെന്റ് ചേട്ടന്‍ ആണ് റപ്പായി ആയി അഭിനയിക്കുന്നത്. ഇന്നസെന്റ് ചേട്ടന്‍ പറഞ്ഞിട്ടൊക്കെ മോഹന്‍ലാല്‍ അറിഞ്ഞിട്ടുണ്ട് എന്നാണ് ഞാന്‍ പറഞ്ഞു കേട്ടത്. പക്ഷേ അദ്ദേഹത്തെ തീര്‍ച്ചയായും രസിപ്പിക്കുന്ന ഒരു സംഗതിയാണ് ഇത്. മോഹന്‍ലാലെന്ന പ്രതിഭയെ പറ്റി പ്രതിപാദിക്കുകയാണല്ലോ ചെയ്യുന്നത്. അല്ലാതെ മോഹന്‍ലാല്‍ എന്ന നടനെ വിമര്‍ശിക്കുക അല്ലല്ലോ ചെയ്യുന്നത്.

: സിനിമയുടെ പോസ്റ്റര്‍ നിലനിര്‍ത്തുന്ന പ്രത്യേകത അതിന്റെ ക്യാപ്ഷനില്‍ ആണ്. ‘ഒരു ദേശം, ഒരു താരം’. അതിനെ കുറിച്ച്?

സു: യഥാര്‍ത്ഥത്തില്‍ നമുക്ക് അന്നം കിട്ടുന്നത് എവിടെ നിന്നാണോ അതാണ് നമ്മുടെ ദേശം. ഇവിടെ ഇപ്പൊ ഇരിങ്ങാലക്കുടയില്‍ ബംഗാളികള്‍ ഉണ്ട്, തമിഴന്മാരുണ്ട് അങ്ങനെ പുറത്ത് നിന്ന് വന്നു ചേര്‍ന്ന ആളുകള്‍ എല്ലാം ഉണ്ട്. അങ്ങനെ അവരുടെ എല്ലാം അന്നം നല്‍കുന്ന ആ ദേശമായ ഇരിങ്ങാലക്കുട അവിടെ ജനിച്ചു വളര്‍ന്നവരുടെ മാത്രം ദേശമല്ല. ഇതെല്ലാം കൊണ്ട് തന്നെ ഇവരെല്ലാം ഇതിലെ കഥാപാത്രങ്ങള്‍ ആണ്. ആ ദേശത്തെ ജനങ്ങളുടെ മനസില്‍ കുടിയേറ്റി വെച്ച ഒരു താരത്തെ കേന്ദ്രീകരിച്ച് ആണ് കഥ പറയുന്നത്.

മോഹന്‍ലാല്‍ സിനിമ കണ്ട് ആര്‍പ്പു വിളിക്കലാണോ സാമൂഹ്യപ്രവര്‍ത്തനം? ‘ഫെമിനിച്ചി’കളെ ഉപദേശിക്കാന്‍ വരുന്നവരോട് സജിത മഠത്തില്‍

: പ്രധാന കഥാപാത്രമായ റപ്പായി വാര്‍ദ്ധക്യം കടന്നവനാണ്. യുവത്വത്തെ പ്രതിനിധീകരിക്കുന്നവനല്ല. അത്തരമൊരു തിരഞ്ഞെടുപ്പിന് പുറകിലെ കാരണം?

സു: തിയ്യേറ്ററുകള്‍ക്കകത്തെ ഇരുളില്‍ നമ്മള്‍ സ്വയം സൃഷ്ടിക്കുന്ന ഒരു ഏകാന്തതയിലേക്കാണ് നമ്മുടെ കണ്‍മുമ്പില്‍ വരുന്ന ഇമേജുകളുമായി താദാത്മ്യം പ്രാപിക്കുകയും അങ്ങനെ നമ്മള്‍ കരയുകയും പൊട്ടിച്ചിരിക്കുകയും ഒക്കെ ചെയുന്നത്. ഇത് വാസ്തവത്തില്‍ ഒരു താദാത്മ്യം പ്രാപിക്കലാണ്. ഇതാണ് ശരിക്കും എന്റെ വിഷയം. തിയേറ്റര്‍ എന്നത് ജാതി, മതം മുതലായ സകലതിനെയും നിരാകരിച്ചു കൊണ്ട് വിവിധതരം ആളുകള്‍ ഒത്തുകൂടുന്ന ഒരു ഇടമാണ്. അതിന്റ ഭാഗമായി വരുമ്പോള്‍ കേരളത്തിലെ സാമൂഹിക രാഷ്ട്രീയ ചരിത്രം കൂടി പറയണം റപ്പായിലൂടെ. അയാള്‍ എഴുപത് കടന്ന മനുഷ്യനാണ്. ഒരിക്കല്‍ ദലിതനായിരുന്ന, പിന്നീട് ക്രിസ്തുമതം സ്വീകരിച്ച, ശേഷം കമ്മ്യൂണിസ്റ്റ് മതവും എല്ലാതിത്തിനുമൊടുവില്‍ സിനിമയെ തന്നെ ഒരു മതമായി സ്വീകരിച്ച അയാള്‍ക്ക് പറയാന്‍ ഒരു ചരിത്രമുണ്ട്. ഇതൊരിക്കലും ഒരു ചെറുപ്പക്കാരനിലൂടെ പറഞ്ഞു തീര്‍ക്കുക എന്നത് സാധ്യമല്ല. അല്ലെങ്കില്‍ പിന്നെ തിയേറ്റര്‍ ഓപ്പറേറ്റര്‍ ആയി നമുക്ക് ഒരു ചെറുപ്പക്കാരനെ എടുക്കാവുന്നതെ ഉണ്ടായിരുന്നൊള്ളൂ.

മോഹന്‍ലാല്‍ ഭീമനാകുന്നതില്‍ എന്താണ് പ്രശ്നം?

: സിനിമയിലെ മറ്റു അഭിനേതാക്കള്‍?

സു: ശ്രീജിത് രവി, സുനില്‍ സുഗത, മനു, കലാഭവന്‍ ജോഷി, കലിംഗ ശശി, ബിജുക്കുട്ടന്‍, കോട്ടയം പ്രദീപ്, സതീശ് മേനോന്‍, യഹിയ കാദര്‍, ബിജു കൊടുങ്ങല്ലൂര്‍, രാജേഷ് തംബുരു, ജയേഷ്, ഇടവേള ബാബു, അഞ്ജലി, കൊളപ്പുള്ളി ലീല, ലെന തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ട്രാന്‍സ് ആക്ടിവിസ്റ്റുകളായ അഞ്ജലി അമീര്‍, ദീപ്തി കല്യാണി എന്നിവര്‍ ഇതിലുണ്ട്. ഒരു ദേശത്തിന്റെ കഥയാണ് പറയുന്നത്. അത് കൊണ്ട് തന്നെ ട്രാന്‍സും ഈ സമൂഹത്തിന്റെ ഭാഗമാകുമ്പോള്‍ അവരെ തീര്‍ച്ചയായും ഒഴിവാക്കാന്‍ പറ്റില്ല. ജെഎല്‍ ഫിലിംസിന്റെ ബാനറില്‍, ലിറ്റി ജോര്‍ജ്, ജീസ് ലാസര്‍ എന്നിവര്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. നീതു എസ് കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് എഡിറ്റിംഗ് നിര്‍വഹിക്കുന്നത് വിഷ്ണു വേണുഗോപാലാണ്. ഏറ്റവും വലിയ സന്തോഷം എന്താണ് എന്നാല്‍ ഇരിങ്ങാലക്കുടയിലെ മോഹന്‍ലാല്‍ ഫാന്‍സിന്റെ പൂര്‍ണ്ണ സഹകരണം തുടക്കം മുതല്‍ അവസാനം വരെ ഈ ചിത്രം പൂര്‍ത്തീകരിക്കുന്നതിനായി ലഭിച്ചു എന്നതാണ്. ചിത്രത്തിന്റെ റീലീസ് ജനുവരിയില്‍ ആണ്.

സുരഭിക്ക് ഒപ്പവും നില്‍ക്കേണ്ടതായിരുന്നു; വിമന്‍ കളക്ടീവിനോട് ശാരദകുട്ടി

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍