UPDATES

സിനിമ

‘ഈട’; കണ്ണൂരിന്റെ മണ്ണില്‍ എല്ലുരുക്കുന്ന പ്രണയം, പിന്നെ രാഷ്ട്രീയവും

പക്ഷം ചേരാനോ, പ്രത്യയശാസ്ത്ര കൂറ് പുലര്‍ത്താനോ മുതിരാതെ ശരിതെറ്റുകളുടെ, കണക്ക് തീര്‍ക്കലുകളുടെ ഈ ലോകത്ത് ഞെരടിയുടയ്ക്കപ്പെടുന്ന മനുഷ്യന്റെ അടിസ്ഥാന ചോദനകളെയും, സ്വാതന്ത്ര്യ വാഞ്ചയുടെയും രാഷ്ട്രീയത്തെ മുറുകെ പിടിക്കുകയാണ് ചിത്രം

പ്രമേയത്തിലെ സവിശേഷതയെ കുറിച്ച് പറയാതെ ‘ഈട’യെ കുറിച്ച് എങ്ങനെ പറയാനാവും? ഈടയും ഒരു പ്രണയ നദിയാണ്, കാലുഷ്യങ്ങളുടെ, കലാപങ്ങളുടെ മണ്ണിലൂടെയൊഴുകി കലങ്ങി തടം മുറിഞ്ഞൊഴുകുന്ന പ്രണയ പ്രവാഹം. എല്ലുരുക്കുന്ന ഈ പ്രണയ കഥ പറയാന്‍ ദശാബ്ദങ്ങളായി കേരള രാഷ്ട്രീയത്തിലെ ഏറ്റവും സെന്‍സിറ്റീവ് ആയ കണ്ണൂരിന്റെ ഭൂമികയെ തെരഞ്ഞെടുക്കുന്നിടത്താണ് ‘ഈട’ ജനിക്കുന്നത്. അതിനാല്‍ തന്നെയാണ് മലയാള സിനിമക്ക് അത്രയൊന്നും പഴക്കമില്ലാത്ത യാഥാര്‍ത്ഥ്യങ്ങളും, കഥാപാത്രങ്ങളും ഈടയില്‍ കടന്നുവരുന്നത്.

ഈടയിലുമുണ്ട് യാദൃശ്ചികമായി കണ്ടുമുട്ടി പരസ്പരം ആകൃഷ്ടരായി, തലയറഞ്ഞ് പ്രണയിക്കുന്ന യൌവ്വനം. തമ്മില്‍ ചേര്‍ന്ന്  നില്‍ക്കാനും അന്യോന്യം നിറയാനും, പാറി പറക്കാനും വെമ്പുന്ന പ്രണയ ജോഡിയാണ് ഈടയുടെ ആഖ്യാന സിര. കണ്ണൂരിലെ സവിശേഷ രാഷ്ട്രീയ പരിസരത്ത് ആ കാമനകള്‍ അതിജീവനത്തിനായി പൊരുതുന്നതാണ് ഈടയുടെ കേന്ദ്ര പ്രമേയം. കണ്ണൂരിന്റെ അതിരുകള്‍ കടന്ന് മൈസൂരിലെ തുറന്ന ആകാശത്തിനു കീഴില്‍ ആ കാമനകള്‍ പാറി പറക്കുന്നതും, തമ്മിലുരുമ്മുന്നതും, പുണരുന്നതുമൊക്കെയും ഒരാശ്വാസത്തോടെ കാണുമ്പോഴാണ്, കെട്ടിപ്പടുത്ത ധാര്‍മ്മികതകള്‍ക്ക് നടുവില്‍ രാഷ്ട്രീയ ശരിയെ ചൊല്ലിയുള്ള ഉത്തരമില്ലാ ചോദ്യങ്ങള്‍ക്ക് നടുവില്‍, പിടഞ്ഞൊടുങ്ങുന്ന ജീവിതങ്ങളും, ജീവിതം തന്നെ നിഷേധിക്കപ്പെടുന്ന തലമുറകളുമൊക്കെ ഒരു വീര്‍പ്പുമുട്ടായി കാഴ്ചക്കാരനില്‍ നിറയുന്നത്. അത് സാധ്യമാകുന്നിടത്താണ് സവിശേഷമായ ഈ ആഖ്യാനത്തെ ഇഴമുറുക്കത്തോടെ ആവിഷ്‌ക്കരിക്കാന്‍ ബി. അജിത്കുമാറിന്റെ പ്രഥമ സംവിധാന സംരംഭത്തിന് സാധിച്ചു എന്ന് നാം തിരിച്ചറിയുക.

വളവില്‍ തിരിവില്‍ ചാടി വീഴാവുന്ന ക്രൌര്യത്തെ ഭയക്കുന്ന മനുഷ്യ ജീവിതത്തിന്റെ അയഞ്ഞ താളം സിനിമയുടെ കണ്ണൂര്‍ ആഖ്യാനത്തില്‍ പ്രകടമാണ്. ഈടയിലെ ജീവിതങ്ങള്‍ക്ക് ജീവിതത്തിന്റെ ചടുല ഗതി കൈവരുന്നതാകട്ടെ മൈസൂര്‍ നഗരത്തിന്റെ വിശാലതയിലെത്തുമ്പോള്‍ മാത്രമാണ്. അതാതിടങ്ങളില്‍ കഥാപാത്രങ്ങള്‍ക്ക് , അവരുടെ മാനസികനിലകള്‍ക്ക് സംഭവിക്കുന്ന വിരുദ്ധവ്യതിയാനങ്ങളെ, അതിന്റെ ബാഹ്യ പ്രകടനങ്ങളായ പെരുമാറ്റ രീതികളെ, വസ്ത്രധാരണത്തെ, മുന്‍ഗണനകളെ, അഭിരുചികളെ, എന്നു വേണ്ട ഉച്ഛ്വാസ ഗതിയില്‍ സംഭവിക്കുന്ന സൂക്ഷ്മ വ്യതിയാനങ്ങളെ ഒപ്പിയെടുക്കാന്‍ സിനിമ ജാഗ്രത കാണിക്കുന്നുണ്ട്.

പക്ഷം ചേരാനോ, പ്രത്യയശാസ്ത്ര കൂറ് പുലര്‍ത്താനോ മുതിരാതെ ശരിതെറ്റുകളുടെ, കണക്ക് തീര്‍ക്കലുകളുടെ ഈ ലോകത്ത് ഞെരടിയുടയ്ക്കപ്പെടുന്ന മനുഷ്യന്റെ അടിസ്ഥാന ചോദനകളെയും, സ്വാതന്ത്ര്യ വാഞ്ചയുടെയും രാഷ്ട്രീയത്തെ മുറുകെ പിടിക്കുകയാണ് ഈട. പരസ്പരം കൊന്ന് തീര്‍ത്ത് കീഴടക്കാമെന്നും പ്രതിരോധിക്കാമെന്നുമുള്ള ചിന്തയുടെ ആ പഴയ ഗോത്രയുക്തി മലയാളി പൊതു സമൂഹത്തിനു മുന്നില്‍ വിചാരങ്ങള്‍ക്കും, സംവാദങ്ങള്‍ക്കുമായി എടുത്ത് വെയ്ക്കുന്നു എന്നതാണ് ഈടയുടെ രാഷ്ട്രീയം.

“ഒന്നും പറയാനില്ലാതെ അജിത് ഒരു സിനിമ ചെയ്യാനിറങ്ങില്ല” എന്ന സുഹൃദ് വലയത്തിലെ സംസാരത്തെ നീതികരിക്കുന്നതാണ് അജിത്തിന്റെ ‘ഈട’. പറയാനുള്ളതിനെ വേണ്ട അവധാനതയോടെ സൂഷ്മ ശ്രദ്ധയോടെ സമീപിച്ചതിന്റെ മുദ്രകള്‍ ഛായഗ്രഹണം, പശ്ഛാത്തല സംഗീതം, ആക്ഷനുകള്‍, ഡയലോഗുകള്‍ എന്ന് തുടങ്ങി സകല മേഖലകളിലും ദൃശ്യമാണ്. കാസ്റ്റിംഗിലും, വസ്ത്രാലങ്കാരങ്ങളിലും പുലര്‍ത്തിയിരിക്കുന്ന കൈയ്യടക്കവും കൃത്യതയും അജിത്തിനു മേല്‍ സാങ്കേതികമായി ചാര്‍ത്തി കൊടുക്കുന്ന നവാഗത സംവിധായക പട്ടത്തെ നിരര്‍ത്ഥകമാക്കുന്നു. ഛായഗ്രഹണത്തിലെ സൂക്ഷ്മതയും സ്വാഭാവികതയും പപ്പു എന്ന ഛായഗ്രാഹകന്റെ ആരുറപ്പും, വഴക്കവും വ്യക്തമാക്കുന്നു.

കണ്ണൂരിന്റെ ഭൂമിശാസ്ത്രത്തെ അപ്പാടെ പകര്‍ത്തിയെടുത്തിരിക്കുന്ന ഈ ചിത്രം മുഴുവനായും ചിത്രീകരിച്ചത് കണ്ണൂരിനുവെളിയിലാണെന്നതാണ് മറ്റൊരു വിചിത്ര സത്യം! കുന്നും, മലയും, കൈത്തോടുകളും, പുഴയും, കണ്ടലും, കാവും മുതല്‍ വീല്‍ചെയറുരുട്ടി കയറ്റാന്‍ റാമ്പ് പണിയിച്ചിട്ടുള്ള ഇരുമുറി മാത്രമുള്ള വാര്‍ക്കല്‍ വീടു വരെ ആഖ്യാനത്തിന്റെ സകല സൂഷ്മതകളെയും ഒപ്പിയെടുത്ത സംവിധാന മികവ് സിനിമയുടെ പൂര്‍ണ്ണതക്ക് ചെറുതല്ലാത്ത സംഭാവന ചെയ്യുന്നു. കണ്ണൂര്‍ ഭാഷയുടെ പുനരവതരണത്തിലെ പരിമിതികള്‍ പ്രസ്താവ്യമെങ്കിലും, പല അഭിനേതാക്കളും അതിശയിപ്പിക്കുന്ന ഭാഷാ വഴക്കം (വിശേഷിച്ച് രാജേഷ് ശര്‍മ്മയും, പി. ബാലചന്ദ്രനും) പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു.

ഒരു പിടി അഭിനേതാക്കള്‍ തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ചിരിക്കുന്നു എന്നതാണ് ഈടയുടെ മറ്റൊരു പ്രത്യേകത. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നിമിഷ സജയന്റെ പ്രകടനത്തെ സംബന്ധിച്ച് ഏറെ പറയപ്പെടും എന്ന തീര്‍ച്ചയില്‍ ഒന്ന് മാത്രം പറയാം, മലായാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്ന്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സുനില്‍ ഗോപാലകൃഷ്ണന്‍

സുനില്‍ ഗോപാലകൃഷ്ണന്‍

എഴുത്തുകാരന്‍, ചലച്ചിത്ര പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍