UPDATES

സിനിമ

പ്രണയം കൊണ്ട് മുറിവേറ്റവരായി നാം; 96 അല്ല 916 കാരറ്റ് കാതൽ!

ഓർമയുടെ പുനരാവിഷ്കാരത്തെ ഇതിലും മനോഹരമാക്കുവതെങ്ങനെ എന്ന് തോന്നിപ്പിക്കും വിധം അഴകുറ്റ ഫ്രെയിമുകളാൽ സമ്പന്നമാണ് 96

ആൾ സെയ്‌ന്റ്‌സ് മെട്രിക്കുലേഷൻ ഹയർ സെക്കന്ററി സ്കൂൾ 10 സിയിൽ പഠിച്ച കെ. രാമചന്ദ്രനെയും ജാനകി ദേവിയെയും അറിയാമോ? അവൾ വരാതിരുന്ന ദിനങ്ങളിൽ അസ്വസ്‌ഥനായ രാമിനെ, അവന്റെ വെളുത്ത ഷർട്ടിൽ പ്രണയത്തിന്റെ നീലമഷി കുടഞ്ഞിട്ട ജാനുവിനെ? ഓർത്തുനോക്കൂ, അല്ലെങ്കിൽ ഒന്നുള്ളിലേക്ക് നോക്കൂ, ഒരല്പം പിന്നിലേക്ക് പോകൂ, ആ പഴയ 10 സിയിലേക്ക്… അവിടെ നമ്മെത്തന്നെ കാണാം. നമ്മിലുള്ള രാമിനെയും ജാനുവിനെയും കാണാം. ആ കാണലിന്റെ കഥയാണ് 96. എല്ലാവരും മാറുമ്പോഴും മാറാതിരിക്കുന്ന ചിലരുണ്ട്. അവരാണ് കഥകൾ തീർക്കുന്നത്. ആ കഥയാണ് 96. രാമിന്റെ കഥ, ജാനുവിന്റെയും.

ഓർമയുടെയും പ്രണയത്തിന്റെയും തിരയെഴുത്ത് സിനിമ ഉണ്ടായ കാലം മുതലേയുണ്ട്. ഒരു ക്ലാസ്സ്‌ മുറിയിൽ ഒന്നിച്ചു പഠിച്ചവർ വർഷങ്ങൾക്കു ശേഷം വീണ്ടും ഒത്തുചേരുക, തീവ്രമായി പ്രണയിച്ചു പിരിഞ്ഞ രണ്ടുപേർ വീണ്ടും കണ്ടുമുട്ടുക. ഇടയിൽ ക്ലാസ്സ്‌ മുറിയിലേക്കുള്ള ഫ്ലാഷ് ബാക്ക്. ഒടുവിൽ, ഒത്തുചേരലിന്റെ അന്ത്യത്തിൽ അവരവരുടെ പുതിയ ജീവിതങ്ങളിലേക്കുള്ള വേർപിരിയൽ. ആദ്യമായല്ല ഇതൊന്നും ഇന്ത്യൻ സിനിമ കാണുന്നത്. എന്നിട്ടും, എന്തുകൊണ്ടാകാം നമുക്കുള്ളിൽ 96 കാണുമ്പോൾ ഒരു സങ്കടൽ ഇരമ്പുന്നത്, ഒരു തേങ്ങലിൽ നാം ഒന്നിക്കുന്നത്? അതിനുള്ള ഉത്തരം കിട്ടാൻ ആ ചിത്രം കാണുക തന്നെവേണം.

മാറിപ്പോകുന്ന കാലത്തെ കണ്ടുനിൽക്കാൻ നല്ല രസമാണ്. എന്നാൽ മറ്റുള്ളവർ മാറുകയും നാം മാത്രം മാറാതിരിക്കുകയും ചെയ്യുമ്പോൾ ഉള്ളിലുണ്ടാകുന്ന നീറ്റൽ ചെറുതല്ല. ജാനു മാറി, ലോകം മാറി, ഒപ്പമുണ്ടായിരുന്ന എല്ലാവരും മാറി. പക്ഷെ കെ. രാമചന്ദ്രൻ, ജാനുവിന്റെ രാം ഇപ്പോഴും 10 സിയിലെ പിൻബെഞ്ചിലുണ്ട്. അവൻ ആവശ്യപെടുമ്പോഴൊന്നും ആ പാട്ട് അവൾ പാടുന്നില്ലെങ്കിലും അവൾക്കുള്ളിലും അവനാണ്. വേനലവധിക്ക് പിരിയുമ്പോൾ ഓർമയുടെ അടയാളമാകാൻ, പ്രണയത്തിന്റെ നീലമഷി അവൾ അവന്റെ ഷർട്ടിൽ കുടയുന്നത് അതിനാലാണ്.

പിരിഞ്ഞതിന് ശേഷവും ജാനുവിനെ തേടിയുള്ള രാമിന്റെ യാത്രകൾ തുടരുകയാണ്. പ്രകൃതിക്കൊപ്പമുള്ള അവന്റെ യാത്രകൾ ഗൂഗിൾ മാപ്പിൽ പോലുമില്ലാത്ത വഴികളിലൂടെ. ചിത്രത്തിന്റെ തുടക്കത്തിൽ ടൈറ്റിൽ സോങ്ങിൽ രാമിനെ കാണാം. സമതലങ്ങളിലും വനനിരകളിലും അയാളുണ്ട്. മണലിൽ അയാളുടെ വാഹനം പിരിയൻ വട്ടങ്ങൾ തീർക്കുന്നുണ്ട്. നദി, സമുദ്രം, താഴ്വരകൾ എന്നുവേണ്ട, പ്രപഞ്ചത്തിന്റെ ഏത് അതിരിലും അയാൾ എത്തുന്നുണ്ട്. ഏതുനേരവും പ്രകൃതിക്കൊപ്പമാണ് രാം. അതുകൊണ്ടാണ് അയാൾക്ക്‌ ഇങ്ങനെയൊക്കെ മനുഷ്യരെ, മറ്റുജീവജാലങ്ങളെയും പ്രണയിക്കാനാകുന്നതും. അത്തരക്കാർക്ക് ഓർമകളിൽ നിന്നുള്ള രക്ഷപെടൽ അത്ര എളുപ്പമല്ല. ഒടുവിൽ 22 വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയ രാത്രിയിൽ, ഇരുവരും ഉറങ്ങാതിരുന്ന ആ രാവിൽ, അന്ന് പാടാതിരുന്ന ആ ഗാനം അവനു വേണ്ടി മാത്രമായി അവൾ പാടുന്നു.

ഓർമയുടെ പുനരാവിഷ്കാരത്തെ ഇതിലും മനോഹരമാക്കുവതെങ്ങനെ എന്ന് തോന്നിപ്പിക്കും വിധം അഴകുറ്റ ഫ്രെയിമുകളാൽ സമ്പന്നമാണ് 96. ചെന്നൈയിലെ രാത്രികാല ക്ലോസ് ഷോട്ടുകളിൽ തെളിയുന്ന രാമിന്റെയും ജാനുവിന്റെയും മുഖങ്ങൾ, ആ കണ്ണുകൾ. മറക്കാനാകില്ല അതിലെ പ്രണയത്തിന്റെയും വിരഹത്തിന്റെയും കടലാഴം. വിജയ് സേതുപതി, നിങ്ങൾ എന്തൊരു നടനാണ്? തൃഷ, നിങ്ങൾക്ക് എന്തൊരു സൗന്ദര്യമാണ്?

അടിമുടി റിയലിസ്റ്റിക് ആണ് 96. തൃഷയ്ക്ക് 3 വസ്ത്രങ്ങളേയുള്ളു സിനിമയിൽ. ആദ്യത്തേത് പഴയ കൂട്ടുകാരുടെ ഒത്തുചേരലിന് വരുമ്പോൾ, രാമിന്റെ വീട്ടിലെത്തുമ്പോൾ അവ നനച്ചിട്ട് രാം നൽകിയ അവന്റെ പാന്റും ഷർട്ടും ധരിക്കുന്നു. തിരിച്ചു ഹോട്ടൽ മുറിയിലെത്തി സിംഗപ്പൂരിലേക്ക് മടങ്ങുമ്പോൾ മൂന്നാമത്തേത്. അവൾ നനച്ചിട്ട വസ്ത്രങ്ങൾ കൂടി ഓർമയുടെ ഇരുമ്പുപെട്ടിയിൽ ഭദ്രമായി സൂക്ഷിക്കുന്നുണ്ട്, രാം ചിത്രത്തിന്റെ അവസാന സീനിൽ.

മികച്ച കാസ്റ്റിംഗ് ആണ് ചിത്രത്തിലേത്. വിജയ് സേതുപതിയുടെയും തൃഷയുടെയും സ്കൂൾ കാലം മനോഹരമാക്കിയവർ ആദിത്യ ഭാസ്കറും ഗൗരി കൃഷ്ണനും ആണ്. ഗോവിന്ദ് വസന്തയുടെ സംഗീതത്തെക്കുറിച്ച്‌ പറയാൻ വാക്കുകളില്ല. ദൃശ്യങ്ങൾ ഇത്രമേൽ സുന്ദരമാക്കിയവർ മഹേന്ദ്രൻ ജയരാജും എൻ ഷണ്മുഖ സുന്ദരവും. എല്ലാം കൂട്ടിവെച്ച്‌ കാണുന്ന കൂട്ടത്തെയാകെയും 22 വർഷങ്ങൾക്ക് പിറകിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചവൻ, അതിൽ വിജയിച്ചവൻ, സി. പ്രേംകുമാർ, നിങ്ങൾ അസാധ്യ സംവിധായകനാണ്.

ഒരിടത്ത് ജാനകി ചോദിക്കുന്നുണ്ട്, രാം നീ പോയോ എന്ന്. നിന്നെ എവിടെ ഇറക്കി വിട്ടുവോ, ഞാൻ അവിടെത്തന്നെ നിൽക്കുന്നുവെന്നാണ് രാമിന്റെ മറുപടി. ചിത്രം കണ്ടിറങ്ങുമ്പോൾ, നമ്മളും അവിടെത്തന്നെയാണ്. അവർ പിരിഞ്ഞ അതേ ഇടത്തിൽ. കൊളുത്തിവലിക്കുന്ന വേദനയോടെ പ്രണയം കൊണ്ട് മുറിവേറ്റവരായി ആ രാവിൽ രാമിനെ തനിയെവിട്ട് ഇറങ്ങി പോരുകയാണ് നാം. 96 അല്ല 916!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സുബീഷ് തെക്കൂട്ട്

സുബീഷ് തെക്കൂട്ട്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍