UPDATES

സിനിമാ വാര്‍ത്തകള്‍

ലീഗും കുഞ്ഞാലിക്കുട്ടിയും കോണിയുമില്ലാത്ത മലപ്പുറം; സുഡാനിയെ അഭിനന്ദിച്ച് സുരാജ്

സിനിമയെക്കുറിച്ച് പറയുമ്പോള്‍ രാഷ്ട്രീയം കൊണ്ടുവരുന്നതെന്തിനാണെന്നാണ് ചിലര്‍ ചോദിക്കുന്നത്

സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയെ അഭിനന്ദിച്ച് സുരാജ് വെഞ്ഞാറമ്മൂട്. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സിനിമയെ സുരാജ് പുകഴ്ത്തുന്നത്. അതേസമയം ഈ കുറിപ്പിലെ ഒരു വാചകം സുരാജിന് ചില വിമര്‍ശനങ്ങളും സമ്മാനിക്കുന്നുണ്ട്. ‘ലീഗും കുഞ്ഞാലി കുട്ടിയും കോണി ചിഹ്നവും ഒന്നും ഇല്ലാത്ത കൊതിപ്പിക്കുന്ന യഥാര്‍ത്ഥ മലപ്പുറത്തിന്റെ ഭംഗി…’ എന്ന വാചകമാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്.

സുരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം;

ഒരു മനുഷ്യനു മറ്റൊരു മനുഷ്യനോട് തോന്നുന്ന അനിര്‍വ്വചനീയമായ ഒരു കരുതലും ബന്ധവും സ്‌നേഹവും അതിലുപരി എന്തൊക്കെയോ ഉണ്ട്… അതിന് ഭാഷയും ദേശവും മതവും നിറവും ഒന്നും… ഒന്നും തന്നെ ഒരു പ്രശനമല്ല… പലപ്പോഴും മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുമ്പോള്‍ ആണ് നമ്മുടെയൊന്നും ഒരു പ്രശ്‌നമേ അല്ല എന്ന് തോന്നിപ്പോവുക…ഒരുപാട് വട്ടം ഇത്രെയും പ്രായത്തിനിടക്ക് അനുഭവിച്ചറിഞ്ഞതാണ് ഇത്, ഈ അടുത്ത് ഒന്നും ഒരു സിനിമ കണ്ടിട്ട് എനിക്ക് കണ്ണ് നിറഞ്ഞിട്ടില്ല, ഇടക്ക് പറയാറുണ്ട് രോമം എഴുന്നേറ്റു നിന്ന് എന്ന്, അത് പോലെ ഒന്ന് ഞാന്‍ ഇന്നലെ അനുഭവിച്ചറിഞ്ഞു.. ഒരുപാട് യാത്രകളില്‍ ഒരുപാട് സുഡാനികളെ കണ്ടിട്ടുണ്ട് അന്ന് എല്ലാരേം പോലെ ഞാനും വിളിച്ചിട്ടുണ്ട് സുടു എന്ന്.

ഒരുപക്ഷെ ഇതേപോലെ ഒരുപാട് വേദനകള്‍ കടിച്ചമര്‍ത്തിയാവും ആ പാവങ്ങള്‍ ജീവിക്കുന്നത്. സുഡാനി ഫ്രം നൈജീരിയ എന്ന അതിമനോഹര സിനിമ അടിവരയിടുന്നത് ഇതിനേയെല്ലാമാണ്…

സൗബിന്‍ നീ മജീദ് ആയി ജീവിക്കുക ആയിരുന്നു, ഒരു നാടന്‍ മലപ്പുറം കാരനായി എന്താ കൂടുതല്‍ പറയാ…

സ്‌നേഹം ആഘോഷമാക്കുന്ന ഒരു സിനിമ.. എല്ലാവരുടേയും മികച്ച പെര്‍ഫോമന്‍സ്. ലീഗും കുഞ്ഞാലി കുട്ടിയും കോണി ചിഹ്നവും ഒന്നും ഇല്ലാത്ത കൊതിപ്പിക്കുന്ന യഥാര്‍ത്ഥ മലപ്പുറത്തിന്റെ ഭംഗി.. അങ്ങനെ എല്ലാം കൊണ്ടും ഒരു ആസ്വാദകന്റെ മനസ്സ് നിറക്കുന്ന, കണ്ണ് നിറക്കുന്ന ഒരു ബഹളവും ഇല്ലാത്ത ഒരു കൊച്ചു ഗംഭീര സിനിമ.

ഇവരെ കുറിച്ച് പറയാതെ ഇരിക്കാന്‍ വയ്യ, ആ രണ്ടു ഉമ്മമാര്‍… ഇത്രയും കാലം എവിടെയായിരുന്നു… ഒരു ശതമാനം പോലും അഭിനയിക്കാതെ ലാളനയും സ്‌നേഹവും ദേഷ്യവും എല്ലാം നിങ്ങളിലൂടെ പ്രേക്ഷകരിലേക്ക് വന്ന്… ഒരുപക്ഷെ ഈ സിനിമയുടെ യഥാര്‍ത്ഥ അവകാശികള്‍ നിങ്ങള്‍ ആണ് ഉമ്മമാരെ. പിന്നെ അബ്ദുള്ളക്കാനെ കുറിച്ച് പറയാതെ വയ്യ…
‘ഫാദര്‍ ‘എന്ന് പറയുമ്പോള്‍, ആവര്‍ത്തിക്കുമ്പോള്‍ ആ കണ്ണിലെ തിളക്കം.

സുഡുവിനോടുള്ള കൈ വീശി കാട്ടല്‍.

മിക്ചര്‍ പെറുക്കി തിന്നുള്ള ചായകുടി.

ഒടുക്കം കൊതുക് പാറുന്ന ആ ATM കൗണ്ടറിന് മുന്നിലെ ഇരുത്തം. ‘അറബിക്കഥ’യില്‍ കൂടെ അഭിനയിച്ച ആളാണ്. ഇപ്പോഴും ‘സുഡാനി’യില്‍ എന്നെ ഹോണ്ട് ചെയ്യുന്നത് ഈ ‘പുത്യാപ്ല’യാണ് കെ .ടി .സി . അബ്ദുള്ളക്കാ, നിങ്ങളെന്തൊരു മനുഷ്യനാണ്!

ഒരുപാട് കൂട്ടുകാരുടെ സഹകരണം ഈ സിനിമക്ക് പിന്നിലുണ്ട്, ഷൈജു ഖാലിദ് താങ്കള്‍ ക്യാമറ കണ്ണിലൂടെ അല്ല ഈ ചിത്രം പകര്‍ത്തിയത് പ്രേക്ഷകരുടെ കണ്ണിലൂടെ ആണ്… സമീര്‍ താഹിര്‍ സക്കറിയ എന്ന സംവിധായകനെ ജീനിയസിനെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയതിനു ബിഗ് സല്യൂട്ട്…

സിനിമയെ കുറിച്ചുള്ള സുരാജിന്റെ അഭിപ്രായത്തോട് യോജിക്കുമ്പോഴും മുസ്ലിം ലീഗിനെയും കുഞ്ഞാലിക്കുട്ടിയേയും എതിര്‍ത്തെന്ന രീതിയില്‍ ഉള്ള പരാമര്‍ശം ശരിയായില്ലെന്നാണ് നടന്റെ പോസ്റ്റിനു താഴെയുള്ള കമന്റുകളില്‍ പലതും ചൂണ്ടിക്കാണിക്കുന്നത്.

ലീഗും കുഞ്ഞാലിക്കുട്ടിയും ഇല്ലാത്ത മലപ്പുറം മലപ്പുറം അല്ലെന്ന് ഒരാള്‍ പറയുമ്പോള്‍, മലപ്പുറം ജില്ല രൂപീകരിച്ചത് തന്നെ ലീഗിന്റെ പ്രയത്‌നം കൊണ്ടാണെന്നും മലപ്പുറത്തിന്റെ ഇന്നത്തെ വികസനത്തിനു കാരണം മുസ്ലിം ലീഗ് ആണെന്നും ലീഗും കോണിയും പ്രശസ്തമായത് ബോംബുണ്ടക്കിയും 37,51 വെട്ടു വെട്ടിയിട്ടും അല്ലെന്നും മലപ്പുറത്തിന്റെ ചരിത്രം സുരാജ് പഠിക്കണമെന്നും മറ്റു ചിലരും പറയുന്നു. ഒരു സിനിമയെക്കുറിച്ച് എഴുതുമ്പോള്‍ എന്തിനാണ് രാഷ്ട്രീയം ചേര്‍ക്കുന്നതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

അതേസമയം സുരാജ് എഴുതിയതില്‍ രാഷ്ട്രീയം കാണേണ്ടെന്നും സത്യസന്ധമായ അഭിപ്രായമാണ് സുരാജില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്നും പറഞ്ഞ് സുരാജ് വെഞ്ഞാറമ്മൂടിനെ പിന്തുണച്ച് എത്തുന്നവരുമുണ്ട്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍