UPDATES

സിനിമാ വാര്‍ത്തകള്‍

അഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം സുരേഷ് ഗോപി വീണ്ടും തമിഴിൽ; ‘തമിഴരസൻ’ ജൂലൈ റിലീസ്

വിജയ് ആന്റണി ആദ്യമായി ചെയ്യുന്ന ആക്ഷൻ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണിത്

ഒരിടവേളക്ക് ശേഷം നടൻ സുരേഷ് ഗോപി തമിഴ് സിനിമയിലേക്ക്.ബാബു യോഗേശ്വരൻ സംവിധാനം ചെയ്യുന്ന ‘തമിഴരസൻ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വീണ്ടും തമിഴിൽ എത്തുന്നത്. ശങ്കർ ഒരുക്കിയ ‘ഐ’ എന്ന ബ്രഹ്മാണ്ഡ ചിത്രമാണ് സുരേഷ് ഗോപി ഒടുവിൽ അഭിനയിച്ച തമിഴ് ചിത്രം.

വിജയ് ആന്റണി പോലീസ് ഇൻസ്‌പെക്ടർ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘തമിഴരസനി’ൽ സിനിമയിൽ പ്രതിനായക ഛായയുള്ള ഒരു ഡോക്ടർ കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. അഞ്ചു വർഷത്തിനു ശേഷമാണ് സുരേഷ് ഗോപി തമിഴ് സിനിമയിൽ അഭിനയിക്കുന്നത്.

“ഏറെ വൈകാരികതയാർന്ന ഒരു കഥാപാത്രമാണ് സുരേഷ് ഗോപിയുടേത്. പ്രതിനായകനായി തോന്നുമെങ്കിലും വിജയ് ആന്റണിക്ക്‌ ഒപ്പം കട്ടക്കു നിൽക്കുന്ന നായക തുല്യമായ കഥാപാത്രമാണ്. കഥ കേട്ട് സംതൃപ്തനായ അദ്ദേഹം തിരക്കുകൾക്കിടയിൽ ‘തമിഴരസനു’ വേണ്ടി ദിവസങ്ങൾ നീക്കിവെച്ച് പൂർണ സഹകരണം നൽകി. ചിത്രത്തിലെ മർമ്മ പ്രധാന കഥാപാത്രമായത് കൊണ്ട് അദ്ദേഹത്തിന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതൽ വിവരിക്കാനാവില്ല, ” സംവിധായകൻ ബാബു യോഗേശ്വരൻ പറയുന്നു.

വിജയ് ആന്റണി ആദ്യമായി ചെയ്യുന്ന ആക്ഷൻ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണിത്. പത്തു വയസുകാരന്റെ പിതാവയിട്ടണ് വിജയ് ആന്റണി അഭിനയിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള ആത്മ ബന്ധത്തിലൂടെ വികസിക്കുന്ന ഒരു പ്രമേയമാണ് തമിഴരസന്റെത്.

രമ്യാ നമ്പീശനാണ് ‘തമിഴരസനി’ൽ വിജയ് ആന്റണിയുടെ നായിക. ഛായാസിംഗ് , സംഗീത, കസ്തൂരി, മധുമിതാ, സോനു സുഡ്, രാധാരവി, റോബോ ഷങ്കർ യോഗി ബാബു, മുനിഷ് കാന്ത്, സെന്ദ്രായൻ, അശ്വിൻ രാജാ തുടങ്ങി വലിയൊരു താര നിര ചിത്രത്തിലുണ്ട്. സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നതും പ്രഗത്ഭർ തന്നെ. ഇളയരാജയാണ് സംഗീത സംവിധാനം. ആർ. ‌‍ഡി. രാജശേഖർ ഛായാഗ്രഹണവും അനൽ അരസു സംഘട്ടന സംവിധാനവും നിർവഹിച്ചിരിക്കുന്നു. എസ് എൻ എസ് മൂവീസിന്റെ ബാനറിൽ കൗസല്യാ റാണി നിർമ്മിച്ച ഫാമിലി ആക്ഷൻ എന്റർടൈനറായ ‘തമിഴരസൻ’ ജൂലൈയിൽ പ്രദർശനത്തിനെത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍