UPDATES

സിനിമാ വാര്‍ത്തകള്‍

തിരക്കഥ മോഷണം: കാപ്പൻ നിയമക്കുരുക്കിൽ; മോഹൻലാൽ സൂര്യ ചിത്രം റിലീസ് മാറ്റിവച്ചു

‘സരവെടി’ എന്ന പേരിൽ താൻ എഴുതിയ തിരക്കഥ മോഷ്ടിച്ചതാണ് കെ.വി ആനന്ദിന്റെ കാപ്പാൻ എന്നാണ് ജോൺ ആരോപിക്കുന്നത്

മോഹൻലാലും സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാൻ നിയമക്കുരുക്കിൽ. ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി തിരക്കഥാകൃത്ത് ജോൺ ചാൾസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെ സെപ്റ്റംബർ 20ന് റിലീസ് പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് തിയ്യതി മാറ്റിവച്ചു.

‘സരവെടി’ എന്ന പേരിൽ താൻ എഴുതിയ തിരക്കഥ മോഷ്ടിച്ചതാണ് കെ.വി ആനന്ദിന്റെ കാപ്പാൻ എന്നാണ് ജോൺ ആരോപിക്കുന്നത്. ചിത്രത്തിലെ പല സംഭാഷണങ്ങളും തന്റെ തിരക്കഥിലെ തനി പകർപ്പാണെന്നും ജോൺ പറയുന്നു. ഓഗസ്റ്റ് 20നാണ് ഹർജി ഫയൽ ചെയ്തത്. 2017 ജനുവരിയിൽ, സംവിധായകൻ കെ.വി ആനന്ദിന് താൻ തിരക്കഥ വായിച്ചു കൊടുത്തിട്ടുണ്ടെന്നും, എന്നാൽ ഇതേപ്പറ്റി പിന്നീട് കെ.വി ആനന്ദിന്റെ ഭാഗത്ത് നിന്നും പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും, എന്നാൽ രണ്ടു വർഷത്തിന് ശേഷം കാപ്പാന്റെ ടീസർ എത്തിയപ്പോൾ തന്റെ തിരക്കഥയുമായുള്ള സാമ്യം ഞെട്ടിക്കുന്നതായിരുന്നെന്നും ജോൺ ഹർജിയിൽ പറയുന്നു.

‘സരവെടി’ യിൽ, റിപ്പോർട്ടറായ തന്റെ നായകൻ, നദീ ജലം പങ്കിടുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്നുവെന്നും കപ്പാനിലും നായകൻ പ്രധാനമന്ത്രിയോട് ഇതേ ചോദ്യം ഉന്നയിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. ടീസറിൽ നിന്നുള്ള നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി, സിനിമയും കഥയും ഒരേ തന്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദ്ദേഹം ആരോപിക്കുന്നു.

സിനിമ, ടെലിവിഷൻ, മീഡിയ, ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ എന്നീ മേഖലകളിൽ 10 വർഷത്തെ പരിചയമുണ്ടെന്ന് അവകാശപ്പെടുന്ന ഹർജിക്കാരൻ, സിനിമയുടെ അണിയറ പ്രവർത്തകർ തന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന് ആരോപിക്കുന്നു.

സിനിമയുടെ റിലീസിന് കോടതിയിൽ ഇടക്കാല ഉത്തരവ് തേടിയ ജോൺ, രചയിതാവെന്ന നിലയിൽ തന്റെ പേര് ചിത്രത്തോടൊപ്പം പ്രദർശിപ്പിക്കണമെന്നും പകർപ്പവകാശ ഫീസ് നൽകണമെന്നും വാദികളോട് (സംവിധായകനും നിർമ്മാതാക്കൾക്കും) ഉത്തരവിടാൻ കോടതിയോട് അഭ്യർത്ഥിച്ചു. എന്നാൽ തിങ്കളാഴ്ച കേസ് വാദം കേട്ട ജസ്റ്റിസ് കൃഷ്ണസ്വാമി അടുത്ത വാദം സെപ്റ്റംബർ നാലിലേക്ക് മാറ്റുകയാണ് ഉണ്ടായത്. അതേസമയം സംവിധായകൻ കെ വി ആനന്ദും നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസും ഈ ആരോപണങ്ങൾ നിഷേധിച്ചു.

ReadMore: ’13 തവണ വരെ ഈ സിനിമ കണ്ടവരുണ്ട്’, തണ്ണീർമത്തൻ ദിനങ്ങൾ 50 കോടി ക്ലബിലെത്തുമ്പോള്‍; സംവിധായകന്‍ ഗിരീഷ്‌ എ.ഡി സംസാരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍