UPDATES

സിനിമാ വാര്‍ത്തകള്‍

അഭിനയം നിര്‍ത്തുവെന്ന് പറഞ്ഞ് ഫോണ്‍ കോള്‍, പിറ്റേ ദിവസം കേട്ടത് ഞെട്ടിക്കുന്ന വാര്‍ത്ത; നടി സൗന്ദര്യയുടെ ഓര്‍മകള്‍ പങ്കുവച്ച് സംവിധായകന്‍

ഉദയകുമാറിന്റെ പൊന്നുമണി എന്ന ചിത്രത്തിലൂടെയാണ് സൗന്ദര്യ തെന്നിന്ത്യയില്‍ ശ്രദ്ധേയയാകുന്നത്

മലയാളികള്‍ അടക്കമുള്ള തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച ഒന്നായിരുന്നു നടി സൗന്ദര്യയുടെ അപകടമരണം. 2004 ല്‍ ബെംഗളൂരില്‍ വച്ച് സൗന്ദര്യ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം തീപിടിച്ചായിരുന്നു അപകടം. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും സൗന്ദര്യയെ പ്രേക്ഷകര്‍ മറന്നിട്ടില്ല. അതുകൊണ്ട് തന്നെയാണ് സംവിധായകന്‍ ആര്‍ വി ഉദയകുമാര്‍ സൗന്ദര്യയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ വൈകാരികമായി ഏറ്റെടുത്തിരിക്കുന്നതും.

രജനികാന്ത് നായകനായ യജമാനന്‍, കമല്‍ ഹാസന്റെ സിങ്കാരവേലന്‍, വിജയകാന്ത് അഭിനയിച്ച ചിന്ന ഗൗണ്ടര്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ഉദയകുമാറിന്റെ പൊന്നുമണി എന്ന ചിത്രത്തിലൂടെയാണ് സൗന്ദര്യ തെന്നിന്ത്യയില്‍ ശ്രദ്ധേയയാകുന്നത്. തനിക്കും സൗന്ദര്യയ്ക്കും ഇടയില്‍ ഉണ്ടായിരുന്ന ആത്മബന്ധത്തെ കുറിച്ചായിരുന്നു തണ്ടഗന്‍ എന്ന പുതിയ തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തുകൊണ്ട് ഉദയകുമാര്‍ സംസാരിച്ചത്.

സെറ്റില്‍ വച്ച് സൗന്ദര്യ തന്നെ അണ്ണന്‍ എന്നാണ് വിളിച്ചത്, എന്നാല്‍ ആ വിളിയില്‍ പൊരുത്തക്കേട് തോന്നിയതുകൊണ്ട്, മറ്റുള്ളവരുടെ മുന്നില്‍വച്ച് സാര്‍ എന്ന് സംബോധന ചെയ്യാന്‍ സൗന്ദര്യയോട് പറഞ്ഞു. എന്നാല്‍ വൈകാതെ തന്നെ സൗന്ദര്യയെ താനും സ്വന്തം സഹോദരിയായി കാണാന്‍ തുടങ്ങി. അതോടെ അണ്ണന്‍ വിളി തുടര്‍ന്നു; ഉദയകുമാര്‍ പറയുന്നു. പിന്നീട് സൗന്ദര്യ തമിഴ്, തെലുഗ്, കന്നഡ ഭാഷകളില്‍ സൂപ്പര്‍ നായികയായി മാറിയെങ്കിലും തങ്ങള്‍ക്കിടയിലെ ബന്ധം മുറിഞ്ഞില്ലെന്നാണ് ഉദയകുമാര്‍ പറയുന്നത്. സൗന്ദര്യയുടെ ജീവിതത്തില്‍ നടന്ന ഓരോ സംഭവങ്ങളും വിശേഷങ്ങളും തന്നെ അറിയിക്കുമായിരുന്നു. പുതിയ വീടിന്റെ ഗൃഹപ്രവേശത്തിനും വിവാഹത്തിനും എല്ലാം സൗന്ദര്യ തന്നെ ക്ഷണിച്ചിരുന്നുവെങ്കിലും പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഉദയകുമാര്‍ പറയുന്നത്.

ചന്ദ്രമുഖി എന്ന ചിത്രത്തിന്റെ കന്നഡ റിമേക്കായ ആപ്തമിത്രയില്‍ നായികയായി അഭിനയിച്ചത് സൗന്ദര്യയായിരുന്നു. ആ ചിത്രത്തിനു ശേഷം സൗന്ദര്യ തന്നെ ഫോണ്‍ ചെയ്തിരുന്നു. അന്ന് താനും ഭാര്യയും ഒരു മണിക്കൂറോളം സൗന്ദര്യയോട് സംസാരിച്ചു. അന്നത്തെ സംഭാഷണത്തില്‍ സൗന്ദര്യ തന്നോട് പറഞ്ഞകാര്യം സിനിമ അഭിനയം നിര്‍ത്തുന്നുവെന്നായിരുന്നു. ആപ്തമിത്ര തന്റെ അവസാനത്തെ സിനിമയായിരിക്കുമെന്നും താന്‍ രണ്ടു മാസം ഗര്‍ഭിണിയാണെന്നുമായിരുന്നു സൗന്ദര്യ അറിയിച്ചതെന്ന് ഉദയകുമാര്‍ ഓര്‍മകള്‍ പങ്കുവച്ചു.

എന്നാല്‍ തന്നെ ഞെട്ടിച്ചൊരു സംഭവം ആ ഫോണ്‍ കോളിനു പിന്നാലെ നടന്നുവെന്നും ഉദയകുമാര്‍ വെളിപ്പെടുത്തുന്നു. സൗന്ദര്യ ഫോണ്‍ ചെയ്തതിന്റെ പിറ്റേന്ന് രാവിലെ ഏഴരയോടെ ടി വി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഞെട്ടിക്കുന്ന ആ വാര്‍ത്ത കണ്ടത്. സൗന്ദര്യ അപകടത്തില്‍ മരിച്ചു; ഉദയകുമാര്‍ വൈകാരികമായി പറയുന്നു.

സൗന്ദര്യ ക്ഷണിച്ച ഒരു ചടങ്ങിലും തനിക്കും പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവരുടെ മരണാനന്തര ചടങ്ങില്‍ താന്‍ പങ്കെടുത്തുവെന്ന് ഉദയകുമാര്‍ പറയുന്നു. അന്നാണ് സൗന്ദര്യയുടെ മനോഹരമായ വീട് ആദ്യമായി കാണുന്നത്. ഞാന്‍ ആ വീടനകത്ത് കയറി. ഉള്ളില്‍ എന്റെയൊരു വലിയ ഫോട്ടോ. അത് കണ്ട് എനിക്ക് കണ്ണീരടക്കാന്‍ കഴിഞ്ഞില്ല; ഉദയകുമാറിന്റെ വാക്കുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍