UPDATES

സിനിമ

അരുവി: തിരമാലയിൽ നിന്നും മിഴിനീർത്തുള്ളിയിലേക്കുള്ള ദൂരം

ഗൗരവമുള്ള രാഷ്ട്രീയവും വിനോദവും കലയും ഒരു സിനിമാക്കൊട്ടകയിൽ വെച്ച് ഒരുമിക്കുന്നത് എന്നും കാണുന്ന കാഴ്ചയല്ല.

ഒരു അരുവി തുടങ്ങുന്നിടം സന്ദർശിച്ചിട്ടുണ്ടോ ? ഒരു ചെറിയ നീർച്ചാലായി ഭൂമിയിൽ നിന്നും ഉറവെടുത്ത് പതിയെ വെളിയിലേക്ക് ഒലിച്ചിറങ്ങി വരുമ്പോൾ സ്വച്ഛമായ വെയിലിൽ, ഇളംകാറ്റിൽ, ചുറ്റുമുള്ള വള്ളിപ്പടർപ്പുകളിലെ ഇലകൾ സന്തോഷത്തോടെ മിന്നിയിളകുന്നത് കണ്ടിട്ടുണ്ടോ ? അങ്ങനെയായിരുന്നു ‘അരുവി’യുടെയും ബാല്യം, നാട്ടിൻപുറത്തെ സമാധാനപരമായ കുടുംബാന്തരീക്ഷത്തിൽ. അവിടെ നിന്നും വീടുമാറി പോകുന്ന കുടുംബം അവളെ നഗരത്തിലെ ഹൌസിംഗ് ബോർഡിന്റെ നാലുചുവരുകൾക്കുള്ളിലേക്ക് ഒഴുക്കുമ്പോൾ അവളിൽ നിരാശ നിഴലിച്ചു തുടങ്ങുന്നുണ്ട്. പിന്നെ അവൾ ആ ലോകവുമായി പൊരുത്തപ്പെടുന്നു, വളരുന്നു. പിന്നെയൊരുനാൾ പൊടുന്നനെ അവൾ ആ വീട്ടിൽ നിന്നും പുറത്താക്കപ്പെടുന്നു, തെരുവ് അവൾക്ക് വീടൊരുക്കുന്നു, എമിലി എന്ന ട്രാൻസ്ജെന്‍ഡർ അവളുടെ ആത്മാവിന്റെ അയൽക്കാരിയായി മാറുന്നു. പിന്നെ നാടും നഗരവും അവർ ഒരുമിച്ച്  താണ്ടുന്നു. അതിനിടയിൽ പലരും അവളെ മലിനപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്, അതെല്ലാം ഒരു തട്ടുപൊളിപ്പൻ ചാനൽ പരിപാടിയിൽ വന്ന് തുറന്നുപറയാൻ ഒരുങ്ങുന്നതോടു കൂടി അരുവിയുടെ കഥയ്ക്ക് ഉദ്വേഗം കൈവരുന്നു.

ചാനൽ പരിപാടി നയിക്കുന്ന ആങ്കർ (ലക്ഷ്മി ഗോപാലസ്വാമി) അധികാരത്തോടെ തനിക്ക് മുന്നിൽ വന്നിരിക്കുന്ന അരുവിയുടെ പാതിവ്രത്യം അളക്കുകയും അതിവൈകാരികമായി വിധി പ്രസ്താവിക്കുകയും ചെയ്യുമ്പോൾ അവൾക്ക് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ രഹസ്യം അവർക്ക് മുന്നിൽ വെളിവാക്കേണ്ടി വരുന്നുണ്ട്. എന്നാൽ അതോടുകൂടി കഥ മാറുന്നു, ഷോയുടെ കടിഞ്ഞാൺ പൂർണ്ണമായും അരുവിയിൽ വന്നു ചേരുന്നു. വീട് വിട്ടിറങ്ങി താൻ നയിച്ച സ്വതന്ത്ര ജീവിതത്തിൽ നിന്നും ഉരുത്തിരിഞ്ഞ കാഴ്ചപ്പാടുകൾ ഏറ്റവും മൂർച്ചയേറിയ ഭാഷയിൽ പ്രകാശിപ്പിക്കുമ്പോൾ അരുവി ഒരാൾപ്പൊക്കത്തിലുള്ള തിരമാലയായി മാറുന്നുണ്ട്.

ജീവിതം എത്രയോ വരികൾക്കൊടുവിൽ കാണാമറയത്തുള്ള ഒരു വിരാമചിഹ്നമാണ് എന്ന് കരുതുന്നവർക്കിടയിൽ സഹതാപവും അനാദരവും ശ്വസിച്ച് അധിക നേരം അരുവിക്ക് ഇരിക്കാൻ സാധിക്കുന്നില്ല. തനിക്കില്ലാത്ത മരണഭയം ചുറ്റുമുള്ളവരിൽ കാണുമ്പോൾ അരുവി അതിനെ രസകരമായി ചൂഷണം ചെയ്യുന്നുണ്ട്‌. ആ ഷോ ഫ്ലോറിലെ ഇരുപതുപേരെ തനിക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യിച്ച് ഏറ്റവും സന്തോഷത്തോടെ ഒരു പകൽ കഴിച്ചിട്ടാണ് അവൾ ഒടുക്കം പൊലീസിന് കീഴടങ്ങുന്നത്. പിന്നെ വരുന്നത് തമിഴ് സിനിമയിൽ ഈയടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും വൈകാരികമായ രംഗങ്ങൾ ആണ്. സന്തോഷത്തിന്റെ മിഴിനീർത്തുള്ളിയുമായി അവസാന ഫ്രെയിമിൽ നിശ്ചലമാക്കപ്പെടുന്ന അരുവിയുടെ ചിത്രം നോക്കി ഒരു നിമിഷം കണ്ണടച്ച് നിൽക്കാതെ ചിത്രം സൂക്ഷ്‌മമായി കണ്ട ഒരാൾക്ക് തിയറ്റർ വിട്ടിറങ്ങാൻ സാധിക്കില്ല എന്നിടത്താണ് സംവിധായകൻ അരുൺപ്രഭു കൈയ്യടി നേടുന്നത്.

കൃത്യമായി ഒരു ജോണറിനിലും പെടുത്താൻ സാധിക്കാത്ത, ചിന്തുപാട്ടുകളിലൂടെ കഥാസന്ദർഭങ്ങൾ ഒതുക്കത്തിൽ ഇഴചേർത്തു തുന്നിയിരിക്കുന്ന അരുവിയുടെ നറേറ്റിവ് രീതി ഏറെ ഹൃദ്യമാണ്. ഒരു ചെറിയ പെൺകുട്ടിയുടെ ജനനം എന്ന സൂക്ഷ്മത്തിൽ നിന്നും സമൂഹത്തിന്റെ നടപ്പുരീതികളോടുള്ള കലഹം എന്ന സ്ഥൂലത്തിലേക്ക് വളരെ അനായാസമായി സംവിധായകൻ നടന്നു കയറുന്നത് അത്ഭുതത്തോടെയേ നമുക്ക് നോക്കി കാണാൻ സാധിക്കയുള്ളൂ. വളരെ ചെറിയ രീതിയിൽ ഉള്ള റിലീസിനേ സാധിച്ചിട്ടുള്ളു എങ്കിലും അരുവി നമ്മുടെ തിയറ്റർ കാഴ്ച തീർച്ചയായും അർഹിക്കുന്നുണ്ട്, കാരണം ഗൗരവമുള്ള രാഷ്ട്രീയവും വിനോദവും കലയും ഒരു സിനിമാക്കൊട്ടകയിൽ വെച്ച് ഒരുമിക്കുന്നത് എന്നും കാണുന്ന കാഴ്ചയല്ലല്ലോ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വിവേക് ചന്ദ്രന്‍

വിവേക് ചന്ദ്രന്‍

എഴുത്തുകാരന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍