UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

Off-Shots

അപര്‍ണ്ണ

സിനിമ

അവള്‍ ചിലതെല്ലാം മറികടക്കുന്നുണ്ട്; കാണുന്നെങ്കില്‍ തീയേറ്ററില്‍ തന്നെ കാണുക

ലോകത്ത് മൊത്തമുള്ള ഹൊറർ സിനിമകൾ കാണുന്നവരാണ് നിങ്ങൾ എങ്കിൽ അവൾ നിങ്ങൾക്കു പുതുമയൊന്നും നല്കാൻ സാധ്യതയില്ല

അപര്‍ണ്ണ

മണിരത്നത്തിന്റെ അസിസ്റ്റന്റ് ആയിരുന്ന മിലിന്ദ് റാവുവിന്റെ ‘അവൾ’ എന്ന ഹൊറർ സിനിമ തമിഴ് നാട്ടിൽ റിലീസ് ചെയ്തിട്ട് ഒരാഴ്ചയിൽ ഏറെയായി. സിനിമയിലെ പ്രധാന നടനായ സിദ്ധാർഥും സംവിധായകനും ചേർന്നാണ് അവൾക്ക് തിരക്കഥ ഒരുക്കിയിട്ടുള്ത്. ഒരേ സമയം തമിഴിലും ഹിന്ദിയിലും തെലുങ്കിലുമായി നിർമിക്കപ്പെട്ട ഈ സിനിമയ്ക്ക് ലഭിച്ച നല്ല റിപ്പോർട്ടുകൾക്ക് ശേഷമാണ് കേരളത്തിൽ എത്തുന്നത്. ഹിന്ദിയിൽ ദി ഹൌസ് നെക്സ്റ്റ് ഡോർ എന്ന പേരിലും തെലുങ്കിൽ ഗൃഹം എന്ന പേരിലും ആണ് അവൾ എത്തിയത്. കേരളത്തിൽ റിലീസ് ആയത് തമിഴ് വേർഷൻ ആണ്

ഹിമാചൽ പ്രദേശിലെ ഒരു ഹിൽ സ്റ്റേഷനിൽ പ്രണയ തീവ്രമായ ജീവിതം നയിക്കുകയാണ് ന്യൂറോസർജൻ കൃഷ് എന്ന് വിളിക്കുന്ന കൃഷ്ണകാന്തും (സിദ്ധാർഥ് ) ഭാര്യ ലക്ഷ്മിയും (ആൻഡ്രിയ ജെർമിയ). പൂട്ടിക്കിടക്കുകയായിരുന്ന ഇവരുടെ അടുത്ത ബംഗ്ളാവിൽ പോളും (അതുൽ കുൽക്കർണി) കുടുംബവും താമസിക്കാനെത്തുന്നു. ഒരു ബിസിനസ് തുടങ്ങുകയാണ് ലക്‌ഷ്യം. ഇയാളുടെ മകൾ ജെന്നി (അനീഷ ആഞ്‌ജലീന വിക്ടർ) റിബൽ സ്വഭാവമുള്ള കുട്ടിയാണ്. അവൾക്കു കൃഷിനോട് ആകർഷണം തോന്നുന്നു. ഇതിനിടയിൽ ഒരു രാത്രി വിരുന്നിടയ്ക്ക് ജെന്നി കിണറ്റിൽ വീഴുന്നു. കൃഷ് അവളെ രക്ഷിക്കുന്നു. അതിനു ശേഷം രണ്ടു വീടുകളിലും നടക്കുന്ന ഭീതിതമായ സംഭവങ്ങളുടെ തുടർച്ചയിലൂടെയാണ് ‘അവൾ’ നീങ്ങുന്നത്. ഭൂതവും വർത്തമാനവും ഇടകലർന്ന കഥകളിലൂടെ സിനിമ മുന്നോട്ട് പോകുന്നു. 1930-ൽ ആ ബംഗ്ളാവിൽ താമസിച്ച ഒരു ചൈനീസ് കുടുംബത്തിന്റെ കഥ, 2016 ൽ രണ്ടു വീട്ടുകാർക്കും സംഭവിച്ച ദുരന്തം, ഇപ്പോളുള്ള അവരുടെ ജീവിതം എന്നിങ്ങനെ കൃത്യമായ കാലഗണനയിൽ ആണ് കഥ നീങ്ങുന്നത്.

ഒരു ഹൊറർ സിനിമയ്ക്കുണ്ടാവേണ്ടത് എന്ന് പറയപ്പെടുന്ന മൂഡ് നിലനിർത്തുന്നതിൽ കാണിച്ച സാങ്കേതിക വൈദഗ്ദ്യമാണ് അവൾ എന്ന സിനിമയെ പല പ്രേക്ഷകർക്കും സ്വീകാര്യമാക്കുന്നത്. കളർടോണുകളുടെ നേർത്ത വ്യതിയാനവും ഹിമാചലിലെ ലാൻഡ്സ്കേപ്റ്റിന്റെ ഉപയോഗവും പേക്ഷകരിൽ പലരും ആഗ്രഹിച്ച മിസ്റ്റിക്ക് അന്തരീക്ഷം ഉണ്ടാക്കുന്നതിനു സഹായകമായി. കാലഗണനയിൽ കാണിച്ച സൂക്ഷ്മതയും പ്രേക്ഷകർ ആസ്വദിക്കുന്നുണ്ട്. അനാവശ്യമായ കോമഡി, പാട്ടുകൾ ഇവ കൊണ്ടൊന്നും ലൈറ്റ് ആക്കാതെ ഒരു ഭീതിദമായ അന്തരീക്ഷം ഉണ്ടാക്കുന്നതിന്റെ ടെമ്പോ തുടക്കം മുതൽ ഒടുക്കം വരെ പാലിച്ചു പോന്നതിൽ വിജയിച്ച സിനിമയാണ് അവൾ. പ്രേതം എന്ന് കേൾക്കുമ്പോൾ വരുന്ന പരമ്പരാഗത സങ്കൽപ്പങ്ങളെ പൊളിച്ച്, നാഗങ്ങളും തീക്കണ്ണുകളും ഒക്കെ നിറഞ്ഞ, ഇടയ്ക്ക് സഹിക്കാൻ പറ്റാത്ത കോമഡി തിരുകിക്കേറ്റുന്ന തമിഴ് പ്രേത കഥകളിൽ നിന്നുള്ള മാറ്റമാണ് സിനിമയെ പുകഴ്ത്തുന്നവർ പറയുന്ന അവളുടെ ഹൈലൈറ്റ്. ആ രീതിയിൽ സിനിമ കൗതുകം ഉണ്ടാക്കുന്നുണ്ട്. ഭയം ആഗ്രഹിക്കുന്നവർക്കും പരീക്ഷിക്കാവുന്നതാണ്.

എന്നാൽ തമിഴ് സിനിമയിൽ ഹൊറർ മോഡിൽ പരീക്ഷണം നടക്കുന്നത് ആദ്യമായല്ല. പിസയും മായയും ഡെമോന്റെ കോളനിയും എല്ലാം ഈ ഴോണറിൽ വന്ന വ്യത്യസ്തമായ പരീക്ഷണങ്ങളാണ്. ഇവയിൽ പലതും ആ പഴയ പാമ്പു പടങ്ങളുടെ എഫക്റ്റിനെ ബോധപൂർവം തന്നെ മറികടന്നതും പ്രേക്ഷകർ നല്ല രീതിയിൽ സ്വീകരിച്ചതുമാണ്. അത്തരം പരീക്ഷണങ്ങളുടെ ഒരു തുടർച്ച എന്ന നിലയിൽ അവളെ കാണാം. സിനിമയുടെ വലിയ ഒരു ഹൈലൈറ്റ് എക്‌സോർസിസം രംഗങ്ങൾ ആണ്. അതാവട്ടെ സീൻ ബൈ സീൻ 1973-ലെ ആദ്യ എക്സസോർസിസിൽ നിന്ന് പകർത്തിയതാണ്. മലയാളത്തിൽ ഇൻ ഗോസ്റ്റ് ഹൌസ് ഇന്നിലും എസ്രയിലും ഏതാണ്ട് ഇതേ രംഗങ്ങൾ ഉണ്ട്. കഥകൾ കേട്ട് സ്വയം പ്രേതമായി മാറുന്ന ജെന്നിയുടെ ഭാഗവും എസ്രയെ നല്ലവണ്ണം ഓർമിപ്പിക്കുന്ന ക്ലൈമാക്സ് രംഗങ്ങളും എടുത്ത രീതിയിൽ അല്ലാതെ പുതുമ ഉണ്ടാക്കുന്നില്ല. ഭാവശൂന്യത ചിലയിടത്ത് മുഴച്ചു നിൽക്കും. സിനിമയുടെ മൊത്തത്തിൽ ഉള്ള താളത്തിൽ പക്ഷെ പലപ്പോഴും പ്രേക്ഷകരെ അത് ബാധിക്കുന്നില്ല. അഥവാ തിരക്കഥയിൽ ഉള്ള ചില പാളിച്ചകൾ പലപ്പോഴും മേക്കിങ് കൊണ്ട് മറികടക്കാൻ സിനിമ ശ്രമിക്കുന്നുണ്ട്. ശബ്ദക്രമീകരണവും പശ്ചാത്തല സംഗീതവും ക്യാമറയും ഉണ്ടാക്കുന്ന ഹൊറർ മൂഡിൽ പ്രേക്ഷകരെ പിടിച്ചിരുത്താൻ ചില ഇടങ്ങളിൽ ഇതിനൊക്കെ അപ്പുറം സിനിമയ്ക്ക് സാധിക്കുന്നുണ്ട്. അവൾ എന്ന പേരിനു സിനിമ കൊടുത്ത കണക്ഷൻ ലിങ്കിനെ കുറിച്ചും ഇത് തന്നെയാണ് പറയാനുള്ളത്.

ലോകത്ത് മൊത്തമുള്ള ഹൊറർ സിനിമകൾ കാണുന്നവരാണ് നിങ്ങൾ എങ്കിൽ അവൾ നിങ്ങൾക്കു പുതുമയൊന്നും നല്കാൻ സാധ്യതയില്ല. പക്ഷെ പല ഹോളിവുഡ് മാതൃകകളെയും പകർത്തി എങ്കിലും തമിഴ്, തെലുങ്കു പരമ്പരാഗത മെലോഡ്രാമകളെ മറികടക്കാനുള്ള മറ്റൊരു നല്ല ശ്രമമാണ് അവൾ. ഭീതിദമായ പിരിമുറുക്കമുള്ള അന്തരീക്ഷം തുടക്കം മുതൽ ഒരേ താളത്തിൽ പിന്തുടരുന്നുമുണ്ട് സിനിമ. അത്തരം സിനിമകൾ നിങ്ങളുടെ ചോയ്സ് ആണെങ്കിൽ അവൾ തീയറ്ററിൽ പോയി തന്നെ കാണുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഖരീബ് ഖരീബ് സിംഗിൾ; ബോളിവുഡിലെ പാര്‍വ്വതിയെ കാണാം, അല്‍പം കുഴപ്പംപിടിച്ച ബന്ധങ്ങളും

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍