UPDATES

സിനിമ

ദിലീപിന് പിന്നില്‍ തകര്‍ന്നുവീണ മലയാള സിനിമാ സാമ്രാജ്യം

അഭിനയ പ്രതിഭയേക്കാളപ്പുറമുള്ള കച്ചവട മനസാണ് ഇയാളെ മലയാള സിനിമയുടെ സമഗ്രമേഖലകളും കൈപ്പിടിയിലൊതുക്കാന്‍ പ്രാപ്തനാക്കിയത്‌

മലയാള സിനിമയിലെ രാജാക്കന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഒരുപക്ഷെ മലയാള സിനിമയുടെ ചരിത്രത്തില്‍ ഇവരെപ്പോലെ കരുത്തരായ താരരാജാക്കന്മാര്‍ ഉണ്ടായിട്ടുണ്ടാകില്ല. ചെറിയ വേഷങ്ങളിലും വില്ലന്‍ വേഷങ്ങളിലും അഭിനയ ജീവിതം ആരംഭിച്ച് അതിലൂടെ ആര്‍ജ്ജിച്ചെടുത്ത അനുഭവ സമ്പത്തുമായാണ് ഇരുവരും നായകന്മാരായത്. നായകന്മാരായതിന് ശേഷം സൂപ്പര്‍ താരപദവിയിലേക്ക് എത്തിച്ചേരാനും ഇരുവരും ഏറെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. തങ്ങളിലെ അതുല്യപ്രതിഭകളെ പുറത്തെടുത്ത് ദേശീയ പുരസ്‌കാരങ്ങളുള്‍പ്പെടെ നേടിയാണ് ഇരുവരും താരരാജക്കന്മാരാകുന്നത്. പ്രേക്ഷകരുടെ പിന്തുണയ്‌ക്കൊപ്പം മലയാള ചലച്ചിത്ര വ്യവസായത്തിലെ അവസാന വാക്കുകളാകാനും ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. അതാണ് മലയാള സിനിമയുടെ ചരിത്രത്തില്‍ ഇവരെപ്പോലെ കരുത്തരായ താരരാജാക്കന്മാര്‍ ഉണ്ടാകില്ലെന്ന് പറയാന്‍ കാരണം.

അതേസമയം ഈ രണ്ട് രാജക്കന്മാര്‍ക്കും പിന്നാലെ മൂന്നാമനായി വളരെ ചെറിയ കാലം കൊണ്ട് തന്നെ കുതിച്ചുകയറി മലയാള ചലച്ചിത്ര വ്യവസായത്തിന്റെ കിരീടം വയ്ക്കാത്ത രാജാവായ വ്യക്തിയാണ് ദിലീപ്. മിമിക്രിയില്‍ നിന്നും സംവിധായക സഹായിയായി സിനിമയിലെത്തി ചെറിയ വേഷങ്ങളിലൂടെ തന്നെയായിരുന്നു ദിലീപിന്റെയും അഭിനയ ജീവിതത്തിന്റെ തുടക്കം. സല്ലാപം എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി എത്തി മലയാള സിനിമയുടെ താരറാണിയായി മാറിയ മഞ്ജു വാര്യരെ 1998ല്‍ വിവാഹം കഴിച്ചതോടെയാണ് ദിലീപിനും താരപ്പൊലിമ ലഭിച്ചത്. അയലത്തെ പെണ്‍കുട്ടിയെ വിവാഹം കഴിച്ച ദിലീപിനെ പ്രേക്ഷകരും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിക്കാന്‍ ഇയാള്‍ക്ക് സാധിച്ചു.

എന്നാല്‍ അതിന് മുമ്പ് തന്നെ അഭിനയപ്രതിഭയേക്കാളേറെ ദിലീപിന്റെ കച്ചവട മനസ് ഉണര്‍ന്നു കഴിഞ്ഞിരുന്നു. തന്റെ ചിത്രങ്ങളെ സാമ്പത്തിക വിജയങ്ങളാക്കാനുള്ള എല്ലാ വഴികളും ഇയാള്‍ അപ്പോഴേക്കും കണ്ടെത്തിയിരുന്നുവെന്ന് വേണം പറയാന്‍. നിര്‍മ്മാതാവായും വിതരണക്കാരനായും തിയറ്റര്‍ ഉടമയായുമെല്ലാം സിനിമയെ ഭരിക്കുന്ന സമഗ്രമേഖലകളും ഇയാള്‍ കൈപ്പിടിയിലൊതുക്കിയെന്ന് വേണം പറയാന്‍. അതുവരെ താരസിംഹാസനത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും താഴെ മൂന്നും നാലും സ്ഥാനങ്ങള്‍ മാറിമാറി കൈകാര്യം ചെയ്തിരുന്ന ജയറാമിനെയും സുരേഷ് ഗോപിയെയും നിഷ്പ്രഭരാക്കി ചലച്ചിത്ര വ്യവസായത്തിലെ മൂന്നാമത്തെ പ്രമുഖനാകാന്‍ ദിലീപിനെ സഹായിച്ചത് ഈ ബിസിനസ് തന്ത്രമാണ്. അഭിനയിക്കുന്ന ചിത്രങ്ങള്‍ക്ക് പ്രതിഫലം വാങ്ങി മടങ്ങുക എന്ന അന്നുവരെ പിന്തുടര്‍ന്ന രീതി ഒഴിവാക്കി വിതരണത്തിന്റെ ഒരു വിഹിതവും സാറ്റലൈറ്റ് റൈറ്റിന്റെ ഒരു വിഹിതവും താരങ്ങള്‍ക്ക് ലഭ്യമാകുന്ന പതിവും ദിലീപിലൂടെയാണ് ആരംഭിച്ചത്.

പല ചിത്രങ്ങള്‍ക്കും നേരിട്ടും അല്ലാതെയും സഹായം ചെയ്ത് അക്ഷരാര്‍ത്ഥത്തില്‍ ദിലീപിന് ചുറ്റും കറങ്ങുകയായിരുന്നു മലയാള സിനിമ എന്ന് തന്നെ പറയാം. കഷ്ടതകള്‍ അനുഭവിക്കുന്ന സിനിമ പ്രവര്‍ത്തകര്‍ക്ക് സഹായങ്ങളെത്തിച്ചും ചലച്ചിത്ര ലോകത്ത് തന്റെ ശബ്ദത്തിനപ്പുറം മറ്റൊരു ശബ്ദം ഉയരാതിരിക്കാന്‍ ദിലീപ് ശ്രദ്ധിച്ചു. താരസംഘടനയെന്ന പേരിനപ്പുറം സുസ്ഥിരമായ ഒരു ഫണ്ടില്ലാതിരുന്ന അമ്മയ്ക്ക് അത്തരമൊരു അടിത്തറ സാധ്യമായതും ഇയാളിലൂടെയാണ്. ട്വന്റി ട്വന്റി എന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം അമ്മയുടെ ബാനറില്‍ ദിലീപാണ് നിര്‍മ്മിച്ചത്. മലയാള സിനിമയിലെ പ്രമുഖരായ നടന്മാരെയെല്ലാം ഒരു സിനിമയുടെ തലക്കെട്ടിന് കീഴില്‍ കൊണ്ടുവരാനും ഇതിലൂടെ ഇയാള്‍ക്ക് സാധിച്ചു. സഹ സംവിധായകനായതിനാല്‍ സംവിധായകരുടെ സംഘടനയിലും നിര്‍മ്മാതാവായതിനാല്‍ നിര്‍മ്മാതാക്കളുടെ സംഘടനയിലും വിതരണക്കാരന്‍ ആയതിനാല്‍ വിതരണക്കാരുടെ സംഘടനയിലും തിയറ്റര്‍ ഉടമയായതിനാല്‍ തിയറ്റര്‍ ഉടമകളുടെ സംഘടനയിലും ഇയാളുടെ സ്വാധീനം ശക്തമായിരുന്നു.

അടുത്തകാലത്ത് തിയറ്റര്‍ ഉടമകള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് മലയാള സിനിമ പ്രതിസന്ധി നേരിട്ടപ്പോള്‍ ഇയാള്‍ നടത്തിയ ഇടപെടലുകളാണ് പെട്ടിയിലായി പോകേണ്ടിയിരുന്ന പല സിനിമകളെയും വീണ്ടും തിയറ്ററുകളിലെത്തിച്ചത്. ലിബര്‍ട്ടി ബഷീറിനെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ നിന്നും തന്ത്രപൂര്‍വം ഒഴിവാക്കി തിയറ്റര്‍ ഉടമകള്‍ക്കിടയിലും ഇയാള്‍ ആധിപത്യം ഉറപ്പിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലും ഇയാളുടെ നേതൃത്വത്തില്‍ തിയറ്റര്‍ ഉടമകളുടെ പുതിയ സംഘടനയായ ഫിയോക് രൂപീകരിക്കപ്പെടുകയും ചെയ്തു.

ഇന്ന് അമ്മ ഉള്‍പ്പെടെ എല്ലാ സംഘടനകളും ദിലീപിനെ കയ്യൊഴിഞ്ഞിരിക്കുകയാണ്. നിര്‍മ്മാതാക്കളുടെ സംഘടന രാവിലെ തന്നെ ഇയാളെ പുറത്താക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് വിതരണക്കാരുടെ സംഘടനയും ഈ നിലപാട് ആവര്‍ത്തിച്ചു. അമ്മ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഇയാളെ പുറത്താക്കി. എന്തിന് ഏറ്റവും ഒടുവില്‍ ദിലീപ് രൂപംകൊടുത്ത ഫിയോക്ക് പോലും ഇയാളെ പുറത്താക്കിയതായി പ്രഖ്യാപിച്ചു. ഈ കേസോടെ ദിലീപ് മലയാള ചലച്ചിത്ര വ്യവസായത്തിലെ കിരീടം വയ്ക്കാത്ത രാജാവെന്ന പദവിയില്‍ നിന്നാണ് നിഷ്‌കാസിതനായിരിക്കുന്നത്. കേസ് പുരോഗമിക്കുമ്പോള്‍ ദിലീപ് ശിക്ഷിക്കപ്പെടുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം. ചിലപ്പോള്‍ മലയാള സിനിമ വ്യവസായത്തിന്റെ അധികാര കേന്ദ്രത്തിലേക്ക് തിരികെ എത്തിച്ചേരാനും സാധിച്ചേക്കാം. എങ്കിലും നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനും ഒരു അഭിനേതാവെന്ന നിലയില്‍ പ്രേക്ഷക ഹൃദയങ്ങളിലേക്ക് തിരികെയെത്താനും ഇയാള്‍ക്ക് സാധിക്കുമോയെന്ന് സംശയമാണ്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍