UPDATES

സിനിമ

ദി ഗ്രേറ്റ് ഫാദർ: സാമൂഹ്യ, ജനാധിപത്യ വിരുദ്ധമായ രക്ഷകന്‍ എന്ന ആണ്‍ നിര്‍മിതി

ആണ്‍ പേക്കൂത്തുകൾക്കിടയിൽ ബാലൻസ് കൊടി പൊന്തിക്കാൻ ഇമ്മാതിരി വെർബൽ വയറിളക്കം പോരാതെ വരും എന്ന് സംവിധായകനെ ഓർമ്മിപ്പിക്കുക മാത്രമെ നിവൃത്തിയുള്ളു

മനുഷ്യന്‍റെ ഭാവനയ്ക്കും യുക്തിക്കും പുറത്തേക്ക് സഞ്ചരിച്ച നിരവധി സിനിമകൾ മലയാളത്തിലും ഇന്ത്യൻ സിനിമയിലും ലോക സിനിമയിലും ഉണ്ടായിട്ടുണ്ട്. എന്നാൽ വിപണിയുടെ വില്പനച്ചരക്കായി മാത്രം സിനിമയെ കൺസീവ് ചെയ്ത് യുക്തിയും മനുഷ്യത്വവും പാടെ റദ്ദ് ചെയ്യുന്ന സിനിമകൾ നൂറു കോടി കിലുക്കങ്ങളായി നമ്മുടെ മുൻപിൽ പുലിമുരുകന്മാരായി, രക്ഷക ആണാഘോഷ ഫെസ്റ്റിവലുകളായി മാറുന്ന കാലത്താണ് മറ്റൊരു താരരാജാവ് മമ്മൂട്ടി, ദി ഗ്രേറ്റ് ഫാദറായി ഹനീഫ് അദേനിയുടെ സിനിമയിലൂടെ വരുന്നത്‌.

അച്ഛൻ എന്ന വാക്കിലെ, അതിന്‍റെ കേവല അർത്ഥതലങ്ങളിലെ വ്യാപ്തിയും ആഴവും പോരാതെ വന്നതിനാലാവണം ‘ഗ്രേറ്റ്’ ഫാദറെന്ന അമാനുഷിക പ്രതീതിയിൽ മമ്മൂട്ടിയുടെ ഈ ഫാഷൻ ഷോ അവതരണവുമായി സംവിധായകൻ എത്തിയത്. തീർത്തും സ്ത്രീ വിരുദ്ധവും ജനാധിപത്യത്തിന്‍റെ മൊത്തം ലംഘനവും പൊതു സാമാന്യ ബോധ്യങ്ങളുടെ നിർമിതിയും ചേർത്ത് കോമിക് സൂപ്പർ ഹീറോ യുക്തികളിൽ (യുക്തിയില്ലായ്മകളിൽ) പുലിമുരുകനായ മോഹൻലാലിൻറെ നൂറു കോടി വിപണി കച്ചവട ചരട് നീട്ടിപ്പിടിച്ചു കൊണ്ടാണ് മറ്റൊരു രക്ഷക വേഷമായി അവതാരമായി മമ്മൂട്ടി ഗ്രേറ്റ് ഫാദറിൽ അവതരിച്ചിരിക്കുന്നത്.

നീതി വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ വിഷയമാക്കി ഒരു മോബ് സൈക്കിക്കു വിട്ടു നൽകുമ്പോൾ ഉണ്ടാവുന്ന അപകടം മോബോക്രിട്ടിയുടേതാണ്. മോബ് ജസ്റ്റിസ് എന്ന ആൾക്കൂട്ട നീതി, ‘കൊല്ലവനെ, പറിച്ചു കളയവന്‍റെ, ഞങ്ങൾക്ക് വിട്ടു താ അവനെ’ തുടങ്ങിയ ആക്രോശങ്ങൾക്കു വഴിമാറുന്ന രീതിയാണ് സമീപകാല മലയാള സിനിമകളിൽ ‘സാമൂഹിക പ്രസക്തി’ വിഷയാവതരണം എന്ന രീതിയിൽ പൊറാട്ടു കളിക്കുന്നത്. ആണാധിപത്യം, ആണാഘോഷം, ജനാധിപത്യ വിരുദ്ധത, ആൾക്കൂട്ടാധിപത്യം, പൊതുബോധത്തിലൂന്നിയുള്ള നീതിയുടെ രേഖീയമായ നടത്തിപ്പ് തുടങ്ങി ഒരു മാസ് റിസീവിംഗ് എൻഡായ സിനിമയിൽ ഒരു ജനാധിപത്യ സമൂഹത്തിന് അപകടകരമാം വിധം വേരിറക്കുന്ന പ്രവണതകളെ എല്ലാം ഉൾച്ചേർക്കുന്നു. ദി ഗ്രേറ്റ് ഫാദർ എന്ന ഹനീഫ് അദേനി – മമ്മൂട്ടി ചിത്രം ഇതിൽ നിന്ന് വ്യത്യസ്തമല്ലെന്നു മാത്രമല്ല, ഇവയെ സമം ചേർത്ത് കണ്ണിചേരുന്നതായും കാണാം.

ഡേവിഡ് നൈനാൻ (മമ്മൂട്ടി) എന്ന ബിൽഡർ, അദ്ദേഹത്തിന്‍റെ ഡോക്ടറായ ഭാര്യ (സ്നേഹ), മകൾ (അനിഖ) എന്നിവരടങ്ങുന്ന അപ്പർ മിഡിൽ ക്ലാസ് കുടുംബ ഘടനയാണ് സംവിധായകൻ കഥ പറയാൻ സ്വീകരിച്ചത്. ആഖ്യാനത്തിൽ കൊറിയൻ ത്രില്ലറുകളുടെ ലൈറ്റ് മൂഡും ക്യാമറ ആംഗിളുകളും ഉപയോഗിച്ചിട്ടുണ്ട്. പശ്ചാത്തല സംഗീതം ത്രില്ലർ മൂഡ് നിലനിർത്തുന്ന തരത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. സമയ മാറ്റം ദൃശ്യമാകുന്ന സുദീർഘമായ അപ്പർ ആംഗിൾ ഷോട്ടുകൾ ഉപയോഗിച്ചിരിക്കുന്നത് പുതുമയാണ്.

ഡേവിഡിന്‍റെ മകൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു. തുടർന്ന് ഹൈപ്പോതെറ്റിക്കൽ ആവിഷ്കാര സാധ്യതകൾക്ക് മുകളിൽ സിനിമയെന്ന ടൂളുപയോഗിച്ച് സാമാന്യ ബോധ്യത്തെ ഉൾച്ചേർക്കുന്ന വൈയക്തിക നീതികളുടെയും യുക്തികളുടെയും ഘോഷയാത്രയാണ് സിനിമ. തന്റെ മകൾക്കു സംഭവിച്ചത് പുറത്തറിഞ്ഞാൽ മീഡിയ എന്ന നാലാം തൂൺ അവളെ ഇരയാക്കി ചിത്രീകരിക്കുമെന്നും അതിനാൽ തന്നെ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയോ ചികിത്സിക്കുകയോ വേണ്ടെന്നുമുള്ള നിലപാടാണ് ഗ്രേറ്റ് ഫാദറിന്‍റേത്. പിന്നീട് പ്രതികാരത്തിന്‍റെ ഊഴമാണ്. മാധ്യമ ഇടപെടലുകളെല്ലാം കീ ഹോൾ ജേര്‍ണലിസത്തിന്‍റെ പ്രാക്ടീസുകളാണെന്ന ലേബലിംഗിന് സ്ക്രീനിലേക്ക് കലാഭവൻ ഷാജോണിനെയും ഇട്ടു തരുന്നു. മറ്റൊരു പ്രതലത്തിൽ കുട്ടികളെ പീഡിപ്പിക്കുന്നവരെ, അത്തരം കേസുകളെ അന്വേഷിക്കുന്നതിന് ആൻഡ്രൂസ് ഈപ്പൻ (ആര്യ) നിയോഗിക്കപ്പെടുന്നു. സിനിമയുടെ രണ്ടാം പകുതിയിൽ നായകനായ മമ്മൂട്ടിയും അർദ്ധ നായകനായ ആര്യയും പലതരം ഫാഷൻ വസ്ത്രങ്ങളും കൂളിംഗ് ഗ്ലാസുകളും ജാക്കറ്റുകളും മാറി മാറി മത്സരിച്ചു പരീക്ഷിക്കുകയും അതിനിടയിൽ കുറ്റവാളിയെ തേടുകയുമാണ്.

മധ്യവർഗ പൊതുബോധ നിർമ്മിതിയിൽ അടിയുറപ്പിച്ച സിനിമയാണ് ദി ഗ്രേറ്റ് ഫാദർ. മൊത്തം നീതിവ്യവസ്ഥയോടും സംവിധാനത്തിടുമുള്ള അവഗണന (ഗോവിന്ദച്ചാമി റെഫറൻസ് നിർബന്ധം) മാധ്യമങ്ങളെ മുഴുവൻ തെറ്റുകാരാക്കി അപരവത്കരിക്കുക തുടങ്ങി മലയാളി മധ്യവർഗ സമൂഹം നിർമിക്കുന്ന യുക്തിയുടെ ചേരുന്ന (ചേർക്കുന്ന) നിരവധി സീനുകളുടെ കൊളാഷ് വാർപ്പു മാതൃക മാത്രമാണ് ദി ഗ്രേറ്റ് ഫാദർ എന്ന സിനിമ.

പീഡോഫീലിയ പോലെ സമൂഹത്തിൽ നിലനിൽക്കുന്ന വളരെ അപകടകരമായ ഒരവസ്ഥയെ കേവല നീതികളിൽ തളക്കുന്നതും വ്യക്തി കേന്ദ്രീകൃതമായി പ്രശ്നവത്കരിക്കുകയും ചെയ്യുന്നതാണ് പ്രമേയത്തിൽ സിനിമ സ്വീകരിച്ച ട്രീറ്റ്‌മെന്‍റ്. മമ്മൂട്ടിയെ പോലൊരു താരത്തെ, സിനിമയിലുടനീളം അദ്ദേഹത്തിന്‍റെ മാസ് മാൻലി സെക്സ് അപ്പീലിന്‍റെ ആഘോഷത്തെ രക്ഷക പരിവേഷം കെട്ടിച്ചു അവതരിപ്പിച്ചത് പീഡോഫീലിയ പോലൊരു വിഷയത്തെ പിൻധാരയിൽ പ്രമേയമായി സ്വീകരിച്ചു കൊണ്ടാണ് എന്നത് തന്നെയാണ് സിനിമയോട് പൂർണമായും വിയോജിക്കാൻ കാരണമാവുന്നത്.

മറ്റൊന്ന് അച്ഛൻ എന്ന കുടുംബ സാമൂഹിക നീതിയെ ആണ്‍ – രക്ഷക ദ്വന്ദ്വത്തിലേക്ക് കെട്ടുന്നതാണ് സിനിമയിൽ കാണുന്നത്. കുടുംബം എന്ന അവസ്ഥയിൽ അച്ഛൻ ദാതാവും രക്ഷകനും സൂപ്പർ ഹീറോയിൻ അമ്മ പരിചാരികയും ആവുന്ന തീർത്തും സ്ത്രീവിരുദ്ധമായ, കുടുംബവിരുദ്ധമായ മധ്യവർഗ യുക്തിയെ, അതിന്‍റെസാമൂഹിക നടത്തിപ്പിനെക്കാൾ ഉയരത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു ഹനീഫ് അദേനി. ‘Every dad is a hero’ എന്നതിലെ ഹീറോ, നായക സങ്കൽപ്പനങ്ങളുടെ മുൻ മാതൃകകളെ കണ്ണിചേർക്കാൻ വേണ്ടി മാത്രം ഉപയോഗിച്ച ഒന്നാണ്.

മനുഷ്യൻ എന്ന സോഷ്യൽ എൻഗേജുമെന്റിൽ നിന്നും ആണ്‍ എന്ന ഹീറോയിക് ആഘോഷങ്ങളിലേക്ക് കമ്പോള ഉത്പന്ന സിനിമ ചുവടു മാറ്റുന്നത് പുതിയ സംഭവമല്ല. കുടുംബം, സദാചാരം, ലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ ഹെജിമണിക്കായി പൊതു സാമാന്യ ബോധ്യങ്ങൾ നിലനില്‍ക്കുന്ന കാലത്ത് അത് അത്ഭുതവുമല്ല. പക്ഷെ ചൈൽഡ് സെക്സ് അബ്യൂസ് എന്ന അതിഭീകരമായ ഒരു കുറ്റത്തിനെ, മമ്മൂട്ടിയെന്ന രക്ഷക പരിവേഷം സൃഷ്ടിക്കാനും സ്റ്റൈലിഷ് ആണാഘോഷ കാഴ്ചകളാക്കാനും ഉപയോഗിച്ചിരിക്കുന്നു എന്നിടത്തേക്ക് സിനിമയിലെ മൂലധന സാധ്യതകൾ മനുഷ്യത്വ വിരുദ്ധമായി വളർന്നു കഴിഞ്ഞിരിക്കുന്നു.

പീഡോഫീലിയക്കെതിരെ സോഷ്യൽ മീഡിയയിൽ നടന്ന ക്യാമ്പെയിനുകൾ മറ്റൊരർത്ഥത്തിൽ മോബ് ജസ്റ്റിസിനെ പിൻപറ്റുന്നതാണ്. ഇതിനോട് ചേർന്ന് തന്നെയാണ് സിനിമയുടെ പോക്കും. ഇത്തരം ക്യാംപയിനുകളിൽ നിന്ന് തന്നെയാവണം പീഡോഫൈൽ ആയി അറസ്റ്റു ചെയ്യപ്പെട്ടവരുടെ ലിംഗം ചവിട്ടി പൊട്ടിച്ച ശേഷം ആര്യ ച്യൂയിങ്ഗം ഊതിവീർപ്പിച്ചു പൊട്ടിക്കുന്ന രംഗമെല്ലാം ഉൾപ്പെടുത്താനുണ്ടായ പ്രചോദനം. അത്രമാത്രം രേഖീയമായാണ് പീഡോഫീലിയയെ ചിത്രം സമീപിക്കുന്നതും.

കോടിക്കിലുക്കത്തിന്‍റെ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്തിയ പുലിമുരുകൻ സംവദിച്ചത് റിയാലിറ്റിക്കു പുറത്ത് അമാനുഷിക പരിവേഷങ്ങളിലെ ആണാഘോഷമായിരുന്നു. ദി ഗ്രേറ്റ് ഫാദറും ഗ്രൗണ്ട് റിയാലിറ്റിക്കു പുറത്തെ സൂപ്പർ ഹീറോ ഇമേജിനാണ് പ്രാമുഖ്യം നൽകുന്നത്.

സംരക്ഷകൻ, പ്രതികാരം ചെയ്തു കൂടി ലഭിക്കുന്ന പദവിയാണെന്നും പറഞ്ഞു വെക്കുന്നു സിനിമ. സംരക്ഷണം എന്നാൽ വേട്ടക്കാരനെ കൊല്ലുക (അതിന്റെ മടയിൽ പോയി എന്ന് പുതിയ ഭാഷ്യം), അതും ഒരാൺസ്വത്വം പെണ്ണിന് വേണ്ടി പകവീട്ടി രക്ഷാകാർമികത്വം നടത്തുക എന്ന സിനിമയിലുടനീളം പങ്കിടുന്ന യുക്തിക്കിടയിൽ അനിഖയെ ചികിൽസിക്കുന്ന ഡോക്ടറായ മിയ പറയുന്നു “പൊക്കിളിനും തുടക്കുമിടയിൽ നഷ്ടപ്പെടുന്ന എന്തോ ഒന്നല്ല പെണ്ണ്” എന്ന്. ഈ ആണ്‍ പേക്കൂത്തുകൾക്കിടയിൽ, ബാലൻസ് കൊടി പൊന്തിക്കാൻ ഇമ്മാതിരി വെർബൽ വയറിളക്കം പോരാതെ വരും എന്ന് സംവിധായകനെ ഓർമ്മിപ്പിക്കുക മാത്രമെ നിവൃത്തിയുള്ളു.

നൂറു കോടിയെന്ന വാണിജ്യ ടാർഗെറ്റിനു വേണ്ടി ജനാധിപത്യ വിരുദ്ധമായ, സാമൂഹികവിരുദ്ധമായ എലമെന്‍റുകളെ കൂട്ടിച്ചേർത്ത് താരരാജാക്കന്മാരുടെ ആണസ്‌തിത്വങ്ങളുടെ എക്സാ‍ജറേറ്റഡ് അവതരണങ്ങളെ പിൻപറ്റുമ്പോൾ, ഒരു മാസ് അല്ലെങ്കിൽ ഒരു മോബ് അത് ഏറ്റു പിടിക്കുമ്പോൾ തളർന്നു പോവുന്നത് സിനിമയെന്ന സോഷ്യൽ സാധ്യതയും സിനിമക്ക് പുറത്ത് അതിന്മേലുള്ള സംവാദ ഇടവുമാണ്.

തിര ഇടങ്ങളെ കച്ചവടവത്കരിക്കുമ്പോൾ സിനിമ ഇല്ലാതാവുന്നതും കമ്പോള മൂല്യങ്ങളുടെ (മൂല്യമില്ലായ്മയുടെ) അസ്സംബ്ലിഗും സംഭവിക്കുന്നത് പുതിയ കാര്യമല്ല. മലയാളം പോലെ ഒരു ഇൻഡസ്ട്രി, ടാർഗറ്റ് ഓഡിയന്‍സിൽ നിന്നും ടാർഗറ്റ് കളക്ഷനിലേക്കു നീങ്ങുമ്പോൾ ഇനിയും ഇര-രക്ഷക, ‘ഗ്രേറ്റ്’ എന്ന് എസ്കലേറ്റ് ചെയ്യപ്പെട്ട താരാധിപത്യങ്ങൾ ഉണ്ടായിക്കൊണ്ടേ ഇരിക്കുമെന്ന് വേണം നമ്മൾ മനസ്സിലാക്കാൻ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ജിതിന്‍ കെ.സി

ജിതിന്‍ കെ.സി

എഴുത്ത്, സാംസ്കാരിക പ്രവര്‍ത്തനം. ബാങ്കില്‍ ജോലി ചെയ്യുന്നു, പാലക്കാട് സ്വദേശി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍