UPDATES

സിനിമാ വാര്‍ത്തകള്‍

ശക്തമായ ചോദ്യങ്ങളുമായി ‘ന്യൂട്ടണി’ല്‍ മാധ്യമപ്രവര്‍ത്തകന്‍ മംഗള്‍ കുന്‍ജം

ബസ്തറില്‍ ജോലി ചെയ്യുന്ന മിക്ക മാധ്യമപ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തുകയും അവര്‍ക്കെതിരെ കള്ളക്കേസുകള്‍ കെട്ടിവെക്കുകയുമാണെന്നും മംഗള്‍ കുന്‍ജം

മാവോയിസ്റ്റ് ബാധിത മേഖലയായ ബസ്തറില്‍ നിന്നുള്ള 26കാരന്‍ മംഗള്‍ കുന്‍ജം എന്ന ആദിവാസി മാധ്യമപ്രവര്‍ത്തന്‍ ഇപ്പോള്‍ വളരെ സന്തോഷത്തിലാണ്. ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്ധ്യോഗിക നാമനിര്‍ദ്ദേശമായ ‘ന്യൂട്ടണ്‍’ എന്ന ചിത്രത്തില്‍ മാധ്യമ പ്രവര്‍ത്തകന്റെ ഒരു ചെറിയ വേഷം അദ്ദേഹം ചെയ്തു. ചിത്രത്തില്‍ ഒരു പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറലിനോട് വളരെ നിര്‍ണായകമായ ഒരു ചോദ്യം കുന്‍ജം ചോദിക്കുന്നുണ്ട്. ‘നിങ്ങള്‍ മാവോയിസ്റ്റുകളോട് കീഴടങ്ങാന്‍ പറയുന്നു. പിന്നീട് അവര്‍ക്ക് തോക്കുകള്‍ നല്‍കുകയും അവരോട് പോരാടാന്‍ പറയുകയും ചെയ്യുന്നു. അതെന്താണ് അങ്ങനെ?’ എന്ന ചോദ്യമാണ് കുന്‍ജത്തിന്റെ കഥാപാത്രം ഉന്നയിക്കുന്നത്.

ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ മാവോയിസ്റ്റുകളെ നേരിടുന്നതിനായി രൂപീകരിച്ച ക്രിമിനല്‍ സംഘമായ സാല്‍വ ജുദത്തെ കുറിച്ചായിരുന്നു ആ കഥാപാത്രത്തിന്റെ ചോദ്യം. മാവോയിസ്റ്റുകളെ നേരിടുന്നതിനുള്ള ജനകീയ നിരീക്ഷണ സേന എന്ന നിലയില്‍ 2005 ലാണ് സാല്‍വ ജുദത്തിന് രൂപം നല്‍കിയത്. ആറായിരം ആദിവാസി യുവാക്കളും കീഴടങ്ങിയ മാവോയിസ്റ്റുകളും പ്രത്യേക പോലീസ് ഓഫീസര്‍മാരായി ഈ സംഘടനയില്‍ പ്രവര്‍ത്തിച്ചു. ജമീന്ദാര്‍മാരുടെ ഗുണ്ടകള്‍ക്കായിരുന്നു സംഘടനയുടെ നേതൃത്വം. എന്നാല്‍ സംഘത്തിന്റെ അതിക്രമങ്ങള്‍ വലിയ ക്രമസമാധാന പ്രശ്‌നമായി വളര്‍ന്നതോടെ സുപ്രീം കോടതി 2011ല്‍ സാല്‍വ ജുദത്തെ നിരോധിക്കുകയായിരുന്നു. എസ്പിഒകളെ ഉപയോഗിക്കുന്നത് നിറുത്തണമെന്നും സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ജില്ല റിസര്‍വ് ഗാര്‍ഡ് പോലെയുള്ള പ്രത്യേക സേനകളില്‍ എസ്പിഒമാരെ സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിക്കുന്നതായി പിന്നീട് വെളിപ്പെട്ടിരുന്നു.

കഴിഞ്ഞ അഞ്ചുവര്‍ഷമായി മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കുന്‍ജം വളരെ സൂക്ഷമതയുള്ള മാധ്യമ പ്രവര്‍ത്തകനായാണ് അറിയപ്പെടുന്നത്. ദന്തേവാഡ മേഖലയില്‍ നടക്കുന്ന വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന് സുരക്ഷസേനയില്‍ നിന്നും തുടര്‍ച്ചയായ ഭീഷണി നേരിടുന്ന ആളാണ് കുന്‍ജം. ചിത്രത്തിലെ സംഭവവികാസങ്ങള്‍ ബസ്തറില്‍ സത്യസന്ധമായി ജീവിക്കുന്ന പലരും യഥാര്‍ത്ഥത്തില്‍ അനുഭവിക്കുന്നതാണെന്ന് കുന്‍ജം ചൂണ്ടിക്കാണിക്കുന്ന. സത്യസന്ധമായി ജോലി ചെയ്യുന്ന തന്നെ പോലീസ് ഓഫീസര്‍മാര്‍ പലതവണ മാവോയിസ്റ്റായി മുദ്രകുത്തിയിട്ടുണ്ടെന്നും കുന്‍ജം പറയുന്നു. ബസ്തറില്‍ നിന്നും ചിത്രത്തില്‍ അഭിനയിച്ച ഏക വ്യക്തിയാണ് കുന്‍ജം.

ചിത്രത്തിന്റെ സംവിധായകനുമായ അടുത്ത ബന്ധമുള്ള ജാവേദ് ഇഖ്ബാല്‍ എന്ന പത്രപ്രവര്‍ത്തക സുഹൃത്ത് വഴിയാണ് കുന്‍ജത്തിന് ചിത്രത്തില്‍ വേഷം ലഭിച്ചത്. ചിത്രത്തിന് വേണ്ടിയുള്ള ഗവേഷണത്തിനായി സംവിധായകനും എഴുത്തുകാരനും ബസ്തറില്‍ എത്തിയപ്പോള്‍ തന്നെ കണ്ടിരുന്നതായും കുന്‍ജം ഓര്‍ക്കുന്നു. ബസ്തറിലെ സ്ഥിതിഗതികളെ കുറിച്ചുള്ള സത്യസന്ധമായ വിവരണം താന്‍ അവര്‍ക്ക് നല്‍കിയെന്നും അതേ തുടര്‍ന്ന് തന്നെ അഭിനയിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും കുന്‍ജം പറഞ്ഞു. സുരക്ഷ കാരണങ്ങളാല്‍ മാവോയിസ്റ്റ് ശക്തികേന്ദ്രമല്ലാത്ത ദല്ലി രാജഹരയില്‍ വച്ചാണ് സിനിമയുടെ ചിത്രീകരണം നടന്നത്. തിരഞ്ഞെടുപ്പ് തങ്ങളെ ഒരിക്കലും സഹായിക്കില്ലെന്നാണ് മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിലെ ആദിവാസികള്‍ വിശ്വസിക്കുന്നതെന്ന് കുന്‍ജം ചൂണ്ടിക്കാണിക്കുന്നു.

തിരഞ്ഞെടുപ്പിന്റെ നേട്ടങ്ങളെ കുറിച്ച് ചിത്രത്തില്‍ കുന്‍ജം ഗ്രാമീണരോട് ചോദിക്കുന്നുണ്ട്. ചിത്രത്തില്‍ പറയുന്നത് പോലെ മിക്ക സ്ഥലത്തും തിരഞ്ഞെടുപ്പ് ഒരു പ്രഹസനമായി മാറിയിരിക്കുകയാണ്. ഒരു വിദേശമാധ്യമ പ്രവര്‍ത്തകന്‍ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ വരുമ്പോള്‍ ഗ്രാമീണരെ നിര്‍ബന്ധിച്ച് ബൂത്തുകളില്‍ എത്തിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യമെന്നും കുന്‍ജം പറയുന്നു. ആദിവാസികള്‍ സുരക്ഷസേനകള്‍ക്കും മാവോയിസ്റ്റുകള്‍ക്കും ഇടയില്‍പെട്ട് ഉഴലുകയാണ്. ബസ്തറിലെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഈ ചിത്രം വിജയിച്ചതോടെ, ഇവിടെ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ കുറിച്ച് ഒരു ചിത്രം നിര്‍മ്മിക്കണമെന്ന് കുന്‍ജം ആഗ്രഹിക്കുന്നു. ബസ്തറില്‍ ജോലി ചെയ്യുന്ന മിക്ക മാധ്യമപ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തുകയും അവര്‍ക്കെതിരെ കള്ളക്കേസുകള്‍ കെട്ടിവെക്കുകയുമാണെന്നും മംഗള്‍ കുന്‍ജം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍