UPDATES

സിനിമ

നായരും ചോകോനുമൊക്കെ തന്നെയാണു നമ്മളിപ്പോഴും; ജാതിക്കളിയുടെ ദൃക്‌സാക്ഷിയായി ഒരു സിനിമ

സിനിമ ഒരു സത്യമാണ്; തൊണ്ടിമുതലും ദൃക്‌സാക്ഷിയും മനസിലാക്കി തന്ന കാര്യമതാണ്.

ഇതിലെന്താണ് സിനിമ? ഒരു പൊലീസ് സ്റ്റേഷന്റെ മുന്നില്‍ പോയി നിന്നാല്‍ കാണാവുന്ന കാര്യങ്ങള് മാത്രം. ഇതില്‍ സിനിമയെന്താ ഉള്ളത്? സുഹൃത്തിന്റെ ഈ വിമര്‍ശനത്തില്‍ നിന്നാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയേയും കുറിച്ച് എന്തെങ്കിലുമൊന്ന് എഴുതണമെന്ന തോന്നല്‍ ഉണ്ടാകുന്നത്. ഓരോ സിനിമയുടെയും ആസ്വാദനവും നിരൂപണവും തന്നില്‍ തന്നെ ഒതുക്കാനെ ഇതുവരെ ശ്രമിച്ചിട്ടുള്ളൂ. എന്നാല്‍ ഇതങ്ങനെയല്ല, തൊണ്ടിമുതലും ദൃക്‌സാക്ഷിയും നന്നായൊന്നു കുടഞ്ഞു, എന്നിലെ പ്രേക്ഷകനെയല്ല, വ്യക്തിയെ…

സുഹൃത്ത് പറഞ്ഞതുപോലെ ഇത് ഒരു സിനിമയാണന്ന് എനിക്കും അഭിപ്രായമില്ല. ഒരു കണ്ണാടിയായാണ് അനുഭവപ്പെട്ടത്. അല്ലെങ്കില്‍ എന്നിലെ കള്ളനെ കയ്യോടെ പിടിച്ചു വിചാരണ ചെയ്യുന്ന പൊലീസുകാരനെ പോലെ.

ജാതി പറയുന്ന സിനിമ എന്നൊരു തര്‍ക്കവും എനിക്കും സുഹൃത്തിനുമിടയില്‍ ഉണ്ടായി. ശരിയാണ്. ജാതി പറയുന്നുണ്ട്, അസ്സലായി പറയുന്നുണ്ട്. ജാതിയില്ലെന്നു പറയുന്നവന്റെ പൊള്ളത്തരങ്ങളെയാണ് അവര്‍ ജാതി പറയുന്നതിലൂടെ കളിയാക്കുന്നതെന്ന എന്റെ വാദം സുഹൃത്ത് അംഗീകരിച്ചില്ല. എനിക്കത് സ്വയം അംഗീകരിക്കേണ്ടതുണ്ടായിരുന്നു. ജാതിയില്ല എന്നെത്ര പറഞ്ഞാലും ഒരു റബര്‍പന്തുപോലെ അതു തിരിച്ചടിക്കുന്നുണ്ടെന്ന സത്യം അംഗീകരിക്കാതെ വയ്യ. സിനിമയുടെ ആദ്യ പശ്ചാത്തലം ചേര്‍ത്തല ആയതുകൊണ്ടാണ് ഇത്രമേല്‍ അതെന്നില്‍ കുറ്റബോധം ഉണ്ടാക്കിയതും.

കായലിന്റെ, കയറിന്റെ, കവിതയുടെ, കലാപത്തിന്റെ നാടെന്നാണ് എവിടെയും ആലപ്പുഴയെക്കുറിച്ച് അഭിമാനത്തോടെ പറഞ്ഞിട്ടുള്ളത്. അഭിമാനിക്കാനും അഹങ്കരിക്കാനുമൊക്കെ ഏറെയുള്ള നാടാണ് ആലപ്പുഴ. ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ ക്ഷേത്രം ആലപ്പുഴ ചേര്‍ത്തലയില്‍ കളവംകോടത്താണ്. സര്‍ സിപിയുടെ അമേരിക്കന്‍ മോഡലിനെതിരേ കലാപം നടന്നതും നൂറുകണക്കിനുപേര്‍ വെടിയേറ്റു മരിച്ചു വീണതും ആലപ്പുഴയിലെ വയലാറിലും പുന്നപ്രയിലും മേനാശ്ശേരിയിലുമാണ്. മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു/മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു/മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കുവച്ചു/മനസു പങ്കുവച്ചു എന്നെഴുതിയ കവിയുടെ നാടും ആലപ്പുഴയിലെ വയലാറാണ്. മുലക്കരത്തിനെതിരേ മുലമുറിച്ചു പ്രതിഷേധിച്ച നങ്ങേലിയുടെ നാടും ഇതാണ്; ആലപ്പുഴ കേരളത്തിന്റെ നവോഥാന, സാംസ്‌കാരിക ചരിത്രത്തില്‍ നല്‍കിയിരിക്കുന്ന സംഭാവനകളോര്‍ത്ത് അഭിമാനിക്കാനും അഹങ്കരിക്കാനും അവകാശമുണ്ട്. പക്ഷേ അതെല്ലാം അംഗീകരിക്കുമ്പോഴും എന്നെപ്പോലുള്ളവരുടെ മനസിലെ ചെമ്പുതെളിയിക്കാന്‍ ദിലീഷ് പോത്തനും കൂട്ടര്‍ക്കും ഒരു സിനിമയിലൂടെ കഴിഞ്ഞിരിക്കുന്നു.

ഒരു ജാതി ഒരു മതം മനുഷ്യന് എന്നു ഉദ്‌ഘോഷിച്ച ശ്രീനാരായണ ഗുരു ‘വിശ്വാസികളുടെ’ പൊള്ളത്തരം വെളിവാക്കാന്‍ വേണ്ടി ചെയ്ത വളരെ ലളിതമായ ഒരു സൂത്രമായിരുന്നു കളവങ്കോടം ക്ഷേത്രത്തിലെ കണ്ണാടി പ്രതിഷ്ഠ. ഈ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. ഗുരുവിന്റെ ആവശ്യപ്രകാരം കൊണ്ടുവന്ന കണ്ണാടിയില്‍ ‘ഓം’ എന്ന് എഴുതിയിരുന്നു. പ്രതിഷ്ഠയെല്ലാം കഴിഞ്ഞു ഗുരു പോയതിനുശേഷമാണ് ഒരു വലിയ തെറ്റ് എല്ലാവരുടെയും ശ്രദ്ധയില്‍പ്പെട്ടത്. എഴുതിയിരിക്കുന്നത് ‘ഒം’ എന്നാണ്. ഒരു ദീര്‍ഘത്തിന്റെ കുറവ്. ഈ തെറ്റ് ഉടന്‍ തന്നെ ഗുരുവിനെ അറിയിച്ചു. ചെറിയൊരു ചിരിയോടെ ഗുരു പറഞ്ഞത് ഒരു ദീര്‍ഘത്തിന്റെ കുറവ് ആ നാട്ടുകാര്‍ക്കുണ്ടെന്നായിരുന്നു. ആ ദീര്‍ഘം പലതിനെയും പ്രതിനിധീകരിച്ച് ഇന്നും ഒരു നാടിനെ മൂടിനില്‍ക്കുന്നുണ്ടെന്ന് ഒരിക്കല്‍ കൂടി വ്യക്തമായത് ഇന്നലെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും കണ്ടപ്പോഴാണ്.

പ്രസാദും ശ്രീജയും പ്രതിനിധീകരിക്കുന്ന നായര്‍-ഈഴവ ജാതികളുടെ പ്രകടമായ വേര്‍തിരിവ് ഇന്നും ആലപ്പുഴ പോലൊരു നാട്ടില്‍ കൃത്യമായി നിലനില്‍ക്കുന്നു. ഏറെ രാഷ്ട്രീയമുന്നേറ്റങ്ങളും നവോഥാന പ്രസ്ഥാനങ്ങളും ഉരുവംകൊണ്ട നാട് അതിന്റെ ക്ലാവുപിടിച്ച കാഴ്ച്ചപ്പാടില്‍ നിന്നും ഇന്നുവരേയും മോചിക്കപ്പെട്ടിട്ടില്ല എന്നുമാത്രമല്ല, അതേറെ ശക്തമായിരിക്കുകയുമാണ്. ഇന്റര്‍കാസ്റ്റ് മാര്യേജുകള്‍ ജാതിയില്ലാതാക്കുന്നില്ല.

"</p

ഭാഷയില്‍ പോലും ജാതിവ്യത്യാസം ഈ നാട്ടില്‍ ഇപ്പോഴും തുടരുന്നുണ്ട്. സിനിമയില്‍ തമാശരംഗങ്ങളായി പ്രേക്ഷകനു തോന്നുന്നതൊക്കെയും ചിരിയേക്കാള്‍ ചിന്തിപ്പിക്കുകയായിരുന്നു. പ്രസാദിന്റെ വീട്ടിലെത്തുന്ന ശ്രീജയോട് അമ്മ ചോദിക്കുന്നില്ലേ, നിങ്ങളെത്ര മണിക്കാണ് ചോറു തിന്നണതെന്ന്? ആ തിന്നണത് എന്നത് ഒരു ജാതി പ്രയോഗമാണ്. ചേര്‍ത്തലയിലെ ഈഴവരുടെ ശൈലി. പക്ഷേ നായര്‍ക്ക് തിന്നുകയല്ല, ഉണ്ണുകയാണ്. ചോറു തിന്നോന്നല്ല, ചോറുണ്ടോന്നാണ് ചോദിക്കുന്നത്. തിന്നണതും ഉണ്ണുന്നതും രണ്ടു ജാതിപ്രയോഗങ്ങളായി ഇന്നും ഈ നാട്ടില്‍ നില്‍ക്കുന്നു.

സംഭാഷണ രചയിതാവായ ശ്യാമിലെ എഴുത്തുകാരന്റെ നിരീക്ഷണപാടവം ഒരു തമാശയ്ക്കപ്പുറം ഭാഷയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന എച്ചിലായി ഇന്നും ജാതിയുണ്ടെന്ന് കാണിച്ചു തരികയായിരുന്നു. ഒരു നായര് ചോറു തിന്നോന്നു ചോദിച്ചാല്‍ അവന്റെ കൂട്ടത്തിലെ ആളുകള്‍ പരിഹസിച്ചു ചിരിക്കും. നീയെന്താ ചോകോമ്മാരുടെ ഭാഷ പറയുന്നേന്നു ചോദിക്കും. അതൊരു കീഴാള പരിഹാസമാണ്. ഭാഷയിലും സവര്‍ണതയും അവര്‍ണതയുമുണ്ടല്ലോ. ഇന്നത്തെ തലമുറയില്‍പ്പെട്ട ഈഴവര്‍ ഈ തിന്നണ രീതി വിട്ട് ഉണ്ടോന്നും കഴിച്ചോന്നും ചോദിക്കുന്നതും പരിഹാസം ഒഴിവാക്കാനാണ്. ജാതിയിലെ അസമത്വങ്ങള്‍ നിലനില്‍ക്കുന്നത് ഇത്തരം ഭാഷാപ്രയോഗങ്ങളിലൂടെയുമാണ്.

ശ്രീജയുടെ അച്ഛന്‍ ശ്രീനിയേട്ടന്‍ ഒരു പ്രതിനിധിയാണ്. ദുരഭിമാനത്തിന്റെ പ്രതിരൂപം. ജീവിക്കാന്‍ കഷ്ടപ്പെടുമ്പോഴും മംഗലത്ത് വീടിന്റെ പ്രതാപം വിട്ടുകളയുന്നില്ല. അതൊരു ഗര്‍വ്വായി മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മകള്‍ ഒരു ചോകോ ചെറുക്കന്റെ കൂടെ പോയപ്പോള്‍ അയാളില്‍ തികട്ടിവന്നതും അതാണ്. നാണക്കേട്… ഒരു നായര് പെണ്ണ് ചോകോ ചെറുക്കന്റെ കൂടെ പോയാല്‍ ഇന്നും നാണക്കേടു തന്നെയാണ്. സ്വന്തം മകളായിട്ടുപോലും അവളോട് നാട്ടിലേക്ക് വരേണ്ടെന്നു പറയാന്‍ ശ്രീനിക്ക് മടിതോന്നാത്തതും ആ മിഥ്യാഭിമാനബോധമാണ്. വ്യക്തമാക്കി പറയുന്നില്ലെങ്കിലും ശ്രീനി നാട്ടിലെ കരയോഗത്തിലെയോ നായര്‍ക്ഷേത്രത്തിലെയോ കമ്മറ്റിയംഗമാണ്. അങ്ങനെയൊള്ളൊരാള്‍ക്ക് മകളെക്കാള്‍ ജാതിസംഘടന തന്നെയാണ് വലുത്. ഇല്ലെങ്കില്‍ സ്വസമുദായത്തില്‍ അയാള്‍ ഒറ്റപ്പെടും. എത്രയെത്ര ശ്രീനിയേട്ടന്മാരാണ് ചുറ്റുമുള്ളത്. അവര്‍ക്കിടയില്‍ നിന്നാണല്ലോ ഇത്രനാളും പുരോഗമനം പറഞ്ഞിരുന്നത്!

സവര്‍ണ്ണത; അതൊരു അംഗീകാരമാണെന്ന നിലയില്‍ ഇപ്പോഴും കൊണ്ടുനടക്കുന്നവരാണ് ശ്രീനിയേട്ടന്മാരും അവരുടെ ഭാര്യമാരും. ആ ‘ചോകോ ചെറുക്കന്‍’ എന്നത് ഒരാക്ഷേപമാണ്. നായരുപെണ്ണ് ചോകോ ചെറുക്കന്റെ കൂടെ പോകുന്നതിലെ ദോഷം ആ വിളിയില്‍ തന്നെയാണ് പ്രകടമാകുന്നത്. ചോകോനും നായരും പുലയനും പറയനും ഉള്ളാടനുമൊക്കെ തന്നെയാണ് മനുഷ്യരെക്കാള്‍ ഈ നാട്ടില്‍ ഉള്ളത്. മനുഷ്യനെ ജാതിയുടെ പേരില്‍ അളക്കാനാണ് എളുപ്പം. ഇന്നും ആലപ്പുഴയില്‍ ഒത്തിരി നാരായണ ചോകോനും തേവന്‍ പുലയനുമൊക്കെയുണ്ട്. ജാതി പറയരുതെന്നു പറയുമ്പോഴും ഒരുവന്റെ ഐഡന്റി അവന്റെ ജാതി തന്നെയായി നിലനിര്‍ത്തിപ്പോരുന്നവര്‍ക്കിടയിലാണ് പുരോഗമനം പറയേണ്ടി വരുന്നത്.

ഇതൊരു സിനിമയാണോ എന്നു ചോദിച്ച സുഹൃത്തിനോട് ഈ വക കാര്യങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ അയാള്‍ക്കും മറിച്ചൊരഭിപ്രായമില്ലായിരുന്നു. ഇരുട്ടത്തു കാണിക്കുന്ന ഒരു കള്ളത്തരമല്ല സിനിമ. പരിവേഷങ്ങള്‍ ചാര്‍ത്തി നില്‍ക്കുന്ന നായകന്മാരുമല്ല സിനിമ. സിനിമ ഒരു സത്യമാണ്; തൊണ്ടിമുതലും ദൃക്‌സാക്ഷിയും എനിക്കു മനസിലാക്കി തന്ന കാര്യമതാണ്. ഈ സത്യസന്ധത എല്ലാവരും ആവര്‍ത്തിക്കാന്‍ തയ്യാറാകാത്തിടത്തോളം എന്റെ സുഹൃത്തിനെപ്പോലെ ഒരുപാടുപേര്‍ക്ക് നല്ല സിനിമയെന്നത് അവര്‍ കണ്ടുശീലിച്ചുപോന്നവയാകണം. വീരനായ നായകനും ദുഷ്ടനായ വില്ലനുമൊക്കെയുള്ളതാണ് അവരുടെ കണ്ണിലെ സിനിമ. ആ തെറ്റിദ്ധാരണകള്‍ മാറണമെങ്കില്‍ അവനവനിലെ കള്ളത്തരങ്ങള്‍ കണ്ടുപിടിച്ചു പറയുന്ന ഇത്തരം സിനിമകള്‍ കണ്ടുശീലിക്കേണ്ടിയിരിക്കുന്നു നമ്മളൊക്കെയും…

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍