UPDATES

സിനിമ

സൂക്ഷ്മരാഷ്ട്രീയങ്ങളുടെ ഒരു യൂണിവേഴ്‌സിറ്റിയാണ് ഈ പോത്തേട്ടന്‍ ബ്രില്യന്‍സ്

എടുത്തെണ്ണിയാല്‍ നേരം തീര്‍ന്നു പോകുന്ന അനേകമനേകം പ്രശ്‌നങ്ങളെ ഒറ്റ നൂലില്‍ കോര്‍ത്തുണ്ടാക്കിയതാണ് ഈ സിനിമ

ജീന്‍ വാല്‍ ജീനെ ഓര്‍മ്മയില്ലേ? ഒരൊറ്റ റൊട്ടിക്കഷ്ണം മോഷ്ടിച്ചതിന് പത്തൊമ്പത് വര്‍ഷക്കാലം ജയിലില്‍ കഴിയേണ്ടി വന്ന ജീന്‍ വാല്‍ ജീന്‍; വിക്ടര്‍ ഹ്യൂഗോയിലെ പാവങ്ങളിലെ നായകന്‍? വ്യവസ്ഥ മനുഷ്യനെ വിഴുങ്ങിക്കളയുന്നത് അങ്ങനെയൊക്കെയാണ്. അതേ വ്യവസ്ഥയെ നോക്കിക്കൊണ്ടാണ് പ്രസാദ്, വിശപ്പല്ലേ സാര്‍ എല്ലാം, എന്ന് കൊല്ലുന്ന ഒരു ചിരി ചിരിക്കുന്നത്. വ്യവസ്ഥയോടുള്ള, അതിന്റെ പല തരം അധികാര രൂപങ്ങളോടുള്ള കൊല്ലുന്ന ചിരിയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന ഈ സിനിമ.

ഒരെഴുത്തിനോ ഒരു ശബ്ദരേഖയ്‌ക്കോ ഈ സിനിമയെ തൊടാനാവില്ല എന്നതാണ് സിനിമയുടെ ആദ്യത്തെ ഹൈലൈറ്റ്. നമുക്ക് എഴുതിയോ പറഞ്ഞോ വിവരിക്കാവുന്നതിന്റെ, അത് ഫലത്തിലെത്തിക്കാവുന്നതിന്റെ വിപരീതാനുപാതത്തിലാണ് ഒരു സിനിമ ദൃശ്യകല എന്ന രീതിയില്‍ പൂര്‍ണതയോടടുക്കുന്നത്. നമ്മളെക്കൊണ്ട് പറ്റരുത്, നമ്മള്‍ക്ക് ക്യാമറയാവാനാവില്ലല്ലോ എന്ന പകരം വെക്കാനില്ലാത്ത നിസ്സഹായതയാണ് മികച്ച സിനിമയുടെ സത്ത എന്നതിനാല്‍ തന്നെ സിനിമയുടെ സങ്കേതങ്ങള്‍ക്കകത്ത് അത്രമേല്‍ ഭദപ്പെടുത്തിയ ഈ ആഖ്യാനത്തിന് ദിലീഷ് പോത്തന്‍ എന്ന സംവിധായകനും രാജീവ് രവി എന്ന ക്യാമറാമാനും ശ്യാം പുഷ്‌കരന്‍ എന്ന ക്രിയേറ്റീവ് ഡയറക്ടര്‍ക്കും ആദ്യമേ കയ്യടികള്‍.

അഭിമാന മൂലധനമായി കൊണ്ടാടുന്ന ജാതിയെ, അതിന്റെ പരിസരങ്ങളെ സൂക്ഷ്മമായി ചര്‍ച്ചയ്ക്കെടുക്കുകയാണ് സിനിമ ആദ്യ ഭാഗങ്ങളില്‍. പാഞ്ഞു പോകുന്ന മഞ്ഞക്കൊടികളില്‍ നിന്ന് ക്യാമറ ഷിഫ്റ്റ് ചെയ്യപ്പെടുന്നത് കാസര്‍ക്കോട്ടെ കാവിക്കൊടികളിലേക്കാണ്. പിന്നീടാണ് വിശപ്പിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നത്. പ്രാദേശിക ഉത്സവങ്ങളില്‍ വരെ കടന്നെത്തുന്ന അതേ ക്യാമറയാണ് ആധാര്‍ കാര്‍ഡില്ലാത്തവന്റെ നിസഹായതകളിലേക്കും ദേശ, കാലാതിരുകള്‍ ബാധകമല്ലാത്ത വിശപ്പിന്റെ രാഷ്ട്രീയത്തിലേക്കും നമ്മളെ കൊണ്ടു പോവുന്നത്. ഒരേ സമയം ലോക്കല്‍ ആവുകയും അതേ സമയം ഗ്ലോബല്‍ ആയിരിക്കുകയും ചെയ്യുന്ന ഈ കഥ പറച്ചില്‍ രീതിക്കും ശ്രീജയുടേതടക്കമുള്ള കഥാപാത്രസൃഷ്ടിക്കുമുള്ളതാണ് അടുത്ത കയ്യടി. സജീവ് പാഴൂരിന്റെ തിരക്കഥ അത്രമേല്‍ സൂക്ഷ്മം, അത്രമേല്‍ ഭദ്രം.


കുടുംബവും പോലീസ് സ്റ്റേഷനും രണ്ടുതരം സ്ഥാപനങ്ങള്‍. രണ്ടിടത്തും പല മാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അധികാരപരതകള്‍. കോണ്‍സ്റ്റബിള്‍, എസ്.ഐ, സി.ഐ എന്നിങ്ങനെ പോവുന്ന കൃത്യമായി ശ്രേണി തിരിക്കപ്പെട്ട പവര്‍ പൊസിഷനുകള്‍. ഇതേ പവര്‍ പൊസിഷനുകള്‍ ശ്രീജയുടെ വീട്ടിനകത്തും പ്രവര്‍ത്തിക്കുന്നത് കാണാം. ചേച്ചി, അമ്മ, അച്ഛന്‍ അവരിലൊക്കെ ശ്രേണി തിരിച്ചുള്ള പൊസിഷനുകള്‍. വെറും കളവ് കേസ് സ്റ്റേഷനിലെത്തുമ്പോള്‍ റോബറി ആവുന്ന അതേ അനായാസതയിലാണ് മകളുടെ പ്രണയം കുടുംബത്തിന്റെ അഭിമാനപ്രശ്‌നമായി ഏറ്റെടുക്കപ്പെടുന്നത്. ആത്മഹത്യാ ഭീഷണി, വധഭീഷണി, തല്ല്, കുത്തു വാക്ക് എന്നിങ്ങനെ ഏതെല്ലാം മൂന്നാം മുറകളാണ് എളുപ്പത്തില്‍ വീടിനകത്തും സ്റ്റേഷനിലെന്ന പോലെ ആരംഭിക്കുന്നത്. അധികാരത്തിന്റെ കേന്ദ്രീകരണങ്ങള്‍ ഏത് വ്യവസ്ഥയേയും എങ്ങനെയെല്ലാം വികൃതമാക്കുന്നു എന്ന തുറന്നു വെയ്പാണിവിടെ.

മേലുദ്യോഗസ്ഥന്റെ മുന്നില്‍ മാറിപ്പോകുന്ന ഫാന്‍ സ്വിച്ചില്‍, പരാതിക്കാരന് മുന്നിലേക്ക് നീക്കിവെച്ചു കൊടുക്കുന്ന ഒരു ബില്ലില്‍, എനിക്കിതില്‍ ഉത്തരവാദിത്തമില്ലാട്ടാ എന്ന മേലുദ്യോഗസ്ഥന്റെ കൈകഴുകലില്‍ ഒക്കെത്തന്നെയും അധികാരം പ്രവര്‍ത്തിക്കുന്നത് എത്ര സൂക്ഷ്മമായാണ് അവതരിക്കപ്പെട്ടിട്ടുള്ളത് സിനിമയില്‍. ഈ വ്യവസ്ഥയാണ് ശരിയെന്ന പ്രഖ്യാപനമായിരുന്നു റിയലിസ്റ്റിക് പോലീസ് സിനിമയെന്ന് കൊട്ടിഘോഷിക്കപ്പെട്ട ആക്ഷന്‍ ഹീറോ ബിജുവിലേതെങ്കില്‍ ഇതെത്ര അര്‍ത്ഥശൂന്യമെന്ന തിരിച്ചറിവാണ് ഈ സിനിമയുടെ കാതല്‍. ഈ ആണുങ്ങള്‍ക്കൊക്കെ വട്ടാണോ അമ്മച്ചി, എന്ന ഒറ്റപ്പറച്ചിലില്‍ ജിന്‍സി മഹേഷിന്റെ പ്രതികാരത്തിലെ നിര്‍ണായക ശക്തിയാവുന്നത് പോലെ തല്ലിയൊന്നും ആരെയും നേരെയാക്കാനാവില്ലേന്ന് ചോദിക്കുന്ന ചന്ദ്രന്‍ പോലീസിന്റെ ഭാര്യയാണ് ഈ സിനിമയെ ഉപസംഹരിക്കുന്നത്.

സീല്‍ വെച്ചൊരു കാര്‍ഡ് കയ്യിലില്ലെങ്കില്‍ നഷ്ടപ്പെടുന്ന ഒന്നാണ് ഇക്കാലത്ത് വ്യക്തിയെന്ന നിലയിലെ മൊത്തം ഐഡന്റിറ്റി. ഊമയായും എരുമയായും മാറേണ്ട ഗതികേടുകളില്‍ വരെ അത് നമ്മളെ കൊണ്ടെത്തിക്കും. കള്ളന്‍ സ്വര്‍ണമാല മാത്രമല്ല, പ്രസാദിന്റെ പേരുമാണ് മോഷ്ടിക്കുന്നത്. എന്നാലത് മാത്രമല്ല മോഷ്ടിക്കുന്നത്. ശ്രീജ കളവ് പറയില്ലെന്ന ആത്മവിശ്വാസമൊന്നും പിന്നീടങ്ങോട്ട് ഭര്‍ത്താവിനത്രയില്ല. നീ ശ്രദ്ധിക്കണമായിരുന്നു എന്നെളുപ്പത്തില്‍ അയാള്‍ക്ക് ചുവട് മാറാനാവുന്നുണ്ട്. കള്ളന്‍ എടുത്തു കൊണ്ടു പോവുന്നത് ചില വിശ്വാസങ്ങളെ കൂടിയാണ്. ഇതേ വിശ്വാസ നഷ്ടം പോലീസുകാര്‍ക്ക് ചന്ദ്രന്‍ പോലീസിന്റെ കാര്യത്തിലും കാണാം. കൂടെ നിങ്ങള്‍ പോവണ്ടെന്ന് മേലധികാരിയെ കൊണ്ട് പറയിക്കാന്‍ പാകത്തില്‍ എന്തോ ഒന്ന് അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ആളുകളുടെ ഒറ്റപ്പറച്ചിലില്‍ ഇതേ പോലൊരു വിശ്വാസ നഷ്ടം അനുഭവിച്ചവരാണ് ശ്രീജയുടെ അച്ഛനും അമ്മയും. ഒരു തൊണ്ടിമുതലിന്റെ നഷ്ടത്തിലോ വീണ്ടെടുപ്പിലോ തീരാവുന്ന വിശ്വാസങ്ങളേ നമ്മള്‍ മനുഷ്യര്‍ക്കിടയിലുള്ളൂ എന്ന് കൂടി പറയുകയാവാം സിനിമ.


പ്രസാദിന്റേതെന്നും ശ്രീജയുടേതെന്നും തോന്നിച്ച സിനിമ പെട്ടെന്ന് എവിടെ വെച്ചോ കള്ളന്റെതാവുന്നു. അയാള്‍ക്കില്ലാത്ത മാതാപിതാക്കള്‍, വിശപ്പും അരക്ഷിതാവസ്ഥകളും പങ്കിട്ടെടുക്കുന്ന ബാല്യം അങ്ങനോരോന്നും നമ്മളെ അസ്വസ്ഥരാക്കാന്‍ തുടങ്ങുമ്പോള്‍ സിനിമ പെട്ടെന്ന് ചന്ദ്രന്‍ പോലീസിന്റേതാകുന്നു. അയാളുടെ ഗതികേടിന്റെ ഓട്ടപ്പാച്ചിലുകള്‍, ജോലി നഷ്ടത്തിന്റെ ഭീഷണി, ഗുളിക വിഴുങ്ങിക്കുന്ന സമ്മര്‍ദ്ദങ്ങള്‍. നമ്മുടെ ഫോക്കസ് ഇതിലേക്കാവുമ്പോള്‍ പിന്നെയത് സ്റ്റേഷന്റെ തന്നെ സിനിമയാവുന്നു. അവരുടെ നില്‍ക്കക്കള്ളിയില്ലായ്മകള്‍ ഒരു ഭാഗത്ത്, പോരായ്മകളും പിടിപ്പുകേടുകളും അധികാരത്തിന്റെ കൊഴുപ്പുകളും ക്രൂരതകളും മറുഭാഗത്ത്. ഇങ്ങനെ എല്ലാവരുടേതുമാകുന്നുണ്ട് സിനിമ. പ്രതിയെന്ന് തോന്നിച്ച, കള്ളനെന്ന് നമ്മളെക്കൊണ്ട് വിളിപ്പിച്ച അതേ മനുഷ്യനോട് എത്രയെളുപ്പത്തിലാണ് അനുകമ്പ തോന്നിക്കുന്നത്. അമ്പലപ്പറമ്പിലും വീട്ടിലും വയലന്‍സുണ്ടാകുമെന്ന് പേടിച്ച് അകത്തിടുന്ന അതേ മനുഷ്യനാണ് ഒടുവില്‍ നമുക്ക് വേണ്ടി, നമ്മുടെ സ്ഥാനത്തിരുന്ന് കള്ളനായ പ്രസാദിനൊരു ആശ്വാസമാകുന്നത്. വീണ്ടും വിക്ടര്‍ ഹ്യൂഗോയുടെ ‘പാവങ്ങള്‍’ ഓര്‍മ വരുന്നു. മനുഷ്യനല്ല, മനുഷ്യാവസ്ഥകളാണ് പലപ്പോഴും ആയിത്തീരലുകളെ നിര്‍ണയിക്കുന്നതെന്നോര്‍ക്കേണ്ടി വരുന്നു.

താലിമാല മുന്‍നിര്‍ത്തി അരങ്ങേറുന്ന വൈകാരിക നാടകങ്ങള്‍, മൊബൈല്‍ ടവര്‍, മുന്‍ വിധികളില്‍ തീര്‍പ്പ് നടപ്പാക്കാനെത്തുന്ന ആള്‍ക്കൂട്ടങ്ങള്‍ അങ്ങനങ്ങനെ എടുത്തെണ്ണിയാല്‍ നേരം തീര്‍ന്നു പോകുന്ന അനേകമനേകം പ്രശ്‌നങ്ങളെ ഒറ്റ നൂലില്‍ കോര്‍ത്തുണ്ടാക്കിയതാണ് ഈ സിനിമ. സൂക്ഷ്മരാഷ്ട്രീയങ്ങളുടെ ഒരു യൂണിവേഴ്‌സിറ്റിയാണ് ഈ പോത്തേട്ടന്‍ ബ്രില്യന്‍സ്. കളിക്കളം നിറഞ്ഞാടുന്ന ഫഹദിന് മാത്രമല്ല, സുരാജിനും നിമിഷയ്ക്കും അലന്‍സിയര്‍ക്കുമുണ്ട് കനത്ത കയ്യടികള്‍ക്കുള്ള അവകാശങ്ങള്‍. ബിജിപാലിന്റെ പശ്ചാത്തല സംഗീതവും പ്രശംസനീയം. ഇത്രയും പറഞ്ഞിട്ടും സിനിമയുടെ അഞ്ച് ശതമാനമേ തൊടാനാവുന്നുള്ളൂ എന്ന പരിമിതി തിരിച്ചറിയുന്നുണ്ട്. ഇതേ പരിമിതിയാണ് അനുഭവത്തിന്റെ സിനിമ എന്ന നിലയില്‍ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന സിനിമയെ തലയുയര്‍ത്തി നിര്‍ത്തുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ജിപ്സ പുതുപ്പണം

ജിപ്സ പുതുപ്പണം

എഞ്ചിനീയറിംഗ് ബിരുദധാരി, സാമൂഹ്യ നിരീക്ഷക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍