UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

Off-Shots

അപര്‍ണ്ണ

സിനിമ

തൃശിവപ്പേരൂര്‍ ക്ലിപ്തം അഥവ മലയാള സിനിമയിലെ തൃശൂര്‍ ക്ലീഷേയുടെ മടുപ്പ്

സിനിമയുടെ നരേഷനും ബോള്‍ഡാവാന്‍ മസിലു പിടിക്കുന്ന നായികയുമൊക്കെ കണ്ടു മടുത്ത കാഴ്ച്ചകളാണ്

അപര്‍ണ്ണ

പുതുമുഖ സംവിധായകന്‍ രതീഷ് കുമാറിന്റെ തൃശ്ശിവപേരൂര്‍ ക്ലിപ്തത്തിന് നല്ല പ്രീ റിലീസ് ഹൈപ്പ് ഉണ്ടായിരുന്നു. പേരിലെ കൗതുകവും ആസിഫ് അലി ഉള്‍പ്പടെയുള്ള താരനിരയുമൊക്കെയായിരുന്നു പ്രധാന കാരണങ്ങള്‍. തൃശൂരിനോടുള്ള കൗതുകവും ട്രെയിലറിലേയും പാട്ടിലേയും ഹ്യൂമര്‍ ടോണുമൊക്കെ മറ്റു കാരണങ്ങളാവാം. ഫീല്‍ ഗുഡ് ലൈനിലുള്ള പ്രതീക്ഷകളും സിനിമയ്ക്കുണ്ടായിരുന്നു.

ഗിരിജ വല്ലഭന്‍ (ആസിഫ് അലി) നാണം കുണുങ്ങിയും ഭീരുവുമായ ചെറുപ്പക്കാരനാണ്. പെണ്ണും പണവും കൊണ്ട് ഹീറോ ആകാന്‍ അയാള്‍ നടത്തുന്ന ശ്രമങ്ങള്‍ ഒന്നിനു പുറകെ ഒന്നായി പരാജയപ്പെടുന്നു. ധീരനാവാന്‍ തീരുമാനിച്ച്, അടിപിടിയും നാടന്‍ അധോലോക പ്രവര്‍ത്തനങ്ങളും ഉള്ള ഡേവിഡ് പോളിയുടെയും (ചെമ്പന്‍ വിനോദ്) സംഘത്തിന്റെയും ഗ്യാങ്ങിലെത്തുന്നു ഗിരിജ വല്ലഭന്‍. ആ സംഘത്തിന്റെയും എതിരാളി ജോസ് ചെമ്പാടന്റെയും (ബാബുരാജ് ) കൂട്ടാളികളുടെയും കിടമത്സരങ്ങളുടെയും കുതന്ത്രങ്ങളുടെയും ലോകത്ത് ഗിരിജ വല്ലഭന്‍ എങ്ങനെ മാറുന്നു എന്നൊക്കെയാണ് സിനിമ പറയുന്നത്. ധീരയും തന്റേടിയുമായ ഓട്ടോ ഡ്രൈവര്‍  ഭാഗീരഥിയും (അപര്‍ണ ബാലമുരളി) ഗിരിജ വല്ലഭന്റെ കൗതുകമാണ്.

തൃശൂര്‍ ഭാഷ, നഗരം ഒക്കെ മലയാള സിനിമക്ക് വളരെ പ്രിയപ്പെട്ട സാധ്യതകളാണ്. രണ്ടും ഉണ്ടാക്കുന്ന കൗതുകത്തെ പരമാവധി പല തലങ്ങളില്‍ പല കാലങ്ങളില്‍ പോപ്പുലര്‍ മലയാള സിനിമ ഉപയോഗിച്ചിട്ടുണ്ട്. കേവല ഹാസ്യവും അതിവൈകാരികതയും തൃശൂര്‍ പശ്ചാത്തലത്തില്‍ സിനിമകള്‍ എക്‌സ്‌പ്ലോര്‍ ചെയ്യുന്നുണ്ട്. തൂവാനത്തുമ്പികളും പ്രാഞ്ചിയേട്ടനും പുണ്യാളനുമെല്ലാം ഇങ്ങനെയുള്ള ചില ജനപ്രിയ ഉദാഹരണങ്ങളാണ്. ആ സാധ്യതയുടെ മിനിമം ഗ്യാരണ്ടിയില്‍ പ്രതീക്ഷ കൊടുത്താണ് തൃശിവപേരൂര്‍ ക്ലിപ്തവും പുറത്തിറങ്ങിയത്. ‘തൃശൂര്‍ മുഴുവനും റൗണ്ടണ്’ എന്ന തീം സോംഗ് സിനിമയുടെ മാര്‍ക്കറ്റിങ്ങ് സ്ട്രാറ്റജികളില്‍ ഒന്നായിരുന്നു. റൗണ്ട്, വടക്കുംനാഥന്‍, നഗരപ്രാന്തങ്ങള്‍ ഒക്കെ സമൃദ്ധമായി സിനിമ പരസ്യം ചെയ്തിരുന്നു.

"</p

ഒരു പ്രദേശത്തെ അടയാളപ്പെടുത്തുക എന്ന വെല്ലുവിളി കൂടിയുണ്ടായിരുന്നു ഈ സിനിമയ്ക്ക്. അങ്കമാലി ഡയറീസ്, കെഎല്‍10 പത്ത് പോലുള്ള ഒരു സമീപകാല അടയാളപ്പെടുത്തല്‍ കൂടിയാണിത്. തൃശൂരിനെ പോലെയുള്ള ബഹുസ്വരതയുള്ള ഒരു നാടിനെ അടയാളപ്പെടുത്തല്‍ അത്ര എളുപ്പമല്ല. തൊട്ടു മുന്‍പിറങ്ങിയ ‘വര്‍ണ്യത്തില്‍ ആശങ്ക’ വരെ പരീക്ഷിച്ച ലാന്‍ഡ് സ്‌കേപ്പ് ആണത്. തൃശിവപ്പേരൂര്‍ ക്ലിപ്തം എന്ന പേരിട്ടതു മുതല്‍ തുടങ്ങിയ ആ വെല്ലുവിളി പക്ഷെ തീം സോങ്ങിലും ഭാഷാ പരീക്ഷണങ്ങളിലും ഒതുങ്ങി. ഇരുണ്ട തൃശൂര്‍ ഉള്‍വഴികലെ അധോലോകം ഒന്നും അത്തരത്തില്‍ അടയാളപ്പെടത്തിയില്ല. പലതും അങ്കമാലി ഡയറീസിന്റെ അനുകരണം പോലെ അനുഭവപ്പെട്ടു; ട്രെന്‍ഡുകള്‍ക്ക് പുറകെ പോകും പോലെ. പോര്‍ക്കും ഗുണ്ടാഡയലോഗുമുള്ള പല രംഗങ്ങളും അത്തരത്തിലൊരു അനുഭവമാണ് തന്നത്.

ക്ലീഷേകളുടെ ഒരു നിര കൂടിയാണ് ഈ സിനിമ. ചെമ്പാടന്റെയും പോളിയുടെയും വൈരം, അതിന്റെ ബാക്ക് ഡ്രോപ്പ്, അവരുടെ സംഭാഷണങ്ങള്‍, ഉപകഥകള്‍, ഗിരിജാ വല്ലഭന്‍ തുടങ്ങി ഓരോ ചെറിയ സന്ദര്‍ഭങ്ങളും പലകുറി കണ്ടു മടുത്ത കുറേ കാഴ്ചകളാണ്. പ്രാഞ്ചിയേട്ടനിലെ സ്‌കൂള്‍ രംഗങ്ങള്‍, അങ്കമാലി ഡയറീസിലെ ഭക്ഷണ, മദ്യപാന രംഗങ്ങള്‍ തുടങ്ങി ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലെ ലൈംഗിക തൊഴിലാളിയുടെ മകളെ ഓര്‍മിപ്പിക്കുന്ന ഭാഗീരഥി വരെ ആവര്‍ത്തന വിരസമാണ്. സിനിമയുടെ നരേഷനും ബോള്‍ഡാവാന്‍ മസിലു പിടിക്കുന്ന നായികയുമൊക്കെ കണ്ടു മടുത്ത കാഴ്ച്ചകളാണ്.

തൃശൂര്‍ മലയാള പോപ്പുലര്‍ സിനിമയുടെ മടുപ്പിക്കുന്ന ക്ലീഷേ ആണ്. ആ ക്ലീഷേയുടെ ആവര്‍ത്തനം മാത്രമാവുന്നുണ്ട് പലപ്പോഴും തൃശിവപേരൂര്‍ ക്ലിപ്പതവും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍