UPDATES

സിനിമ

ഗോദ: ഗുസ്തി പിടിക്കുക മാത്രമല്ല, മലര്‍ത്തിയടിക്കും ഈ മലയാള സിനിമ

ഒരു സംവിധായകന്‍ എന്ന നിലയില്‍ താന്‍ വയസറിയിച്ചു എന്നു പ്രഖ്യാപിക്കുകയാണ് ബേസില്‍ ജോസഫ്.

മുഖ്യധാര മലയാള സിനിമ പെണ്‍കരുത്തിന്റെ കഥകളിലേക്ക് ആത്മവിശ്വാസത്തോടെ ചാടി ഇറങ്ങിയത് ഹൌ ഓള്‍ഡ് ആര്‍ യു എന്ന മഞ്ജു വാര്യര്‍ ചിത്രത്തിലൂടെയായിരുന്നു. 36 വയസ്സു കഴിയുമ്പോഴേക്കും മനസിന് വാര്‍ധക്യം ബാധിക്കുന്ന സ്ത്രീകള്‍ക്ക് ഒരു ഉത്തേജന മരുന്നായി ആ സിനിമ മാറി. അതിനെ തുടര്‍ന്ന് മഞ്ജു വാര്യര്‍ തന്നെ അഭിനയിച്ചതും അല്ലാത്തതുമായ നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങി. ഏറ്റവുമൊടുവില്‍ മെഗാ വിജയമായ ടെയ്ക്ക് ഓഫ്, C/oസൈറാഭാനു, രാമന്‍റെ ഏദന്‍തോട്ടം എന്നീ സിനിമകളിലൂടെയും ഒരു സ്ത്രീപക്ഷ ഇടം മലയാള സിനിമയില്‍ സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്ന സൂചനയാണ് നല്‍കുന്നത്. അതില്‍ പല ചിത്രങ്ങളും ബോക്സോഫീസില്‍ മികച്ച വിജയമായിരുന്നു എന്നത് പൊതു സമൂഹം മാറി ചിന്തിക്കുന്നു എന്നതിന്‍റെ തെളിവുകൂടിയാണ്. ഇതിനിടയില്‍ പുത്തന്‍പണവും ബിയോണ്ട് ദി ബോര്‍ഡറും ജോര്‍ജ്ജേട്ടന്റെ പൂരവും ഒക്കെ തകര്‍ന്നു വീഴുന്നതും നമ്മള്‍ കാണുന്നുണ്ട്. മലയാള സിനിമയ്ക്കകത്തും പുറത്തും പെണ്ണുങ്ങള്‍ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതിന്‍റെ തെളിവായിട്ടു കൂടി ‘വിമണ്‍ കലക്ടീവ് ഇന്‍ സിനിമ’ എന്ന മഞ്ജു വാര്യരും പാര്‍വ്വതിയും റിമയും ബീനാ പോളും അഞ്ജലി മേനോനും വിധു വിന്‍സന്‍റുമൊക്കെ ചേര്‍ന്നുള്ള പുതിയ കൂട്ടായ്മയെ കാണാമെന്നും തോന്നുന്നു.

ഇത്രയും എഴുതിയത് ബേസില്‍ ജോസഫിന്റെ ‘ഗോദ’ എന്ന, വലിയ അവകാശ വാദങ്ങളൊന്നും ഇല്ലാതെ എത്തിയ ഒരു കൊച്ചു ചിത്രത്തെക്കുറിച്ച് പറയാനാണ്. സിനിമ അവതരിപ്പിക്കുന്നത് കണ്ണാടിക്കല്‍ എന്ന ഗ്രാമത്തിലെ ആണ്‍കരുത്തിന്‍റെ കഥയാണെങ്കിലും അത് പറയുന്നത് അദിതി സിംഗ് എന്ന പഞ്ചാബി പെണ്‍കുട്ടിയുടെ ജീവിതത്തോടുള്ള പോരാട്ടത്തിന്‍റെയും നിശ്ചയദാര്‍ഡ്യത്തിന്‍റെയും വിജയത്തിന്‍റെയും കഥ കൂടിയാണ്. ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷ നിലനിര്‍ത്തുന്ന ഒരു ശുദ്ധ ഗ്രാമീണ ചിത്രം എന്ന നിലയില്‍ സത്യന്‍ അന്തിക്കാടും ശ്രീനിവാസനുമൊക്കെ 80-കളില്‍ ചെയ്തതിന്‍റെ മനോഹരമായ തുടര്‍ച്ചയായി മാറുന്നുണ്ട് ഗോദ.

കണ്ണാടിക്കല്‍ എന്ന സാങ്കല്‍പ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഗുസ്തിക്ക് പേരുകേട്ട ഈ ഗ്രാമം പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല. ഫയല്‍വാന്‍മാരുടെ ഗുസ്തിമത്സര വീരസാഹസിക കഥകളൊക്കെ പഴഞ്ചനായിരിക്കുന്നു. വാര്‍ദ്ധക്യത്തിലേക്ക് കാലൂന്നിയ പഴയ താരങ്ങളുടെ ഓര്‍മ്മകളും ക്യാപ്റ്റന്റെ (രഞ്ജി പണിക്കര്‍) അഖാടയുമല്ലാതെ മറ്റൊന്നും അവിടെയില്ല. പുതുതലമുറയ്ക്ക് അതിലൊന്നും താത്പര്യവുമില്ല. അവരൊക്കെ ക്യാപ്റ്റന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘കുട്ടിയും കോലും’ കളിയുടെ പിന്നാലെയാണ്. ക്യാപ്റ്റനും അയാളുടെ മകന്‍ ആഞ്ജനേയ ദാസ് (ടോവിനോ) കൂടി ഉള്‍പ്പെട്ട ക്രിക്കറ്റ് ഭ്രാന്തന്‍മാരായ യുവാക്കളും തമ്മിലുള്ള സംഘര്‍ഷങ്ങളും അവയുണ്ടാക്കുന്ന ഹാസ്യവും സിനിമയുടെ ആദ്യപകുതിയെ രസകരമാക്കുന്നുണ്ട്. അവിടേക്കാണ് അദിതി സിംഗ് (വാമിഖ) എന്ന പഞ്ചാബി ഗുസ്തിക്കാരി കടന്നു വരുന്നത്. തുടര്‍ന്നുള്ള സംഭവ വികാസങ്ങള്‍ ഒരു സ്പോര്‍ട്ട്സ് ഡ്രാമയ്ക്ക് അനുയോജ്യമായ ത്രില്ലും ചേര്‍ത്തവതരിപ്പിക്കാന്‍ ബേസിലിനും കൂട്ടര്‍ക്കും കഴിഞ്ഞിട്ടുണ്ട്.

ഒളിംപിക്സില്‍ പിവി സിന്ധുവും സാക്ഷി മാലിക്കും നേടിയ വന്‍വിജയങ്ങള്‍ ഇന്ത്യന്‍ കായിക രംഗത്ത് വനിതകളുടെ ഉണര്‍വ്വിന് തന്നെ കാരണമായിട്ടുണ്ട്. ഗീത ഫോഗാട്ട്, ബബിത കുമാരി എന്നീ ഗുസ്തി താരങ്ങളുടെ യാഥാര്‍ഥ ജീവിത കഥ അവതരിപ്പിച്ച ദംഗല്‍ എന്ന ചിത്രം പെണ്‍കുട്ടികളെ പിന്നണിയില്‍ നിര്‍ത്താനുള്ള യാഥാസ്ഥിതിക പുരുഷ മേധാവിത്ത സമൂഹത്തിന്‍റെ ശ്രമങ്ങളെ തകര്‍ക്കുന്നതിന്റെ മികച്ച ഉദാഹരണമായി നമ്മളുടെ മുന്‍പിലുണ്ട്. ഇപ്പോള്‍ ബോക്സോഫീസില്‍ 1200 കോടി കളക്റ്റ് ചെയ്തു കഴിഞ്ഞു എന്നത് ഒരു ആമീര്‍ ഖാന്‍ സിനിമ എന്നതിനപ്പുറം പ്രമേയത്തിന്‍റെ കരുത്തു കൂടിയാണ് തെളിയിക്കുന്നത്. സ്പോര്‍ട്സിനെ പെണ്‍വിജയത്തിന്റെ മാധ്യമമാക്കുന്ന അത്തരം സിനിമകളുടെ വിജയ പരമ്പരയിലേക്കാണ് ഗോദയും ഇടം പിടിച്ചിരിക്കുന്നത്.

അന്യം നിന്നു പോകുന്ന ഒരു പൈതൃകത്തെ കുറിച്ചുള്ള ഗൃഹാതുര ഓര്‍മ്മകളുമായി ക്ലീഷേ ആയിപ്പോകാവുന്ന ഒരു ചിത്രത്തെ ഊര്‍ജ്ജസ്വലമായ അനുഭവമാക്കി മാറ്റി എന്നതിന് സംവിധായകന്‍ ബേസില്‍ ജോസഫ് മികച്ച കയ്യടി അര്‍ഹിക്കുന്നുണ്ട്. ഒരു സാധാരണ ഹാസ്യ ചിത്രത്തിലേക്ക് താന്‍ ജീവിക്കുന്ന കാലത്തെ കൂടി കൊണ്ടുവരുന്നിടത്താണ് സംവിധായകന്‍റെ ഇടപെടല്‍. അത് പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാന്‍ തിരക്ക് കൂട്ടുന്ന, അവര്‍ കുടുംബം നോക്കാനും ഭക്ഷണം ഉണ്ടാക്കാനും പ്രസവിക്കാനും ഉള്ളവരായി മാത്രം കാണുന്ന സമൂഹത്തോടുള്ള വിമര്‍ശനത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. പഞ്ചാബില്‍ ബീഫും പൊറോട്ടയും അന്വേഷിച്ചു പോകുന്ന നായകന്‍റെ കൂട്ടുകാരനായ തമിഴ് യുവാവിനെ ഗോ രക്ഷാ ദള്‍ മര്‍ദിക്കുന്നതും വടക്കേ ഇന്ത്യയിലെ ദുരഭിമാന കൊലയെ കുറിച്ചുള്ള സൂചനകളുമെല്ലാം അങ്ങനെയുള്ള ചില ഉദാരണങ്ങളാണ്.

മനയത്ത് വയല്‍ എന്ന ഗുസ്തി മൈതാനത്ത് ഒരു സ്റ്റേഡിയം പണിയണം എന്നാണ് പുതുതലമുറയുടെയും അധികൃതരുടെയും ആഗ്രഹം. അതിനു തടസ്സം നില്‍ക്കുന്നത് പഴയ ഫയല്‍വാന്‍മാരാണ്. ക്യാപ്റ്റന്റെ സന്തതസഹചാരിയായ ഫയല്‍വാന്‍ പറയുന്നത് ഇങ്ങനെയാണ്, ‘വികസനമെന്ന പേരില്‍ ഇവിടെ സ്റ്റേഡിയം പണിയുമ്പോള്‍ അറുക്കുന്നത് ഞങ്ങളുടെ വേരുകളെയാണ്. അതിനെ ജീവന്‍ കൊടുത്തും ഞങ്ങള്‍ തടയുക തന്നെ ചെയ്യും’. ഈ വാക്കുകളില്‍ ഇന്ന് ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും കേള്‍ക്കുന്ന സമാന അനുഭവങ്ങളുടെ പിടച്ചിലുകള്‍ പ്രേക്ഷകന് അനുഭവിക്കാന്‍ സാധിക്കും.

അദിതി സിംഗായി എത്തിയ പഞ്ചാബി നടി വാമിഖ ഗബ്ബി ഒരു ഗുസ്തി താരം എന്ന നിലയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഉത്സവ പറമ്പില്‍ തന്നെ ശല്യപ്പെടുത്താന്‍ എത്തിയ ഞരമ്പ് രോഗികളെ അവള്‍ നേരിടുന്നതൊക്കെ മനസില്‍ നിലനില്‍ക്കുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ വാമിഖയ്ക്ക് സാധിച്ചിട്ടുണ്ട്. സൌഹൃദവും പ്രണയവും നിശ്ചയദാര്‍ഡ്യവുമെല്ലാം ആ കണ്ണുകളില്‍ മിന്നി മറയുന്നത് നമുക്ക് അനുഭവിക്കാം.

ഗപ്പി, ഒരു മെക്സിക്കന്‍ അപാരത എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ നായക നിരയിലെ പുതിയ തരംഗമായ ടൊവിനോ ലോലനായ കാമുകനെയും കടുപ്പക്കാരനായ ഗുസ്തിക്കാരനെയും അനായാസമായി അവതരിപ്പിച്ചിരിക്കുന്നു. ഒരു മുഖ്യധാര സിനിമയിലെ നായകന് വേണ്ട അഭിനയ ശൈലിയും ആകാരവുമുള്ള ടൊവിനോയുടെ സിനിമാ ഭാവി ഭദ്രമാണ് എന്നുറപ്പിക്കുന്നതാണ് ഗോദയിലെ പ്രകടനം.

ചിത്രത്തില്‍ ഏറ്റവും കയ്യടി അര്‍ഹിക്കുന്ന താരം രഞ്ജി പണിക്കര്‍ അവതരിപ്പിച്ച ഗുസ്തി കോച്ച് ക്യാപ്റ്റനാണ്. നടനെന്ന നിലയില്‍ മലയാള സിനിമയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതിന് ശേഷം രഞ്ജി പണിക്കര്‍ വേറിട്ട നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ എന്തുകൊണ്ടും ഒരുപടി മുന്‍പില്‍ നില്‍ക്കുന്ന കഥാപാത്രമാണ് ക്യാപ്റ്റന്‍.

അജുവര്‍ഗ്ഗീസ് നേതൃത്വം കൊടുത്ത കോമഡി സംഘം അവരുടെ ഉത്തരവാദിത്തം നന്നായി നിര്‍വഹിച്ചിട്ടുണ്ട്. സിനിമയ്ക്ക് പ്രേക്ഷക പ്രീതി നേടിക്കൊടുക്കുന്നതില്‍ ഇവരുടെ തമാശകള്‍ക്ക് മോശമല്ലാത്ത സ്ഥാനമുണ്ടാകും എന്നതുറപ്പാണ്.

പഞ്ചാബി പെണ്‍കുട്ടിയുടെ കേരളത്തിലേക്കുള്ള വരവും ഒടുവില്‍ കണ്ണാടിക്കലില്‍ നടക്കുന്ന അതിഗംഭീര ഗുസ്തി മത്സരവുമടക്കം കഥയിലെ എല്ലാ ട്വിസ്റ്റുകളെയും സ്വാഭാവികമായും വിശ്വസനീയമായും അവതരിപ്പിക്കാന്‍ രാകേഷ് മണ്ടോടിയുടെ തിരക്കഥയ്ക്ക് സാധിച്ചിട്ടുണ്ട്. വിഷ്ണു ശര്‍മ്മയുടെ ക്യാമറ ഗ്രാമീണ അന്തരീക്ഷത്തെ മികച്ച ദൃശ്യാനുഭവമാക്കി മാറ്റി.

ഒരു സംവിധായകന്‍ എന്ന നിലയില്‍ താന്‍ വയസറിയിച്ചു എന്നു പ്രഖ്യാപിക്കുകയാണ് ബേസില്‍ ജോസഫ്. മലയാളത്തിലെ ഏത് മുതിര്‍ന്ന സംവിധായകരുടെയും സിനിമകളുടെ കൂട്ടത്തില്‍ ഗോദയ്ക്ക് ഇടം നല്‍കുന്നതില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല.

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍